ഇതാ യുവതാരങ്ങളുടെ സമ്മാനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര

സച്ചിൻ, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മൺ എന്നീ സ്പെഷ്യലിസ്റ്റുകൾ പടിയിറങ്ങിയ ശേഷം ടെസ്റ്റ് മത്സരങ്ങളിൽ ഇടറിക്കളിച്ച ടീം ഇന്ത്യക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇരട്ടസെഞ്ച്വറിയോടെ ക്യാപ്റ്റൻ പടനയിച്ച കളിയിൽ മുരളി വിജയും ജയന്ത് യാദവും പോരാളികളാണെന്ന് ആരാധകർക്ക് ഉറപ്പുനൽകി. ബൗളിങ് നിരയിൽ ഇരു ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനം കൂടിയായപ്പോൾ യുവ ഇന്ത്യക്ക് ജയം. കോഹ്ലിയാണ് കളിയിലെ കേമൻ

ഇതാ യുവതാരങ്ങളുടെ സമ്മാനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരമുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം. ഒരു ഇന്നിങ്‌സിനും 36 റൺസിനുമാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യയുടെ വിജയം. വിജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നെണ്ണം വിജയിച്ച് ടീം ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

രാജ്‌കോട്ടിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലായപ്പോൾ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും മൊഹാലിയിൽ നടന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യ വിജയിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിലും അതിഥികൾക്ക് അടിപതറിയതോടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പരമ്പരയുടെ കണ്ടെത്തലായ ഓൾ റൗണ്ടർ ജയന്ത് യാദവിന്റെയും ഓപ്പണർ മുരളി വിജയുടെയും സ്പിന്നർമാരായ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെയും മികവാർന്ന പ്രകടനത്തിൽ ടീം ഇന്ത്യക്ക് പരമ്പര വിജയം.


നാലാം ദിവസം കളി നിറുത്തുമ്പോൾ നാലു വിക്കറ്റുകൾ ശേഷിക്കെ ഇംഗ്ലണ്ടിന് 49 റൺസ് കൂടി വേണമായിരുന്നു ആതിഥേയർ ഉയർത്തിയ 231 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ. ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ബെയർസ്‌റ്റോയും(51) വോക്‌സും (0) ആയിരുന്നു ക്രീസിലിറങ്ങിയത്. എന്നാൽ ടോട്ടൽ സ്‌കോറിനൊപ്പം മൂന്നു റൺസ് കൂടി ചേർക്കുന്നതിനിടെ അർദ്ധസെഞ്ച്വറി നേടിയ ബെയർസ്‌റ്റോയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. 185ൽ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന് പിറകെ റൺസൊന്നും എടുക്കാത്ത വോക്‌സിനെയും സ്‌കോർ 189ൽ എത്തിനിൽക്കെ അശ്വിൻ ക്ലീൻ ബൗൾഡാക്കി.

ഒരറ്റത്ത് ബട്ട്‌ളർ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. റാഷിദിനെ രാഹുലിന്റെ (2) കൈകളിലെത്തിച്ചും ആൻഡേഴ്‌സനെ(2) ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചും അശ്വിൻ മടക്കിയതോടെ യുവതാരങ്ങളുടെ പ്രകടന മികവിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം, പരമ്പര.

ആദ്യ ഇന്നിങ്‌സിൽ ആറു വിക്കറ്റെടുത്ത ആർ. അശ്വിൻ രണ്ടാം ഇന്നിങ്‌സിലും ആറു ഇംഗ്ലീഷ് കുറ്റികൾ പിഴുതു. ആദ്യ ഇന്നിങ്‌സിൽ നാലു വിക്കറ്റെടുത്ത ജഡേജ രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാറും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതവും നേടി. വിരാട് കോഹ്ലിയാണ് കളിയിലെ കേമൻ.

രണ്ട് ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളർമാരുടെ ഗണത്തിൽ അശ്വിൻ കുംബ്ലൈയുടെ റെക്കോഡിന് അരികിലെത്തി. 132 ടെസ്റ്റുകളിൽ നിന്നും എട്ടു തവണയാണ് നിലവിലെ കോച്ച് കൂടിയായ അനിൽ കുംബ്ലൈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ 43 ടെസ്റ്റുകളിൽ നിന്നും അശ്വിൻ ഇതിനകം ഏഴുതവണ പത്തുവിക്കറ്റ് നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും അഞ്ചു തവണ നേട്ടം സ്വന്തമാക്കിയ ഹർഭജൻ സിങ്ങാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ.

ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഡിസംബർ 16 മുതൽക്കാണ് അഞ്ചാം ടെസ്റ്റ് മത്സരം.

Read More >>