'അമ്മ'യെ പോലൊരു പുത്രി; ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപയെ സ്വീകരിച്ച് തമിഴ് മക്കള്‍

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപയെ ആള്‍ക്കൂട്ടത്തില്‍ കണ്ടവര്‍ പറഞ്ഞു 'ഞങ്ങളുടെ അമ്മയെപോലെ, ഈ മുഖത്ത് അമ്മയെ കാണുന്നു'. ജയലളിതയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആരെല്ലാമോ ശ്രമിച്ച സഹോദര പുത്രിയാണ് ദീപ. അമേരിക്കയിലെ പഠന ശേഷം നാട്ടില്‍ തിരിച്ചെത്തിയ ദീപ രാഷ്ട്രീയത്തിലിറങ്ങുമോ?

ആശുപത്രിയിലായപ്പോഴും മരണശേഷവും ജയലളിതയ്‌ക്കൊപ്പം ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ജയലളിത വീട്ടില്‍ നിന്നിറക്കിവിട്ട ശശികലയുടെ ഭര്‍ത്താവും ബന്ധുക്കളും അതേ പോയസ് ഗാര്‍ഡനിലെത്തി മൃതദേഹത്തിന്റെ ചുറ്റും നിരന്നു നിന്നു. അതേസമയം സഹോദരപുത്രിയായ ദീപയ്ക്ക് ആശുപത്രിയിലെത്തി ജയലളിതയെ കാണാനും മൃതദേഹത്തിനടുത്ത് നില്‍ക്കാനും ശ്രമിച്ചിരുന്നെങ്കിലും തടയുകയായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ ജയലളിതയോട് അടുത്ത ബന്ധമുള്ളതും അവരോട് മുഖസാദൃശ്യവുമുള്ള ആളാണ് ദീപ. എന്നാല്‍ സംസ്‌കാരചടങ്ങുകള്‍ക്ക് ശശികലയ്‌ക്കൊപ്പം ദീപയുടെ സഹോദരന്‍ ദീപകുമുണ്ടായിരുന്നു.


മുമ്പ് ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ ദീപകിന്റെ സഹോദരി ദീപ മൂന്ന് ദിവസം കാത്തുനിന്നെങ്കിലും അകത്തേയ്ക്ക് കയറ്റിവിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണിതെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ പുലര്‍ച്ചെ ജയലളിതയുടെ മൃതദേഹം പോയസ് ഗാര്‍ഡനിലെത്തിച്ചപ്പോഴും ദീപയെ അവിടേക്ക് കടത്തിവിട്ടില്ല. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നീണ്ട ക്യൂവില്‍ നിന്ന് സാധാരണക്കാരെ പോലെ മണിക്കൂറുകള്‍ കാത്തുനിന്ന് ദീപ പിതാവിന്റെ സഹോദരിയെ അവസാനമായി ഒരുനോക്ക് കണ്ടു.

കഴിഞ്ഞ ദിവസം ജയലളിതയ്ക്ക് അന്ത്യവിശ്രമമൊരുക്കിയ മറീനാ ബിച്ചില്‍ ദീപ ഭര്‍ത്താവ് മാധവനുമൊപ്പമെത്തിയിരുന്നു. ജയലളിതയോടുള്ള മുഖസാദൃശ്യം കണ്ട് സമീപത്തുണ്ടായിരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ദീപയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. 'ഞങ്ങളുടെ അമ്മയെപോലെ, ഈ മുഖത്ത് അമ്മയെ കാണുന്നു' എന്നൊക്കെ ചിലര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. തിരക്ക് കൂടിയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ദീപയ്ക്ക് ചുറ്റും വലയമൊരുക്കുകയായിരുന്നെന്ന് തമിഴ് ദിനപത്രമായ ദിനമണി റിപ്പോര്‍ട്ട് ചെയ്തു.

[caption id="attachment_66012" align="aligncenter" width="480"]
ഭർത്താവ് മാധവനൊപ്പം ദീപ[/caption]

അവസാനം ദീപയെ D6 അണ്ണാ സ്‌ക്വയര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനുള്ളില്‍ ദീപയെ ഇരുത്തിയ ശേഷം കുറച്ചകലെ പാര്‍ക്ക് ചെയ്ത കാര്‍ എത്തിച്ച ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ ദീപയെ സ്റ്റേഷനില്‍ കൊണ്ടുപോയതിനും അവരോട് സംസാരിക്കാന്‍ അനുവദിക്കാത്തതിനേയും അവിടെ കൂടിയിരുന്നവര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.

പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ടി നഗറിലെ വസതിയിലേക്ക് താമസം മാറുമ്പോള്‍ ദീപയ്ക്ക് രണ്ട് വയസേ ഉണ്ടായിരുന്നുള്ളൂ. 1995 ല്‍ പിതാവ് ജയകുമാര്‍ മരിച്ചപ്പോള്‍ ജയലളിത ടി നഗറിലെ വീട്ടിലെത്തിയിരുന്നു. അതിനു ശേഷം 2002-ല്‍ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ജയലളിതയെ കണ്ടിരുന്നു. പിന്നീട് ജയലളിതയെ കാണാനുള്ള ദീപയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 2013-ല്‍ ദീപയുടെ അമ്മ വിജയലക്ഷ്മിയും മരിച്ചു. ദീപയ്ക്കും ദീപക്കിനും അടുത്ത ബന്ധമുണ്ടായിരുന്ന ആള്‍ ജയലളിത മാത്രമായിരുന്നു. എന്നാല്‍ മരണത്തിന് തൊട്ടുമുമ്പ് പോലും അവരെ കാണുന്നതില്‍ നിന്ന് ദീപയേയും ദീപക്കിനേയും ആരൊക്കെയോ ചേര്‍ന്ന് തടയുകയായിരുന്നു. യുകെയിലായിരുന്നു ദീപയുടെ പഠനം. യുഎസില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ദീപക് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

[caption id="attachment_66014" align="aligncenter" width="568"] ഫേസ്ബുക്ക് പേജിൽ നിന്നും[/caption]

ഏതായാലും ദീപയെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം ദീപയുടെ പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങിയിരുന്നു. അത് ഒറിജിനല്‍ ആണോ എന്ന കാര്യം വ്യക്തമല്ലെങ്കിലും അതില്‍ പൊളിറ്റീഷ്യന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പേജില്‍ എഐഎഡിഎംകെയിലേക്ക് ക്ഷണിച്ചും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ എത്തിതുടങ്ങിയിട്ടുണ്ട്. ദീപ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യം എഐഎഡിഎംകെ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്.