കണ്ണൂർ കൊടും വരൾച്ചയിലേയ്ക്ക്; ഭൂഗർഭ ജലനിരപ്പ് മൂന്നു മീറ്റർ താഴ്ന്നു

മുൻ വർഷങ്ങളെ അപേക്ഷിച്ച് 79% മഴക്കുറവാണ് ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ കൊടും വരൾച്ചയിലേയ്ക്ക്; ഭൂഗർഭ ജലനിരപ്പ് മൂന്നു മീറ്റർ താഴ്ന്നു

കണ്ണൂർ: ജില്ല കൊടും വരൾച്ചയിലേക്കെന്ന് സൂചിപ്പിച്ച് ഭൂജല വകുപ്പിന്റെ പഠനറിപ്പോർട്ട്. ഭൂഗർഭ ജലനിരപ്പ് മൂന്നു മീറ്റർ താഴ്ന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വേനലെത്തും മുൻപേ ഇതാദ്യമായാണ് ഭൂഗർഭ ജലനിരപ്പിൽ ഇത്രയധികം കുറവുണ്ടാകുന്നത്. ദുർബലമായ കാലവർഷമാണ് വരൾച്ചയ്ക്ക് കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് 79% മഴക്കുറവാണ് ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണയായി 321 മില്ലി ലിറ്റർ മഴ ലഭിച്ചിരുന്നിടത്ത് ഇത്തവണ 67.1 മില്ലി ലിറ്റർ മഴ മാത്രമാണ് ലഭിച്ചത്. കാലവർഷത്തിന് പിന്നാലെ തുലാവർഷത്തിലും മഴ ലഭിക്കാതിരുന്നതാണ് പ്രതി സന്ധി രൂക്ഷമാക്കിയത്.


ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ മലയോരത്തെ പലപ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മലയോര മേഖലയിലെ പ്രധാന പുഴകളായ മണിക്കടവ്, ആലക്കോട് പുഴകളും വരൾച്ചയുടെ പാതയിലാണ്. ചെറിയ തോടുകളും അരുവികളും വറ്റിവരണ്ടത് നെൽകൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികൾക്കായി തുറന്നുവച്ച പഴശ്ശി ഡാം ഷട്ടറുകൾ അടച്ച് ജലസംഭരണം തുടങ്ങിയിട്ടുണ്ട്. വരൾച്ച തടയാനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്. ചെറുകിട കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകി വരൾച്ചയെ നേരിടാനാണ് അധികൃതർ ഒരുങ്ങുന്നത്.

Read More >>