ഇന്ത്യന്‍ സൈനികര്‍ വിശുദ്ധ പശുക്കളോ?

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രക്ഷോഭത്തിനിടയില്‍ വിരമിച്ച ജവാന്മാര്‍ ഒറ്റക്കെട്ടായി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നതും നമ്മള്‍ കണ്ടു. തങ്ങളാണ് രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിച്ചതെന്നും, രാജ്യം സമാധാനമായി ഉറങ്ങാന്‍ തങ്ങളാണ് ഉണര്‍ന്നിരുന്നതെന്നും അവര്‍ പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ സൈനികര്‍ വിശുദ്ധ പശുക്കളോ?

നമ്മുടെ ജവാന്മാര്‍, അതും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഉയര്‍ന്ന തസ്തികയില്‍ ഉള്ളവര്‍, തങ്ങളുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക്‌ വേണ്ടി രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെ പണയം വയ്ക്കുമെന്നു ചിന്തിക്കാന്‍ കഴിയുമോ? ഇവരുടെ ജീവിതം തന്നെ ദേശീയതയാണെന്നാണ് നമ്മുടെ വിശ്വാസം. ഇത്രയധികം ആദരവ് നേടുന്ന ഇക്കൂട്ടരില്‍ ചിലരെങ്കിലും ഇത്രയധികം സ്വാര്‍ത്ഥരാകുന്നത് എങ്ങനെയാണ്?

വ്യോമസേനാ മേധാവിസ്ഥാനംപോലെ ഉന്നതപദവി വഹിച്ച എസ്.പി. ത്യാഗിയെ അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടിലെ കോഴ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ സിബിഐ അറസ്റ്റ് ചെയ്തത് സൈനീകര്‍ക്ക് രാജ്യം നല്‍കിയിരുന്ന ബഹുമാനത്തിലും വിശ്വാസത്തിലും മങ്ങലേല്‍പ്പിച്ചു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സൈന്യമാണ്‌ ദേശീയത എന്നും, വിമുക്തഭടന്മാര്‍ പോലും ദേശീയതയുടെ പ്രതിരൂപമാണെന്നുമുള്ള ആദരവ് നല്‍കുന്ന രാജ്യമാണ് ഇന്ത്യ എന്നോര്‍ക്കണം.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രക്ഷോഭത്തിനിടയില്‍ വിരമിച്ച ജവാന്മാര്‍ ഒറ്റക്കെട്ടായി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നതും നമ്മള്‍ കണ്ടു. തങ്ങളാണ് രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിച്ചതെന്നും, രാജ്യം സമാധാനമായി ഉറങ്ങാന്‍ തങ്ങളാണ് ഉണര്‍ന്നിരുന്നതെന്നും അവര്‍ പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിച്ചു.

കഠിനമായ പരിശീലനകാലം ഒരു സൈനികന്‍റെ ദേശീയതയെ എന്തെന്നില്ലാത്തവിധം ശക്തമാക്കുന്നു എന്നുള്ളതിന് തര്‍ക്കമില്ല. തങ്ങളുടെ സേവനകാലത്ത് രാജ്യത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച തങ്ങളുടെ ജീവിതത്തിനു പകരമായി തങ്ങളുടെ റിട്ടയര്‍മെന്‍റ് ജീവിതം പ്രയാസകരമാക്കാതെ നോക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണെന്നും അവര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രക്ഷോഭത്തിനിടയില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. തുടര്‍ന്ന്, അവര്‍ ആവശ്യപ്പെട്ട സാമ്പത്തിക ഒത്തുത്തീര്‍പ്പില്‍ സര്‍ക്കാര്‍ എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ പിന്നെയും സംശയം ബാക്കി നില്‍ക്കുകയാണ്...ഉയര്‍ന്ന തസ്തികയില്‍ നിന്നും വിരമിച്ച ജവാന്മാര്‍ക്ക് ഈ പെന്‍ഷന്‍ മതിയാകുന്നുണ്ടോ?

[caption id="attachment_66191" align="alignright" width="397"] എസ്.പി ത്യാഗി[/caption]

ചിലര്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ നേടാവുന്ന ഉന്നതമായ തസ്തികകളിലേക്ക് ഉന്നം വയ്ക്കുമ്പോള്‍, മറ്റു ചിലര്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് ചില ഇരുണ്ട ഇടപാടുകളില്‍ കൂടിയാണ്. തങ്ങളുടെ യൂണിഫോമിനെ പോലും മറന്നു ഈ മേധാവികള്‍ ഇത്തരം ഇടാപടുകള്‍ക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കുന്നത് എന്തുക്കൊണ്ടായിരിക്കും? രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറായ ഇത്തരം സൈനികരെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2001ല്‍ തെഹല്‍കയ്ക്കു വേണ്ടി ഞാന്‍ നടത്തിയ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന ഒളിക്യാമറ ഓപ്പറേഷനിടയിലായിരുന്നു. എന്‍റെ സഹപ്രവര്‍ത്തകന്‍ ഷൈജു മരത്തുംപിള്ളിയുമായി ചേര്‍ന്ന് 2014ല്‍ നടത്തിയ ഹില്‍ടോപ്പ് ഓപ്പറേഷനിലും ഞാന്‍ ഇത്തരക്കാരെ വീണ്ടും കണ്ടു.

ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിനായി എനിക്ക് ഉന്നതരായ പല സൈനിക ഉദ്യോഗസ്ഥരെയും കാണേണ്ടതുണ്ടായിരുന്നു. സാങ്കല്‍പ്പികമായി ഞങ്ങള്‍ സൃഷ്ടിച്ച ഒരു ആയുധനിര്‍മ്മാണ കമ്പനിയുടെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ആയുധങ്ങളുടെ ഗുണനിലവാരവുമൊക്കെ എനിക്ക് അവരെ പറഞ്ഞു ഫലിപ്പിക്കേണ്ടതുണ്ടായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായിരുന്നിട്ടു കൂടി ആര്‍മി ജനറല്‍ മുതല്‍ കേണല്‍ റാങ്കില്‍ ഉള്ളവര്‍ വരെ എന്‍റെ വിശ്വാസ്യതയെ പരിശോധിക്കാന്‍ മെനക്കെട്ടില്ല. അവര്‍ ഇരുണ്ട വഴികളിലൂടെ ധനം സമ്പാദിക്കാനുള്ള തിരക്കില്‍ ആയിരുന്നു. രാജ്യം അതിര്‍ത്തി പ്രശ്നങ്ങളില്‍ അസ്വസ്ഥമാകുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അന്ന് ഞാന്‍ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ എന്‍റെ മനസ്സില്‍ വീണ്ടും പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്, വീണ്ടും ഇരുണ്ട വഴികളിലെ ഇടപാടുകള്‍ സജീവമാകുന്നുണ്ടോ?

2001ലെ സ്റ്റിംഗ് ഓപ്പറേഷനിടയില്‍ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്-
ഈ ഉദ്യോഗസ്ഥരാരും തന്നെ തങ്ങള്‍ക്കു ചുറ്റും ഒരു കെണി ഒരുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്നില്ല. ഇത് അവര്‍ക്ക് ഒരു പക്ഷെ സാധാരണമായ ഒരു പ്രവൃത്തിയായിരിക്കാം, അതുമല്ലെങ്കില്‍ കാര്യങ്ങളെ മനസിലാക്കാന്‍ കഴിയാത്ത വിധം അവര്‍ വിഡ്ഢികളായിരിക്കുന്നു.

ഞങ്ങളുടെ സാങ്കല്‍പ്പിക കമ്പനിയുടെ ആയുധങ്ങളെ കുറിച്ചു ഞാന്‍ വിളമ്പിയ ജല്‍പ്പനങ്ങള്‍ വെള്ളം തൊടാതെ വിശ്വസിക്കാന്‍ അവര്‍ തയ്യാറായി. അവര്‍ക്ക് എളുപ്പത്തില്‍ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയുമായിരുന്ന കമ്പനിയുടെ വിശ്വാസ്യത അന്വേഷിക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. എല്ലായിടത്തും എനിക്ക് അവര്‍ ചുവന്ന പരവതാനി വിരിച്ചു തന്നു.

അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിഹിതത്തെ കുറിച്ചായിരുന്നു. അവര്‍ പരസ്യമായി ഇക്കാര്യങ്ങള്‍ ഉന്നയിച്ചു, ഞങ്ങള്‍ക്ക് ചെയ്തു തരാന്‍ കഴിയുന്ന സഹായങ്ങളും വാഗ്ദാനം ചെയ്യാന്‍ അവര്‍ മറന്നില്ല. മറ്റുള്ള വ്യവസായികളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാമെന്നും അവര്‍ ഏറ്റു. ഈ അന്വേഷണത്തില്‍ ഉടനീളം ഞാന്‍ വ്യക്തമായി ഒരു കാര്യം തിരിച്ചറിഞ്ഞു- ഇക്കൂട്ടര്‍ക്ക് ദേശഭക്തി എന്നോ, ദേശസ്നേഹം എന്നോ, എന്തിനു ദേശീയത എന്നോ ഒന്നില്ല!

തങ്ങള്‍ക്ക് ഫയല്‍ നീക്കാനുള്ള അധികാരം മാത്രമേയുള്ളൂ എന്ന് ഇവര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. തീരുമാനങ്ങള്‍ രാഷ്ട്രീയ ബോസിന്‍റെതാണ്. സൗത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ മറ്റൊന്ന് കൂടി സൂചിപ്പിച്ചു- സായുധ സേനയുടെയും രാഷ്ട്രീയക്കാരുടെയും അനുവാദവും സൗകര്യവും ഒത്തുകിട്ടുക പ്രയാസകരമായിരിക്കും. ആയുധങ്ങളുടെ ഇടപാടില്‍ വില നിര്‍ണ്ണയിക്കുന്നത് സൈനികരായിരിക്കും. ഉത്പന്നത്തെ കുറിച്ചു അവര്‍ മോശമായ റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെ അങ്ങനെയൊരു ബിസിനസ്സ് ഉണ്ടാവില്ല. വെസ്റ്റ് എന്‍ഡ് ഓപ്പറേഷന്‍ എന്നെ പലതും പഠിപ്പിച്ചു. സായുധസേനയിലെ അഴിമതിയ്ക്കു ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന രാഷ്ട്രീയവും ഞാന്‍ അവിടെ കണ്ടു. ഉല്‍പ്പനങ്ങളുടെ പരിശോധനാ പ്രക്രിയയില്‍ ഉടനീളം വിലയ്ക്കെടുക്കപ്പെട്ട ഉന്നതാധികാരികളുടെ സഹായം ലഭ്യമായിരുന്നു.

എല്ലാ ഘട്ടത്തിലും എന്‍റെ വിപ്ലവാത്മക ഉല്‍പ്പന്നത്തിന്‍റെ ഫയലുകള്‍ നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടതായി വന്നു. ഒടുവില്‍ ഒരു കച്ചവടക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഉത്പന്നം അന്തിമ അംഗീകാരം നേടാന്‍ പോവുകയായിരുന്നു. ടെണ്ടറില്‍ മറ്റുള്ളവര്‍ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുകയും അവരുടെ ഉത്പന്നങ്ങളുടെ ന്യുനതയും മറ്റു പല വിവരങ്ങളും ഈ ലോബി എനിക്ക് വിവരിച്ചു തന്നു. ലഭിച്ച ഉപകാരങ്ങള്‍ക്ക് നന്ദിസൂചകമായി ഞങ്ങളുടെ ഉല്‍പ്പന്നത്തിനു പച്ച കൊടി ലഭിക്കാന്‍ വേണ്ട എല്ലാ സഹായവും അവര്‍ ചെയ്തു തന്നു. വലിയ ഇടപാടുകള്‍ക്ക് രാഷ്ട്രീയ ഭീമന്മാരുടെ അംഗീകാരം വേണം. പ്രതിരോധ സെക്രട്ടറിയുടെ തസ്തികയില്‍ പോലും രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്.

സായുധസേനയില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു തമാശയുണ്ട്- ഒരു സൈനികന്‍ വിരമിച്ചു കഴിഞ്ഞാല്‍ അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നത് അയാളുടെ നായ മാത്രമായിരിക്കും. ഇത് വിവരിക്കുമ്പോള്‍, ഇത്തരത്തിലൊരു വിമുക്തഭടന്‍റെ മാനസികാവസ്ഥയും നമ്മള്‍ മനസ്സിലാക്കണം. എസ്.പി.ത്യാഗിയുടെ കേസില്‍ അയാളുടെ 3 കുടുംബാംഗങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. മുന്‍ സിവിസി എന്‍.വിറ്റല്‍ ഒരിക്കല്‍ പറഞ്ഞു ഇന്ത്യക്കാര്‍ കൂടുതല്‍ അഴിമതി നടത്തുന്നത് അവരുടെ കുടുംബസംവിധാങ്ങളും ബന്ധുക്കളും കാരണമാണ്.
സൈനികര്‍ അഭിമാനികളാണ്, കുടംബത്തിലും സമൂഹത്തിലും അവര്‍ പ്രത്യേക സ്ഥാനം വഹിക്കും. വിരമിക്കുന്ന കാലഘട്ടത്തിലെ ജീവിതം ഈ സ്ഥാനങ്ങള്‍ തനിക്കു നഷ്ടപ്പെടുത്തുമോ എന്ന് അവര്‍ ആശങ്കപ്പെടുന്നു.

രാഷ്ട്രീയക്കാരുടെ നല്ല പട്ടികയില്‍ സൈനികര്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാനാണ്. വിരമിച്ചതിനു ശേഷം ഒരു പക്ഷെ രാഷ്ട്രീയ നേതൃത്വം അവര്‍ക്ക് ഗവര്‍ണര്‍ പദവിയോ തത്തുല്യമായ മറ്റു അംഗീകാരങ്ങളോ ലഭിച്ചേക്കാം. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നുള്ള ധാരണയില്‍ ഇത് സാധ്യമാകാറുമുണ്ട്. വിരമിക്കുന്നതിനു മുന്‍പ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ട് വന്നിട്ടുണ്ട്. ഇത്തരം നിയമനങ്ങള്‍ വിരമിക്കല്‍ ജീവിതത്തെ ആഡംബരപൂര്‍വ്വമാക്കും.

[caption id="attachment_4553" align="alignleft" width="363"] വി.കെ സിംഗ്[/caption]

ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയും അന്ന് ആര്‍മി ചീഫും ആയിരുന്ന വി.കെ.സിംഗിന്‍റെയടുക്കല്‍ ആര്‍മി ഓഫീസര്‍ ആയിരുന്ന ലെഫ്റ്റ്നന്റ് ജനറല്‍ തെജിന്ദര്‍ സിംഗ് ടാറ്റാ ട്രക്ക് ഇടപാടിന്‍റെ അംഗീകാരത്തിനായി എത്തിയിരുന്നു. സിംഗ് അപ്പോള്‍ വിരമിക്കാന്‍ കുറച്ചു കാലം കൂടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കരാര്‍ ഉറപ്പിക്കാന്‍ സിംഗിന് കനത്ത തുക വാഗ്ദാനം ലഭിച്ചിരുന്നത്രേ.

വി.കെ.സിംഗ് ഇക്കാര്യം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണിയെ അറിയിച്ചു. ഇത് വന്‍വിവാദങ്ങള്‍ക്ക് വഴി തുറന്നു. തുടര്‍ന്ന് വി.കെ സിംഗിന്‍റെ പ്രായം സംബന്ധിച്ച തര്‍ക്കങ്ങളും റിട്ടയര്‍മെന്റ് കാലാവധിയിലെ സംശയങ്ങളും ഉയര്‍ന്നു വന്നു. വിരമിച്ചതിനു ശേഷം വി.കെ.സിംഗ് ബിജെപിയില്‍ ചേര്‍ന്നു.

എസ്.പി ത്യാഗിയുടെ അറസ്റ്റ് കണ്ടെത്തിയത് ഇരുണ്ട സമുദ്രത്തിലെ ചെറിയ മീനിനെ മാത്രമാണ്. വമ്പന്‍ സ്രാവുകളെ കുറിച്ചും ഇനി അന്വേഷണങ്ങള്‍ ഉണ്ടാകണം. സാധാരണക്കാരന്റെ നികുതിപ്പണം ആഡംബരജീവിതത്തിന് ആവശ്യമായ കള്ളപ്പണമാകാതെ ജനോപകാരപ്രദമായ രീതിയില്‍ വിനയോഗിക്കപ്പെടണം.

എസ്.പി ത്യാഗി മണല്‍പരപ്പിലെ ഒരു തരി മാത്രമാണ്..

Read More >>