കോട്ടയത്തു നിന്നു കയറിയ സിനിമാ വണ്ടിയില്‍ അന്‍വറിന്റെ സഞ്ചാരം

അറിയപ്പെടായ്കയെ ആര്‍ ഭയപ്പെടും?... വേണമെങ്കില്‍ വിലവയ്ക്കുക. ഇല്ലെങ്കില്‍ പുല്ലുവില വയ്ക്കുക. ഞാന്‍ പറഞ്ഞല്ലോ, വയറ്റുപ്പിഴപ്പിനുവേണ്ടിയാണ് സിനിമാനിരൂപകനായത്. അല്ലെങ്കില്‍ ആര്‍ക്കാണ് ഇവിടെ ഈ കേരളത്തില്‍, ഈ ബ്രാഹ്മണിക്കല്‍ നായര്‍ കാപട്യത്തില്‍ നിരൂപകനാകേണ്ടത്? കേരളഭൂഷണം ദിനപ്പത്രം പ്രത്യേക സിനിമാപ്പതിപ്പിനുവേണ്ടി കെ എം സന്തോഷ് കുമാർ നടത്തിയ അഭിമുഖം

കോട്ടയത്തു നിന്നു കയറിയ സിനിമാ വണ്ടിയില്‍ അന്‍വറിന്റെ സഞ്ചാരം

കെ എം സന്തോഷ് കുമാർ/ അൻവർ അബ്ദുള്ള

പുതുതലമുറയിലെ ചലച്ചിത്ര നിരൂപകനാണ് അന്‍വര്‍ അബ്ദുള്ള. താങ്കളുടെ കാഴ്ചകളെ ക്രമപ്പെടുത്തിയ വിപുലീകരിച്ച ചലച്ചിത്രാനുഭവങ്ങള്‍ എന്തൊക്കെയാണ്?

1980ല്‍ ആരംഭിക്കുന്ന രണ്ടാംതലമുറ മലയാള താരസിനിമയോടൊപ്പമാണ് ഞാനും വളര്‍ന്നത്. എനിക്കന്ന് അഞ്ചുവയസ്സാണ്. ആദ്യം കണ്ട സിനിമ ഏഴാംകടലിനക്കരെയാണ്. മലയാളസിനിമയെ ആദ്യമായി കടലുകടത്തിയ സിനിമയാണത്. ഹോളിവുഡ് സിനിമയെന്ന ലോകവാണിജ്യസിനിമയോട് മലയാളം വിദൂരഹസ്തദാനം നടത്തുന്നതും ആ സിനിമയിലാണ്. ആ സിനിമയില്‍ ഒരു കാറിലേക്ക് കോണ്‍ക്രീറ്റ് കൂടം വന്നിടിച്ച് ചോര ചിതറുന്ന ഒരു ഘോരരംഗം മാത്രം മനസ്സിലിന്നും മായാതെ നില്‍ക്കുന്നു. കോട്ടയം അനുപമയിലാണ് ആ സിനിമ കണ്ടത്. സിനിമയിലേക്ക് എന്നെ അച്ചുകുത്തിയ രംഗമായിരിക്കണം അത്. രണ്ടാമത്തെ പ്രധാന കാഴ്ചാനുഭവം മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. കുടയംപടി മേനകയെന്ന എന്റെ സിനിമാപ്പറുദീസയിലിരുന്നാണ് ആ സിനിമ കണ്ടത്. അതില്‍ അമ്മേയെന്നു വിളിച്ച് ജീപ്പ് കൊക്കയിലേക്കു മറിയുന്ന രംഗം മാത്രമാണ് ഇപ്പോള്‍ ഓര്‍മയുള്ളത്. മിഠായിപ്പൊതിയില്‍മേല്‍ ജീപ്പിന്റെ ചക്രം കയറിയിറങ്ങുന്നതും ഓര്‍മയുണ്ട്.


ഇങ്ങനെ തുടങ്ങിയ സിനിമാക്കൗതുകത്തെ പരിപോഷിപ്പിച്ചത് വീട്ടില്‍നിന്നുള്ള വല്ലപ്പോഴത്തെയും കൂട്ടസിനിമാകാണലാഘോഷങ്ങളായിരുന്നു. സന്ദര്‍ഭം, മൂന്നു മാസങ്ങള്‍ക്കുമുന്‍പ് താളവട്ടം മുതല്‍ മുക്തി വരെയുള്ള സിനിമകള്‍ അങ്ങനെയോര്‍ക്കുന്നുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടു സിനിമകള്‍ തനിയേ കണ്ടു. ഓത്തുപള്ളി എന്ന വൃത്തികെട്ട മതപാഠശാലയില്‍ പോകുന്നത് ഒഴിവാക്കാന്‍ മദ്രസ കട്ടുചെയ്താണ് സ്വാതിതിരുന്നാള്‍ കാണാന്‍ പോയത്. വീട്ടില്‍നിന്ന് വഴക്കിട്ട് അനുവാദം വാങ്ങിയാണ് കമല്‍ഹാസന്റെ നായകന്‍ കാണാന്‍ പോയത്. ഈ രണ്ട് ഒറ്റയ്ക്കു കാണല്‍ അനുഭവവും എന്നെ സിനിമാകാണിയാക്കി മാറ്റി. രണ്ടും വെറും കച്ചവടച്ചരക്കുകളുമല്ലായിരുന്നല്ലോ. വിളക്കുകളണഞ്ഞുകൊണ്ടു തീരുന്ന സ്വാതിതിരുന്നാളിന്റെ അന്ത്യരംഗം എന്നെ വിസ്മയിപ്പിച്ചു. നായകനില്‍ പ്രധാനകഥാപാത്രത്തെ ഒരു നിസ്സാരകഥാപാത്രം വെടിവെച്ചുവീഴ്ത്തുന്ന അന്ത്യവും ആശ്ചര്യം നല്കി.


ഇതിനുശേഷം, തൊട്ടുപിന്നാലെയാണ് കോട്ടയത്തെ സിനിമാ തിയറ്ററുകള്‍ ഒരു ദീര്‍ഘകാല പണിമുടക്കിലായത്. അല്പം നാള്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നു. അതെന്നെ ബാധിച്ചില്ല. എന്നാല്‍, ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നീണ്ട സമരത്തിനുശേഷം സിനിമാ തിയറ്ററുകള്‍ തുറക്കുന്ന വാര്‍ത്ത പത്രങ്ങളില്‍ കാര്യമായി വന്നു. അതെന്നെ ചിന്തിപ്പിച്ചു.

സിനിമ! സിനിമ സിനിമ! അതെങ്ങനെ കാണാന്‍ പറ്റും?!

കോട്ടയം സിഎംഎസ് കോളജ് ഹൈസ്‌കൂളില്‍ ആ വര്‍ഷം എന്റെ ക്ലാസ് ടീച്ചര്‍ ജേക്കബ് സാം സാറായിരുന്നു. അദ്ദേഹത്തിന് ഒരു സവിശേഷതയുണ്ടെന്ന് ഞാന്‍ കണ്ടെത്തി. മറ്റു മാഷുമാരെപ്പോലെ, അദ്ദേഹം ഉച്ചയ്ക്കുശേഷം ഓടിവന്ന് ഹാജരെടുക്കുന്നില്ല. രാവിലെ വന്നവന്മാരെല്ലാം ഉച്ചയ്ക്കും വന്നോളുമെന്ന ദൈവകല്പനയുടെ മേല്‍ അദ്ദേഹം ഒപ്പുചാര്‍ത്തുന്നുവെന്നെയുളളു. രാവിലത്തെ ക്ലാസുകഴിഞ്ഞ് ഉച്ചയ്ക്കു വീട്ടില്‍ ഉണ്ണാന്‍പോയാല്‍ അവിടെനിന്ന് ഒന്നരയ്ക്കു നേരേ വണ്ടി കയറിയാല്‍ രണ്ടിനു മാറ്റിനിക്കുമുന്നേ കോട്ടയം പട്ടണത്തിലെ തിയറ്ററുകളിലെത്താം. പിന്നെ വേണ്ടത് പണമാണ്.

റേഷന്‍ സമ്പ്രദായം നിലവിലുണ്ടായിരുന്ന പ്രാചീനകാലമായിരുന്നു. പത്തു ലിറ്റര്‍ മണ്ണെണ്ണയ്ക്കുപകരം ഒന്‍പതു ലിറ്റര്‍ മണ്ണെണ്ണയും പത്തു കിലോ അരിക്കു പകരം ഒന്‍പതു കിലോ അരിയും വാങ്ങിയാല്‍ പണം ഉണ്ടാക്കാമെന്നു മനസ്സിലായി. അക്കാലത്ത് തിയറ്ററുകളില്‍ കള്ളപ്പണം സ്വീകരിക്കുകയും ചെയ്തിരുന്നു. യൂണിഫോമിട്ടുവരുന്ന ഭാവി ചലച്ചിത്രസൈദ്ധാന്തികരെ പോലീസ് പൊക്കി ചന്തിക്കു പെരുക്കുന്ന ഫാസിസം ആരംഭിച്ചിരുന്നില്ല. പാവം ഉമ്മച്ചി മാത്രം അരി നാഴിക്ക് അളന്നിട്ട് വന്നുവന്ന് പത്തുകിലോ മുപ്പത്താറു നാഴിയേ ഉള്ളൂന്നായി, 'കാലം പോയൊരു പോക്കേ!' എന്നത്ഭുതംകൂറി. ഏതായാലും പൊതുവേ നല്ലൊരു കാലമായിരുന്നു അത് എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

തിയറ്റര്‍ തുറന്ന ആദ്യദിവസം തന്നെ പരീക്ഷണം നടത്തി. അനുപമയില്‍ അയിത്തം എന്ന സിനിമ. പിറ്റേ ദിവസം തന്നെ ആനന്ദില്‍ അപരന്‍ എന്ന സിനിമ. പണിമുടക്കുകാലത്തെ സിനിമകള്‍കൂടി റിലീസ് ചെയ്തതുകൊണ്ട് ഓരോ ആഴ്ചയും പടംമാറി. അപരന്‍ ഞാന്‍ മാറ്റിനി കണ്ടിട്ടുവന്നപ്പോള്‍ ചേട്ടനുണ്ട്, അതിനു പോകാന്‍ എന്നെക്കാത്തുനില്‍ക്കുന്നു. ഫസ്റ്റ് ഷോയ്ക്ക് വീണ്ടും പോയി. സംഘം, മുക്തി, 1921, ഇന്‍ ഹരിഹര്‍നഗര്‍, കിംഗ് എന്നീ സിനിമകളും അങ്ങനെ കട്ടുചെയ്ത് മാറ്റിനിയും സത്യസന്ധതയോടെ ഫസ്റ്റ് ഷോയും കാണാനിടയായ സിനിമകളാണ്. ഏതായാലും ആ സിനിമകളുടെ മദ്ധ്യവര്‍ത്തിസ്വഭാവം, അതുതന്നെ ആവര്‍ത്തിച്ചു കാണാനിടയായത് എന്നതെല്ലാംകൂടി എന്റെ ഭാവുകത്വം സൃഷ്ടിച്ചു എന്നു പറയാം.

ജെയിംസ് സാര്‍ അറ്റന്റന്‍സ് എടുക്കുന്നത് തലപൊന്തിക്കാതെയാണെന്നു കണ്ടെത്തുകയും സിഎംഎസ് സ്‌കൂളിന്റെ ജനാലകള്‍ ബ്രിട്ടീഷുകാര്‍ പണിതത് ആനവാതിലുപോലെയാണന്ന ചരിത്രസത്യം തലനീട്ടിയതും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വഴിവച്ചു. രണ്ടാമത്തെ പിരീഡില്‍ ജെയിംസ് സാറാണെങ്കില്‍, സെവന്‍ എന്ന് വിളിച്ചുപറയുകയും ജനാല വഴി ചാടുകയും ഒരുമിച്ചായി. ഓടിയാല്‍, പതിനൊന്നിനുമുന്‍പ് തിയറ്ററില്‍ ഹാജര്‍ വെയ്ക്കാം. അതോടെ, സിനിമകാഴ്ച നൂണ്‍ഷോ, മാറ്റിനി എന്ന മട്ടിലായി. നൂണ്‍ഷോയ്ക്ക് ദൗത്യം, മാറ്റിനിയ്ക്ക് ചിത്രം. നൂണ്‍ഷോയ്ക്ക് പാവം പാവം രാജകുമാരന്‍, മാറ്റിനിക്ക് ഡോ. പശുപതി. നൂണ്‍ഷോയ്ക്ക് ആര്യന്‍, മാറ്റിനിക്ക് തന്ത്രം. നൂണ്‍ഷോയ്ക്ക് ചാണക്യന്‍, മാറ്റിനിയ്ക്ക് നായര്‍സാബ്. അന്തമാതിരി കബാലി ആയിത്തീര്‍ന്നു. ആ കാലമെല്ലാം ചേര്‍ന്ന് എന്നെയൊരു സിനിമാഭ്രാന്തനാക്കിത്തീര്‍ത്തു.
ഇതിനിടെ, നല്ല സിനിമകള്‍ ദൂരദര്‍ശനില്‍ പാതിരാപ്പടങ്ങളായും ഞായറാഴ്ച ഉച്ചപ്പടങ്ങളായും വന്നതും അഭിരുചിയില്‍ മാറ്റംവരുത്തി. അനന്തരം, പുരുഷാര്‍ത്ഥം, അശ്വത്ഥാമാവ്, തീര്‍ത്ഥം, അക്കരെ, കാണാതായ പെണ്‍കുട്ടി, ചിദംബരം, ഒരിടത്ത്, ത്രീ മെന്‍ ആന്റ് എ ക്രേഡില്‍, വാനിഷിംഗ് ലേഡി,വീട്, ദാസി, ചാപ്ലിന്‍ സിനിമകള്‍. വായന അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച കാലം മുതലേ ഉണ്ടുതാനും.

ഈ കളി ഒരു ഡിഗ്രി വരെ ഇങ്ങനെ പോയി. ഇതിന്റെയെല്ലാം ഒടുവില്‍, കോട്ടയം ബസേലിയസ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഫിലിം റിവ്യു മത്സരത്തില്‍ പങ്കെടുക്കുന്നത്. സി.രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഒറ്റയടിപ്പാതകളായിരുന്നു റിവ്യൂ ചെയ്യാനുണ്ടായിരുന്നത്. കോളജില്‍ ഫസ്റ്റ് കിട്ടി സര്‍വകലാശാലയില്‍പ്പോയി. അവിടെ ഭരതമായിരുന്നു കാട്ടിയത്. അവിടെയും ഫസ്റ്റ് കിട്ടി. അതോടെ, കോളജിലൊക്കെ ഒരു ചലച്ചിത്രപണ്ഡിതന്റെ മുഖഭാവമായി.

അനിലെന്ന ചിത്രകാരനുമായുള്ള പരിചയം മൂലം ചിത്രകലയുമായും മനോജ് കുറൂരിനെപ്പോലുള്ളവരുമായുള്ള സമ്പര്‍ക്കംമൂലം സംഗീതം, കഥകളി തുടങ്ങിയവയിലും ഉള്ള അഭിരുചി പാകപ്പെട്ടുതുടങ്ങി. ആയിടെയാണ് ഫെഡറിക്കോ ഫെല്ലിനി മരിക്കുന്നത്. അന്ന് ബസേലിയസിലെ ചില സാറന്മാരുടെ ഉത്സാഹത്തില്‍ ഫെല്ലിനിയുടെ എയ്റ്റ് ആന്റ് എ ഹാഫ് എന്ന സിനിമ കാണാനിടയായി. അതൊരു കുതിച്ചുചാട്ടമായിരുന്നു.

ദൃശ്യഭാഷയെക്കുറിച്ചുള്ള സങ്കല്പം മാറിപ്പോയി. തൊട്ടുപിന്നാലെ, 1995ല്‍ ലോകസിനിമയുടെ നൂറാംവര്‍ഷമെന്ന നിലയില്‍ തിരുവനന്തപുരത്ത് സൂര്യ ഒരു ചലച്ചിത്രമേള നടത്തി. ലോകസിനിമയുടെ പരിച്ഛേദമായ നൂറു സിനിമകള്‍. ദിവസം ഏഴുമുതല്‍ പതിനഞ്ചുസിനിമവരെയൊക്കെ കാണിച്ച മേളയാണത്.

തിരുവനന്തപുരത്തുള്ള ലത്തീഫുകൊച്ചാപ്പയുടെ വീട്ടില്‍ താമസിച്ച്, കൊച്ചുമ്മ തയ്യാറാക്കിത്തരുന്ന ഭക്ഷണവുമെല്ലാം ആയി ഒരു തപസ്സുപോലെ, ആ സിനിമകള്‍ കണ്ടു. എന്റെ ചിന്താമണ്ഡലമാകെ മാറിപ്പോയി. പ്രത്യേകിച്ച്, ഗൊദാര്‍ദും ബ്രെത്ത്ലെസും താര്‍ക്കോവ്സ്‌കിയും സാക്രിഫൈസും മൂര്‍ണോയും സണ്‍റൈസും ഡിസീക്കയും ബൈസിക്കിള്‍ തീവ്സും ബെര്‍ഗ്മാനും സൈലന്‍സും അന്റോണിയോണിയും റെഡ് ഡെസര്‍ട്ടും യാന്‍സ്‌കോയും ഹംഗേറിയന്‍ റാപ്സൊഡിയും. പ്രേമം, കാമം, സ്ത്രീ, നഗ്‌നത, ജീവിതം, കുറ്റകൃത്യം, പക, അക്രമം, യുദ്ധം, വേദന, മറവി, കല. സൈബീരിയയില്‍നിന്നുവന്ന റസ്‌കാള്‍നിക്കാഫിനെപ്പോലെയായിരുന്നു സൂര്യാ ഫെസ്റ്റിവലില്‍ നിന്നുവന്ന ഞാന്‍.

തുടര്‍ന്ന്, കോട്ടയം ചിത്രദര്‍ശന ഫിലിം സൊസൈറ്റി, കോതമംഗലം സുമംഗല ഫിലിം സൊസൈറ്റി തുടങ്ങിയവയില്‍ മെമ്പര്‍ഷിപ്പ് എടുത്ത്, സിനിമ അലഞ്ഞുനടന്നുകാണുന്ന അവസ്ഥയുണ്ടായി. എം.ജി. യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എം.എ.യ്ക്കു ചേര്‍ന്നപ്പോള്‍ അവിടെ ആരംഭിച്ച ഫിലിം ഫെസ്റ്റിവലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയും എന്നെ ചലച്ചിത്രതീര്‍ത്ഥാടകനാക്കി. ഫ്ളവേഴ്സ് ഓഫ് ഷാങ്ഹായ്, അലി സാഉവാ, എറ്റേണിറ്റി ആന്റ് എ ഡേ, മറാല്‍, മിറര്‍, ഗബ്ബ, ആല്‍ഫാ വീല്‍, ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ്, ലാസ്റ്റ് ട്രെയിന്‍, ആന്ദ്രേ റുബ്ളേവ്, ലാ അവഞ്ചുറ, ബോ, റണ്‍ ലോലാ റണ്‍, അമേലി, ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍, ട്രാപ് ട്രാപ് ലിറ്റില്‍ ട്രാപ്, സെഡക്ഷന്‍ ഓഫ് ലിലി. എത്രയെത്ര ചിത്രങ്ങള്‍, സംവിധായകര്‍, നടന്മാര്‍, നടിമാര്‍.ഇവരെല്ലാംചേര്‍ന്ന് ഈ ദീര്‍ഘവിവരണത്തിന്റെ തലയ്ക്കല്‍ കാണുന്ന ചോദ്യത്തില്‍ ആരായുന്ന ചലച്ചിത്രാനുഭവ വിപുലീകരണം നടത്തി. എന്നെ സൃഷ്ടിച്ചു/സംഹരിച്ചു.

ചലച്ചിത്ര നിരൂപണരംഗത്ത് എത്തിയത് എങ്ങിനെയാണ്? അതിന്റെ കാരണങ്ങള്‍ വിശദാംശങ്ങള്‍.

നേരത്തേ പറഞ്ഞതുപോലെ, ഒറ്റയടിപ്പാതകള്‍ക്ക് എഴുതിയതായിരിക്കണം ആദ്യത്തെ റിവ്യൂ. അക്കാലത്തുതന്നെ, ഉദ്യാനപാലകന്‍ എന്ന സിനിമയെ ടോള്‍സ്റ്റോയിയുടെ ദ് ഫാമിലി ഹാപ്പിനെസ് എന്ന നോവലുമായി താരതമ്യം ചെയ്ത് ഏതോ വാരികയ്ക്ക് അയച്ചിരുന്നു; അതു വന്നില്ല. ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുമ്പോള്‍ എഴുതിയ കുടുംബപ്രശ്നങ്ങള്‍ എന്ന കഥ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. അങ്ങനെ, 'പ്രമുഖകഥാകൃത്തായി'. അല്ലെങ്കിലും ചലച്ചിത്രനിരൂപണത്തോടോ അല്ലാത്ത സാദാ നിരൂപണത്തോടോ ഒരു ആഭിമുഖ്യവും ഇല്ലായിരുന്നതുകൊണ്ട് ആ വഴി ആലോചിച്ചില്ല.

പിന്‍ക്കാലത്ത്, ദീപികയില്‍ ജോലി ചെയ്യുമ്പോള്‍, പത്രത്തില്‍നിന്ന് രാഷ്ട്രദീപിക സിനിമയിലേക്ക് മാറ്റി. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു തുക്കടാ ഫിലിം വാരികയില്‍ പണിയെടുക്കുന്നത് ബോറാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തകന്‍ എന്ന പണി തന്നെ നരകത്തില്‍ തീട്ടംവാരുന്നവന്റെ പണിപോലെ വിരസവും ദുരിതം പിടിച്ചതുമായിരുന്നു. എനിക്ക് ആ മൂന്നാംകിട സിനിമാവാരികയിലെ ജോലി സ്വര്‍ഗതുല്യമായിരുന്നു. മമ്മൂട്ടിയെപ്പോലെ പൊങ്ങച്ചം പിടിച്ച പുളുന്താന്മാരെ ഇന്റര്‍വ്യൂ ചെയ്യേണ്ടിവരുന്ന ബോറടിയൊക്കെയുണ്ടായിരുന്നെങ്കിലും സിനിമാസെറ്റുകളില്‍ കറങ്ങിനടക്കുന്നത് ഒരു രസമായിരുന്നു. സംസാരിച്ചവരില്‍ നയന്‍താര, മല്ലികാ കപൂര്‍ തുടങ്ങിയ നടിമാരോടാണ് ബഹുമാനം തോന്നിയിട്ടുള്ളത്.

അതിനുശേഷം സംവിധായകന്‍ ജയരാജിനുവേണ്ടി രണ്ടു സിനിമകളില്‍ എഴുത്തുസഹായപ്പണി ചെയ്തു. ഒരു സിനിമയില്‍ അസോസിയേറ്റ് സംവിധായകനുമായി. ജയരാജിനുവേണ്ടി തിരക്കഥയെഴുതേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍ ദീപികയിലെ അടിമപ്പണി നിര്‍ത്തി. പക്ഷേ, തിരക്കഥാശ്രമം ഫലവത്തായില്ല. വേറേയും ചില സംവിധായകരോടൊപ്പം ചില തിരക്കഥാപ്പണികളില്‍ പ്രയത്നിച്ചെങ്കിലും അവയൊന്നും നടന്നില്ല.

അവസാനം ജീവിക്കാന്‍ വേണ്ടി, ഒരു ചാണ്‍ വയറിനുവേണ്ടി ഞാന്‍ വെബ് ജേണലിസത്തിലേക്കു തിരിഞ്ഞു. സുഹൃത്തായ സെബിന്‍ എഡിറ്ററായ മലയാ
ള്‍ഡോട്ട്എഎം എന്ന പോര്‍ട്ടല്‍. അവിടെ ആളുകള്‍ ധാരാളം വായിക്കുന്ന ആര്‍ട്ടിക്കിള്‍ എന്ന നിലയില്‍ ഒരു ചലച്ചിത്ര നിരൂപണ പംക്തിയാരംഭിക്കാന്‍ സെബിനും ഞാനും ചേര്‍ന്നു തീരുമാനിച്ചു. ഭാവിയില്‍ സിനിമയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ സിനിമാക്കാരുമായി ഉരസുന്നത് അത്ര ഭംഗിയാവില്ലല്ലോ എന്നു കരുതി ഞാനും സെബിനും കൂടി ബി. അബുബക്കര്‍ എന്ന നിരൂപകനെ വാര്‍ത്തെടുത്തു.അങ്ങനെ ബി. അബുബക്കറെന്ന പേരില്‍
ശിക്കാര്‍ എന്ന സിനിമയെക്കുറിച്ചെഴുതി
യതായിരുന്നൂ ആദ്യത്തെ നിരൂപണം.

സിനിമയെ പുതിയ സൈദ്ധാന്തിക ടൂളുകള്‍ ഉപയോഗിച്ച് വായിക്കാനുള്ള ശ്രമങ്ങളായിരുന്നു അബുബക്കറിന്റെ നിരൂപണങ്ങള്‍. അവ വളരെ വേഗം ജനപ്രീതി നേടി. ട്രാഫിക്കിനെക്കുറിച്ചുള്ള നിരൂപണം
ജി.പി.രാമചന്ദ്രന്‍ എടുത്തെഴുതിയതോടെ അബുബക്കര്‍ ഹിറ്റായി.

ഏതായാലും ജനപ്രിയതയ്ക്കുവേണ്ടി അബുബക്കര്‍ തനിക്കു ബോദ്ധ്യമില്ലാത്തതൊന്നും എഴുതിയിട്ടില്ല. എഴുപത്തഞ്ചിലധികം നിരൂപണങ്ങള്‍ അബുബക്കര്‍ എന്ന പേരിലെഴുതിയിട്ടുണ്ട്. അതിനിടെ, അന്‍വര്‍ അബ്ദുള്ള എന്ന പേരില്‍ മാദ്ധ്യമത്തിലും മറ്റും ചലച്ചിത്രപഠനങ്ങളും എഴുതിയിരുന്നു.

ബി. അബുബക്കറുമായി ശിക്കാറിന്റെ പേരില്‍ കൊമ്പുകോര്‍ത്ത ക്രിസ്പിന്‍ ജോസഫാണ്
റിപ്പോര്‍ട്ടറിലെ റിവേഴ്‌സ് ക്ലാപ് എന്ന പ്രതിവാരപരിപാടി
യുടെ ആസൂത്രകന്‍.  അതേ പേരിൽ അതിനുമുമ്പ് ഒരു സിനിമാ വെബ് സൈറ്റും തുടങ്ങിയിരുന്നു. നൂറിലധികം എപ്പിസോഡുകളിലായി ഇരുന്നൂറ്റമ്പതോളം സിനിമകളെ റിവേഴ്സ് ക്ലാപ്പിൽ റിവ്യൂ ചെയ്തു. ആ പരിപാടിയുടെ അത്രയും കാലത്തെ നിലനില്പിന് എം.വി.നികേഷ് കുമാര്‍ നല്കിയ പിന്തുണയും സഹനവും എടുത്തുപറയണം. അത്രയ്ക്കായിരുന്നു ആ പരിപാടിക്കെതിരെ കമ്പോളസിനിമാക്കാരുടെ ഉപദ്രവം.

താങ്കളുടെ ആദ്യകാല നിരൂപണങ്ങള്‍ എന്തൊക്കെയായിരുന്നു?

മലയാള്‍ഡോട്ട്എഎമ്മില്‍ ശിക്കാര്‍ മുതല്‍ എഴുതിയ റിവ്യൂകള്‍ എന്നു പൊതുവേ പറയാം. അക്കാലത്താണ് നവതരംഗമെന്ന കള്ളപ്പേരില്‍, പരമാവധി ന്യൂ ജനറേഷന്‍ സിനിമ എന്നു വിളിക്കാവുന്ന ചരക്കിന്റെ ഇറക്കുമതി. അതിനെ നിരന്തരം വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു എന്നതാവണം അക്കാല നിരൂപണലേഖനങ്ങളുടെ പ്രസക്തി.

മലയാള ചലച്ചിത്ര നിരൂപണം ഇന്ന് വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. അക്കാദമിക് നിരൂപണം കൂടാതെ രാഷ്ട്രീയ - സാംസ്‌കാരിക നിരൂപണങ്ങളും നടക്കുന്നുണ്ട്. ആദ്യകാല നിരൂപണങ്ങള്‍ വെറും കഥ പറച്ചിലുകള്‍ മാത്രമായിരുന്നു എങ്കില്‍ ഇന്ന് നിരൂപണ മണ്ഡലം ചിത്രത്തിനപ്പുറത്തേയ്ക്കുള്ള അധിക വായനകള്‍ക്ക് ഉത്സാഹിക്കുന്നുണ്ട്.

നിരൂപണത്തിന്റെ രീതികള്‍ ശരിയായ ദിശയിലാണോ? താങ്കള്‍ക്ക് എന്തു തോന്നുന്നു. ചലച്ചിത്ര നിരൂപണത്തിന്റെ വിവിധ ഘട്ടങ്ങളെ താങ്കള്‍ എങ്ങിനെയാണ് വിമര്‍ശനാത്മകമായി വിലയിരുത്തുന്നത്?


മലയാള ചലച്ചിത്ര നിരൂപണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം ആദ്യത്തെ സിനിമ ഉണ്ടായകാലം മുതല്‍ക്കേ ചലച്ചിത്ര നിരൂപണവും ഉടലെടുത്തിരുന്നു. വിഗതകുമാരന്‍ ആദ്യത്തെ സിനിമയാണെന്നു സ്ഥാപിക്കപ്പെടുന്നതിനു മുമ്പായി ബാലന്‍ ആദ്യത്തെ സിനിമയെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. ബാലന്‍ പ്രദര്‍ശനത്തിനെത്തിയതിനു പിന്നാലേ പന്തളം കെ പി അതിനെക്കുറിച്ച് ഒരു നിരൂപണം ഭാഷാപോഷിണിയില്‍ എഴുതിയിരുന്നു. അതിനുശേഷമുള്ള കാലഘട്ടത്തില്‍ സുബൈദ എന്നും മറ്റുമുള്ള വ്യാജപ്പേരില്‍ ചിലര്‍ നിരൂപണങ്ങള്‍ എഴുതിയിരുന്നു.


അമ്പതുകളോടുകൂടി മലയാള സിനിമ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു കൂടുതലായി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. അറുപതുകള്‍ എത്തുമ്പോള്‍ ചലച്ചിത്രങ്ങള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നു ആ സാഹചര്യത്തിലാണ് സിനിക്കിനെപ്പോലുള്ളവര്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങുന്നത്. സിനിക്കിനെത്തുടര്‍ന്നാണ് കോഴിക്കോടന്‍, നാദിര്‍ഷ തുടങ്ങിയവരുമെത്തുന്നത്. മലയാളത്തിലെ ഏതാണ്ടെല്ലാ ചലച്ചിത്രങ്ങളുടെയും നിരൂപണങ്ങള്‍ സിനിക് നിര്‍വ്വഹിച്ചിരുന്നു.

പിന്നീടുള്ള ഘട്ടത്തിലാണ് വി രാജകൃഷ്ണനും വിജയകൃഷ്ണനും അടക്കമുള്ളവര്‍ എത്തുന്നത്. രാജകൃഷ്ണനും വിജയകൃഷ്ണനുമൊക്കെ നാലാം തലമുറയായാണ് എത്തുന്നത്. അതിനുമുമ്പ് ചലച്ചിത്ര നിരൂപണമെന്നു പറഞ്ഞാല്‍ കഥപറച്ചില്‍ മാത്രമായിരുന്നു. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള കഥവഴികളിലൂടെ സഞ്ചരിക്കുന്നതായിരുന്നു സിനിക്കിനെപ്പോലുള്ളവരുടെ രീതിയെങ്കില്‍ കോഴിക്കോടനിലെത്തുമ്പോഴാണ് അതില്‍ അല്പം ചില മാറ്റങ്ങള്‍ കാണുന്നത്. ചലച്ചിത്രത്തിന്റെ സാങ്കേതികാംശങ്ങളെക്കൂടി സൂചിപ്പിക്കുവാന്‍ അദ്ദേഹം തയ്യാറായി. ചില പ്രയോഗങ്ങള്‍ ഇങ്ങനെയായിരുന്നു. ''ക്യാമറ ഒപ്പിച്ചുമാറി എഡിറ്റിംഗ് തരക്കേടില്ല ഗതാഗത നിയന്ത്രണം അത്ര നന്നായില്ല'' എന്നിങ്ങനെയൊക്കെ.

എന്നാല്‍ നാലാം തലമുറയിലെത്തുമ്പോള്‍ ചലച്ചിത്രത്തെ വിശകലനം ചെയ്യുന്ന കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വന്നു. ചലച്ചിത്രത്തിന്റെ കഥയ്ക്കപ്പുറത്ത് അതിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന ഘടകങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. സത്യജിത് റായിയുടെ അപുത്രയത്തെ വിലയിരുത്തിയാല്‍ അടിസ്ഥാനപരമായി അത് ഹിന്ദു ബ്രാഹ്മണിക്കല്‍ പുരുഷന്റെ താല്പര്യങ്ങളെ സംരക്ഷിച്ചെടുക്കുകയായിരുന്നു. സിനിമയ്ക്കു സാദ്ധ്യമാവുന്ന കാഴ്ചയുടെ സൗന്ദര്യത്തെ ചാരുലത പോലുള്ള ചിത്രങ്ങളെ മുന്‍നിര്‍ത്തി വിജയകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചലച്ചിത്രത്തിന്റെ കാഴ്ചയുടെ ഭാഗമായുള്ള വസ്തുതകളെ നാലാം തലമുറ വിലയിരുത്തുന്നുമ്പോള്‍ പോലും ചലച്ചിത്രത്തിന്റെ കഥയില്‍ തന്നെ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു.

അഞ്ചാം തലമുറയായ സി എസ് വെങ്കിടേശന്‍, ജി പി രാമചന്ദ്രന്‍, വി കെ ജോസഫ് എന്നിവരിലെത്തുമ്പോള്‍ ചലച്ചിത്ര പഠനം രാഷ്ട്രീയപരമായും സാംസ്‌കാരിക പഠനമായും മാറുന്നുണ്ട്. ഈ പൊളിറ്റിക്കലായുള്ള എല്ലാ പഠനങ്ങളോടും നമ്മള്‍ യോജിക്കണമെന്നൊന്നുമില്ല. ഒരേ പ്രമേയമുള്ള ഒന്നിലധികം സിനിമകളെ ഒന്നിച്ചെടുത്തുകൊണ്ട് അവ വിനിമയം ചെയ്യുന്ന ആശയങ്ങളെ കണ്ടെത്തുവാനാണ് ജി പിയെപ്പോലുള്ളവര്‍ ശ്രമിച്ചത്. പക്ഷേ സി എസ് വെങ്കിടേശ്വരനില്‍ ചില നിലപാടു വ്യതിയാനങ്ങള്‍ പ്രകടമായിരുന്നു.

ഇവര്‍ക്കുശേഷം വന്ന കെ പി ജയകുമാര്‍, എന്‍ പി സജീഷ് ഒപ്പം ഞാനുമടക്കമുള്ളവര്‍ പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയയുടെ ഉല്‍പന്നങ്ങളാണ്. സോഷ്യല്‍ മീഡിയയുടെ ആരവവും ആഹ്ലാദവും ഞങ്ങള്‍ ആഘോഷിച്ചിരുന്നു. പുതിയ കാലത്തിന്റെ മാറ്റങ്ങളെ നിരൂപണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞു.

എന്നിരുന്നാലും മലയാള നിരൂപണത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ വന്നുവെന്നു പറയുവാന്‍ കഴിയുമോ?

ഇല്ലായെന്നു പറയേണ്ടിവരും. കാരണം മലയാള ചലച്ചിത്ര നിരൂപണം ഇപ്പോഴും സിനിക്കില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ നിരൂപണം നടത്തുന്നവരും കഥ പറയുവാന്‍ നിര്‍ബന്ധിതരാകുന്നു. കാരണം വായനക്കാരില്‍ ഭൂരിപക്ഷവും സിനിമ കണ്ടിട്ടുണ്ടായില്ല. അതുകൊണ്ടുള്ള പ്രശ്‌നമാണിത്. പക്ഷേ പുതിയ തലമുറയില്‍ നിന്നും പ്രകമടായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. റോബി കുര്യന്‍, മരിയാ റോസ്, ജെനി ഡിക്രൂസ് തുടങ്ങിയവര്‍ ചലച്ചിത്രത്തിന്റെ കഥയെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ സാങ്കേതികാംശങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. വരും നാളുകളില്‍ ഇത്തരം രീതികള്‍ വ്യാപകമാക്കുവാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.

ചലച്ചിത്രത്തിന്റെ വ്യത്യസ്ത വായനകള്‍ ഉണ്ടാവുന്നുണ്ട് എങ്കില്‍ത്തന്നെയും സിനിക്കില്‍ തന്നെ നിലനില്‍ക്കുന്ന നിരൂപണ രീതിയാണുള്ളത്. ഈ രീതി മാറ്റപ്പെടുകയും ചെയ്യേണ്ടതല്ലേ?

തീര്‍ച്ചയായും വ്യത്യസ്ത വായനയ്ക്കുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എഴുപതുകളില്‍ തന്നെ ചലച്ചിത്രത്തെ ചിഹ്നശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിസ്സാര്‍ അഹമ്മദ് യാഥാര്‍ത്ഥ്യത്തിന്റെ 4 മുഖങ്ങള്‍ എന്ന പുസ്തകത്തില്‍ ചലച്ചിത്രത്തിന്റെ ചിഹ്നശാസ്ത്ര വായനകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം പഠനങ്ങള്‍ പൊതുസ്വീകാര്യതയോ ശ്രദ്ധയോ നേടുകയുണ്ടായില്ല.

എഴുപതുകളില്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുഖ്യധാരയല്ലാത്ത സമാന്തരമായ ധാരണയുണ്ടാവുകയും അക്കാലത്തെ നിരൂപകര്‍ അന്ധമായി അതിനെ പുകഴ്ത്തുകയും ചെയ്തു. അതേസമയം ഒ കെ ജോണിയെപ്പോലുള്ള നിരൂപകര്‍ പാരലല്‍ സിനിമയെന്നു പറയുന്നവയില്‍ കാര്യമായ സംഗതികള്‍ ഒന്നും തന്നെയില്ലായെന്നു തുറന്നു പറയുന്നുണ്ട്. ജോണിയുടെ നിഴലിന്റെ സത്യം എന്ന കൃതിയില്‍ അത് വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. രവീന്ദ്രനും ഇതു പറയുന്നുണ്ട്.

എഴുപതുകളിലെ ചലച്ചിത്ര നിരൂപണത്തില്‍ കണ്ടുവന്ന ഒരു പ്രവണത പാശ്ചാത്യ ചലച്ചിത്രങ്ങളെ വ്യാപകമായി വിലയിരുത്തുകയും നമ്മുടെ ഭാഷാ സിനിമകളെ താരത്മ്യത്തിലൂടെ ഇകഴ്ത്തുകയും ചെയ്യുന്നതായിരുന്നു...

അത്തരമൊരു പ്രവണത നിലവിലുണ്ടായിരുന്നു. മലയാള സിനിമ ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പ് ലോകസിനിമ ഉടലെടുത്തിരുന്നു. ലോകസിനിമ ശബ്ദിച്ചു തുടങ്ങി വളരാന്‍ തുടങ്ങുമ്പോഴാണ് ഇവിടെ മലയാള സിനിമരൂപം കൊള്ളുന്നത്. എന്നാല്‍ അതേസമയം തിയേറ്ററുകള്‍ ഇവിടെയുണ്ടായിരുന്നു. അവിടെ ചാപ്ലിന്റെ കിഡ് അടക്കമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശബ്ദ ചിത്രങ്ങളിലൂടെ മലയാള സിനിമ വളരാന്‍ തുടങ്ങിയപ്പോള്‍ പാശ്ചാത്യ സിനിമ സാങ്കേതികമായി വലിയ വളര്‍ച്ചകള്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ചലച്ചിത്രാനുവങ്ങള്‍ അവ നല്കിയിരുന്നു. എഡിറ്റിംഗിലൊക്കെ അവര്‍ വലിയ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിച്ചിരുന്നു.

റഷ്യക്കാര്‍ മൊണ്ടാഷ്, ജര്‍മ്മന്‍കാര്‍ എക്‌സ്പ്രഷനിസം, ഇറ്റലിക്കാര്‍ നിയോറിയലിസം തുടങ്ങിയവയൊക്കെ അവതരിപ്പിച്ചു. സാങ്കേതികതയിലുള്ള പൂര്‍ണ്ണതയാണ് ചലച്ചിത്രത്തിന്റെ പൂര്‍ണ്ണത. ഒരു ഷോട്ടില്‍നിന്നും മറ്റൊരു ഷോട്ടിലേയ്ക്കുള്ള കട്ട് പ്രേക്ഷകന്‍ അറിയാത്ത മികച്ച സിനിമകളുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നിരൂപകര്‍ പാശ്ചാത്യ ചലച്ചിത്രങ്ങളെ കൂടുതലായി വാഴ്ത്തുകയുണ്ടായി. എന്നാല്‍ അരവിന്ദന്റെ കാഞ്ചനസീത പോലെയുള്ള ചലച്ചിത്രങ്ങളെയും ഇതേ നിരൂപകര്‍ അതിഗംഭീരമായി വാഴ്ത്തിയിട്ടുണ്ട്.

എഴുപതുകളിലെ സിനിമകളെ ഉദാത്തമെന്നു പറഞ്ഞ് നമ്മള്‍ ഇപ്പോഴും ആഘോഷിക്കുന്നു. അക്കാലത്തെ സിനിമകളുടെ അവസ്ഥകളെ അന്‍വര്‍ അബ്ദുള്ള വിലയിരുത്തുന്നത് എപ്രകാരമാണ്?

മലയാളസിനിമയെ പലതരത്തില്‍ ഘട്ടവിഭജനം നടത്താനാകും. 1950കള്‍ മുതല്‍ എണ്‍പതുകള്‍ വരെയും അവിടംമുതല്‍ 2010 വരെയും അവിടെനിന്നിങ്ങോട്ടുള്ളതുമായ മൂന്നു താരവ്യവസ്ഥകളായതിനെ കല്പിക്കാം. അല്ലെങ്കില്‍ ആറു പതിറ്റാണ്ടുകളായി കണക്കാക്കാം. വ്യവസായമായി രൂപപ്പെട്ട അന്‍പതുകള്‍, സാഹിത്യബന്ധിതമായ അറുപതുകള്‍, നവസിനിമയുടെ എഴുപതുകള്‍, മദ്ധ്യവര്‍ത്തിസിനിമയുടെ എണ്‍പതുകള്‍, താരാധിപത്യത്തിന്റെ തൊണ്ണൂറുകള്‍, അതിന്റെ പാരമ്യമായി 2000ലെ നരസിംഹം, അവിടന്നങ്ങോട്ട് സൂപ്പര്‍താരാധിപത്യഫലമായ ആന്തരികജീര്‍ണതയുടെ നവസഹസ്രാബ്ദപ്പുതുദശകം, ന്യൂവേവ് സിനിമയുടെ രണ്ടാം ദശകം എന്നിങ്ങനെ. ഇതില്‍ നവസിനിമയുടെ കാലമാണ് എഴുപതുകള്‍.

എഴുപതില്‍ ഭാവുകത്വകലാപം തന്നെ സൃഷ്ടിച്ചുകൊണ്ട് ഓളവും തീരവും, പിന്നാലെ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ, 72ല്‍ സ്വയംവരം, 73ല്‍ നിര്‍മാല്യം, 74ല്‍ ഉത്തരായനം, 75ല്‍ സ്വപ്നാടനം, തുടര്‍ന്ന് കബനീനദി ചുവന്നപ്പോള്‍, ഇനിയും മരിക്കാത്ത നമ്മള്‍, മണിമുഴക്കം, സംഘഗാനം, കൊടിയേറ്റം... 79ല്‍ വരുന്ന പെരുവഴിമ്പലംവരെ. രാഷ്ട്രീയസാമൂഹികചിത്രം കാലികമായി മാറുന്ന കാലമാണത്. സാഹിത്യത്തിന്റെ കൈപ്പിടിയില്‍നിന്നുവിട്ട് നവസിനിമ മുന്നോട്ടുവരുന്നു. സാഹിത്യകൃതികളെ ആശ്രയിക്കുമ്പോള്‍പ്പോലും അത് വേറിട്ട ദൃശ്യഭാഷയിലേക്കുള്ള പരാവര്‍ത്തനമാകാന്‍ യത്‌നിക്കുന്നു.

ഇത് മലയാളസിനിമയെ ബഹുദൂരം മുന്നോട്ടുനയിച്ചു. മന്ദതാളവും മൗനവും അന്നത്തെ കലാസിനിമ ദീക്ഷിച്ചെങ്കില്‍ അത് രാഷ്ട്രീയസ്വഭാവമുള്ള മൗനവും മന്ദതാളവുമായിരുന്നു.

അതേസമയം, ജനപ്രിയസിനിമ മറ്റൊരു പാതയില്‍ സഞ്ചരിക്കുകയായിരുന്നു. പിച്ചാത്തിക്കുട്ടപ്പന്മാരും ബീഡിക്കുഞ്ഞമ്മമാരും റൗഡിരാമുമാരും ഒരുവഴിക്ക്. ശ്രീ അയ്യപ്പനും ശ്രീ ഗുരുവായൂരപ്പനും ഗദ്ഗുരു ആദിശങ്കരനും കൊടുങ്ങല്ലൂരമ്മയും പോലുള്ള ചരക്കുകള്‍ വേറൊരുവഴിക്ക്, തച്ചോളി അമ്പുമാരും കടത്തനാട്ടുമാക്കങ്ങളും പാലാട്ടുകോമന്മാരും ഇതര അച്ചാറുകമ്പനിവീരനായകന്മാരും നീരാട്ടുകുഞ്ഞിക്കണ്ണന്മാരും വാളും കാഡ്‌ബോഡ് പരിചയുമെടുത്ത് ചിറയിന്‍കീഴ്‌മൊഴിവഴക്കത്തില്‍ ചീറി.

എഴുപതുകളുടെ അവസാനം ജയന്‍ എന്ന കട്ടൗട്ട് നായകന്റെ അവതാരപ്പിറവിയുണ്ടായി. ഇരുമ്പഴികള്‍ വന്നപ്പോള്‍ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ ക്രൗഡ് പുള്ളര്‍ ജനിച്ചു. കരിമ്പന, മീന്‍, മൂര്‍ഖന്‍, പുതിയ വെളിച്ചം, ബെന്‍സ് വാസു, ലാവ... എണ്‍പതില്‍ അങ്ങാടി, കോളിളക്കം... ഏതാണ്ടക്കാലത്തുതന്നെ കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടല്‍, പിന്നാലെ യവനിക...

മലയാളസിനിമയുടെ ചരിത്രത്തെ രേഖീയമായി അടയാളപ്പെടുത്താന്‍ ഒരു കാലത്തും കഴിയില്ല. എഴുപതുകളില്‍ പ്രത്യേകിച്ചും. പക്ഷേ, ഒന്നുണ്ട്. അഭിരുചിയുടെ അടിസ്ഥാനത്തില്‍ പലതരം പ്രേക്ഷകരെ അതു സൃഷ്ടിച്ചു. തനി ആദര്‍ശവാദി സമാന്തരകലാസിനിമാസ്വാദകര്‍, തനി പോപ്പുലര്‍ ഐവി ശശി അദ്ഭുതക്കാണികള്‍, പില്‍ക്കാല സീരിയല്‍ ഭക്തരുടെ മുന്‍ഗാമിനികളായ തനി ഭക്തശിരോമണി അമൃതാനന്ദമ്മായിമാര്‍, ഒട്ടും തനി അല്ലാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ കെ.എസ്. ഗോപാലകൃഷ്ണന്‍ വരെയുള്ള എല്ലാവരുടെയും കൃഷ്ണനാട്ടം കാണുന്ന എന്നെപ്പോലുള്ളവരുടെ മുന്‍ഗാമികള്‍... എന്നിങ്ങനെ എല്ലാവരെയും ആ കാലം സൃഷ്ടിച്ചു.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് അടുത്തു നില്ക്കുന്നുവെന്നു പറഞ്ഞവയാണ് നവ സിനിമകള്‍. അവ ഒരേ സമയം കീഴാളവിരുദ്ധമായിരുന്നു. അതിനെ വിലയിരുത്തുവാന്‍ പല നിരൂപകരും തയ്യാറായില്ല - അത് എന്തുകൊണ്ടാണ്?

അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം മുതല്‍ പത്മരാജന്റെ പെരുവഴിയമ്പലംവരെയുള്ള സിനിമകളെയാണ് നമുക്ക് നവസിനിമയെന്നു വിളിക്കാനാകുന്നത്. അതിനു പാതയൊരുക്കിയ പ്രധാനസിനിമയായി ഓളവും തീരവും നില്‍ക്കുന്നു. പെരുവഴിയമ്പലത്തിനുശേഷവും അവയുടെ തിരുശേഷിപ്പുകള്‍ തുടരുന്നു. ഇവയൊന്നും വലിയ തോതില്‍ കീഴാളവിരുദ്ധമായ സിനിമകളല്ല. നായകസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടാന്‍ പറ്റാതിരുന്ന ഒരുകൂട്ടം അപരമനുഷ്യരുടെ തള്ളിക്കയറ്റമായിരുന്നു അത്. അത് പലപ്പോഴും നവോത്ഥാനമലയാളിയുടെ മാതൃകാരൂപമായ ബ്രാഹ്മണിക്കല്‍ നായരെ (അല്ലെങ്കില്‍ അതിനും മുകളിലേക്ക്) ചുറ്റിപ്പറ്റിയിരുന്നു എന്നതു വാസ്തവം. കൊടിയേറ്റം, എലിപ്പത്തായം, ഉത്തരായനം, പിറവി എന്നിവ അങ്ങനെതന്നെ. എന്നാല്‍, മണിമുഴക്കവും സംഘഗാനവും ചാപ്പയും ഒരേതൂവല്‍ പക്ഷികളും ഉപ്പും ഒക്കെ നവസിനിമയുടെ കൂടുതല്‍ രാഷ്ട്രീയസത്യമുള്ള ദീപ്തഭാവങ്ങളായും നില്‍ക്കുന്നു.

2010 മുതല്‍ ആരംഭിച്ച പുതുതരംഗത്തെയാണു നവസിനിമയെന്നു വിളിക്കുന്നതെങ്കില്‍, ആ സംബോധന തെറ്റാണ്. ആ സിനിമയെ നവമദ്ധ്യവര്‍ത്തി സിനിമയെന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ കൃത്യം. കാരണം, ഉള്‍ക്കടല്‍, യവനിക, കള്ളന്‍ പവിത്രന്‍, എംടി - ഐ.വി.ശശി സിനിമകള്‍, ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് സിനിമകള്‍ തുടങ്ങിയവയിലൂടെ തിടംവച്ച എണ്‍പതുകളിലെ മദ്ധ്യവര്‍ത്തിസിനിമകളെ അവ ശക്തമായി ഓര്‍മിപ്പിക്കുന്നു. എണ്‍പതുകളിലെ മദ്ധ്യവര്‍ത്തിസിനിമകളുടെ പ്രധാനവശങ്ങളായിരുന്നു കീഴാളവിരുദ്ധത, തൊഴിലാളിവിരുദ്ധത, സ്ത്രീവിരുദ്ധത തുടങ്ങിയവ. ബ്രാഹ്മണിക്കല്‍ നായര്‍ ബോധത്തെ കേരളീയ പൊതുബോധമായി സ്ഥാപിക്കുകയും അതിനെ മലയാളിയുടെ മതേതരഭാവനയായി പ്രതിഷ്ഠിക്കുകയുമായിരുന്നു ആ സിനിമകള്‍ കൂട്ടത്തോടെ ചെയ്തത്. ഇത് കാലികവ്യതിയാനത്തോടെ, കൂടുതല്‍ ആഴത്തില്‍ ആക്കിവയ്ക്കുകയാണ് ഋതു, പാസഞ്ചര്‍, ട്രാഫിക്ക് തുടങ്ങിയ സിനിമകളോടെ ആരംഭിച്ച നവമദ്ധ്യവര്‍ത്തിസിനിമകള്‍. ഇക്കാര്യങ്ങള്‍ നിരന്തരം പറയുന്നവയാണ് എന്റെ നിരൂപണങ്ങളും പഠനങ്ങളും. പത്മരാജന്‍: പൂച്ച പുറത്തുചാടുന്നു അത്തരമൊരു സമഗ്രശ്രമമാണ്. ഇതേ പ്രമേയത്തെ കൈകാര്യം ചെയ്യുകയാണ് ജി.പി.രാമചന്ദ്രന്‍ മുതല്‍ കെ.പി.ജയകുമാറും വി.സി.സാജനും അജു നാരായണനും വരെയുള്ള നിരൂപകര്‍.

ആര്‍ട്ട് സിനിമയുടെ ഒരു രണ്ടാം തലമുറ - ഡോ. ബിജു മുതല്‍ സനല്‍ വരെ - നമ്മുടെ ചലച്ചിത്രരംഗത്ത് വലിയ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. പക്ഷേ അവയെ ചെറുചിത്രങ്ങള്‍ എന്നു പറഞ്ഞ് പലരും ഒതുക്കിക്കളഞ്ഞു. നിരൂപക ലോകം അവയ്ക്കു വേണ്ടത്ര പിന്തുണകളും നല്കുകയുണ്ടായില്ല. അത് എന്തുകൊണ്ടാണ്?

മുന്‍കാലത്തെ സമാന്തരസിനിമാസംവിധായകരെക്കാള്‍ എളുപ്പത്തിലാണ് സത്യത്തില്‍ പുതിയ അവരുടെ പിന്‍ഗാമികള്‍ പ്രസിദ്ധി നേടുന്നത്. ഡോ. ബിജുവിന്റെ ഒരു സിനിമ പോലും അന്താരാഷ്ട്രാ മേളകളില്‍ കളിക്കാതിരുന്നി�