സിപിഐഎമ്മിനു വോട്ടു ചെയ്‌തൊരു ഹതഭാഗ്യനാണു ഞാന്‍; ഇത്ര പെട്ടെന്ന്‌ എല്ലാം ശരിയാകുമെന്നു വിചാരിച്ചില്ല; നോവലിസ്‌റ്റ്‌ കമല്‍ സി ചവറ

'ശ്‌മശാനങ്ങളില നോട്ടുപുസ്‌തക'മെന്ന നോവലിനെ കുറിച്ചും പോലീസ് അറസ്റ്റിനെ കുറിച്ചും കമൽ സി ചവറ നാരാദാ ന്യൂസിനോട് സംസാരിക്കുന്നു.

സിപിഐഎമ്മിനു വോട്ടു ചെയ്‌തൊരു ഹതഭാഗ്യനാണു ഞാന്‍; ഇത്ര പെട്ടെന്ന്‌ എല്ലാം ശരിയാകുമെന്നു വിചാരിച്ചില്ല; നോവലിസ്‌റ്റ്‌ കമല്‍ സി ചവറ

കോഴിക്കോട്‌: സിപിഐഎമ്മിന്‌ വോട്ടുചെയ്‌തൊരു ഹതഭാഗ്യനാണ്‌ ഞാന്‍. എല്‍ഡിഎഫ്‌ വരും എല്ലാം ശരിയാകുമെന്ന്‌ പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന്‌ ശരിയാകുമെന്ന്‌ വിചാരിച്ചില്ലെന്ന്‌ ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട്‌ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നോവലിസ്‌റ്റ്‌ കമല്‍ സി ചവറ. നാരദാ ന്യൂസിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌. തന്റെ നോവലിലെ ഒരു കഥാപാത്രത്തിന്റെ ദേശീയഗാനത്തോടുള്ള സമീപനമാണ്‌ എന്നെ രാജ്യദ്രോഹിയാക്കിയത്‌.


സംഘ്‌പരിവാറും സിപിഐഎമ്മും അടിസ്ഥാനപരമായി ഒരു മാറ്റവുമില്ലാത്ത സംഘടനകളാണ്‌.  രണ്ടും ഫാസിസമാണ്‌ മുന്നോട്ടു വെയ്‌ക്കുന്നതെന്നും അദേഹം പറയുന്നു. മുമ്പ്‌ സിപിഐഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്‌ ഞാന്‍. ഇപ്പോഴില്ല. ഭീകരവാദികളെയൊേെക്ക പിടികൂടുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്‌ തന്നെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതെന്നും അദേഹം പറഞ്ഞു.

എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?


കമല്‍: 'ശ്‌മശാനങ്ങളില നോട്ടുപുസ്‌തക'മെന്ന നോവലിനെ ഒന്നര വര്‍ഷത്തിന്‌ ശേഷം ഇപ്പോള്‍ അവര്‍ പിടിക്കുന്നതു കേസില്‍ കുടുക്കാന്‍ മാത്രമാണ്‌. ഫെയ്‌സ് ബുക്കിലിട്ട പോസ്‌റ്റ്‌ നിലനില്‍ക്കുന്നതല്ലെന്നിരിക്കെയാണ്‌ ആരോ ഈ പുസ്‌തകത്തെക്കുറിച്ച്‌ ഇവര്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നത്‌. പിന്നെ മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളുമായി എനിക്കു ബന്ധമുണ്ടേെത്ര.

മൂന്നു വര്‍ഷമായി ഞാന്‍ കുന്ദമംഗലത്താണ്‌ താമസിക്കുന്നത്‌. നാട്ടിലെ എന്റെ പേരിലുള്ള പ്രോപ്പര്‍ട്ടിയൊെക്ക വിറ്റു. എന്റെ ഹൃദ്രോഗിയായിട്ടുള്ള അച്ഛനും അമ്മയുമൊക്കെ താമസിക്കുന്ന വീട്ടിലേക്ക്‌ പൊലീസ്‌ ഇടിച്ചുകയറുകയും അവിടെ റെയ്‌ഡ്‌ നടത്തുകയുമൊക്കെ ചെയ്യുകയുണ്ടായി. എന്റെ മൂന്നു നോവലുകളും കമ്മ്യൂണിസ്‌റ്റ്‌ മാനിഫെയ്‌സറ്റോയുള്‍പ്പെടെ എടുത്തു കൊണ്ടു പോകുകയും ചെയ്‌തു.

അതെപ്പഴോയിരുന്ന സംഭവം?

ഏതാണ്ടു രണ്ടാഴ്‌ച്ചയൊക്കെ ആയിക്കാണും.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിടുന്നതിന്‌ മുമ്പായിരുന്നോ സംഭവം?


അതെ. എനിക്കു കിട്ടിയ വിവരമനുസരിച്ച്‌ പോസ്‌റ്റിട്ട്‌ മൂന്നാഴ്‌ച്ചക്കഴിഞ്ഞ്‌ ആരോ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കിയത്‌. ഡിജിപി അത്‌ കൊല്ലം സിറ്റി കമ്മീഷണര്‍ക്ക്‌ കൈമാറി. അദേഹം കരുനാഗപ്പള്ളി പൊലീസിന്‌ കൈമാറി. പക്ഷേ എന്റെ സ്റ്റേഷന്‍ ചവറയാണ്‌. ചവറ പൊലീസ്‌ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ കരുനാഗപ്പള്ളിക്ക്‌ മാറ്റിയതെന്ന്‌ തോന്നുന്നു. അവരു വന്ന്‌ വീടെല്ലാം അലങ്കോലമാക്കി. അവിടുള്ള എന്റേതല്ലാത്ത സാധനങ്ങള്‍ പോലും എടുത്തോണ്ടുപോയി. ഇവിടുന്നെടുത്ത സാധനങ്ങളെക്കുറിച്ച്‌ എഴുതിത്തരണമെന്ന്‌ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്നും ഇങ്ങനെയുള്ള മക്കളുണ്ടെങ്കില്‍ അനുഭവിച്ചോയെന്നും പറഞ്ഞ്‌ അവരു പോയി.

സംഭവമറിഞ്ഞ്‌ ഞാന്‍ കരുനാഗപ്പള്ളി എസ്‌ഐയെ വിളിച്ചു. നിനക്കെതിരെ കുറെ ചാര്‍ജ്ജുകളുണ്ട്‌. തീവ്രവാദം,മറ്റേത് മറിച്ചത്‌ എന്നൊക്കെ പറഞ്ഞു. ഇപ്പോഴുള്ള പ്രശ്‌നം എന്താന്ന്‌ വച്ചാല്‍ ഷാര്‍പ്പ്‌ ആയി പറയാന്‍ ഞാന്‍ പറഞ്ഞു. ഫെയ്‌സ്‌ബുക്ക്‌ പേജിലെ പോസ്റ്റാണെന്ന്‌ പറഞ്ഞു. വിഷയങ്ങളെ ഇത്ര ചൈല്‍ഡിഷായി കാണരുതെന്ന്‌ ഞാന്‍ പറഞ്ഞു. നിന്റെ നോവലില്‍ കുറെ പരാമര്‍ശങ്ങളുണ്ട്‌. ഞങ്ങള്‍ തെളിവെടുത്തിട്ടുണ്ട്‌. അറസ്റ്റ്‌ ചെയ്യുന്നതിന്‌ കൊല്ലത്തേക്ക്‌ വരണമെന്ന്‌ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ കുന്ദമംഗലത്താണ്‌. കൊല്ലത്തേയ്ക്കു വരേണ്ട ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ അവര്‍ എഫ്‌ഐആറിട്ടു.

ഒരാഴ്‌ച്ച മുമ്പ്‌ എന്റെ വൈഫിനെ പ്രസവത്തിന്‌ അഡ്‌മിറ്റ്‌ ചെയ്‌തിരിക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ്‌ ഇപ്പോള്‍ മൂന്നാല് ദിവസം ആകുന്നേയുള്ളു. മരുന്നു മേടിക്കാനായിട്ട്‌ പോകുമ്പോള്‍ ബൈക്കില്‍ പൊലീസ്‌ വേഷത്തിലല്ലാതെ വന്ന്‌ എന്നെ പിടികൂടുകയായിരുന്നു. ടാഗോര്‍ എഴുതിയ ജനഗണമനയ്‌ക്ക്‌ ഞാന്‍ എതിരല്ല. അതേസമയം എന്റെ നോവലെിലെ ശശിയെന്ന കഥാപാത്രം പുതിയ ജനഗണമനയ്‌ക്ക്‌ എതിരാണ്‌.

തിരുവനന്തപുരത്ത്‌ ചലചിത്രോത്സവത്തിനിടെ ദേശീയഗാനത്തിന്‌ എഴുന്നേറ്റില്ലെന്ന്‌ പറഞ്ഞ്‌ 12 ഓളം പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നു. എന്താണ്‌ ഇങ്ങനെ? കേരളം എങ്ങോട്ടാണ്‌ പോകുന്നത്‌?


കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ അതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയുള്ള എന്തുമായിക്കോട്ടെ. വിമര്‍ശനങ്ങള്‍ക്കതീതമല്ല ഒന്നും. ദേശീയഗാനവും ദേശീയപതാകയുമെല്ലാം അതില്‍ ഉള്‍പ്പെടും.

സംഘ്‌ പരിവാര്‍ ഒരു പരാതി നല്‍കുമ്പോഴേക്കും ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന നാട്ടിലെ പൊലീസ്‌ അറസ്റ്റുമായി ഇറങ്ങുകയാണല്ലൊ?

ഹൈന്ദവ ഫാസിസകാലത്ത്‌ ദേശീയത പുനര്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ദളിതുകള്‍, ആദിവാസികള്‍, മുസ്ലിങ്ങള്‍ അരികുവത്‌കരിച്ചുകൊണ്ടിരിക്കുകയാണ്‌. ഹൈന്ദവ ഫാസിസത്തിന്റെ ഇന്ത്യയാണിപ്പോഴവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്‌. ഈ ജനഗണമനയോടാണ്‌ ശശിയെന്ന കഥാപാത്രത്തിന്‌ വിമുഖതയുള്ളത്‌. അല്ലാതെ ടാഗോര്‍ എഴുതിയതല്ല.

താങ്കളുടെ സുഹൃത്തുക്കളുടെ പേരിലും പൊലീസ്‌ കേസെടുത്തിരിക്കുകയാണല്ലൊ?

എന്റെ ഭാര്യയ്‌ക്ക്‌ കൂടെ നില്‍ക്കാന്‍ പറ്റാത്തത്‌ കൊണ്ട്‌ നദി എന്ന ഫ്രണ്ടിനെയാണ്‌ നിര്‍ത്തിയത്‌. അദേഹത്തെ ഇപ്പോള്‍ യുഎപിഎ ചുമത്തി പിടികൂടിയിരിക്കുന്നു. കണ്ണൂരിലാണ്‌ കേസ്‌. അദേഹം ആ പരിസരത്ത്‌ പോയിട്ടില്ല. നവസാമൂഹ്യ സമരങ്ങളെയും ജനാധിപത്യപോരാട്ടങ്ങളെയും നിശ്ചലമാക്കാനാണിത്‌ ചെയ്യുന്നത്‌. പിണറായിക്ക്‌ തെറ്റുപറ്റുന്നതല്ല. പിണറായിയും ശരിയാണ്‌, മോദിയും ശരിയാണ്‌.

സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങള്‍ക്ക്‌ ബദലായൊരു ഇടതുപക്ഷം രൂപപ്പെടുന്നുണ്ട്‌. അതിനെ തടയുകയാണോ ഭരണകൂടത്തിന്റെ ലക്ഷ്യം? അതിന്റെ ഇരകൂടിയാണോ താങ്കള്‍?


തീര്‍ച്ചായായും. ഞാന്‍ സിപിഐഎമ്മുകാരനായിരുന്നു. ഇപ്പോള്‍ സജീവരാഷ്ട്രീയത്തിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്‌ തന്നെ വോട്ടുചെയ്‌തു. എല്‍ഡിഎഫ്‌ വരും എല്ലാം ശരിയാകുമെന്ന്‌ പറഞ്ഞപ്പോള്‍ ഇത്രപെട്ടെന്ന്‌ ശരിയാകുമെന്ന്‌ വിചാരിച്ചില്ല.

അറസ്റ്റിനു ശേഷം പൊലീസിന്റെ സമീപനം എങ്ങനെയായിരുന്നു?
അറസ്റ്റിനു ശേഷവും മുമ്പും മോശമായിരുന്നു അനുഭവം. വൃത്തികെട്ട ആദിവാസിയുടെ കൂടെയല്ലെ നീ താമസമെന്ന്‌ കരുനാഗപ്പള്ളി എസ്‌ഐ പരസ്യമായാണ്‌ ചോദിച്ചത്‌.

പൊലീസ്‌ സംഘ്‌ പരിവാറിന്റെ സ്വഭാവത്തിലേക്കു മാറുന്നതിനെക്കുറിച്ചെന്താണ്‌ അഭിപ്രായം?

അതെ. പണ്ടൊരു സാഹിത്യകാരന്‍ പറഞ്ഞിട്ടുണ്ട്‌. കേരളത്തില്‍ ബിജെപി ശക്തിപ്രാപിക്കാതിരാന്‍ കാരണം സിപിഐഎം ഇവിടുള്ളത്‌ കൊണ്ടാണ്‌. ഒരു ഫാസിസ്റ്റ്‌ ശക്തി നിലനില്‍ക്കുന്ന സ്ഥലത്ത്‌ മറ്റൊരു ഫാസിസ്റ്റ്‌ ശക്തിക്ക്‌ വളരാന്‍ കഴിയില്ലെന്നായിരുന്നു.

താങ്കള്‍ക്കെതിരെ കേസും മറ്റും നിയമപരമായി എങ്ങനെ നേരിടാനാണ്‌ ഉദേശിക്കുന്നത്‌?
അവര്‌ എന്തുവേണമെങ്കിലും എന്നെ ചെയ്യട്ടെ. പിണറായി മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചയ്‌ക്കു തയ്യാറാവുംവരെ നിരാഹാരം തുടരും. അല്ലെങ്കില്‍ ജീവന്‍ വെടിയും വരെ ഇങ്ങനെ തുടരും. അതു ചരിത്രത്തിന്റെ ഭാഗമാവുക തന്നെ ചെയ്യും.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം

https://www.youtube.com/watch?v=QUnAF2dJqEw

Read More >>