സെമി തേടി മഞ്ഞപ്പട ഇന്നു നോർത്ത് ഈസ്റ്റിനെതിരെ

ബ്ലാസ്‌റ്റേഴ്‌സിനെ പോലെ നോർത്ത് ഈസ്റ്റിനും മത്സരം നിർണ്ണായകമാണ്. മത്സരം കഴിയുമ്പോൾ രണ്ടിലൊരാൾ ടൂർണമെന്റിന് പുറത്തുപോകേണ്ടിവരും. അത് ആരെന്ന് തീരുമാനിക്കുക കൂടിയാണ് ഇന്നത്തെ മത്സരോദ്ദേശ്യം.

സെമി തേടി മഞ്ഞപ്പട ഇന്നു നോർത്ത് ഈസ്റ്റിനെതിരെ

കൊച്ചി: ഡിസംബർ നാല്, വൈകീട്ട് ഏഴുമണി... കേരളം കാത്തിരുന്ന ആ നിർണ്ണായക നിമിഷം അടുത്തെത്തി. മലയാളിയുടെ മനസിൽ കാൽപ്പന്തുകളിയുടെ ആവേശം നിറച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുമോയെന്ന് ഇന്നറിയാം. കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ബ്ലാസ്‌റ്റേഴ്‌സിനെ പോലെ നോർത്ത് ഈസ്റ്റിനും മത്സരം നിർണ്ണായകമാണ്. മത്സരം കഴിയുമ്പോൾ രണ്ടിലൊരാൾ ടൂർണമെന്റിന് പുറത്തുപോകേണ്ടിവരും. അത് ആരെന്ന് തീരുമാനിക്കുക കൂടിയാണ് ഇന്നത്തെ മത്സരോദ്ദേശ്യം.


13 കളികളിൽ നിന്ന് 19 പോയിന്റുമായി കേരള ബ്‌ളാസ്റ്റേഴ്‌സ് നിലവിൽ നാലാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള നോർത്ത് ഈസ്റ്റിന് മത്സരം വിജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി സെമിയിലേക്ക് കടക്കാം. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തിൽ സമനില കണ്ടെത്തിയാൽ തന്നെ സെമി ബർത്ത് ഉറപ്പിക്കാം. എന്നാൽ സമനിലയ്ക്ക് അപ്പുറം വിജയം ലക്ഷ്യമിട്ട് തന്നെയാകും സ്റ്റീവ് കോപ്പലിന്റെ മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുക.

ഇന്ന് സമനിലയിലായാൽ ബ്‌ളാസ്റ്റേഴ്‌സിന് 20 പോയിന്റും നോർത്ത് ഈസ്റ്റിന് 19 പോയിന്റുമാകും. ഇന്ന് ബ്‌ളാസ്റ്റേഴ്‌സ്  ജയിച്ചാൽ 22 പോയിന്റാകും. അത്ലറ്റികോ ഡി കൊൽക്കത്തയെ മറികടന്ന് മൂന്നാമതെത്തും. നോർത്ത് ഈസ്റ്റ് ജയിച്ചാൽ 21 പോയിന്റുമായി അവർക്കും മൂന്നാം സ്ഥാനത്തെത്താം. മൂന്നാം സീസനിൽ ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് പരാജയപ്പെട്ടിരുന്നു.
13 മത്സരങ്ങളിൽ നിന്നും 22 പോയിന്റുള്ള മുംബൈയാണ് ഐ.എസ്.എൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.13 കളിയിൽ 20 പോയിന്റോടെ ഡൽഹി രണ്ടാമതും ഇത്രയും തന്നെ കളികളിൽ നിന്ന് 20 പോയിന്റുള്ള കൊൽക്കത്ത മൂന്നാമതും 19 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാമതും 18 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്.

Read More >>