ഷൂട്ടിങ്ങിനിടയില്‍ ബോംബ് പൊട്ടി കണ്ണുപോയിട്ടും ജഗന്നാഥവര്‍മ്മ രംഗം വിട്ടില്ല; ഇനി രംഗത്തില്ല

ജയന് സംഭവിച്ചതു പോലൊരു വലിയ അപകടം. ഷൂട്ടിങ്ങിനിടയില്‍ അബദ്ധത്തില്‍ ബോംബ് പൊട്ടി. ജഗന്നാഥവര്‍മ്മയുടെ കാഴ്ച പോയി. എന്നിട്ടും അഭിനയം തുടര്‍ന്നു. ചെണ്ട പഠിക്കണമെന്ന ആഗ്രഹവും സാധിച്ചാണ് ആ സുന്ദരവില്ലന്‍ രംഗമൊഴിയുന്നത്.

ഷൂട്ടിങ്ങിനിടയില്‍ ബോംബ് പൊട്ടി കണ്ണുപോയിട്ടും ജഗന്നാഥവര്‍മ്മ രംഗം വിട്ടില്ല; ഇനി രംഗത്തില്ല

കഥകളി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടാകും സിനിമയുടെ ശരീരഭാഷ അനായാസമായി ജഗന്നാഥ വര്‍മ്മയ്ക്കു മുന്‍പില്‍ വഴങ്ങിക്കൊടുത്തത്. സിനിമയില്‍ എത്തുന്നതിനു മുന്‍പ് പോലീസായിരുന്നു. 1996ല്‍ എസ്പിയായിരിക്കുമ്പോഴാണ്‌ വിരമിക്കുന്നതു തന്നെ. യഥാര്‍ത്ഥ പോലീസായി പണിയെടുക്കുമ്പോള്‍ ഷൂട്ടിങ്ങാണെന്നു കരുതി ജനങ്ങള്‍ സമീപിച്ചതൊക്കെ സ്വതസിദ്ധമായ രീതിയില്‍ ജഗന്നാഥ വര്‍മ്മ വിവരിക്കുമായിരുന്നു. സിനിമയില്‍ പോലീസ് വേഷങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ യഥാര്‍ത്ഥ അനുഭവങ്ങള്‍ അദ്ദേഹത്തിന് തുണയായിട്ടുണ്ട്.


ആഢ്യത്വവേഷങ്ങളില്‍ അദ്ദേഹത്തെ തളച്ചിടാനായിരുന്നു എന്നും മലയാള സിനിമയ്ക്ക് താത്പര്യം. നായകന്റേയോ പ്രധാന വില്ലന്റേയോ പുറകിലാണ് പലപ്പോഴും സ്ഥാനമെങ്കിലും തുളച്ചു കയറുന്ന നോട്ടങ്ങള്‍ കൊണ്ടും ഘനഗംഭീരമായ ശബ്ദം കൊണ്ടും ജഗന്നാഥ വര്‍മ്മ മലയാള സിനിമയില്‍ കോറിയിട്ട സ്ഥാനം വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താവുന്നതുമല്ല. ജഡ്ജിയായും നമ്പൂതിരിയായും കാരണവരായും ബിഷപ്പായും വ്യവസായിയായും രാഷ്ട്രീയക്കാരനായും സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും കഥകളിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ. കഥകളിയോടുളള അദ്ദേഹത്തിന്റെ അഭിനിവേശം അറിഞ്ഞു കൊണ്ടു തന്നെയാകും രംഗം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കരുണാകര പണിക്കര്‍ എന്ന കഥകളി ആശാന്റെ വേഷം ഐവി ശശി അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതും. എംടി വരച്ചിട്ട കഥാപാത്രത്തെ ജഗന്നാഥ വര്‍മ്മ അനായാസമായി പകര്‍ന്നാടി.

16-ാംവയസില്‍ കഥകളിക്കൊപ്പം കൊച്ചു ജഗന്നാഥന്‍ മനസില്‍ കൊണ്ടു നടന്ന മോഹമായിരുന്നു ചെണ്ടമേളം. കഥകളി കഴിഞ്ഞിട്ടു മതി മേളമെന്ന ഗുരുനാഥന്റെ വാക്കുകള്‍ അനുസരിച്ച് മേളക്കാരനായത് 74-ാംവയസില്‍. 1996 ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ തുടങ്ങിയ പരിശീലനം. മോഹിച്ചതുനേടാതെ പിന്‍വാങ്ങാന്‍ ജഗന്നാഥ വര്‍മ ഒരുക്കമായിരുന്നില്ല.
74 വയസു വരെ സിനിമയിലും സീരിയലിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

1995 ല്‍ ബാബു ആന്റണി നായകനായ ബോക്‌സര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബോംബ് പൊട്ടി ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും മലയാള സിനിമയുടെ അഭ്രപാളികളില്‍ ജഗന്നാഥ വര്‍മ്മയും ഉണ്ടായിരുന്നു, ക്ലൈമാക്‌സില്‍ ജഗന്നാഥ വര്‍മ്മയെ കൊല്ലാനായി നെഞ്ചത്തും കണ്ണിനു മുകളിലുമായി കെട്ടിവച്ച ബോംബ് നേരത്തെ പൊട്ടിയതാണ് വിനയായത്. ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും സിനിമയില്‍ സജീവമായി. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

നായകനടന്റേയോ പ്രധാന വില്ലന്റേയോ പുറകിലായിരുന്നു പലപ്പോഴും സ്ഥാനമെങ്കിലും ഒരു ചെറിയ നോട്ടമോ, മൂളലോ മതിയായിരുന്നു ജഗന്നാഥനെന്ന നടന് തന്നെ ഗംഭീരമായി അടയാളപ്പെടുത്താന്‍. നരേന്ദ്രപ്രസാദ് എന്ന നടന്‍ അനശ്വരമാക്കിയ അപ്പന്‍ തമ്പുരാനെന്ന കഥാപാത്രത്തിന്റെ നിഴലായിരുന്നു ജഗന്നാഥന്റെ കഥാപാത്രമെങ്കിലും അദ്ദേഹത്തിന്റെ ചിരിയും ഞാനും അപ്പനും സഹോദരി സുഭദ്രയും എന്നു തുടങ്ങുന്ന ഡയലോഗും ശരീരഭാഷയും ജഗന്നാഥനെ ആ ചിത്രത്തില്‍ ഗംഭീരമായി അടയാളപ്പെടുത്തി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയ പുതുജീവനായിരുന്നു ന്യൂഡല്‍ഹിയെന്ന ജോഷി ചിത്രം. തുടര്‍ച്ചയായി പരാജയങ്ങളില്‍ പെട്ട് മമ്മൂട്ടിയെ മലയാള സിനിമ മാറ്റി നിര്‍ത്തുമ്പോഴാണ് ജോഷിയും കലൂര്‍ ഡെന്നീസും കൂടി ന്യൂഡല്‍ഹിയിലെ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് രൂപം കൊടുക്കുന്നത്. ഒന്‍പതു നിര്‍മ്മാതാക്കള്‍ കൈയ്യൊഴിഞ്ഞ ചിത്രം ഒടുവില്‍ ജോയി തോമസ് ഏറ്റെടുക്കുകയായിരുന്നു. പ്രതികാരത്തിനു വേണ്ടി കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്ന വിശ്വനാഥനെന്ന നായകനെ മലയാള സിനിമ കൈയ്യടിച്ചു സ്വീകരിച്ചുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് ജഗന്നാഥ വര്‍മ്മ അവതരിപ്പിച്ച സിആര്‍ പണിക്കര്‍ എന്ന രാഷ്ട്രീയക്കാരനും കൂടിയാണ്.

രാഷ്ട്രീയക്കാരന്‍, വ്യവസായി, ബിഷപ്പ്, ഡിജിപി, തന്റേടിയായ മുത്തശ്ശന്‍ തുടങ്ങിയ സ്ഥിരം പാറ്റേണിലുളള കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ജഗന്നാഥവര്‍മ്മ നിര്‍ബന്ധിതനായിരുന്നെങ്കില്‍ കൂടി ആ വേഷങ്ങളില്‍ ജഗന്നാഥ വര്‍മ്മയുടെ കൈയ്യൊപ്പ് സംവിധായകര്‍ക്ക് നിര്‍ബന്ധമായിരുന്നു താനും. നേരാ.. .തിരുമേനി.. ഈപ്പച്ചന്‍ പളളിക്കൂടത്തില്‍ പോയിട്ടില്ലെന്ന മാസ് ഡയലോഗ് സംവിധായകന്‍ സോമന്‍ എന്ന പൗരുഷം പതിഞ്ഞ നടനെ കൊണ്ടു പറയിപ്പിക്കുമ്പോഴും കൈയ്യടിയുടെ ആഴം വര്‍ദ്ധിക്കുന്നത് മറുതലയ്ക്കല്‍ ചുവന്ന കവിളുകളുള്ള സ്വജനപക്ഷപാതിത്വമുള്ള, വീഞ്ഞിന്റെ മണമുളള ബിഷപ്പായി ജഗന്നാഥ വര്‍മ്മ നിലയുറപ്പിക്കുമ്പോഴാണ്.

നാലാമത്തെ വേളിയായി ഇരുപതുകാരിയെ സ്വീകരിക്കുന്ന അറുപത്തിനാലു വയസ്സുള്ള മുല്ലശ്ശേരി നമ്പൂതിരിയായി ജഗന്നാഥ വര്‍മ്മ നിറഞ്ഞാടുകയായിരുന്നു പരിണയം എന്ന എംടി- ഹരിഹരന്‍ ചിത്രത്തില്‍. തന്നെ ഇനി ഒന്നിനും പറ്റില്ലെന്ന് ആദ്യരാത്രിയില്‍ തന്നെ അയാളുടെ ശരീരം പറയുന്നുണ്ടെങ്കിലും ഫ്യൂഡല്‍ മാടമ്പി കാരണവര്‍ എന്ന നിലയില്‍ മറ്റുളളവരെ ബോധിപ്പിക്കാന്‍ വേളി കഴിക്കുന്ന മാടമ്പിയായി ജഗന്നാഥന്‍ പകര്‍ന്നാടി.

മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാള ചലച്ചിത്ര വേദിയില്‍ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് ഗ്രാമത്തില്‍ ജനിച്ച ജഗന്നാഥന്‍ തന്റെ നടനകലയ്ക്ക് ആദ്യം തട്ടകമാക്കിയത് കഥകളിയെയാണ്. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി,1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി,പത്രം തുടങ്ങി 2012 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെ 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിനൊന്നാം വയസു മുതല്‍ കഥകളി രക്തത്തില്‍ പടരാന്‍ തുടങ്ങി. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടി 74-ാംവയസില്‍ അരങ്ങേറ്റം കുറിച്ചു.

Story by