അഞ്ചാം ടെസ്റ്റ്: മോയിന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് അതിഥികള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് നിരയുടെ ഓപ്പണിങ് ജോഡിയെ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം മടക്കിയെങ്കിലും പിന്നീടെത്തിയ ജോ റൂട്ടും(88) മോയിന്‍ അലിയും (120 നോട്ടൗട്ട്) വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെയര്‍സ്റ്റോയും (49) കരുതലോടെ ബാറ്റ് വീശിയതാണ് അപകടനില തരണം ചെയ്യാന്‍ ഇംഗ്ലണ്ടിനെ തുണച്ചത്.

അഞ്ചാം ടെസ്റ്റ്: മോയിന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ചെന്നൈ: നിറംകെട്ട ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആശ്വാസം തേടി ചെന്നൈയില്‍ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ മികച്ച സ്‌കോറിലേക്ക്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് അതിഥികള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് നിരയുടെ ഓപ്പണിങ് ജോഡിയെ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം മടക്കിയെങ്കിലും പിന്നീടെത്തിയ ജോ റൂട്ടും(88) മോയിന്‍ അലിയും (120 നോട്ടൗട്ട്) വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെയര്‍സ്റ്റോയും (49) കരുതലോടെ ബാറ്റ് വീശിയതാണ് അപകടനില തരണം ചെയ്യാന്‍ ഇംഗ്ലണ്ടിനെ തുണച്ചത്.


ആറാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ജെന്നിങ്സിനെ(1) ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാന്ത് ശര്‍മ, പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഏഴു റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ടോട്ടല്‍ സ്‌കോര്‍. 11,000 റണ്‍സ് നേടുന്ന ഗണത്തിലേക്ക് എത്താന്‍ രണ്ടു റണ്‍സ് മാത്രം അകലെ വച്ച് അലിസ്റ്റര്‍ കുക്കിനെ(10) ജഡേജ, ക്യാപ്റ്റന്‍ കോഹ്ലിയുടെ കൈകളിലെത്തിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടിന് 21 റണ്‍സ്.

കഴിഞ്ഞ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജെന്നിങ്സും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ക്യാപ്റ്റനും മടങ്ങിയ ശേഷം തകര്‍ച്ചയിലേക്കെന്ന സൂചനകള്‍ക്കിടെയാണ് ജോ റൂട്ടും മോയിന്‍ അലിയും ക്രീസിലെത്തിയത്. മദ്ധ്യനിരയില്‍ ഇരുവരും ചേര്‍ന്നുനേടിയ 146 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് ജീവശ്വാസം പകര്‍ന്നത്.

144 പന്തുകളില്‍ നിന്നും പത്ത് ബൗണ്ടറികളോടെ 88 റണ്‍സ് നേടിയ റൂട്ടിനെ ടോട്ടല്‍ സ്‌കോര്‍ 167ല്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് മടക്കിയെങ്കിലും പിന്നീടെത്തിയ ബെയര്‍സ്റ്റോയും മോയിന്‍ അലിക്ക് മികച്ച പിന്തുണ നല്‍കി. 49 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജ മടക്കിയെങ്കിലും ഒരറ്റത്ത് അപരാജിതനായി സെഞ്ച്വറി നേടിയ മോയിന്‍ അലിയുണ്ട്. 222 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളോടെ 120 റണ്‍സ് നേടിയ അലിക്കൊപ്പം അഞ്ചു റണ്‍സോടെ ബെന്‍ സ്റ്റോക്സ് ആണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും പിഴുതു.

Read More >>