കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി, റൺമല കയറി ടീം ഇന്ത്യ - ഏഴിന് 759

ഒരു ഇന്നിങ്‌സിൽ ടീം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.

കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി, റൺമല കയറി ടീം ഇന്ത്യ - ഏഴിന് 759

ചെന്നൈ: കെഎൽ രാഹുലിന് നേടാൻ കഴിയാത്തത് കരുൺ നായർ നേടി. ഇരട്ടസെഞ്ച്വറിക്ക് ഒരു റൺ അകലെ വച്ച് ക്രീസിൽ നിന്നും മടങ്ങിയ കെഎൽ രാഹുൽ മൂന്നാം ദിനത്തിന്റെ കണ്ണീരായപ്പോൾ നാലാം ദിനം കരുൺ നായർക്ക് സ്വന്തം. ഞായറാഴ്ച കളി നിറുത്തുമ്പോൾ 71 റൺസുമായി ക്രീസിലുണ്ടായിരുന്ന കരുൺ തിങ്കളാഴ്ച ട്രിപ്പിൾ സെഞ്ച്വറി (303 നോട്ടൗട്ട്) തികച്ചു. യുവതാരത്തിന്റെ ട്രിപ്പിൾ സെഞ്ച്വറിക്കും അശ്വിന്റെയും(67) ജഡേജയുടെയും(51)  അർദ്ധ സെഞ്ച്വറിക്കും സാക്ഷ്യം വഹിച്ച ചെന്നൈയിൽ ടീം ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.


തിങ്കളാഴ്ച രാവിലെ ഡ്രിങ്ക്‌സ് ബ്രേക്കിന് മുൻപേ 29 റൺസെടുത്ത മുരളി വിജയിനെ ഡ്വാവ്‌സൺ വിക്കറ്റിന് മുന്നിൽ കുടുക്കി. അഞ്ചിന് 435 എന്ന സ്‌കോറിൽ കരുൺ നായർക്കൊപ്പം ചേർന്ന അശ്വിൻ പിന്നീട് ടോട്ടൽ സ്‌കോർ 616ൽ എത്തിയപ്പോഴാണ് മടങ്ങിയത്. ആറു ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ ചെന്നൈ ബോയ് അശ്വിനെ ബട്ട്‌ളറുടെ കൈകളിലെത്തിച്ച് ബ്രോഡാണ് പുറത്താക്കിയത്. പിന്നീടെത്തിയ ജഡേജയും ക്യാപ്റ്റന്റെ തീരുമാനപ്രകാരം അതിവേഗം സ്‌കോർ ഉയർത്തി. 55 പന്തുകളിൽ നിന്നും ഒരു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി 51 റൺസ് നേടിയ ജഡേജയെ ഡ്വാവ്‌സൺ ജെയ്ക് ബോളിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഉമേഷ് യാദവ് ഒരു റൺസ് എടുക്കുമ്പോഴേക്കും കരുൺ ട്രിപ്പിൾ സെഞ്ച്വറി തികച്ചു. ഇതോടെ ക്യാപ്റ്റൻ കോഹ്ലി പവലിയനിൽ നിന്നും ഡിക്ലയർ ചെയ്യുന്നതായി പ്രഖ്യാപിച്ചു. അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കിയ ഇന്ത്യൻ താരമെന്ന റെക്കോഡും ഇതോടൊപ്പം കരുൺ സ്വന്തം പേരിലാക്കി. 2013ൽ ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ എം.എസ് ധോണി കുറിച്ച 224 റൺസിന്റെ റെക്കോഡാണ് മലയാളി കൂടിയായ കരുൺ നായർ തിരുത്തിയത്. ഓസ്‌ട്രേലിയക്കെതിരെ 2008ൽ വി.വി.എസ് ലക്ഷ്മൺ പുറത്താകാതെ നേടിയ 200 റൺസ് എന്ന റെക്കോഡായിരുന്നു അന്ന് ധോണി പഴങ്കഥയാക്കിയത്. ഇതിനു മുൻപേ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഈ പൊസിഷനിൽ ബാറ്റിങ്ങിനിറങ്ങിയിരുന്നത്. ശ്രീലങ്കയ്‌ക്കെതിരെ 1986ൽ നേടിയ 199 റൺസ് ആയിരുന്നു അസ്ഹറുദ്ദീന്റെ ഈ പൊസിഷനിലെ ടോപ് സ്‌കോർ.

ഒരു ഇന്നിങ്‌സിൽ ടീം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. 2009ൽ ശ്രീലങ്കയ്‌ക്കെതിരെ മുംബൈയിൽ നേടിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 726 റൺസ് എന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് യുവഇന്ത്യ പുതിയ റൺമല കയറിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് കളി നിറുത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 റൺസെടുത്തിട്ടുണ്ട്. മൂന്നു റൺസോടെ കുക്കും ഒമ്പത് റൺസോടെ ജെന്നിങ്‌സുമാണ് ക്രീസിൽ.

Story by