ജയലളിത ആദ്യമായി തോഴിയാൽ ചതിക്കപ്പെട്ടു; വഞ്ചനയും ചതിയും എന്താണെന്നു മനസ്സിലാക്കി

'അമ്മയോട് പോലും ഇക്കാര്യം ഞാന്‍ പറഞ്ഞില്ല, അപമാനിക്കപ്പെട്ടത് ഞങ്ങള്‍ ഒരുമിച്ചായിരുന്നെല്ലോ'; വഞ്ചനയുടെ കയ്പറിഞ്ഞ അമ്മുവിന്റെ ചെറുപ്പകാലം

ജയലളിത ആദ്യമായി തോഴിയാൽ ചതിക്കപ്പെട്ടു; വഞ്ചനയും ചതിയും എന്താണെന്നു മനസ്സിലാക്കി

അമ്മുവിനോട് കൂട്ടുകൂടാന്‍ ആ തെരുവില്‍ അധികം പേരൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളെക്കുറിച്ചു കുടുംബത്തില്‍ പിറന്നവര്‍ക്ക് അത്ര നല്ല അഭിപ്രായമല്ല അന്നുണ്ടായിരുന്നത് എന്ന് പതിമൂന്ന് വയസ്സുകാരിയായ അമ്മു അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞ സംഭവമാണിത്.

സിനിമാനടിയായ സന്ധ്യയും മകള്‍ അമ്മുവും മറ്റു മക്കളും ആ തെരുവില്‍ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുവന്നത്. ധനികരുടെ മക്കള്‍ പഠിക്കുന്ന 'ചര്‍ച്ച് പാര്‍ക്ക് കോണ്‍വന്റ്റ് സ്‌കൂളിലാണ് അമ്മു പഠിക്കുന്നത്. എങ്കിലും അവള്‍ക്ക് അധികം കൂട്ടുകാര്‍ ഒന്നുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്നും മടങ്ങി വന്നാല്‍ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമായിരുന്നു അമ്മുവിന്.


അങ്ങനെയിരിക്കുമ്പോഴാണ് അവള്‍ക്ക് പുതിയ ഒരു സുഹൃത്തിനെ ലഭിച്ചത്. ശിവജ്ഞാനം സ്ട്രീറ്റില്‍ അമ്മുവിന്റെ വീടിന് രണ്ടു വീട് അപ്പുറത്തുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ആ സുഹൃത്ത്. കൂടാതെ അമ്മുവിന്റെ സ്‌കൂളില്‍ രണ്ടു വര്‍ഷം സീനിയര്‍ കൂടിയാണ് ഈ പെണ്‍കുട്ടി.

സ്‌കൂള്‍ വിട്ടു വന്നാല്‍ അവള്‍ പതിവായി അമ്മുവിനെ കാണാന്‍ എത്തും. അവര്‍ വീടിന്റെ ടെറസില്‍ പോയിരുന്നു സംസാരിക്കുകയും ചെയ്യും. ഒറ്റയ്ക്കായിരുന്ന തനിക്ക് ഇങ്ങനെ ഒരു സുഹൃത്തിനെ ലഭിച്ചതില്‍ അമ്മു ഏറെ സന്തോഷിച്ചു, അതും ഒരു ധനികകുടുംബത്തിലെ ഒരു പെണ്‍കുട്ടി.

എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അമ്മുവിന് ഒരു കാര്യം മനസ്സിലായി, സുഹൃത്ത് പതിവായി തന്റെ വീട്ടില്‍ എത്തുന്നത് തന്നെ കാണാന്‍ അല്ല, അവളുടെ കാമുകനെ കാണാനാണ്. അമ്മുവിന്റെ വീടിന്റെ അപ്പുറത്ത് തന്നെയുള്ള വീടാണ് കാമുകന്റേത്. ജൈനമത വിശ്വാസിയായ ബിസിനസുകാരന്റെ മകനാണ് അമ്മുവിന്റെ കൂട്ടുകാരിയുടെ കാമുകന്‍. ടെറസ്സില്‍ നിന്നാല്‍ പരസ്പരം കാണാനും ആംഗ്യഭാഷയിലൂടെയും അല്ലാതെയും ഈ കാമുകി-കാമുകന് രഹസ്യമായി സംസാരിക്കാനും അമ്മുവിന്റെ വീടിനോളം സൗകര്യമുള്ള മറ്റൊരു ഇടവുമുണ്ടായിരുന്നില്ല.

കൂട്ടുകാരിയുടെ കള്ളത്തരം കണ്ടുപിടിച്ച അമ്മുവിനോട് സുഹൃത്ത് തന്റെ പ്രണയം സമ്മതിച്ചു. ഇത് വീട്ടുകാര്‍ അറിയരുതെന്നും അവള്‍ അമ്മുവിനോട് അപേക്ഷിച്ചു. അമ്മു അത് അംഗീകരിച്ചെന്നു മാത്രമല്ല, പ്രണയിതാക്കള്‍ക്ക് തടസ്സം ഉണ്ടാക്കാതെ ടെറസ്സില്‍ നിന്നും പലപ്പോഴും ഒഴിവായി നില്‍ക്കുകയും ചെയ്തു. ഇനി കാമുകി വരാത്ത ദിവസങ്ങളില്‍ അവള്‍ എത്തിയിട്ടില്ല എന്ന് ടെറസ്സില്‍ എത്തി ആംഗ്യത്തിലൂടെ കാമുകന് സന്ദേശം കൈമാറുന്ന ജോലിയും അമ്മു ഏറ്റെടുത്തു. പതിമൂന്ന് വയസ്സിന്റെ പക്വത അത്രയേ ഉണ്ടായിരുന്നുള്ളൂ..

താഴെ തെരുവില്‍ കൂടിപോയ ഒരു പാല്‍ക്കാരന്‍ ഒരിക്കല്‍ അമ്മുവിന്റെ വീട്ടിലെ ടെറസ്സില്‍ നിന്നും ബിസിനസുകാരന്റെ വീട്ടിലേക്ക് നീളുന്ന ഈ ആശയവിനിമയം കണ്ടു. ഒട്ടും വൈകാതെ അയാള്‍ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു താന്‍ കണ്ട കാര്യം പറഞ്ഞു- ' 'ഇവിടുത്തെ മോളെ ആ വീട്ടിലേക്ക് അയക്കരുത്. ആ പെണ്‍ ശരിയല്ല. അവര്‍ സിനിമാക്കാരല്ലേ, മാന്യത ഉള്ളവര്‍ക്ക് കൂട്ടുകൂടാന്‍ പറ്റിയ കൂട്ടരല്ല' പൊടിപ്പും തൊങ്ങലും വച്ചു പാല്‍ക്കാരന്‍ താന്‍ കണ്ട കാര്യങ്ങളും ആ പെണ്‍ക്കുട്ടിയുടെ വീട്ടില്‍ അറിയിച്ചു. അങ്ങനെ അമ്മുവിന്‍െ വീട്ടിലേക്കുള്ള കൂട്ടുകാരിയുടെ വരവും അവസാനിച്ചു.

കുറച്ചു ദിവസങ്ങളായി കൂട്ടുകാരിയെ കാണാതായതോടെ ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ അമ്മു അവരുടെ വീട്ടില്‍ എത്തി. ആ പെണ്‍കുട്ടി അമ്മുവിനെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ പോലും അനുവദിച്ചില്ല. മാത്രമല്ല, തന്നെ വഴിത്തെറ്റിച്ച് തന്‍െ ജീവിതം നശിപ്പിച്ചത് അമ്മുവാണ് എന്നും അവള്‍ ആക്രോശിച്ചു. വളരെയധികം ദേഷ്യപ്പെടുകയും ചെയ്തു. അടുത്തത് ആ പെണ്‍കുട്ടിയുടെ അമ്മയുടെ ഊഴം ആയിരുന്നു. ഇനി ഈ വീട്ടിലേക്ക് വന്നു പോകരുതെന്നും മേലാല്‍ മകളുമായി ഒരു സൗഹൃദവും പാടില്ല എന്നും അവര്‍ താക്കീത് ചെയ്തു.

മറുത്തുപറയാന്‍ അമ്മുവിന് കഴിഞ്ഞില്ല. തന്റെ സുഹൃത്ത് ഒരു ഭീരുവായി മാറിയതും തന്നെ അപമാനിച്ചതും ഒരു ബലിമൃഗമാക്കിയതും തിരിച്ചറിഞ്ഞു അമ്മു കണ്ണീരോടെ അവിടെനിന്നും മടങ്ങി.

'വഞ്ചനയും ചതിയും എന്താണെന്നു ഞാന്‍ അന്ന് മനസ്സിലാക്കി' തന്‍െ ഓര്‍മ്മക്കുറിപ്പില്‍ അമ്മു എന്ന ജയലളിത പില്‍ക്കാലത്ത് കുറിച്ചു. ഞാന്‍ ആ പെണ്‍ക്കുട്ടിയെ സഹായിക്കാനാണ് ശ്രമിച്ചത്. സുഹൃത്തുക്കള്‍ തമ്മില്‍ മറവില്ലാത്ത പിന്തുണയുണ്ടാകണം എന്നാണ് ഞാന്‍ അന്നുവരെ കരുതിയിരുന്നത്.

''തകര്‍ന്നു പോയ ഞാന്‍ എന്റെ വീട്ടിലേക്ക് ഓടിപ്പോയി. ടെറസ്സിലിരുന്നു ഞാന്‍ മണിക്കൂറുകള്‍ ഏങ്ങലടിച്ചു കരഞ്ഞു. ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടിരുന്നു...അമ്മയോട് പോലും ഇക്കാര്യം ഞാന്‍ പറഞ്ഞില്ല. അപമാനിക്കപ്പെട്ടത് ഞങ്ങള്‍ ഒരുമിച്ചായിരുന്നെല്ലോ''...

(Amma:  Jayalalithaa's Journey from Movie Star to Political Queen എന്ന പുസ്തകത്തില്‍ നിന്നും )

പരിഭാഷ: ഷീജ അനിൽ