സഹപ്രവര്‍ത്തകരുടെ നിസഹകരണം; രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പള്‍ രാജിവെച്ചു

ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും തന്നോട് സഹകരിക്കാത്തതാണ് രാജിക്ക് കാരണമെന്ന് മനാബി പറഞ്ഞു.

സഹപ്രവര്‍ത്തകരുടെ നിസഹകരണം; രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പള്‍ രാജിവെച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ കോളേജ് പ്രിന്‍സിപ്പള്‍ മനാബി ബന്ദോപധ്യായ രാജിവെച്ചു. ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും തന്നോട് സഹകരിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്ന് രാജിക്കത്തില്‍ പറയുന്നു. മനാബിയുടെ രാജിക്കത്ത് വ്യാഴാഴ്ച ലഭിച്ചതായി നാദിയ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കൃഷ്ണാഗര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പളായി 2015 ജൂണ്‍ 9നാണ് മനാബി ചുമതലയേറ്റത്. അതേസമയം പ്രിന്‍സിപ്പല്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആരോപിച്ചു. പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍.പി ഭട്ടാചാര്യ ഈയിടെ കോളേജ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പളുമായി ചര്‍ച്ച നടത്തിയിരുന്നു.


വളരെയേറെ മാനസിക സംഘര്‍ഷം താന്‍ കോളേജില്‍ നിന്ന് അനുഭവിക്കേണ്ടി വന്നതെന്ന് മനാബി പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരും തനിക്കെതിരായി നിരന്തരമായി ഘരാവോയും പ്രക്ഷോഭങ്ങളും നടത്തി. കോളേജിലേക്ക് വലിയ പ്രതീക്ഷകളുമായി വന്ന തനിക്ക് നേരിട്ടത് ദുരനുഭവങ്ങളാണെന്ന് അവര്‍ പറഞ്ഞു. 51 വയസുള്ള ബന്ദോപാധ്യായുടെ നേരത്തെയുള്ള പേര് സോമനാഥ് എന്നായിരുന്നു. 2003-2004 ലിംഗമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയാവുകയായിരുന്നു. രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാഗസിന്‍ ഒബി മനാബ് ആരംഭിച്ചത് ഇവരാണ്.

Read More >>