മോദിയുടെ ഡിജിറ്റല്‍ തട്ടിപ്പ്; മറച്ചുവച്ചത് 61% ജനങ്ങള്‍ക്കും ബാങ്കിംഗ് ഇല്ലെന്ന സത്യം

റിസര്‍വ്വ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ 640867 ഗ്രാമങ്ങളില്‍ 47445 ബാങ്ക് ബ്രാഞ്ചുകള്‍ മാത്രമാണുള്ളത്. രാജ്യത്തെ 84 കോടി ജനങ്ങളും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത്. ഗ്രാമീണമേഖലയിലെ 61 ശതമാനം ജനങ്ങളിലേക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ എത്തിയിട്ടില്ല. ബാങ്കിംഗ് സൗകര്യങ്ങള്‍ പോലുമില്ലാത്ത ജനങ്ങളെ രാത്രി വെളുക്കുമ്പോഴേക്കും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ ഉപദേശിക്കുന്നതെങ്ങനെ?

മോദിയുടെ ഡിജിറ്റല്‍ തട്ടിപ്പ്; മറച്ചുവച്ചത് 61% ജനങ്ങള്‍ക്കും ബാങ്കിംഗ് ഇല്ലെന്ന സത്യം

98% പണമിടപാടുകളും കറന്‍സി വഴി നടത്തുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കാഷ്‌ലെസ്സ് ഇക്കണോമിയാക്കാനുള്ള ശ്രമങ്ങള്‍ നല്ലതാണെങ്കിലും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നടത്താതെയാണ് ഡിജിറ്റല്‍ പേയ്‌മെന്റിലേയ്ക്ക് മാറാന്‍ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം. ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ലോകത്ത് നൂറ്റിയഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു കാഷ്‌ലെസ്സ് സംവിധാനം നടപ്പാക്കേണ്ടിയിരുന്നത്.


രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ അമ്പതിനായിരത്തോളമിടത്ത് മൊബൈല്‍ കണക്ഷന്‍ പൂര്‍ണ്ണമായ രീതിയില്‍ എത്തിയിട്ടില്ലെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളത്. 56000 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിയിട്ടുള്ളത്. രാജ്യത്തെ 27% ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉയോഗിക്കുമ്പോള്‍ ആഗോള ശരാശരി 67 ശതമാനമാണ്.

നോട്ട് നിരോധനത്തിന് ശേഷം ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടുന്നത് വര്‍ദ്ധിക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. പേടിഎം അടക്കമുള്ള ഇ-വാലറ്റുകളിലൂടെയുള്ള ഇടപാടുകളെയാണ് ഇതു കൂടുതല്‍ ബാധിച്ചത്. ബാങ്കുകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലായതും ഇന്റര്‍നെറ്റ് സ്പീഡിലുള്ള ഏറ്റക്കുറച്ചിലുമാണിതിനു കാരണമെന്നാണ് ഇ-വാലറ്റ് കമ്പനികള്‍ പരാതിപ്പെടുന്നത്.

ഇന്റര്‍നെറ്റ് വഴിയുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണു സാധ്യത. ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ക്കു കൂടുതല്‍ സമയമെടുക്കുന്നതും സൈബര്‍ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളും ആളുകളെ ഓണ്‍ലൈന്‍ ഇടപാടില്‍നിന്ന് അകറ്റിനിര്‍ത്തുന്നു.
മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാടിനു ഭാഷയും വിലങ്ങുതടിയാകുന്നു. ഗ്രാമീണ ഇന്ത്യയില്‍ മാതൃഭാഷമാത്രം വശമുള്ളവരാണ് ഭൂരിഭാഗവും.

ഇന്ത്യയുടെ ടെലിഫോണ്‍ സാന്ദ്രത 83 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബിഹാര്‍, അസം, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളില്‍ ഇത് 70 ശതമാനത്തില്‍ താഴെയാണ്. പല ആളുകളും ഒന്നില്‍കുടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. അപ്പോള്‍ സാന്ദ്രത പിന്നെയും കുറയും. കോടിക്കണക്കിന് ആളുകളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരിക്കെ, എങ്ങനെയാണ് ഇതുവഴി പണമിടപാട് നടത്താനാവുക?

ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ മാര്‍ച്ചുവരെയുള്ള കണക്കു പ്രകാരം 34 കോടിയാണ്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് ത്രീ ജി കണക്ഷന്‍ സര്‍വിസ് ഉള്ളത്. രാജ്യത്ത് മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് പേജ് ലോഡ് ആകാനുള്ള ശരാശരി സമയം ആറ് സെക്കന്‍ഡ് വരെയുമാണ്. നിലവില്‍ രാജ്യത്ത് 85 കോടി സ്മാര്‍ട് ഫോണുകള്‍ മാത്രമാണുള്ളത്. 40 കോടി സ്മാര്‍ട് ഫോണുകളെങ്കിലും അടിയന്തരമായി ലഭ്യമാക്കിയാലേ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കടുക്കാനാകൂ.

[caption id="attachment_70076" align="alignleft" width="379"] ഗ്രാഫിക്സ് കടപ്പാട്- ലൈവ്മിന്റ്. കോം[/caption]

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ദിവസവും ഓണ്‍ലൈനില്‍ വരുന്നവരുടെ എണ്ണവും കുറവാണ്. ഫേസ്ബുക് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്ത് 17 കോടി ആളുകളാണ് പ്രതിമാസം ഫേസ്ബുക് ലോഗ് ഓണ്‍ ചെയ്യുന്നത്. ഇതിനുപുറമെ, മികച്ചതും വിശ്വസ്തവും വിലകുറഞ്ഞതുമായ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഗ്രാമീണ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമല്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചാല്‍പോലും രാജ്യത്തെ അത്രവേഗം ക്യാഷ്‌ലെസ്സ് ഇക്കണോമിയാക്കാനാകില്ലെന്ന് ചുരുക്കം.

രാജ്യത്ത് ആകെ 71 കോടി ഡെബിറ്റ് കാര്‍ഡുകളില്‍ 13 കോടി ഇടപാടുകളാണ് നടന്നത്. പത്ത് ലക്ഷം പേരില്‍ 900-ല്‍ താഴെ മാത്രമാണ് സൈ്വപിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍. ബ്രസീലില്‍ ഇത് ഇന്ത്യയുടെ 39 ഇരട്ടിയാണ്. ഡിജിറ്റല്‍ പണമിടപാടുകല്‍ വ്യാപകമാകാന്‍ രാജ്യത്ത് 20 ലക്ഷം സൈ്വപിംഗ് മെഷീനുകള്‍ കൂടി ആവശ്യമുണ്ടെന്ന് എസ്ബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 15.10 ലക്ഷം മെഷീനുകളാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം ഇന്റര്‍നെറ്റ് ഇടപാടുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഓരോ ഇടപാടുകളുടേയും മൂല്യത്തില്‍ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.