കേരളത്തില്‍ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിച്ചു; കുറ്റ്യാടിയിലും വീഴ്ച: ജസ്റ്റിസ് നാരായണക്കുറുപ്പ്

കമല്‍ സി ചവറയുടേയും നദീറിന്റേയും അറസ്റ്റോടെ പൊലീസ് സേനയ്ക്കു നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മര്‍ദ്ദനവും ചീത്തവിളിയും ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്നും വ്യാപകമായി ഉപയോഗിക്കുന്ന സേനയ്ക്കുള്ളില്‍ നിന്ന് തന്നെയാണ് കാലാനുസൃത മാറ്റമുണ്ടാകേണ്ടതെന്ന് കേരള സ്റ്റേറ്റ് പോലീസ് കംപ്ലയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറയുന്നു.

കേരളത്തില്‍ പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിച്ചു; കുറ്റ്യാടിയിലും വീഴ്ച: ജസ്റ്റിസ് നാരായണക്കുറുപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഥാകൃത്ത് കമല്‍ സി ചവറയേയും സാമൂഹ്യപ്രവര്‍ത്തകന്‍ നദീറിനേയും അറസ്റ്റ് ചെയ്തതോടെ പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നു വന്‍ പ്രതിഷേധമാണുണ്ടായത്. യുവാക്കള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതില്‍ സിപിഐ(എം) കേന്ദ്ര കമ്മിറ്റിയടക്കം എതിര്‍പ്പു പ്രകടിപ്പിക്കുകയുമുണ്ടായി. ഇരുവരേയും വിട്ടയച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇനിയും ഹാജരാകാനാണു പൊലീസ് ആവശ്യപ്പെട്ടത്.


പോലീസ് സേന കാവിവല്‍ക്കരിക്കപ്പെട്ടെന്ന ആരോപണത്തിന് അടിസ്ഥാനമുള്ളതു പോലെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.

നിയമ പരിരക്ഷയുള്ള വിഭാവങ്ങളെ തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുകയാണോ. പോലീസ് പിടിച്ചു കൊണ്ടു പോയി ജഡമായി തിരിച്ചെത്തിയ കുഞ്ഞുമോന്‍ മുതല്‍ കടപ്പുറത്ത് കാറ്റുകൊള്ളാനെത്തി അക്രമിക്കപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി വരെ നീളുന്ന അക്രമണങ്ങള്‍.

ഈ സാഹചര്യത്തില്‍ കേരള പൊലീസില്‍ എന്താണു സംഭവിക്കുന്നതെന്ന് കേരള പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെഎന്‍ നാരായണക്കുറുപ്പ് നാരദ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

2014 മെയ് 14ന് ചെയര്‍മാനായി ചുമതലയേറ്റ് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കേരള പൊലീസിനെ എങ്ങനെ നോക്കിക്കാണുന്നു?

കേരള പൊലീസിന് അന്നുമിന്നും ഒരേ മുഖമാണ്. ചീത്ത വിളിക്കാതെയും മര്‍ദ്ദിക്കാതെയും ചോദ്യം ചെയ്യാനറിയാത്ത പൊലീസ് സേനയാണു കേരളത്തിലേത്. ഇക്കാര്യത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമുണ്ടായിട്ടും ഇതുവരെ അതു നടപ്പിലാക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ കുറ്റ്യാടിയില്‍ രാത്രി കസ്റ്റഡിയിലെടുത്ത യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും പൊലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊലീസിന്റെ മോശം ഭാഷയാണു യുവതിയുടെ ആത്മഹത്യക്കു കാരണമായതെന്നാണു ലഭിച്ച വിവരം.

പൊലീസ് സേനയ്‌ക്കെതിരെ വരുന്ന പരാതികള്‍ പരിശോധിക്കാന്‍ ഒരു കംപ്ലയ്ന്റ് അതോറിറ്റി തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടും പൊലീസില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകാത്തതിന് കാരണമെന്ത്?


പൊലീസുകാര്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വരുന്ന കേസുകളില്‍ 99 ശതമാനവും ശാരീരിക ആക്രമണങ്ങളെ സംബന്ധിച്ചുള്ളവയാണ്. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പിന് നിര്‍ദ്ദേശം നല്‍കാറുള്ളത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാറില്ല. പൊലീസുകാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വിധി പുറപ്പെടുവിക്കാന്‍ മാത്രമേ ചെയര്‍മാന് അധികാരമുള്ളു. അതു നടപ്പില്‍ വരുത്തേണ്ടതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.

മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരിക്കുമ്പോള്‍ ചെയര്‍മാനെന്ന നിലയില്‍ താങ്കള്‍ എന്തു നടപടിയാണ് സ്വീകരിക്കുക?

ഇക്കാര്യം കാണിച്ചു ബന്ധപ്പെട്ടവര്‍ക്കു കത്തെഴുതുകയാണ് ആദ്യ ഘട്ടം. എന്നിട്ടും നടപടിയുണ്ടാകാതിരുന്നാല്‍ നടപടി സ്വീകരിക്കാതെ ഉദാസീനത കാണിക്കുകയോ കുറ്റാരോപിതരെ സംരക്ഷിക്കുകയോ ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ലോകത്താകെ പൊലീസ് സേനകള്‍ പൊതുജനസൗഹൃദമാകുകയും ശാസ്ത്രീയമായ രീതിയില്‍ കുറ്റാന്വേഷണം നടത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ പൊലീസ് എന്തുകൊണ്ടാണു മര്‍ദ്ദനം ഇന്നുമൊരു മുറയായി സ്വീകരിക്കുന്നത്?

ഇവിടുത്തെ പൊലീസിന്റെ പ്രവര്‍ത്തന ശൈലി കാലങ്ങളായി മര്‍ദ്ദനത്തില്‍ അധിഷ്ഠിതമാണ്. ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്തു ചേര്‍ക്കപ്പെടുന്നവരെ ചീത്ത വിളിച്ചും മര്‍ദ്ദിച്ചുമാണു പൊലീസ് ചോദ്യം ചെയ്യുന്നത്. അല്ലാതെ ചോദ്യം ചെയ്യുന്നതിനു ബുദ്ധി ഉപയോഗിക്കേണ്ടി വരും. മര്‍ദ്ദിച്ചു കുറ്റം സമ്മതിക്കുകയാണ് ഇവരുടെ രീതി. ഇതു വളരെ അശാസ്ത്രീയവും ക്രൂരവുമാണ്. ഒരാളുടെ ശരീരത്തിനു നേരെയുള്ള അതിക്രമം അയാളുടെ അന്തസിനു കോട്ടം തട്ടിക്കുന്ന നടപടിയാണെന്നു സുപ്രീം കോടതിയുടെ തന്നെ നിരീക്ഷണമുണ്ട്.

കേരള പൊലീസിന്റെ ഇത്തരം രീതികളില്‍ മാറ്റം വരാന്‍ എന്ത് ചെയ്യണം?

മാറ്റം സേനയുടെ അകത്തു നിന്നുതന്നെയുണ്ടാകണം. കേരള പൊലീസ് അടിമുടി ഉടച്ചുവാര്‍ക്കപ്പെടേണ്ട അവസ്ഥയിലാണ് ഇന്നുള്ളത്. മാറ്റമുണ്ടാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതിനു ശ്രമിക്കുന്നില്ലെന്നതാണു വാസ്തവം. നടപടിയെടുക്കേണ്ടവര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.

പാറശാലയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നേടിക്കൊടുക്കുന്നിതിനു താങ്കളുടെ ശ്രമം വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. അതിനെക്കുറിച്ചു വിശദീകരിക്കാമോ?


ലോക്കപ്പിനകത്തു വച്ച് ഫ്യുരിഡാന്‍ കഴിച്ചു ശ്രീജിവ് മരിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ഈ കേസില്‍ തുടക്കം മുതല്‍ എനിക്കു സംശയങ്ങളുണ്ടായിരുന്നു. അടിവസ്ത്രത്തിലാണു യുവാവ് ഫ്യുരിഡാന്‍ ഒളിപ്പിച്ചു വച്ചതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശാസ്ത്രീയമായി ഇക്കാര്യം വിശകലനം ചെയ്തപ്പോള്‍ നിരവധി പാളിച്ചകള്‍ കണ്ടെത്തിയിരുന്നു. മരിക്കുമ്പോള്‍ 69 കിലോ തൂക്കമുണ്ടായിരുന്നു ശ്രീജിവിന്. ഈ ഭാരമുള്ള ഒരാള്‍ക്കു മരണകാരണമാകുന്ന ഫ്യുരിഡാന്റെ അളവ് ശ്രീജിവിനു പൊലീസ് കാണാതെ അടിവസ്ത്രത്തില്‍ ഒളിപ്പിക്കാവുന്നതിലും വളരെ കൂടുതലാണെന്നു കണ്ടെത്തി. മാത്രമല്ല, നാലുതവണ ദേഹപരിശോധന നടത്തിയ ശേഷമാണു പൊലീസ് ഇയാളെ ലോക്കപ്പിലടച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മരണം ആത്മഹത്യയല്ല, ലോക്കപ്പ് മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള മരണമായിരുന്നുവെന്നു വ്യക്തമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്തായിരുന്നു?

വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുവാവിന്റെ വയറ്റില്‍ നടത്തിയ പരിശോധനയില്‍ ഒട്ടും വിഷാംശം കണ്ടെത്തിയിരുന്നില്ല. അതോടൊപ്പം ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കു മരണകാരണമാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ടു താങ്കള്‍ നേരിട്ട പ്രതിസന്ധികള്‍?

16 മാസത്തെ ശ്രമഫലമായാണു ദീര്‍ഘമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി വസ്തുതകള്‍ കണ്ടെത്തി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ശ്രീജിവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പ്രകടമായ സംശയങ്ങളുണ്ടായിരുന്നു. 'ജീവിതം മടുത്തു, ഞാന്‍ പോകുന്നു' എന്നതായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വാചകം. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവാവ് ഇത്തരം വാക്യങ്ങള്‍ എഴുതുന്നതു സ്വാഭാവികമായിരുന്നില്ല. സാഹിത്യഭംഗിയില്‍ എഴുതാന്‍ കഴിയുന്നവര്‍ പൊലീസിലുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടു ഞാന്‍ റിപ്പോര്‍ട്ടിലെഴുതി. ശ്രീജിവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയുമെല്ലാം മികച്ച നടപടികളാണു സ്വീകരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരായി ഡിജിപി ലോക്‌നാഥ് ബെഹ്ര പരാതി നല്‍കിയതായി വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു.

റിപ്പോര്‍ട്ടിനെതിരായി ഡിജിപി എന്തുകൊണ്ടാണു പരാതി നല്‍കിയത്?

റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന വിചിത്ര ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഒരു ഹൈക്കോടതി വിധി തള്ളിക്കളയാനാവശ്യപ്പെട്ടു മുന്‍സിഫ് കോടതിയെ സമീപിക്കുന്നതു പോലെയാണിത്.

പൊലീസ് അതിക്രമങ്ങള്‍ അടുത്ത കാലത്തായി കൂടി വരുന്നതായി കാണപ്പെടുന്നു. ഭരണമാറ്റം ഒരു കാരണമാണോ?‍

പൊലീസ് അതിക്രമങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വര്‍ധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ഭരണമാറ്റവുമായി യാതൊരു ബന്ധവുമില്ല. പൊലീസ് അതിക്രമങ്ങള്‍ കാലാകാലങ്ങളില്‍ ഏറിയും കുറഞ്ഞുമിരിക്കും. അതില്ലാതാകണമെങ്കില്‍ പൊലീസിനകത്തു തന്നെ മാറ്റമുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പുമെല്ലാം എനിക്കു മികച്ച പിന്തുണയാണു നല്‍കുന്നത്.

Read More >>