പി സദാശിവം ദില്ലി ഗവർണറായേക്കും

നോട്ടു മരവിക്കലിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിനെ "നിലയ്ക്കു നിർത്താൻ" പോന്ന ഗവർണറെയാണ് ബിജെപി തേടുന്നത്.

പി സദാശിവം ദില്ലി ഗവർണറായേക്കും

ദില്ലി കേരള ഗവർണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് പി സദാശിവത്തെ ദില്ലി ഗവർണറാക്കാൻ നീക്കം.  ലെഫ്റ്റനന്റ് ഗവർണറായിരുന്ന നജീബ് ജെംഗിന്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് പകരക്കാരനുവേണ്ടി ദില്ലിയിൽ ചരടുവലികൾ ശക്തമാവുകയാണ്. നോട്ടു മരവിക്കലിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിനെ "നിലയ്ക്കു നിർത്താൻ" പോന്ന ഗവർണറെയാണ് ബിജെപി തേടുന്നത്.


ദില്ലിയിൽ മുഖ്യമന്ത്രിയ്ക്കുളളതിനെക്കാൾ പതിന്മടങ്ങ് അധികാരമാണ് ലെഫ്റ്റനന്റ് ഗവർണർക്കുളളത്. കേരള ഗവർണർ പദവിയെക്കാൾ ജസ്റ്റിസ് പി സദാശിവം ആഗ്രഹിച്ചിരു്നനത് ദില്ലി ഗവർണറുടെ കസേരയാണെന്ന് വാർത്തകളുണ്ടായിരുന്നു.

കാലാവധി തീരാൻ 18 മാസം ശേഷിക്കെയാണ് നജീബ് ജെംഗ് രാഷ്ട്രപതിയ്ക്ക് രാജിക്കത്തു നൽകിയത്. അക്കാദമിക് രംഗത്തേയ്ക്ക് മടങ്ങാൻ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വിശദീകരണം.

ദില്ലി മുഖ്യമന്ത്രി കെജ്റിവാളും  നജീബ് ജംഗും തമ്മിൽ നടന്ന അധികാര തർക്കം രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. തർക്കം ഒടുവിൽ കോടതിയുടെ പരിഗണനയിലുമെത്തി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ നടത്തിയ അധികാരപ്രയോഗം ജനാധിപത്യവിശ്വാസികളിൽ ആശങ്കയും സൃഷ്ടിച്ചിരുന്നു. ഒരുഘട്ടത്തിൽ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത തരത്തിലേയ്ക്കുവരെ കാര്യങ്ങളെത്തി. ഏതായാലും നജീബ് ജംഗിന്റെ ഭാവി പദ്ധതികൾക്ക് അരവിന്ദ് കെജ്റിവാൾ എല്ലാ ആശംസയും നേർന്നിട്ടുണ്ട്.

ജസ്റ്റിസ് പി സദാശിവം ആ കസേരയിലെത്തിയാൽ ദില്ലി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങു വീഴുമെന്നു കരുതുന്നവരുണ്ട്. നിയമത്തിലും നിയമപ്രയോഗത്തിലും ആഴമേറിയ പരിചയമുളള മുൻ ചീഫ് ജസ്റ്റിസ് ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ പരമമായ അധികാരം പ്രയോഗിക്കാൻ തീരുമാനിച്ചാൽ അരവിന്ദ് കെജ്റിവാളിന്റെ സർക്കാറിന് പാവയുടെ റോൾ പോലും ഉണ്ടാവുകില്ല എന്നതാണ് യാഥാർത്ഥ്യം.

Read More >>