ഐഎഫ്എഫ്‌കെയില്‍ സദാചാരഗുണ്ടായിസം: സെക്യൂരിറ്റി ക്വട്ടേഷനെടുത്തവര്‍ കലാസ്വാദകരോട് പെരുമാറുന്നത് വികലമായി

കമലും ബീനാ പോളും സജിത മഠത്തിലും ജിപി രാമചന്ദ്രനും സംഭവ സ്ഥലത്തെത്തി ഡെലിഗേറ്റുകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഡെലിഗേറ്റുകള്‍ പ്രശ്‌നമുണ്ടാക്കരുതെന്നും കമല്‍ പറഞ്ഞു. ഇതെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പിരിഞ്ഞുപോയത്.

ഐഎഫ്എഫ്‌കെയില്‍ സദാചാരഗുണ്ടായിസം: സെക്യൂരിറ്റി ക്വട്ടേഷനെടുത്തവര്‍ കലാസ്വാദകരോട് പെരുമാറുന്നത് വികലമായി

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സെക്യൂരിറ്റി ജീവനക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ഐഎഫ്എഫ്‌കെയുടെ കാവല്‍ ജോലി ക്വട്ടേഷനെടുത്ത ഏജന്‍സിയിലെ സെക്യൂരിറ്റി വേഷം ധരിച്ച ഗുണ്ടകളാണ് മേളയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന അക്രമം നടത്തിയത്.

രാത്രി വൈകി ഫെസ്റ്റിവല്‍ വേദിക്ക് പരിസരത്തിരുന്ന ഡെലിഗേറ്റുകളെ നിര്‍ബന്ധമായി പുറത്താക്കിയ സെക്യൂരിറ്റി ജീവനക്കാരുടെ 'ശുഷ്‌കാന്തി' ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം. രാത്രി പത്തരയോടെ ഡെലിഗേറ്റുകളോട് ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് നിന്ന് പുറത്തുപോകാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച ഡെലിഗേറ്റുകളെ വിസില്‍ മുഴക്കി ആട്ടിയോടിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമം.


ചോദ്യം ചെയ്ത ഡെലിഗേറ്റുകളോട് സെക്യൂരിറ്റി ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. ഫെസ്റ്റിവല്‍ വേദിയില്‍ നിന്ന് ഡെലിഗേറ്റുകളെ പുറത്താക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശമെന്ന് ആലപ്പുഴ സ്വദേശിയായ എഴുത്തുകാരനും സുഹൃത്തുക്കളും ചോദിച്ചു. തങ്ങള്‍ക്കതിനുള്ള നിര്‍ദേശം കിട്ടിയിട്ടുണ്ട് ഇറങ്ങിപ്പോടായെന്നു പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിനെ പിടിച്ചു തള്ളി. ഇത് ചോദ്യം ചെയ്ത മറ്റൊരു സുഹൃത്തിന്റെ മുഖത്ത് തട്ടി. ഇയാളുടെ കണ്ണട നിലത്തുവീണു പൊട്ടി.

ഇതോടെ കൂടുതല്‍ ഡെലീഗേറ്റ്‌സുകളും യുവാവിനൊപ്പം ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്തു. വാക്കേറ്റം ഉന്തും തള്ളിലുമെത്തി. കൂടുതല്‍ ഡെലിഗേറ്റുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ പ്രധാന വേദിയിലെ പരസിരത്തെ വൈദ്യുതി ബന്ധം സെക്യൂരിറ്റി ജീവനക്കാര്‍ കട്ട് ചെയ്തു.

തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ ബീനാ പോളിനെയും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും വിവരമറിയിക്കുന്നത്. കമലും ബീനാ പോളും സജിത മഠത്തിലും ജിപി രാമചന്ദ്രനും സംഭവ സ്ഥലത്തെത്തി ഡെലിഗേറ്റുകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഡെലിഗേറ്റുകള്‍ പ്രശ്‌നമുണ്ടാക്കരുതെന്നും കമല്‍ പറഞ്ഞു. ഇതെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പിരിഞ്ഞുപോയത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അക്കാദമി വെസ്‌ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് ഞങ്ങള്‍ പോയിരുന്നു. ഡെലിഗേറ്റുകളോട് സംസാരിച്ചു. ആരും പരാതിയൊന്നും തന്നിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ബീനാ പോള്‍ പറഞ്ഞു.

ഐഎഫ്എഫ് കെ വേദിയില്‍ സദാചാര പൊലീസിങ് നടത്താന്‍ അക്കാദമി ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രോഗ്രാം കണ്‍സല്‍ട്ടന്റ് സജിത മഠത്തില്‍ പറഞ്ഞു. പ്രതിനിധികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തങ്ങളവിടെ പോയിരുന്നു. പ്രതിനിധികളുമായി സംസാരിച്ചിരുന്നു. വേദിയില്‍ നിന്ന് ഡെലിഗേറ്റുകളെ പുറത്താക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. വ്യക്തി സ്വാതന്ത്ര്യങ്ങളും ജെന്‍ഡര്‍ വിഷയങ്ങളും ചര്‍ച്ചയാകുന്ന സിനിമ ഫെസ്റ്റിവെലില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ദുഖമുണ്ട്. ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു.