70 ഡിസംബറുകളിലും കാവുമ്പായി പൊലീസിനോട് പറഞ്ഞു; വെടിവെച്ചാലും കൊന്നാലും സഖാക്കള്‍ മരിക്കില്ല!

വിപ്ലവകാരികർ ശേഖരിച്ച നാടൻ തോക്കുകൾ സ്‌പെഷൽ പോലീസിന്റെ ആധുനിക തോക്കുകൾക്കു മുന്നിൽ നിഷ്പ്രഭമായി. നേതാവായ പി കുമാരൻ ആദ്യം വെടിയേറ്റ് നിലം പതിച്ചു, തുടർന്ന് വന്ന വെടിയുണ്ടകൾ മഞ്ചേരി ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരുടെയും ജീവൻ അപഹരിച്ചു. ആരുടെയും ശവശരീരം ആർക്കും പിന്നീട് കാണാൻ സാധിച്ചിട്ടില്ല- പ്രസാദ് കാവുമ്പായി എഴുതുന്നു. നാളെ കാവുമ്പായി രക്തസാക്ഷി ദിനത്തിന് 70 വര്‍ഷം!

70 ഡിസംബറുകളിലും കാവുമ്പായി പൊലീസിനോട് പറഞ്ഞു; വെടിവെച്ചാലും കൊന്നാലും സഖാക്കള്‍ മരിക്കില്ല!

പ്രസാദ് കാവുമ്പായി


വീണ്ടും ഒരു ഡിസംബർ കൂടി...


1946  ഡിസംബർ 29 ആം തീയതി കണ്ണൂരിലെ മലയോര പ്രദേശമായ കാവുമ്പായി കുന്നിലെ മന്ദമാരുതൻ വളരെ നിശബ്ദമായിരുന്നു. ഇരുണ്ടു കൂടിയൊരു ആകാശം അവിടെങ്ങും ഇല്ല, എങ്കിലും കാവുമ്പായിലെ ജനതയുടെ മനസ്സിൽ തീയായിരുന്നു. പരാതി പറയാൻ ഒരാളില്ലാത്ത ജീവിതം അന്യനു വേണ്ടി ഉഴിഞ്ഞുവെച്ചവർ കഷ്ട്ടപെട്ടു  കൊണ്ടിരുന്നു. മനുഷ്യാവകാശം തൊട്ടു തീണ്ടാത്ത, തറവാട്ട് മഹിമ കൊണ്ട് പുളകം കൊണ്ടിരുന്ന കരക്കാട്ടു നയനാർക്ക് എതിരെ അബാലവൃദ്ധ ജനം മനസ്സിൽ കുറിച്ചിട്ടിരുന്നൊരു ദിനത്തെ കുറിച്ച് .


കരക്കാട്ടിടം ജന്മിയുടെ പതനം ,മറക്കാൻ ആഗ്രഹിക്കുന്ന പല ക്രൂരതയുടെയും ആ അവസാനം. സ്വപ്‌നങ്ങൾ തകർന്നടിഞ്ഞവർ എങ്കിലും അവർ ഒരു വിപ്ലവത്തിനായി കോപ്പ് കൂട്ടിയിരുന്നു. കാവുമ്പായുടെ സ്വാതന്ദ്ര്യം, നമ്മുടെ രാജ്യത്തിന്റെയും.


രാജ്യത്തിൻറെ പല ഭാഗങ്ങളിലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയും കൂട്ടക്കൊലകളും നടന്നു കൊണ്ടിരുന്നു, ആ പ്രതിഷേധങ്ങൾ കാവുമ്പായിലെ ജനതയെയും സ്വാധീനിച്ചു, ഭാരതീയനും കൃഷ്ണപിള്ളയും കമ്മ്യുണിസ്റ് നേതാക്കളും കാവുമ്പായിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു.


പാട്ടം കൊടുത്തു കാവുമ്പായിലെ ജനത ദിനം പ്രതി ക്ഷയിച്ചു, കൃഷി തകൃതിയായി നടന്നെങ്കിലും അരി മുഴുവൻ കരക്കാട്ടിടത്തു മാത്രം കുന്നുകൂടി. അരി കൊണ്ട് കൊടുക്കാത്തവരെ ശിക്ഷിച്ചു. പലരെയും മൃഗീയമായി തല്ലി ചതച്ചു. കുറുമാത്തൂരിലെ വനത്തിൽ ചിലരെ മരത്തിൽ കെട്ടിയിട്ട് കൊന്നു.


സമീപ പ്രദേശമായ വെള്ളരിഞ്ഞി, പയ്യാവൂർ, ഏരുവേശ്ശി, ബ്ലാത്തൂർ, മലപ്പട്ടം എന്നിവടെയും സ്ഥിതി വളരെ മോശമായി കൊണ്ടിരുന്നു, ജനങ്ങൾ എതിർപ്പുകൾ തുടങ്ങി. നിസ്സഹകരണവും.


സഹിക്കാവുന്നതിലും അപ്പുറം ആയിരുന്ന പ്രശ്നങ്ങൾ അഭിമുഖീകരിച്ച ഒരു ജനതയ്ക്കു ബ്രിട്ടീഷ് സർക്കാരിലും യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല, പണത്തിനും പദവിക്കും വേണ്ടി ബ്രിട്ടീഷുകാര്‍ എന്നത്തേയും പോലെ ജനതയെ വഞ്ചിച്ചു കൊണ്ടിരുന്നു.വിപ്ലവത്തിനായി ജനത മനസ്സുകൊണ്ടുറച്ചു, സന്നാഹ യോഗം ചേരാൻ കാവുമ്പായിലെ കുന്ന് തിരഞ്ഞെടുക്കപ്പെട്ടു. കാവുമ്പായിൽ ചേർന്ന യോഗം രാത്രിയോളം നീണ്ടു. കരക്കാട്ടിടം നായനാരുടെ  എള്ളരിഞ്ഞിയിലെ വസതിയിലേക്ക് സമാധാനപരമായ ഒരു മാർച്ച് നടത്താൻ ധാരണയായി. മലബാർ സ്‌പെഷ്യല്‍ ഫോഴ്‌സ് ഇത് മണത്തറിഞ്ഞു യോഗസ്ഥലം വളഞ്ഞു വെടിവെപ്പ് നടത്തി.


വിപ്ലവകാരികർ ശേഖരിച്ച നാടൻ തോക്കുകൾ സ്‌പെഷൽ പോലീസിന്റെ ആധുനിക തോക്കുകൾക്കു മുന്നിൽ നിഷ്പ്രഭമായി. നേതാവായ പി കുമാരൻ ആദ്യം വെടിയേറ്റ് നിലം പതിച്ചു, തുടർന്ന് വന്ന വെടിയുണ്ടകൾ മഞ്ചേരി ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരുടെയും ജീവൻ അപഹരിച്ചു. ആരുടെയും ശവശരീരം ആർക്കും പിന്നീട് കാണാൻ സാധിച്ചിട്ടില്ല .ലഹളകൾക്കാണ് പിന്നീട് കാവുമ്പായി സാക്ഷ്യം വഹിച്ചത് , എല്ലാ വീടുകളും എം എസ് പി അരിച്ചു പെറുക്കി. പുരുഷന്മാർ എല്ലാവരും ഒളിവിൽ സ്ത്രീകൾ മാത്രമായ ഒരു ഗ്രാമങ്ങൾ. ബലാത്സംഗം പോലീസുകാർ സ്ഥിരമാക്കി. ഗുണ്ടകളും വ്യക്തി വൈരാഗ്യം ഉള്ളവരും തമ്മിൽ കൊല്ലാൻ ആരംഭിച്ചു അതിനിടയിൽ ജന്മിയുടെ ആനക്കാരനും കൊലക്കത്തിക്കിരയായി. കല്യാണി കുട്ടിയുടെ വീടും ആന്തൂര് വീടും എം എസ്‌പിക്കാർ അഗ്നിക്കിരയാക്കി.


എല്ലാ കേസുകളും സഖാക്കളുടെ തലയിൽ കെട്ടി വെക്കപെട്ടു, മാടായി ചന്തുക്കുട്ടി, മാടായി രാമൻ, തളിയൻ രാമൻ  എന്നിവരെ പല ദേശങ്ങളിൽ നിന്നും പിടിച്ചു, വധ ശിക്ഷക്ക് വിധിച്ചു. ശിക്ഷ പിന്നീട് ജീവപര്യതമാക്കി. കേളോത്ത്കൃഷ്ണൻ ഒളിവിൽ പോയി.[caption id="" align="alignright" width="234"]Displaying IMG_9314.JPG പ്രസാദ് കാവുമ്പായി[/caption]സേലം ജയിലേക്കു മാറ്റിയ ഒപി അനന്തൻ ,തളിയൻ രാമൻ ,ഇ കെ നാരായണൻ എന്നിവരെ സെല്ലിലെ ജയിലിൽ വെച്ച് നിരായുധരായി വെടിവെച്ചു. അനന്തൻ, രാമൻ എന്നീ വിപ്ലവകാരികർ ലോകത്തോട് വിടപറഞ്ഞു. ഇ കെ നാരായണൻ ഒരു ചെറിയ വ്യത്യാസത്തിൽ രക്ഷപെട്ടു എങ്കിലും ശാരീരികമായി പലവിധ അസുഖങ്ങൾക്കും അടിമയായി.


യാതനകളും ചൂഷണങ്ങളും ഏറെ അനുഭവിക്കേണ്ട വന്ന ഒരു നൂറ്റാണ്ട് ചരിത്രമായി എങ്കിലും ചൂഷണങ്ങൾ പലവിധമായി സമൂഹത്തിൽ ഇന്നും കൊടി  കുത്തി വാഴുന്നു. സമര ചരിത്രത്തിൽ രേഖപ്പെടുത്തിയ  ഡിസംബർ 30 എന്ന ദിനം സമൂഹത്തിന്റെ നന്മയ്ക്കു ബലികഴിക്കപ്പെട്ട വിപ്ലവ നക്ഷത്രങ്ങൾ നമ്മുടെ  മനസ്സുകളിൽ  നീതി തേടിയുള്ള യാത്രകൾക്ക് അഗ്നി സ്ഫുരം ചാർത്തി തരട്ടെയെന്നു പ്രത്യാശിക്കുന്നു .