റാഗിങ് മുതൽ പുലയക്കുടിൽ വരെ പുനർവായനയ്ക്കു വിധേയമാക്കുമ്പോൾ

ഉമ്മന്‍ചാണ്ടി മുതല്‍ ആര്‍എസ്എസ് നേതാക്കന്മാര്‍ വരെ മോഹമേറുന്ന വാഗ്ദാനങ്ങള്‍ പലതും പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും ആ വിദ്യാര്‍ത്ഥിയുടെ കുടുംബം എസ്എഫ്ഐ എന്ന് പറയാതിരിക്കുകയും നമ്മുടെ 'മുഖ്യധാര'കള്‍ മാത്രം പറയുകയും ചെയ്യുന്നിടത്താണ് മാധ്യമ അസംബന്ധ നിര്‍മിതിയുടെ പുതു തലങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക.

റാഗിങ് മുതൽ പുലയക്കുടിൽ വരെ പുനർവായനയ്ക്കു വിധേയമാക്കുമ്പോൾ

ജയ്ക്ക് സി തോമസ്

കോട്ടയം നാട്ടകം ഗവ പോളിടെക്നിക്കിലെ റാഗിങ് വിഷയത്തില്‍ ഇനിയും പുകമറകള്‍ നീങ്ങാതെ, നുണ പ്രചാരണങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് റാഗിങ് ഭീകരതയില്‍ നിന്നുമാറി കൊടിയ ദളിത് പീഡനത്തിന് എസ്എഫ്‌ഐ നേതൃത്വം നല്‍കി എന്നിടത്തേക്കാണ്‌ 'മുഖ്യധാരാ' വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് റാഗിങ്ങിന് ഇരയാക്കപ്പെട്ട അവിനാഷിനെ തൃശൂര്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും, അവിടെവച്ചു നടത്തിയ വാര്‍ത്താ സമ്മേളേനത്തില്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹ മാധ്യമങ്ങളിലടക്കം ഇതിന്റെ മറവില്‍ നടത്തുന്ന പ്രചാരവേലകള്‍ക്കു തെല്ലു കുറവ് വരുത്താന്‍ തയ്യാറായിട്ടില്ല 'പ്രമുഖ'രാരും തന്നെ. 'ആക്ടിവിസ്റ്റ്' പരിപ്രേക്ഷ്യത്തില്‍ ആരംഭിച്ചു ആര്‍എസ്എസ് ശാഖ 'നിക്കര്‍ സംഘ'ത്തില്‍ പരിണമിക്കുന്ന മഹാനിര, പെയ്‌തൊഴിഞ്ഞ മഴയ്ക്കു ശേഷവും മരങ്ങള്‍ തേടി നടപ്പാണ്.


കോട്ടയത്തെ രാഷ്ട്രീയ വാര്‍ത്തകളിലും, കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചര്‍ച്ചകളിലും നാട്ടകം ഒരു പുതിയ പേരായിരുന്നില്ല. കാരണം, വാര്‍ത്തകളിലെ നാട്ടകം, പലപ്പോഴും ലളിതയുക്തിയില്‍ എസ്എഫ്ഐ- ആര്‍ എസ്എസ് സംഘര്‍ഷങ്ങളുടെ കള്ളികളില്‍ ഒരു പുതുമയും സൃഷ്ടിക്കാത്ത തലക്കെട്ടായിരുന്നു. കോട്ടയത്തെ ഗവ. കോളേജിലും, ഗവ. പോളിടെക്നിക്കും നാട്ടകത്താണ്. തമ്മില്‍ 500 മീറ്റര്‍ പോലും അകലമില്ലാത്ത വിധം രണ്ടു ക്യാമ്പസുകള്‍. അതോടടുത്തു തന്നെ ഹോസ്റ്റലുകളും. എന്നാല്‍ കോട്ടയം മുന്‍സിപ്പാലിറ്റി പ്രദേശത്തെ 42-ാം വാര്‍ഡില്‍ വരുന്ന പ്രദേശം ആര്‍എസ്എസ് സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ തങ്ങളുടെ അക്രമണങ്ങള്‍ക്കായി ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന പ്രദേശം കൂടിയാണ്. 15 വര്‍ഷത്തില്‍ അധികമായി ബിജെപി പ്രതിനിധി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്ന വാര്‍ഡ്.

ഗവ കോളേജിലെയും, പോളിടെക്കിനിക്കിലെയും രാഷ്ട്രീയാഭിമുഖ്യം പുലര്‍ത്താത്ത കുട്ടികള്‍ പോലും ആര്‍എസ്എസ് തേര്‍വാഴ്ചയ്ക്കു ഇരയായിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. കോളേജിനുള്ളില്‍ വിരലില്‍ എണ്ണാവുന്നത്ര പോലും വിദ്യാര്‍ത്ഥികളെ ലഭിക്കാതെ പോവുന്ന സംഘപരിവാരം എസ്എഫ്ഐയെ ആക്രമിക്കാനുള്ള അന്ധതയില്‍ സര്‍വ്വവും മറന്നു കോളേജിനു നേരെ അക്രമം നടത്തി. കാട്ടിവെച്ച ക്രൂരതകള്‍ ഒരു വർഷം മുമ്പത്തെ സചിത്ര വാര്‍ത്തകള്‍ ആയിരുന്നു. പുറത്തുനിന്നെത്തിയ അക്രമി സംഘം പരസ്യമായി വാളുയര്‍ത്തി ക്യാമ്പസിൽ കടന്നുകയറി പെണ്‍കുട്ടികള്‍ക്ക് നേരെ കല്ലെറിയുകയും അസഭ്യവര്‍ഷം നടത്തുകയും കോളേജിന്റെ ജനാല ചില്ലുകളും വാതിലുകളും തകര്‍ക്കുകയും ചെയ്തിരുന്നു. പോളിടെക്നിക് ക്യാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥി ശക്തിയെ ഭയന്ന് പലപ്പോഴും രാത്രിയുടെ മറവില്‍ വീട് കയറി ആക്രമിക്കുകയും പതിയിരുന്നു ആക്രമിക്കുകയും ചെയ്ത അനുഭവങ്ങള്‍ അസംഖ്യമാണ്.

റാഗിങ് ഒരു സങ്കുചിത രാഷ്ട്രീയ സംഘടനാ പ്രശ്‌നമല്ല. മറിച്ചൊരു സാമൂഹ്യ ദുരന്തമാണെന്നു തിരിച്ചറിയാത്ത ഏതൊരു തലച്ചോറും അർഹിക്കും വിധം ചികിത്സയ്ക്കു വിധേയമാക്കപ്പെടേണ്ടതുണ്ട്.

'ബോധേന്ദ്രിയങ്ങൾ നാള്‍ക്കുനാള്‍ മന്ദീഭവിക്കുകയും അലസമായിത്തീരുകയും ചെയ്യുമ്പോള്‍ അവയ്ക്കു ചുറ്റുപാടുകളില്‍ നിന്ന് അനുഭൂതികള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് കുറഞ്ഞുവരുന്നു. ഏതു ബുദ്ധിയുടെ ഒരു തരം മരവിപ്പിന് വഴി തെളിക്കുന്നു.' (സാഹിത്യത്തെ കുറിച്ച്,  on literature) ഗോര്‍ക്കിയുടെ പഠനത്തില്‍ 'അത്യാധുനികനെ നിര്‍വചിക്കുന്നതിന് വെള്ള പൂശിയ ശവക്കല്ലറകളും കീപ് സൈലന്‍സ് ബോര്‍ഡുകളുമാവണം കലാലയങ്ങള്‍ എന്ന് ശഠിച്ച അരാഷ്ട്രീയവാദികള്‍ക്കും, രാഷ്ട്രീയ അരാഷ്ട്രീയ വാദികള്‍ക്കും, റാഗിങ് കാലത്തെങ്കിലും പലവിധത്തില്‍ പഠനാര്‍ഹമാണ്.

ഒരു വിഭാഗം സീനിയര്‍ വിദ്യാർത്ഥികൾക്കിടയിലെ ജനാധിപത്യ വിരുദ്ധ കൂട്ടായ്മയായ ഗാങ്ങിസവും, റാഗിങ്ങും എല്ലായിടങ്ങളിലും പരസ്പര പൂരകങ്ങളാണെന്നു കാണാന്‍ കഴിയും. പലയിടങ്ങളിലും റാഗിങ് ഒരു പുതുമയും സൃഷ്ടിക്കാനാവാത്ത വാര്‍ത്താചരക്കായപ്പോള്‍, രാഷ്ട്രീയപരതയും ജനാധിപത്യ സ്വഭാവവും കരുത്താര്‍ജ്ജിച്ച കലാലയങ്ങളാണ് കേരളത്തിന്റെ പഠനാര്‍ഹമായ കലാലയ അന്തരീക്ഷത്തില്‍ ഗാങ്ങിസത്തെയും റാഗിങിനെയും തൂത്തെറിഞ്ഞത്.

റാഗിങ്ങിന്റെ ഇരകളായി കൊല ചെയ്യപ്പെട്ടവരും. പഠനം ഉപേക്ഷിക്കേണ്ടിവന്നവരും നിശബ്ദമായി ഉന്നയിക്കുന്നത്‌ നമ്മുടെ കണ്മുന്‍പില്‍ റാഗിങ് ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങൾ എന്ത് ചെയ്യുമെന്ന തലചുറ്റിക്കുന്ന ചോദ്യമാണ്. ജീവനുള്ളവയെ മുഴുവന്‍ പിച്ചിക്കീറി രസിക്കുന്ന റാഗിങ് ചട്ടമ്പിമാരുടെ ശവകാമുക സമീപനങ്ങളും (necrophilia) പരപീഡരതിയുടെ (sadism) കൊടുമുടിയില്‍ കയറി നിന്നുള്ള അവരുടെ കാടന്‍ചിരികളും. വീണു കിടക്കുന്നവരെ പിന്നെയും ചവിട്ടുന്ന അവരുടെ കൊടും ക്രൂരതകളും കരുണയര്‍ഹിക്കുന്നില്ല.

മാസങ്ങള്‍ക്കു മുന്‍പ് കര്‍ണാടകത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അശ്വതിയെ മൃതപ്രായയാക്കുവോളം ടോയിലറ്റ് ലോഷന്‍ കുടിപ്പിച്ചു റാഗ് ചെയ്തത് 'സീനിയര്‍ സംഘം' മലയാളികള്‍ തന്നെയായിരുന്നുവെന്നത് ഞെട്ടലോടെയാണ് നമ്മുടെ സമൂഹം കേട്ടത്. അന്ന് അശ്വതിയെ കണ്ടു പഠനസഹായം ഉറപ്പുനല്‍കി പിരിയുമ്പോള്‍ അമ്മയുടെ മരണത്തോളം എത്തുന്ന ഭയാശങ്ക നിറഞ്ഞ കണ്ണുകള്‍ അതേപോലെ കണ്ടത് തൃശൂര്‍ മദര്‍ ആശുപത്രിയില്‍
അവിനാഷിന്റെ മുറിയുടെ വാതില്‍ ചാരിനിന്നു സംസാരിച്ച അച്ഛന്റെ മുഖത്തായിരുന്നു. അശ്വതിയില്‍ നിന്ന് അവിനാശിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നത് സമൂഹത്തെയാകെ അസ്വസ്ഥമാക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യമുള്ള കാലയങ്ങളിലും പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ നടപ്പിലാക്കേണ്ട പഴുതടച്ച ജനാധിപത്യവല്‍ക്കരണവും, സൃഷ്ടിച്ചെടുക്കേണ്ട രാഷ്ട്രീയാവബോധവുമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

റാഗിങ്ങിനും ഗാങ്ങിസത്തിനും എതിരെ നടത്തിയ സംഘടിതമായ പോരാട്ടങ്ങളും, ചെറുത്തുനില്‍പ്പുകളുമാണ് എസ്എഫ്ഐയെ കേരളത്തിന്റെ കലാലയങ്ങളില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍ പോളിടെക്നിക്ക് റാഗിങ്ങില്‍ നമ്മുടെ മനോരമാദി 'മുഖ്യധാര'കള്‍ പ്രചരിപ്പിച്ച 'എസ്എഫ്ഐ പ്രതികള്‍' ശുദ്ധ അസംബന്ധവും വസ്തുതാവിരുദ്ധവുമാണ്. പ്രതികളില്‍ പ്രധാനിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ജെറിന്‍ കെ.എസ്.യുവിനു വേണ്ടി ഒന്നാം വര്‍ഷ പ്രതിനിധിയായി മത്സരിച്ചായാളാണ്. എസ്എഫ്ഐയുടെ യൂണിറ്റ് അംഗങ്ങളോ യൂണിയന്‍ പ്രതിനിധികളോ ഒരാള്‍ പോലും പ്രതിപ്പട്ടികയിൽ ഇല്ലായെന്നിരിക്കെയാണ് ഈ പ്രചാരണം. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിക്കും എന്ന് പ്രഖ്യാപിച്ച പത്രാധിപ പാരമ്പര്യത്തിനു പക്ഷെ തെല്ലും ആഘാതമില്ല. മറിച്ചു കടുത്ത അഭിമാനമാകും ഈ വാര്‍ത്തകളൊക്കെയും എന്നതും മറക്കുന്നില്ല .

ശ്രീനാരായണ ഗുരുവിന്റെ ടാബ്‌ളോയെ ആര്‍എസ്എസ്, ബിഡിജെഎസ് ബാന്ധവത്തിനു ഉതകും പോലെ 'ഗുരുനിന്ദ'യാക്കി വളര്‍ത്തിയെടുത്തതും അതുപോലെ ഒരു ഞായര്‍ ദിനത്തിലെ പത്രത്തില്‍ കടുത്ത നയതന്ത്രജ്ഞതയെ പോലും തോല്പിക്കുന്ന കൗശലത്തോടെ ഒബാമയുടെ ചിത്രം നടുവില്‍ പ്രതിഷ്ടിച്ച സാമ്രാജിത്വ വിരുദ്ധ സന്ദേശമുള്ള ചിത്രം 'തിരുവത്താഴത്തെ അപമാനിക്കാന്‍ ' എന്ന തലകെട്ടില്‍ സചിത്ര വര്‍ത്തയടിച്ചതും കഴിഞ്ഞ കാലങ്ങളിലെ ചെറിയ ഇടവേളകളില്‍ മാത്രം സംഭവിച്ചതാണ്. എന്നാല്‍ അതേ പത്രാധിപര്‍ക്ക് തന്നെ ലിയനാർഡോ ഡാവിഞ്ചിയുടെ കലാസൃഷ്ടിയോടു ആശയാനുവാദം ഉള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ നിലപാട് പറയാനല്ല തങ്ങള്‍ക്കൂടി പാലൂട്ടിയ അതേ വര്‍ഗീയ സ്വരങ്ങള്‍ക്കു മുന്‍പില്‍ സാഷ്ടാംഗം നമിക്കാനാണ് തയ്യാറായതെന്നത് കാലത്തിന്റെ ദുരന്ത ചുവ കലര്‍ന്ന കാവ്യനീതികളുടെ പട്ടികയില്‍പ്പെടുത്താവുന്നതാണ്.

ഉമ്മന്‍ചാണ്ടി മുതല്‍ ആര്‍എസ്എസ് നേതാക്കള്‍ വരെ മോഹമേറുന്ന വാഗ്ദാനങ്ങള്‍ പലതും പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും ആ വിദ്യാര്‍ത്ഥിയുടെ കുടുംബം എസ്എഫ്ഐ എന്ന് പറയാതിരിക്കുകയും നമ്മുടെ 'മുഖ്യധാര'കള്‍ മാത്രം പറയുകയും ചെയ്യുന്നിടത്താണ് മാധ്യമ അസംബന്ധ നിര്‍മിതിയുടെ പുതു തലങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക.

നാട്ടകം കലാലയങ്ങള്‍ക്കു മാത്രം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധരെയും ആര്‍എസ്എസ് ക്രിമിനലുകളെയും ചെറുത്തതിന്റെ നിണമണിഞ്ഞ അനുഭവങ്ങള്‍ നിരവധിയുണ്ട്  ചരിത്രത്തില്‍. രണ്ടാണ്ടു മുന്‍പ് നടന്നൊരു ഓണാഘോഷം ഇന്നലെയെന്ന പോലെ ഇന്നും മുമ്പിലുണ്ട്. അന്ന് ക്യാമ്പസിനുള്ളിലേക്കു മദ്യപിച്ചു പെണ്‍കുട്ടികളെ ലക്ഷ്യമാക്കി വന്ന പ്രാദേശിക ക്രിമിനല്‍ സംഘത്തെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. പിന്നീട് അതേ ക്രിമിനല്‍ സംഘം തന്നെ അന്നത്തെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന ശ്രീജിത്ത് പിഎസ് എന്ന വിദ്യാര്‍ത്ഥിയെ പോളിടെക്നിക്കിന്റെ മുന്‍പില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതും, മര്‍ദ്ദിച്ചു ബോധരഹിതനാക്കി വഴിയരികിലെ കുറ്റികാട്ടിലെറിഞ്ഞതും അവന്റെ ശരീരവുമായി കോട്ടയം മുതല്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ ഐസിയുവിനു മുന്‍പിലെ നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പും വരെയുള്ളത് ഒരു കാലത്തിനും മായ്ക്കാനാവാതെ ഓര്‍മയില്‍ നിറയുന്നുണ്ട്. മര്‍ദിച്ചു എണീക്കാനാവാത്ത വിധത്തിലാക്കിയതിനു ശേഷം വിവസ്ത്രനാക്കി കോളേജിനു മുന്‍പിലിട്ടിട്ടുണ്ട് സംഘപരിവാരവും ക്രിമിനല്‍ സംഘങ്ങളും പണ്ടൊരു എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയെ. ഒരു രക്തസാക്ഷിത്വം ഉണ്ടാവാതെ പോയെന്നു മാത്രം. പക്ഷെ ഒഴുകിയൊലിച്ച ചോരപടര്‍പ്പ് അതിലും വിസ്തൃതമായിരുന്നു. മറ്റു രാഷ്ട്രീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പോയിട്ട് പോലീസ് പോലും ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ തേര്‍വാഴ്ചകളില്‍ കലാലയത്തെ സംരക്ഷിച്ചതും പ്രതിരോധിച്ചതും, അതിന്റെ പശ്ചാത്തലത്തില്‍ നാട്ടകത്തിന്റെ തന്നെ ഭൂപ്രദേശങ്ങളില്‍ ചിതറിത്തെറിച്ച മാംസച്ചീളുകളും പടര്‍ന്നു പന്തലിച്ച ചോരത്തുള്ളികളും അതത്രയും എസ്എഫ്ഐക്കാരുടേതു മാത്രമായിരുന്നു. അതുകൊണ്ടാണ് കാവി ഭീകരതയായി ആണ്ടുകള്‍ക്കു മുമ്പേ അനുഭവിച്ചറിഞ്ഞ അവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബാഹ്യ ആക്രമണങ്ങളുടെയും ഭീഷണികളുടെയും അവസാനിക്കാത്ത പെരുമഴക്കാലത്തും നക്ഷത്ര ശോഭ നിറഞ്ഞ എസ്എഫ് ഐ പതാകയെ കാലാന്തരങ്ങള്‍ക്കു അതീതമായി മാറോടണയ്ക്കുന്നത്. അതുകൊണ്ടു തന്നെ പരപീഡാരതിയുടെ വക്താക്കളിൽ ഒരാള്‍ക്കു പോലും എസ്എഫ്ഐ പ്രവർത്തകനാകാൻ കഴിയില്ല തന്നെ.

'ദളിത് പീഡനം' മുതല്‍ 'പുലയക്കുടില്‍' വരെയാണ് ആരോപണ നിര്‍മിതിയുടെ പുത്തന്‍ തലങ്ങള്‍ മെനെഞ്ഞെടുത്ത തലക്കെട്ടുകള്‍. ഉണ്ടെന്നു പറയപ്പെടുന്ന ഒരു പുലയ കുടിൽ ഒരു വർഷം മുന്‍പ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി കയറി ചെല്ലാറുള്ള പോളിടെക്നിക്ക് ഹോസ്റ്റലില്‍ ഇതുവരെ ഈ ലേഖകനു കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനിടയില്‍ അങ്ങനൊന്നു ഉണ്ടായെങ്കില്‍കൂടിയും പറയപ്പെടുന്ന മുറിയില്‍ മാസങ്ങള്‍ മുന്‍പുവരെ താമസിച്ചിട്ടുണ്ടാവുക എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും ഇലക്ഷന്‍ കണ്‍വീനറുമായിരുന്ന സെയ്ഫ് എന്ന ന്യൂനപക്ഷ (പക്ഷം തിരയുന്നവര്‍ക്ക്) വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥിയായിരുന്നു എന്നറിയാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല.

ഇനി കടുത്ത 'ജാതി വിവേചനം' നടപ്പാക്കുന്ന പോളിടെക്കിനിക്കിലെ എസ്എഫ്ഐയുടെ 'സവര്‍ണ്ണാധിപത്യ' സ്വഭാവം ലളിതമായ ഒരു ഓഡിറ്റിങ്ങിനു വിധേയമാകുമ്പോള്‍ 'ദളിത് ആക്ടിവിസ്റ്റുകള്‍ ' മുതല്‍ 'നിക്കര്‍ സേനാം'ഗങ്ങള്‍വരെയുള്ളവരോട് ഗീബൽസിയൻ ട്യൂഷന്‍ എടുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് മറ്റാര്‍ക്കും അര്‍ഹമല്ലെന്ന് തെല്ലും അതിശയോക്തി കലരാതെ തന്നെ അതെ ലാളിത്യത്തോടെ തന്നെ പറയേണ്ടി വരും .

സവര്‍ണ്ണ സമുദായമെന്നു പൊതുബോധം പേര് നല്‍കിയ വിഭാഗങ്ങള്‍ക്കു എവിടെയാണ് മേല്‍ക്കോയ്മയെന്നു തിരിച്ചറിയുമ്പോള്‍ പുറംമോടിയുടെ 'ദളിത് പ്രേമം' നിലനില്പിനെങ്കിലും താത്കാലികമായി എസ്എഫ്ഐയുടെ ഓരം ചേരുകയേ 'ആക്ടിവിസ്റ്റ് ' ജീവിതങ്ങള്‍ക്ക് തരമുണ്ടാവുകയുള്ളു. 'ദളിത് വിവേചനം' നടത്തുന്ന 'സവര്‍ണ്ണ' കമ്മിറ്റിയില്‍ പക്ഷെ സെക്രട്ടറിയും പ്രസിഡന്റുമൊക്കെ ജാതി സ്വത്വം തിരയുമ്പോള്‍ ആക്ടിവിസ്റ്റുകളെങ്കിലും 'അവര്‍ണ്ണ'രെന്നോ,'പിന്നോക്കം' എന്നൊ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്നവരാണ്. സെക്രട്ടറിയും യൂണിയന്റെ വൈസ് ചെയര്‍മാനുമായ പ്രവീണ്‍ മോഹനന്‍ കമ്മിറ്റിയുടെ പ്രസിഡന്റായ മുഹമ്മദ് ഷാനും പൊതുബോധം സൃഷ്ടിച്ച കള്ളികളില്‍ സവര്‍ണ്ണരല്ലെന്നു തിരിച്ചറിയുമ്പോള്‍ ജാതി വിവേചന വാദികള്‍ക്ക് നിരാശരാവുകയേ തരമുള്ളു.

എന്നാല്‍ കൊടിയ 'ജാതി വിവേചനം' നടത്തുന്ന  'ദളിത് വിരുദ്ധ' കമ്മിറ്റി നേതൃത്വം നല്‍കി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥി യൂണിയനില്‍ 'ദളിത് പീഡനം' നടത്തുമ്പോഴും 'സവര്‍ണ അജണ്ട' പുലര്‍ത്തുമ്പോഴും, കലാലയത്തിലെ പെണ്‍ ഭൂരിപക്ഷത്തിന്റെ മുഖമായ വനിതാ ചെയര്‍പേഴ്‌സണ്‍ പദവിയിലും യൂണിയന്‍ പരിപാടികളുടെ ആസൂത്രണം തുടങ്ങി കലാലയത്തിലെ ഏതൊരു പരിപാടിയിലും ഒഴിവാക്കാനാവാത്ത വിദ്യാര്‍ത്ഥി പ്രതിനിധിയായി എത്തേണ്ട ചെയർന്മാൻ പദവിയിലും, കലാലയത്തിന്റെ സര്‍ഗ്ഗശബ്ദമായ മാഗസിന്‍ എഡിറ്റര്‍ പദവിയിലും കലാലയത്തിന്റെ ഏറ്റവും വലിയ ഉത്സവമായ സര്‍ഗോത്സവം നടത്താന്‍ നേതൃത്വമാവേണ്ട ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പദവിയിലടക്കം 'ജാതി വിവേചനം' നടപ്പാക്കാനാവാതെ പിന്നോക്കന്യൂനപക്ഷങ്ങള്‍ക്കു നല്‍കി പരാജയപെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ നുണ പ്രചാരണത്തിന്റെ മഹാനിര തീര്‍ത്തവര്‍ക്കു തികഞ്ഞ നിരാശയാവും ബാക്കിയാവുക.

അതുകൊണ്ടു കുമ്മനാദി നിക്കര്‍ സേനാനികളേ, രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു മുന്‍പിലൊന്നു അനുശോചിച്ചിട്ടു ഉനയിലെ ചത്ത പശുവിന്റെ തോലുരിച്ചപ്പോള്‍ മൃതപ്രായനായ ദലിത് ജീവിതങ്ങള്‍ക്ക് പേരിനൊരു ഐക്യദാര്‍ഢ്യം അറിയിക്കൂ. ഹരിയാനയിലെ ചുട്ടെരിച്ച വീട്ടില്‍ ഒടുങ്ങി അവസാനിച്ച ദിവ്യക്കും വൈഭവിനുമായി രണ്ടിറ്റു കണ്ണീര്‍ കണങ്ങള്‍ നല്‍കൂ. എന്നിട്ട് നമുക്ക് തുടരാം ആര്‍എസ്എസ് മുതല്‍ ദളിത് പാന്തേഴ്‌സ് വരെ ആക്രമിച്ച കൊലപ്പെടുത്തിയ 32 ജീവിതങ്ങളെ നഷ്ടപെട്ട സംഘടനയുടെ ' ജാതി വിവേചന'ത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍..!