ബെൽഫോർട്ട് മാജിക്കിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട്; ആദ്യപാദ സെമിയിൽ ഡൽഹിക്കെതിരെ ജയം

സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. 65-ആം മിനുറ്റിൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ ഗോൾ നേടിയ കെവിൻ ബെൽഫോർട്ടാണ് ആതിഥേയരുടെ വിജയശിൽപ്പി. ബുധനാഴ്ച ഡൽഹിയിലാണ് രണ്ടാംപാദ സെമി മത്സരം

ബെൽഫോർട്ട് മാജിക്കിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട്; ആദ്യപാദ സെമിയിൽ ഡൽഹിക്കെതിരെ ജയം

കൊച്ചി: ഗാലറിയിൽ തിങ്ങിനിറഞ്ഞ അമ്പതിനായിരത്തോളം വരുന്ന ആരാധകർ പകർന്നു നൽകിയ ആവേശം മൈതാനത്തേക്ക് പകർത്തിയ മഞ്ഞപ്പടയ്ക്ക് ആദ്യപാദ സെമിയിൽ ഡൽഹിക്കെതിരെ മിന്നും ജയം. സ്വന്തം തട്ടകത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. 65-ആം മിനുറ്റിൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ ഗോൾ നേടിയ കെവിൻ ബെൽഫോർട്ടാണ് ആതിഥേയരുടെ വിജയശിൽപ്പി. ബുധനാഴ്ച ഡൽഹിയിലാണ് രണ്ടാംപാദ സെമി മത്സരം.
സംഭവബഹുലമായ ഒന്നാം പകുതിയിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ഡൽഹിയുടെ മിലാനും ഗാഡ്‌സെയും ലൂയിസും നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കോർണർ വഴങ്ങിയെങ്കിലും കോർണറിൽ നിന്നും ഉയർന്നുവന്ന പന്ത് കൈയടക്കി സി.കെ. വിനീത് നടത്തിയ പ്രത്യാക്രമണം ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നയം വ്യക്തമാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് തലനാരിഴയ്ക്കാണ് ഗോളാകാതെ പുറത്തുപോയത്.


ഇതിനിടെ ആറാം മിനുറ്റിൽ മലൂദയെ ഫൗൾ ചെയ്തതിന് മെഹ്താബിന് മഞ്ഞക്കാർഡ് കിട്ടി. പിന്നീടത് ഫൗൾ അല്ലെന്ന് തെളിഞ്ഞെങ്കിലും കാര്യമുണ്ടായില്ല. 18-ആം മിനുറ്റിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ വച്ച് ബെൽഫോർട്ട് നൽകിയ പാസിൽ നാസോണിന്റെ ഗോൾ ശ്രമം ഡൽഹിയുടെ മലയാളി താരം അനസ് എടത്തൊടിക പ്രതിരോധിച്ചു. ഇതിനിടെ വലതു വിങ്ങിലൂടെ ഡൽഹി നടത്തിയ ആക്രണം ഹോസു പ്രതിരോധിക്കുന്നുണ്ടായിരുന്നു. 24-ആം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട ഹോസുവിനെ 31-ആം മിനുറ്റിൽ പിൻവലിച്ച് കോച്ച് കാഡിയോയെ കളത്തിലിറക്കി.
35-ആം മിനുറ്റിൽ മാഴ്‌സലീഞ്ഞോയും ഗാഡ്‌സെയും ഒരുഗ്രൻ മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് സമർത്ഥമായി പ്രതിരോധിച്ചു. 43-ആം മിനുറ്റിൽ റാഫി കൈമാറിയ പന്ത് നാസോൺ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും അനസിന്റെ കൈകളിൽ തട്ടി പുറത്തേക്ക് പോയി. പെനാൽറ്റിക്കായി വാദിച്ചെങ്കിലും കോർണർ മാത്രമാണ് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുവദിച്ചത്. ഇടവേളയ്ക്ക് കളി നിറുത്തുന്നതിന് മുമ്പ് ബെൽഫോർട്ട് ഡൽഹിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ലൈൻ റഫറി ഹാൻഡ്ബാൾ വിധിക്കുകയായിരുന്നു. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണ - പ്രത്യാക്രമണം തുടർന്നു. 50-ആം മിനുറ്റിൽ വിനീത് നല്ലൊരു മുന്നേറ്റം നടത്തി. പിന്നീട് 64-ആം മിനുറ്റിലായിരുന്നു ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നത്. സ്വന്തം പകുതിയിൽ നിന്ന് ഹെങ്‌ബെർട്ട് കൈമാറിയ പന്ത് സ്വീകരിച്ച് മൈതാനമധ്യത്ത് നിന്നും ബെൽഫോർട്ട് ആരംഭിച്ച കുതിപ്പ് തടയാൻ ഡൽഹിയുടെ പ്രതിരോധ നിരയ്ക്കായില്ല. പെനാൽറ്റി ബോക്‌സിൽ പന്തുമായിക്കടന്ന ബെൽഫോർട്ട് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലതുകാൽ കൊണ്ട് വലയ്ക്കുള്ളിലെത്തിച്ചു. പിന്നീട് ഡൽഹി കൂടുതൽ ആക്രമണത്തിന് മുതിർന്നെങ്കിലും ഗോളിയും കീർത്തികേട്ട ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയും അതിഥികൾക്ക് മുൻപിൽ മതിൽ തീർത്തു. വിജയം കൈപ്പിടിയിലൊതുക്കി ആദ്യപാദ സെമിയിൽ കോപ്പലിന്റെ കുട്ടികൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇനി ബുധനാഴ്ച ഡൽഹിയിലേക്ക്...