കേരളത്തിൽ മാറ്റിയെടുത്തത് 1385 കോടി രൂപയുടെ അസാധു നോട്ടുകൾ

നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലെ മിക്ക ബാങ്കുകളും വർഷാന്ത്യ നിക്ഷേപലക്ഷ്യം മറികടന്നു. 36,341 കോടി രൂപ ഇതിനകം കേരളത്തിലെ ബാങ്കുകളിലെത്തി. മാറ്റിയെടുത്ത തുക കഴിച്ചുള്ള 34,956 കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി മാറി.

കേരളത്തിൽ മാറ്റിയെടുത്തത് 1385 കോടി രൂപയുടെ  അസാധു നോട്ടുകൾ

നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിൽ മാറ്റിയെടുത്തത് 1385 കോടി രൂപയുടെ നോട്ടുകൾ. എസ്.ബി.ടി. വഴിയാണ് ഏറ്റവുമധികം അസാധു നോട്ടുകളുടെ മാറ്റിയെടുക്കൽ നടന്നത് - 689 കോടി രൂപയുടെ. ഈ സാമ്പത്തിക വർഷം തീരുന്നതോടെ നേടാൻ ലക്ഷ്യമിട്ട നിക്ഷേപം മിക്കവാറും ബാങ്കുകൾ ഇതിനകം മറികടന്നു.

ഫെഡറൽ ബാങ്ക് വഴി 143 കോടി രൂപയുടെ നോട്ടുകൾ മാറ്റിയെടുത്തു. എസ്.ബി.ഐ. 133 കോടി, കനറാ ബാങ്ക് 120 കോടി, സൗത്ത് ഇന്ത്യൻ ബാങ്ക് 70 കോടി, കേരള ഗ്രാമീൺ ബാങ്ക് 30 കോടി, മറ്റു ബാങ്കുകൾ 200 കോടി എന്നിങ്ങനെയാണ് ഇതിനകം മാറ്റിയെടുക്കപ്പെട്ട അസാധു നോട്ടുകളുടെ കണക്ക്.പഴയ നോട്ടുകൾ സമർപ്പിക്കാൻ ഇനിയും ഒരു മാസംകൂടി ബാക്കിയുണ്ട്.


പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിൽപ്പിന്നെ കേരളത്തിലെ ബാങ്കുകളിൽ എത്തിച്ചേർന്നത് 36,341 കോടി രൂപയാണ്. മാറ്റിയെടുത്ത തുക കഴിച്ചുള്ള 34,956 കോടി ബാങ്കുകളിൽ അക്കൗണ്ടുകളിലുള്ള നിക്ഷേപമായി മാറി. രാജ്യത്താകെ ബാങ്കുകളിലേക്കു വന്ന തുകയുടെ മൂന്നര ശതമാനം വരും കേരളത്തിലെ ബാങ്കുകളിലെത്തിയ തുക.

ലഭിച്ച നിക്ഷേപത്തുക സാമ്പത്തിക വർഷാന്ത്യ ലക്ഷ്യം നേടാൻ സഹായിച്ചുവെങ്കിലും ഈ തുക ബാങ്കുകൾക്ക് പൊതിയാത്തേങ്ങയാണ്. ലഭിച്ച നിക്ഷേപം കരുതൽ ധനമായി സൂക്ഷിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നതെന്നതിനാൽ ഇത് ബിസിനസ് നടത്താൻ ബാങ്കുകൾക്ക് ഉപയോഗിക്കാനാവില്ല. എന്നാൽ നിക്ഷേപകർക്ക് നിക്ഷേപത്തിന് പലിശ കൊടുക്കേണ്ടിയും വരും ബാങ്കുകൾക്ക്. നിഷ്ക്രിയ നിക്ഷേപത്തിനാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് പലിശ നൽകേണ്ടി വരിക.

ജില്ലാ സഹകരണ ബാങ്കുകൾക്ക് ലഭിച്ച നിക്ഷേപത്തിന്റെ സങ്കീർണ്ണത എങ്ങനെ തീരുമെന്ന് ഇനിയും ഉറപ്പായില്ല. 973 കോടി രൂപയാണ് ജില്ലാ സഹകരണ ബാങ്കുകളിൽ എത്തിയിരിക്കുന്നത്. ഇതിൽ 233 കോടി രൂപ മാത്രമേ കണക്കിൽ ചേർക്കാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം കണക്കിൽ ചേർക്കാൻ കഴിയാതെയുള്ള 740 കോടി രൂപ ബാങ്ക് ശാഖകളിൽ കെട്ടിക്കിടക്കുകയാണ്. ഇത് സൂക്ഷിക്കേണ്ട ബാധ്യത ഈ ബാങ്കുകൾക്ക് വലിയ സുരക്ഷാ പ്രശ്നമാണ്.

Read More >>