നീലഗിരിയെ പ്രണയിച്ച പുരട്ച്ചിത്തലൈവി

കോടനാട് എസ്‌റ്റേറ്റിനു നടുവിലുള്ള വസതിയില്‍ മാസങ്ങളോളം ജയലളിത വന്നു വിശ്രമിക്കാറുണ്ടായിരുന്നു. ഈ വേളയില്‍ എഐഎഡിഎംകെയിലെ അടുത്ത അനുയായികള്‍ക്കു മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. തോഴിയായ ശശികലയ്ക്കു മാത്രമാണ് അമ്മയ്‌ക്കൊപ്പം ഇവിടെ താമസിക്കാന്‍ അനുവാദമുള്ളതും

നീലഗിരിയെ പ്രണയിച്ച പുരട്ച്ചിത്തലൈവി

നീലഗിരിയോട് ഇഷ്ടംതോന്നാത്തവര്‍ വിരളമാണ്. കാലാവസ്ഥയിലെ സുഖശീതളിമയും നയനമനോഹര കാഴ്ച്ചകളുമുള്ള മലകളുടെ റാണി.

സിനിമാക്കാര്‍ക്ക് ഇഷ്ടമുള്ള ഇടമായിരുന്നു എക്കാലവും ഊട്ടിയും കൂനൂരും കോത്തഗിരിയുമെല്ലാം. സ്വാഭാവികമായും ആ ഇഷ്ടം പഴയകാല നടിയായ ജയലളിതയ്ക്കും ഉണ്ടായിരുന്നു. അവരുടെ പലഭാഷകളിലുള്ള നിരവധി ചിത്രങ്ങള്‍ക്ക് ആതിഥ്യമരുളിയ ഇടമാണ് നീലഗിരി. മമ്മൂട്ടിക്കും മോഹന്‍ലാലിനും കെ ആര്‍ വിജയക്കും മറ്റു നിരവധി നടീനടന്‍മാര്‍ക്കും ഇവിടെ സ്വന്തമായി ഒഴിവുകാല വസതികളും തേയിലത്തോട്ടങ്ങളുമുണ്ട്.


1998ലാണ് ജയലളിത കോത്തഗിരിയില്‍ നിന്നു 12 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോടനാട് 800 ഏക്കര്‍ ഭൂമിയും രാജപ്രൗഡിയുള്ള വസതിയും സ്വന്തമാക്കുന്നത്. പേരു പോലെത്തന്നെ ഏതു കാലത്തും കോടയും മഞ്ഞും കമ്പളം പുതച്ചുറങ്ങുന്ന സ്ഥലം. ആരെയും ആകര്‍ഷിക്കുന്ന കുന്നുകളും മലകളും പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളുംകൊണ്ടും പ്രകൃതിരമണീയമായ ഇടം. സന്തോഷത്തിനും ദുഃഖത്തിനുമെല്ലാം കോടനാടേക്കു വരുന്ന ശീലം മരിക്കുംവരെ ജയലളിതയ്ക്കുണ്ടായിരുന്നു.

ജൂലൈയിലാണ് അവസാനമായി തമിഴകത്തിന്റെ പുരട്ച്ചിത്തലൈവി കോടനാടെത്തിയത്. സെപ്തംബറില്‍ അവര്‍ രോഗബാധിതയായി ആശുപത്രിയിലാവുകയും ചെയ്തു. കോടനാട് എസ്‌റ്റേറ്റിനു നടുവിലുള്ള വസതിയില്‍ മാസങ്ങളോളം ജയലളിത വന്നു വിശ്രമിക്കാറുണ്ടായിരുന്നു. ഈ വേളയില്‍ എഐഎഡിഎംകെയിലെ അടുത്ത അനുയായികള്‍ക്കു മാത്രമാണു പ്രവേശനമുണ്ടായിരുന്നത്. തോഴിയായ ശശികലയ്ക്കു മാത്രമാണ് അമ്മയ്‌ക്കൊപ്പം ഇവിടെ താമസിക്കാന്‍ അനുവാദമുള്ളതും.

കോടനാട് എസ്‌റ്റേറ്റിന് ഇപ്പോഴത്തെ മാര്‍ക്കറ്റനുസരിച്ച് 400 കോടി വില മതിക്കുമെന്നാണു കണക്കാക്കുന്നത്. ഏക്കറിന് അമ്പതു ലക്ഷം വരെയാണ് ഇവിടെ ഭൂമിയ്ക്കു വിലയുള്ളത്. വന്യമൃഗങ്ങള്‍ സദാ സഞ്ചരിക്കുന്ന കോടനാട് എസ്‌റ്റേറ്റ് നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന വനമേഖലയോടു ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജയലളിത വരുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ പുള്ളിപ്പുലിയെ പിടികൂടിയിരുന്നു. ചെന്നൈ വിട്ടാല്‍ ജയലളിത ഓടിയെത്താറുള്ള നാടും അമ്മയുടെ വിയോഗത്തില്‍ വിലപിക്കുകയാണ്.

Read More >>