വനംവകുപ്പ് പിടിച്ചെടുത്ത സ്വന്തം ഭൂമി തിരിച്ചു കിട്ടാന്‍ 500 ദിവസമായി ഒരു കുടുംബം തെരുവില്‍ കഴിയുന്നു

കാവിലും പാറയിൽ ഒരേക്കർ ഭൂമിയാണ് ജയിംസിനുള്ളത്. കേസാവശ്യത്തിനായി സ്ഥലം മുഴുവൻ പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചു. ജയിംസിനും ട്രീസയ്ക്കും രണ്ടു മക്കളാണുള്ളത്. ഇവർ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്നു. കുട്ടികളെ ഏങ്ങനെ തുടർന്ന് പഠിപ്പിക്കുമെന്നറിയില്ല. ലക്ഷങ്ങളാണ് കടം.

വനംവകുപ്പ് പിടിച്ചെടുത്ത സ്വന്തം ഭൂമി തിരിച്ചു കിട്ടാന്‍ 500 ദിവസമായി ഒരു കുടുംബം തെരുവില്‍ കഴിയുന്നു

കൽപ്പറ്റ:

സാറേ എന്റെ മക്കളെ നോക്കാൻ വേറെയാരെങ്കിലും ഉണ്ടായിരുന്നേൽ ചത്തുകളയാമായിരുന്നു. ഞങ്ങൾ കയ്യേറ്റക്കാരോ കവർച്ചക്കാരോ ഒന്നുമില്ല. കൃഷി ചെയ്തു ജീവിക്കാൻ ഇത്തരി മണ്ണ് കാശു കൊടുത്തുവാങ്ങിയിട്ടാണ് ഈ ഗതി. സർവതും നഷ്ടപ്പെടുക മാത്രമല്ല. ഭരിക്കുന്നവർ ഞങ്ങളെ കയ്യേറ്റക്കാരെന്നു കൂടി വിളിക്കുന്നു. മടുത്തു സാറേ ജീവിതം. ഞങ്ങടെ മണ്ണു തിരിച്ചുകിട്ടിയില്ലെങ്കിൽ ഈ കളക്ടറേറ്റ് നടയ്ക്കൽ കിടന്നു ഞാനും ഇവളും എന്റെ പെള്ളേരും ചാവും.

കാഞ്ഞിരത്തിനാൽ ജയിംസ് പൊട്ടിക്കരയുകയായിരുന്നു.

കയ്യിലെ എല്ലാം സമ്പാദ്യവും വിറ്റുപെറുക്കി വയനാടൻ മണ്ണിൽ ജീവിതം നട്ട ഒരുകർഷകന്റെ വാക്കുകളാണിത്. വയനാട്ടിലെ കോറാം എന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് 1966ൽ കുടിയേറിയ കാഞ്ഞിരത്തിനാൽ കുടുംബം നേരിട്ട ഭരണകൂട അടിച്ചമ്മർത്തൽ കേരളത്തിൽ ഒരു പക്ഷേ ഒരു കർഷകനും ഇതുപോലെ അഭിമുഖീകരിച്ചുകാണില്ല. വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ പേരിലുണ്ടായിരുന്ന 12 എക്കർ ഭൂമി വനഭൂമിയാണെന്നു പറഞ്ഞ് അടിയന്തിരാവസ്ഥ കാലത്താണ് വനംവകുപ്പ് പിടിച്ചെടുത്തത്. പിന്നീട് നിയമപോരാട്ടങ്ങളുടെ കാലമായിരുന്നു. ജോർജ്ജ് മരിച്ചതോടെ മരുമകൻ ജയിംസ് വനംവകുപ്പിന്റെ തെറ്റായ നടപടിക്കെതിരെ പോരാട്ടം തുടർന്നു. വയനാട് സിവിൽ സ്‌റ്റേഷന് മുന്നിൽ ജയിംസും ഭാര്യ ട്രീസയും മക്കളായ വിപിനും നിഥിനും സത്യാഗ്രഹം തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ അവരുടെ സത്യാഗ്രഹത്തിന് 500 ദിവസം പിന്നിട്ടെങ്കിലും കണ്ണുതുറക്കേണ്ടവർ മാത്രം കണ്ണുതുറന്നില്ല.

കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി നഷ്ടമായതിങ്ങനെ...

1966ൽ മധ്യതിരുവിതാംകൂറിൽ നിന്ന് കാഞ്ഞിരത്തിനാൽ ജോർജും സഹോദരൻ ജോസും ചുരംകയറി വയനാട്ടിലെത്തി. 1967ൽ മാനന്തവാടി താലൂക്കിലെ കോറോം കുട്ടനാടൻ ഗാർഡൻസ് കമ്പനിയിൽ നിന്ന് ആറേക്കർ വീതം ഭൂമി വിലകൊടുത്തു വാങ്ങി. പ്രതികൂല കാലാവസ്ഥയുംകാട്ടുമൃഗങ്ങളുടെ ഭീഷണിയും ഇച്ഛാശക്തി കൊണ്ടു നേരിട്ട് ഇവർ വയനാടൻ മണ്ണിൽ പൊന്നുവിളയിച്ചു. 1983 വരെ ഈ സ്ഥലത്ത് കൃഷി ചെയ്തു. സ്ഥലത്തിന് റവന്യു വകുപ്പ് നികുതിയും സ്വീകരിച്ചു. പിന്നീട് ആറേക്കർ ഭൂമി ജോർജിന് നൽകി ജോസ് നാട്ടിലേക്ക് തിരിച്ചുപോയി. അങ്ങനെ ജോർജ് 12 ഏക്കർ ഭൂമിയുടെ ഉടമയായി.

ഇതിനിടെയാണ് അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയത്. അടിയന്തരാവസ്ഥയുടെ മറവിൽ പൊലീസ് മാത്രമായിരുന്നില്ല, ജനങ്ങളെ ദ്രോഹിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഈ സംഭവത്തോടെ വ്യക്തമാകും. വനംവകുപ്പായിരുന്നു ജോർജ്ജിനേയും കുടുംബത്തേയും വേട്ടയാടാനെത്തിയത്. ജോർജിന്റെ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചു. സ്ഥലത്തെ കൃഷി വനപാലകർ വെട്ടിനശിപ്പിച്ചു. ജോർജ്ജിനേയും കുടുംബത്തെയും പലവിധേന വനപാലകർ വേട്ടയാടി. ഇതിനെതിരേ ജോർജ്ജ് നിയമ യുദ്ധമാരംഭിച്ചു. മനുമകൻ ജയിംസും ജോർജിനൊപ്പം കൈവശഭൂമിയിൽ ജീവിതാവകാശത്തിനായി പോരാട്ടത്തിനിറങ്ങി.

കള്ളക്കളികൾ നടന്നതെവിടെയാണ്?

കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ കൈവശമുള്ളത് വനഭൂമിയല്ലെന്നു നിവേദിതാ പി. ഹരനും മുൻ വയനാട് ജില്ലാ കളക്ടറും വിജിലൻസും അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. 2007 ൽ അന്നത്തെ വയനാട് ജില്ലാ കളക്ടർ, നോർത്തേൺ റീജിയൺ സിസിഎഫ്, നോർത്ത് വയനാട് ഡിഎഫ്ഒ, ഫോറസ്റ്റ് സർവേ വിഭാഗം തുടങ്ങിയവർ നടത്തിയ സംയുക്ത പരിശോധനയിലും ജോർജ്ജിന്റെ ഭൂമി പിടിച്ചെടുത്തതിൽ ക്രമക്കേട് സംശയിച്ചിരുന്നു.

കുട്ടനാടൻ ഗാർഡൻസ് കമ്പനി മാനേജർ കളപ്പുരയ്ക്കൽ നൈനാനിൽ നിന്നു കാഞ്ഞിരത്തിനാൽ ജോസ് 1800 രൂപക്ക് 12 ഏക്കർ സ്ഥലം വാങ്ങിയെന്നാണ് രേഖകളുള്ളത്. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ 2717/1967 പ്രകാരമാണ് ഭൂമി രജിസ്റ്റർ ചെയ്തത്. 1972 ലാണ് ആറേക്കർ ഭൂമി ജോർജിന് നൽകി ജോസ് നാട്ടിലേക്ക് പോയത്. 1983 വരെ ഈ സ്ഥലത്തിന് നികുതി സ്വീകരിച്ചിരുന്നു. 1977 ജുലൈ എട്ടിനാണ് കാഞ്ഞിരത്തിനാൽ സഹോദരൻമാരുടെ ഭൂമി 4713/1977 വിജ്ഞാപന പ്രകാരം വനഭൂമിയായി പിടിച്ചെടുക്കാൻ വനംവകുപ്പ് ഉത്തരവിട്ടത്. വിജ്ഞാപനം ചെയ്ത 238/1 സർവെ നമ്പറിൽപ്പെട്ട ഭൂമിയുടെ തെക്കും വടക്കും 238 ഉം കിഴക്ക് 261ഉം പടിഞ്ഞാറ് 526 ഉം സർവെ നമ്പറുകളിൽപെട്ട സ്ഥലങ്ങളാണ്. എന്നാൽ കാഞ്ഞിരത്തിനാൽ സഹോദരൻമാരുടെ ഭൂമിയുടെ അതിരുകളായി വരുന്നത് 238/1ൽ പെട്ട സ്ഥലങ്ങളാണ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ 12 ഏക്കർ ഭൂമി നിക്ഷിപ്ത വനമായി പ്രഖ്യാപിച്ച രേഖകൾ ഹാജരാക്കാൻ വനംവകുപ്പിന് കഴിഞ്ഞതുമില്ല.

വിജിലൻസ് നടത്തിയ സർവേയിൽ കാഞ്ഞിരത്തിനാൽ സഹോദരൻമാരുടെ ഭൂമി വനംവകുപ്പ് വനമായി വിജ്ഞാപനം ചെയ്ത ഭുമിയല്ലെന്നും കണ്ടെത്തുകയുണ്ടായി. ചുരുക്കത്തിൽ മറ്റാരെയോ സംരക്ഷിക്കാൻ ജോർജിന്റെ ഭൂമി വനഭൂമിയാക്കി മാറ്റാൻ ചില ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്ന സംശയമാണുയരുന്നത്. വയനാട്ടിലെ ഒരു ഉന്നതന്റെ കൈവശമുള്ള സ്ഥലം റവന്യു ഭൂമിയാക്കിയതിനു പകരമായാണ് ജോർജ്ജിന്റെ 12 ഏക്കർ സ്ഥലം വനമാക്കിയതെന്നും സംശയിക്കപ്പെടുന്നുണ്ട്.

പതിറ്റാണ്ടുകളുടെ നിയമപോരാട്ടം

കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ മകൾ ട്രീസയുടെ ഭർത്താവാണ് കോഴിക്കോട് കാവിലുംപാറ സ്വദേശിയാ ജയിംസ് . ഭാര്യാപിതാവിനൊപ്പം വനംവകുപ്പിന്റെ കുത്സിത നീക്കങ്ങൾക്കെതിരെ സർക്കാർ ഓഫീസുകളും കോടതികളിലും കയറിയിറങ്ങി നിയമപോരാട്ടം തുടങ്ങി. ഇതിനിടെ ജോർജിന് അനുകൂലമായും പ്രതികൂലമായും നിരവധി കോടതി വിധികൾവന്നു. ജോർജ്ജിന്റെ ഭൂമി വനഭൂമിയാണെന്ന ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ഉത്തരവാണ് ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകർത്തുകളഞ്ഞത്. ഇതിനിടയിൽ സിപിഐഎം ജോർജ്ജിന്റെ ഭൂമി വിഷയം ഏറ്റെടുത്തു. മാനുഷിക പരിഗണന വച്ച് 12 ഏക്കർ ഭൂമി തിരിച്ചു നൽകാൻ 2006 ഒക്‌ടോബർ 11ന് ചേർന്ന എൽഡിഎഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ജോർജിൽ നിന്ന് ഭൂനികുതിയും സ്വീകരിച്ചുതുടങ്ങി.

എന്നാൽ വനംവകുപ്പ് വീണ്ടും ജോർജ്ജിനെതിരെ രംഗത്തിറങ്ങി. ജോർജ്ജിന്റെ ഭൂമി വനഭൂമിയാണെന്നു ഹൈക്കോടതിയിൽ വനംവകുപ്പ്  സത്യവാങ്മൂലം നൽകി. ഇതു തിരുത്തി ജോർജ്ജിന്റെ സ്ഥലം വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകാൻ മന്ത്രിസഭായോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ അതിനു തയാറായില്ല.

പകരം സാങ്കേതികമായ നൂലാമാലകൾ ചൂണ്ടിക്കാട്ടി നടപടികൾ മരവിപ്പിച്ചു. ഇതിനിടയിൽ പാലക്കാടുള്ള ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് ജോർജ്ജിനു ഭൂമി വിട്ടു നൽകുന്നതിനെതിരെ സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു. നിയമപോരാട്ടം തുടരുന്നതിനിടെ 2009 ൽ തന്റെ പോരാട്ടത്തിന് കൈത്താങ്ങായി നിന്ന ഭാര്യ ഏലിക്കുട്ടി വിടപറതോടെ ജോർജ്ജ് മാനസികമായി തകർന്നു. 2012 ഡിസംബർ 13ന് ജോർജ്ജും ഈ ലോകത്തോട് വിടപറഞ്ഞു. ഒരായുസു മുഴുവൻ നീതിക്കായി കാത്തിരുന്ന ജോർജ്ജും ഭാര്യയും മരണമടഞ്ഞതോടെ മരുമകൻ ജയിംസ് ഭൂമിക്കായുള്ള പോരാട്ടംതുടർന്നു. ഇതിനിടെ വനംവകുപ്പ് ജോർജിന്റെ 12 ഏക്കർ ഭൂമി പിടിച്ചെടുത്ത് ജണ്ട സ്ഥാപിച്ചു.

വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തിയത് ആർക്കു വേണ്ടിയായിരുന്നു?

2009 ഓഗസ്റ്റ് 17നു കോഴിക്കോട് നോർത്തേൺ റെയ്ഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പി ടി ശ്രീസുകൻ ഐപിഎസ് സമർപ്പിച്ച റിപ്പോർട്ടിൻന്മേൽ യാതൊരു നടപടിയും ഉണ്ടായില്ല. മരണപ്പെട്ടവരടക്കം നാല് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെയും ജോസിന്റെയും കൈവശമുള്ളതു വനഭൂമിയാണെന്നു സർക്കാരിനെയും കോടതിയെയും ഹരിത ട്രൈബ്യൂണലിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം. 2008 നവംബർ 19നാണു കേസ് വിജിലൻസിനു കൈമാറിയത്. അന്ന് എംഎൽഎയായിരുന്ന പി കൃഷ്ണപ്രസാദ് നിയമസഭയിൽ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കേസ് കൈമാറ്റം. തുടർന്നു കാഞ്ഞിരത്തിനാൽ ജോർജ്, മരുമകൻ ജയിംസ്, അന്നു തൊണ്ടർനാട് വില്ലേജ് ഓഫിസറായ എംജെ തോമസ്, മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറായിരുന്ന അജിത് കെ രാമൻ, പി കൃഷ്ണപ്രസാദ് എന്നിവരടക്കം 17 പേരിൽനിന്നു വിജിലൻസ് എസ്പി തെളിവെടുത്തിയിരുന്നു. 1983 വരെ നികുതി സ്വീകരിച്ചതിന്റെ തെളിവുകൾ, വനംവകുപ്പിനെതിരേ നിയമസഭയിൽ പി കൃഷ്ണപ്രസാദ് ഉന്നയിച്ച പരാതിയുടെ കോപ്പി, ഫോറസ്റ്റ് കസ്‌റ്റോഡിയന്റെ റിപ്പോർട്ടിന്റെ പകർപ്പ് എന്നിവയടക്കം അമ്പതിലേറെ രേഖകൾ സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വനഭൂമിയാണെന്നു റിപ്പോർട്ട് തയാറാക്കിയ അന്നത്തെ നോർത്ത് വയനാട് ഡെപ്യൂട്ടി കൺസർവേറ്റർ ഇ പ്രദീപ്കുമാറിനെതിരെ വകുപ്പുതല നടപടിയ്ക്കും ശിപാർശയണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് ഇതുവരെ ബന്ധപ്പെട്ടവരുടെ കൈകളിലെത്തിയിട്ടില്ലെന്നാണ് വാസ്തവം. 2010ൽ വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് ജയിംസ് ചീഫ് സെക്രട്ടറിക്കു വിവരാവകാശ അപേക്ഷ നൽകിയിരുന്നു. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു കൈമാറിയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നു വിജിലൻസ് ഡയറക്ടർക്കു വിവരാവകാശ അപേക്ഷ നൽകി. ഡിഎഫ്ഒയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ സാധിക്കില്ലെന്നാണ് വിജിലൻസ് ഡയറക്ടർ മറുപടി നൽകിയത്. തുടർന്നു സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കു നൽകിയ വിവരാവകാശ അപേക്ഷയിലാണ് വിജിലൻസ് റിപ്പോർട്ട് ലഭ്യമായതെന്ന് ജയിംസ് നാരദ ന്യൂസിനോട് പറഞ്ഞു.

ജയിംസും കുടുംബവും ഇപ്പോഴും കളക്ടറേറ്റ് കവാടത്തിൽത്തന്നെ...

കാവിലും പാറയിൽ ഒരേക്കർ ചില്ലറ ഭൂമിയാണ് ജയിംസിനുള്ളത്. കേസാവശ്യത്തിനായി സ്ഥലം മുഴുവൻ പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചു. ജയിംസിനും ട്രീസയ്ക്കും രണ്ടു മക്കളാണുള്ളത്. ഇവർ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്നു. കുട്ടികളെ ഏങ്ങനെ തുടർന്ന് പഠിപ്പിക്കുമെന്നറിയില്ല. ലക്ഷങ്ങളാണ് കടം.

ഈ സാഹചര്യത്തിലാണ് നീതി തേടി കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. വനംവകുപ്പിനെതിരെ നിരന്തരം നിയമയുദ്ധം നടത്തിയ ജോർജ്ജെന്ന വൃദ്ധകർഷകനോട് ചില ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ പകരം വീട്ടിയത് അദേഹത്തെ ഗുണ്ടാലിസ്റ്റിൽപെടുത്തിയായിരുന്നു. ഒരിഞ്ചുപോലും വനഭൂമി കയ്യേറാനോ വനംകൊള്ള നടത്താനോ പോകാത്ത ജോർജ്ജിനെ ഗുണ്ടാലിസ്റ്റിൽ പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നപ്പോൾ അധികൃതർ നടപടി പിൻവലിച്ചു.

യഥാർത്ഥത്തിൽ നിക്ഷിപ്തവനഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമി പിടിച്ചെടുക്കാതെ സംരക്ഷിക്കാൻ കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ ഭൂമി വനപാലകർ പിടിച്ചെടുത്തുവെന്ന സൂചനയിലേക്കാണ് ഇതുവരെ നടന്ന അന്വേഷണങ്ങൾ ചെന്നെത്തിയത്. മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി ഹരന്റെ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ജോർജിന് ഭൂമി തിരികെ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതാണ് ഉദ്യോഗസ്ഥ ലോബി ഇടപെട്ട് അട്ടിമറിച്ചത്. ഈ ഭൂമിക്കു വേണ്ടി 12 വർഷത്തോളം നിയമ പോരാട്ടം നടത്തിയ മരുമകൻ ജയിംസും കുടുംബവും പെരുവഴിയിലായി.

കടം കയറി ജപ്തി ഭീതിയിൽ കഴിയുന്ന ജയിംസിന് സ്ഥലമോ കയറിക്കിടക്കാൻ വീടോ ഇല്ലാത്ത അവസ്ഥയാണ്. കുടുംബചെലവ്, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ജയിംസിനു മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമാണ്. നീതി ലഭിക്കുംവരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ജയിംസും കുടുംബവും.

ഭൂമി വിട്ടുകൊടുക്കുന്നതിൽ വനംവകുപ്പ് ഉന്നയിക്കുന്ന നിയമപരമായ തടസങ്ങളും വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനെതിരേ തൃശൂർ ആസ്ഥാനമായുള്ള വൺ ലൈഫ് വൺ എർത്ത് എന്ന പരിസ്ഥിതി സംഘടന സമ്പാദിച്ച സ്‌റ്റേയുമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ പരിസ്ഥിതി സംഘടനയ്ക്കു ഫണ്ട് നൽകി തീറ്റിപ്പോറ്റുന്നത് വനപാലകരാണെന്ന ആരോപണവും ഉയർന്നിരുന്നു. ഈ ക്രിസ്മസിനും ജയിംസും ഭാര്യ ട്രീസയും പട്ടിണിയായിരുന്നു. കുട്ടികളെ ചില മാധ്യമപ്രവർത്തകർ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഭക്ഷണം നൽകിയിരുന്നു.