ഫോട്ടോയെടുത്താൽ കലിയിളകും; എആർ ക്യാമ്പ് പോലീസിൽ 'ആക്ഷൻ ഹീറോ ബിജു' ബാധ

പൊതുജനങ്ങളോടും മാധ്യമ പ്രവർത്തകരോടും ഹെൽമെറ്റില്ലാതെ ബൈക്കോടിക്കുന്നവരോടും ആക്ഷൻ ഹീറോ ബിജു കളിക്കുകയാണ് കണ്ണൂർ എആർ ക്യാമ്പിലെ സിപിഒ എംവി ലതീഷ്.

ഫോട്ടോയെടുത്താൽ കലിയിളകും; എആർ ക്യാമ്പ് പോലീസിൽ

കണ്ണൂർ: പോലീസുകാർ പ്രതികരിക്കേണ്ടതു നിയമലംഘനങ്ങൾ കാണുമ്പോഴാണെന്നാണ് പൊതു ധാരണ. എന്നാൽ കണ്ണൂർ എആർ ക്യാമ്പിലെ സിപിഒ എംവി ലതീഷിന് മാധ്യമപ്രവർത്തകർ ഫോട്ടോയെടുക്കുന്നത് കാണുമ്പോഴാണ് കലിയിളകുക!
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് പരിസരത്തു തിരക്കുള്ള ട്രാഫിക്കിൽ വാഹന പരിശോധന നടത്തുകയായിരുന്ന ലതീഷിന്റെ ചിത്രം പകർത്തിയ മാധ്യമ പ്രവർത്തകനെയും ലതീഷ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

യാതൊരു മാനദണ്ഡവും പാലിക്കാതെ, 'ആക്ഷൻ ഹീറോ ബിജു' മോഡലിൽ നടത്തിയ വാഹന പരിശോധന മൊബൈൽ ക്യാമറയിൽ പകർത്തിയ കൗമുദി ലേഖകൻ കെ രഞ്ജിത്തിനാണ് തെറിയഭിഷേകം നേരിടേണ്ടി വന്നത്. മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും 'ഏമാൻ' ശ്രമിച്ചു. പോലീസിന്റെ നടപടിക്രമങ്ങൾ പകർത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഉണ്ടെന്ന് രഞ്ജിത്ത് വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ഡിജിപിക്കും കിട്ടി സിപിഒ എംവി ലതീഷ് വക രണ്ടു തെറി.


[caption id="attachment_69796" align="alignleft" width="222"]
ലതീഷ് എംവി[/caption]

ഇതു സംബന്ധിച്ച് ഉടൻ തന്നെ രഞ്ജിത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

രണ്ടു ദിവസം കഴിഞ്ഞ് തളിപ്പറമ്പ് ബിജെപി പ്രവർത്തകന് വെട്ടേറ്റ സ്ഥലത്തെ ചോരപ്പാടുകളുടെ ദൃശ്യം പകർത്തുകയായിരുന്ന പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫറെയും ലതീഷ് തടഞ്ഞു. ഫോട്ടോ എടുക്കാൻ ആരെയും അനുവദിക്കരുത് എന്ന് എസ്‌ഐ സാർ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് വാദം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവർത്തകർക്ക് ആരും അങ്ങനെ ഒരു നിർദേശം നൽകിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

തുടർന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് കവാടത്തിൽ തടഞ്ഞു. അകത്തേക്ക് കയറ്റിവിടാതിരുന്നതിനെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ മാധ്യമ പ്രവർത്തകർ കുത്തിയിരുന്നു. വിവരമറിഞ്ഞ് രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി. ഇതിനിടെ പികെ ശ്രീമതി എംപി, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് ജില്ലാ പോലീസ് മേധാവി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തുകയും കുറ്റക്കാരനായ ലതീഷിനെതിരെ കർശന നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മാധ്യമ പ്രവർത്തകരോട് മാത്രമല്ല, പൊതുജനങ്ങളോടും ഹെൽമെറ്റില്ലാതെ ബൈക്കോടിക്കുന്നവരോടും ആക്ഷൻ ഹീറോ ബിജു കളിക്കുന്നയാളാണ് ലതീഷെന്നാണ് തളിപ്പറമ്പുകാർ പറയുന്നത്.

Read More >>