ഡല്‍ഹിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍; ഫൈനല്‍ ഐഎസ്എല്‍ ഒന്നാം സീസന്റെ തനിയാവര്‍ത്തനം

18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.

ഡല്‍ഹിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍;  ഫൈനല്‍ ഐഎസ്എല്‍ ഒന്നാം സീസന്റെ തനിയാവര്‍ത്തനം

ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസനിലെ ആദ്യ സഡന്‍ ഡെത്ത് പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഫൈനല്‍ ബര്‍ത്ത്. ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതിനാല്‍ ഡല്‍ഹിക്ക് ഫൈനല്‍ യോഗ്യത നേടാന്‍ രണ്ടാം പാദ മത്സരത്തില്‍ രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയിക്കണമായിരുന്നു. എന്നാല്‍ നിശ്ചിത സമയവും അധികസമയവും അവസാനിക്കുമ്പോള്‍ ഡല്‍ഹി ഒരു ഗോളിന്റെ ലീഡില്‍ 2-1ന് മുന്നില്‍ നിന്നതിനെത്തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.


ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോസു, ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ രണ്ടാമത് കിക്കെടുത്ത അന്റോണിയോ ജര്‍മ്മന്റെ കിക്ക് ഡല്‍ഹി ഗോളി തടുത്തു. ഡല്‍ഹിക്കായി കിക്കെടുത്ത മലൂദയും പെലിസാരിയും പന്ത് ഗാലറിയിലേക്ക് പായിച്ചപ്പോള്‍ മെമോയുടെ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി തടഞ്ഞിട്ടു. 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.

ഐഎസ്എല്‍ ഒന്നാം സീസനിലെ ഫൈനലിസ്റ്റുകള്‍ മൂന്നാം സീസനിലും കലാശപ്പോരാട്ടത്തിന് ഒരുങ്ങുന്നുവെന്നതാണ് പ്രത്യേകത. ക്രിക്കറ്റ് ഇതിഹാസങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓപ്പണിങ് ജോഡിയുമായ സച്ചിന്റെയും ഗാംഗുലിയുടെയും കാല്‍പ്പന്തു കളി ടീമുകള്‍ ഒന്നാം സീസന്റെ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗാംഗുലിയുടെ ടീമായ കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം. ഇത്തവണ അതിന് കണക്ക് തീര്‍ക്കാനായിരിക്കും മഞ്ഞപ്പട ഇറങ്ങുന്നത്.

ബുധനാഴ്ച നടന്ന രണ്ടാം പാദ സെമിയില്‍ നേരത്തെ കൊച്ചിയില്‍ ഇറങ്ങിയ ടീമില്‍ ഓരോ മാറ്റങ്ങള്‍ വരുത്തിയാണ് ബ്‌ളാസ്റ്റേഴ്‌സും ഡല്‍ഹിയും കളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനു പകരം കാഡിയോയ്ക്ക് കോപ്പല്‍ ഇന്നലെ ആദ്യ ഇലവനില്‍ ഇടം നല്‍കി. ഡല്‍ഹി കോന്‍മിനെ മാറ്റി കിന്‍കയെ ഇറക്കി.കളിക്കൊപ്പം കൈയ്യാങ്കളിയും നിറഞ്ഞതായിരുന്നു ഒന്നാംപകുതി. 28ാം
മിനിറ്റില്‍ മിലാന്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ ഡല്‍ഹിക്ക് പിന്നീട് പത്തുപേരുമായി കളിക്കേണ്ടി വന്നു. ബ്‌ളാസ്റ്റേഴ്‌സിന്റെ ഹോസു കുരിയാസും ആരോണ്‍ ഹ്യൂഗ്‌സും മഞ്ഞക്കാര്‍ഡ് കണ്ടു.

ഒന്നാം മിനിറ്റില്‍ തന്നെ ഹോസുവിന്റെയും റാഫിയുടെയും മറ്റും നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ബോക്‌സിലേക്ക് പന്തെത്തിക്കാനുള്ള ശ്രമം നടത്തി. കെവിന്‍ ലൂയിസിന്റെയും മാഴ്‌സലീഞ്ഞോയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയും ആക്രമണം നടത്തുന്നുണ്ടായിരുന്നു. 21ാം മിനിറ്റിലാണ്‌ ഡല്‍ഹിയുടെ ആദ്യഗോള്‍ പിറന്നത്. ബ്‌ളാസ്റ്റേഴ്‌സിന്റെ കാഡിയോയുടെ പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ പിഴയും ഗോളി സന്ദിപ് നന്ദിയുടെ ശ്രദ്ധയില്ലായ്മയും മുതലാക്കി മാഴ്‌സലീഞ്ഞോ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്ന് മാഴ്‌സലീഞ്ഞോ പായിച്ച പന്ത് ഡിഫന്‍ഡര്‍ ഹെങ്‌ബെര്‍ട്ടിന് അരികിലൂടെ നന്ദിയെ മറികടന്ന് ഗോളാകുകയായിരുന്നു.

തൊട്ടടുത്ത നിമിഷം തന്നെ ഡക്കന്‍സ് നാസോണിലൂടെ ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചടിച്ചു. ഹോസു നല്‍കിയ പാസ് തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ നാസോണ്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്താണ് ഗോണ്‍ സാലസ് റോച്ച ഡല്‍ഹിയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവില്‍ നിന്നാണ് ഡല്‍ഹിയുടെ രണ്ടാം ഗോളിന്റെയും പിറവി. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഡല്‍ഹി ഒരു ഗോളിനു
മുന്നിലായിരുന്നു. രണ്ടാം പകുതിയിലും എക്‌സ്ട്രാടൈമിലും ഇരു ടീമും ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു
നീങ്ങിയത്.