മഞ്ഞയണിഞ്ഞ് കൊച്ചി; ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം

ആദ്യ സീസണിലെ ഫൈനലിലേറ്റ തോൽവിയ്ക്ക് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് മറുപടി നൽകുമെന്നാണ് കരുതുന്നത്.

മഞ്ഞയണിഞ്ഞ് കൊച്ചി; ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആദ്യ സീസന്റെ തനിയാവർത്തനമായ ഫൈനൽ മത്സരത്തിൽ കണക്ക് തീർക്കാൻ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ സീസനിൽ തങ്ങളെ റണ്ണേഴ്‌സ് അപ്പ് ആക്കിമാറ്റിയ അത്‌ലറ്റികോ ഡി കൊൽക്കത്തയോട് സ്വന്തം തട്ടകത്തിൽ കണക്ക് തീർക്കാനുള്ള സുവർണ്ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഐഎസ്എൽ സീസന്റെ ഫൈനൽ.

ഇന്നു വൈകീട്ട് ഏഴിനു നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുൻപേ വിറ്റുതീർന്നു. മഞ്ഞയണിഞ്ഞ് ആവേശം പകരുന്ന ഗാലറിയും സ്വന്തം ഗ്രൗണ്ട് നൽകുന്ന മേൽക്കൈയും തന്നെയാകും കൊൽക്കത്തയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻതൂക്കം. ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് കളിച്ച ആറു മത്സരങ്ങളിലും തോറ്റിട്ടില്ല എന്ന ചരിത്രം കോച്ചിനും കളിക്കാർക്കും ആത്മവിശ്വാസം പകരുന്നുണ്ട്. ഈ വിശ്വാസം തന്നെയാണ് കപ്പുയർത്തുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്കും അടിസ്ഥാനം.


കൊൽക്കത്തയോട് ആദ്യ സീസനിൽ പരാജയപ്പെട്ടത് നിഷ്പക്ഷ വേദിയായ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. എന്നാൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചും ബ്ലാസ്റ്റേഴ്‌സിനെ കൊൽക്കത്ത തോൽപ്പിച്ചിട്ടുണ്ട്. ഈ സീസനിലെ ആദ്യപാദത്തിൽ ഹാവി ലാറയുടെ ഏക ഗോളിൽ ആയിരുന്നു ആ തോൽവി. കൂടാതെ ഇരുടീമുകളും പരസ്പരം കളിച്ച അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം പോലും വിജയിക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല എന്നതും ആതിഥേയരെ അലട്ടുന്നുണ്ട്. ഒരു മത്സരം സമനിലയായപ്പോൾ നാലു മത്സരങ്ങളിലും കൊൽക്കത്തയ്ക്കായിരുന്നു വിജയം.

കാണികളുടെ പിന്തുണ തങ്ങൾക്ക് തലവേദനയാകുമെന്ന് തന്നെയാണ് കൊൽക്കത്തയുടെയും ഭയം. ഫൈനൽ മത്സരത്തിനും യെല്ലോ ബ്രിഗേഡ്‌സിന് ആവേശം പകർന്ന് ആരാധക പ്രവാഹം തന്നെയുണ്ടാകും. സീസണിൽ ഏറ്റവും കൂടുതൽ സ്ഥിരത കാണിച്ച ടീമാണ് കൊൽക്കത്ത. ആകെ രണ്ട് മത്സരങ്ങൾ മാത്രമാണ് തോറ്റത്.

മോളിനയുടെയും കോപ്പലിന്റെയും ശിഷ്യർ കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ കപ്പ് ആര് ഉയർത്തുമെന്ന ചോദ്യത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

Read More >>