ഐഎഫ്എഫ്‌കെയുമായി ഷാനവാസിന്റെ കിസ്മത്ത്‌

ഐഎഫ്എഫ്‌കെയും രാജീവ് രവിയുമാണ് തന്നെ സംവിധായകനാക്കിയതെന്ന് പറയുന്നൊരാള്‍... ഷാനവാസ് കെ. ബാവക്കുട്ടി. ഇത്തവണ ഷാനവാസ് സ്വന്തം സിനിമയുമായി ഐഎഫ്എഫ്‌കെയിലുണ്ട്.

ഐഎഫ്എഫ്‌കെയുമായി ഷാനവാസിന്റെ കിസ്മത്ത്‌

ഈ മേളയില്‍ രണ്ട് ജനപ്രതിനിധികളാണ് തങ്ങളുടെ ആദ്യചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. രണ്ടും കേരളത്തിലെ ത്രിതലപഞ്ചായത്ത് പ്രതിനിധിവേഷക്കാര്‍. ഒരാള്‍ ആലപ്പുഴ നൂറനാട് പാലമേല്‍ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന സജി പാലമേല്‍. രണ്ടാമത്തെയാള്‍ പൊന്നാനി നഗരസഭയില്‍ ജനപ്രതിനിധിയായിരുന്ന ഷാനവാസ് ബാവക്കുട്ടി. ആദ്യത്തെയാളുടെ സിക്‌സ് ഫീറ്റ് എന്ന സിനിമ തിയറ്ററുകളിലെത്താതെ, ഐഎഫ്എഫ്‌കെയില്‍ വന്നപ്പോള്‍, ഷാനവാസ് ബാവക്കുട്ടിയുടെ സിനിമ കേരളത്തിലെ ചലച്ചിത്രകമ്പോളത്തില്‍ അപ്രതീക്ഷിതവിജയം വരിച്ചിട്ടാണ് മേളയില്‍ സാന്നിദ്ധ്യമറിയിക്കുന്നത്. രണ്ടാളും പറയുന്നത് തങ്ങളുടെ പഞ്ചായത്ത് - നഗരസഭാകാലത്തെ അനുഭവങ്ങളാണ് സ്വന്തം സിനിമകളുടെ ഭാവാന്തരീക്ഷത്തെ സൃഷ്ടിച്ചതെന്ന്.


ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് ഒരു പ്രേമകഥയാണ്. ഒരു മുസ്ലിം യുവാവും അവനേക്കാള്‍ പ്രായംകൂടിയ ഹിന്ദു ദലിത് പെണ്‍കുട്ടിയും തമ്മിലുള്ള അസാധാരണമായ പ്രേമത്തിന്റെ കഥ. ജനപ്രതിനിധിയായിരിക്കെ പലവട്ടം പൊന്നാനിപ്പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്നപ്പോഴത്തെ അനുഭവത്തില്‍നിന്നാണ് താന്‍ ഈ സിനിമയിലെ കഥാപാത്രങ്ങളെ കണ്ടെത്തിയതെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരു സിനിമയിലും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുള്ളയാളല്ല ബാവക്കുട്ടി. സിനിമയോടുള്ള പാഷന്‍ ചെറുപ്പംമുതലുണ്ടായിരുന്ന ഒരാള്‍. ആ ആവേശം മൂത്ത് ഷോട്ട് ഫിലിമുകള്‍ ചെയ്തു. ബ്ലാക് ബോഡ്, ഈറന്‍, കണ്ണീര്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. എല്ലാത്തരം സിനിമകളും കണ്ടും ആസ്വദിച്ചും വളര്‍ന്ന ഒരു സാധാരണ ഫിലിം ബഫിന്റെ കണ്ണീര്‍ എന്ന ടെലിഫിലിമിന് നല്ല അഭിനന്ദനങ്ങളും സമ്മാനങ്ങളും കിട്ടിയപ്പോള്‍ സിനിമ ഒരു ധൈര്യമായി, പ്രചോദനമായി.രാജീവ് രവിയുടെ അന്നയും റസൂലും കണ്ട അനുഭവമാണ് ഒരു ചലച്ചിത്രകാരനിലേക്ക് ബാവക്കുട്ടിയെ വളര്‍ത്താന്‍ അടിസ്ഥാനമായത്. പൊന്നാനി പൗര്‍ണമി തീയറ്ററില്‍ അന്നയും റസൂലും കണ്ടിറങ്ങിയപ്പോള്‍ ഇതാണു സിനിമയെന്നും ഈ സിനിമയിലേക്ക് തനിക്കും എങ്ങനെയെങ്കിലും എത്തിച്ചേരാനാകുമെന്നും ബാവക്കുട്ടി അറിഞ്ഞു. രാജീവ് രവിയുടെ ചലച്ചിത്രമാര്‍ഗത്തോടു തോന്നിയ ആദരം അദ്ദേഹത്തെ പരിചയപ്പെടുന്നതിലും സുഹൃത്താകുന്നതിലും കലാശിച്ചു. അദ്ദേഹത്തെ ടെലിഫിലിം കാണിക്കുകയെന്നത് ബാവക്കുട്ടിക്ക് ആവേശമായിരുന്നു.

രാജീവ് രവിയോട് തന്നെ ആകര്‍ഷിച്ച ഒരനുഭവം പറഞ്ഞപ്പോള്‍, അതില്‍ സിനിമയുണ്ടെന്നും തിരക്കഥയെഴുതൂ എന്നുമായിരുന്നു നിര്‍ദേശം. നാട്ടില്‍ നടന്ന കഥയാണ്. അതില്‍ ഇതര അനുഭവങ്ങള്‍കൂടി ചേര്‍ത്തു. അങ്ങനെ കിസ്മത്തിന്റെ തിരക്കഥയായി.യഥാര്‍ത്ഥത്തില്‍ സമാന്തരസിനിമക്കാര്‍ തുടക്കത്തില്‍ അനുഭവിക്കുന്ന സാമ്പത്തികപ്രശ്‌നമൊന്നും ബാവക്കുട്ടിയെയും കിസ്മത്തിനെയും കാര്യമായി ബാധിച്ചിട്ടില്ല. കാരണം, രാജീവ് രവി, മധു നീലകണ്ഠന്‍, എഡിറ്റര്‍ അജിത് കുമാര്‍ എന്നിവര്‍ അംഗങ്ങളായുള്ള കളക്ടീവ് ഫേസ്‌വണ്‍ എന്ന നിര്‍മാണശാല പടം നിര്‍മാണം ഏറ്റെടുത്തു. അവരെക്കൊണ്ട് ഒറ്റയ്ക്ക് ഇത്രയും കമ്പോളഘടകങ്ങളില്ലാത്ത സിനിമയെടുക്കുക സാദ്ധ്യമാകാതെ വന്നപ്പോള്‍, ശൈലജാ മണികണ്ഠന്‍ എന്ന സുഹൃത്താണ് ശേഷം പണം നല്കി ബാവക്കുട്ടിയെ സഹായിച്ചത്. എണ്‍പതു ലക്ഷത്തിനു തീര്‍ന്ന പടം തിയറ്ററിലെത്തുമ്പോള്‍ ഒന്നേകാല്‍ക്കോടിയില്‍ കൂടുതലായി.

ഒരു കഷ്ടപ്പാടുമില്ലെന്ന് ഇതിനര്‍ത്ഥമില്ലെന്ന് ബാവക്കുട്ടി പറയുന്നു. രണ്ടു പ്രൊഡ്യൂസര്‍മാരും കഷ്ടപ്പെട്ടാണ് പണം റേസ് ചെയ്തത്. രാജീവ് രവിക്കൂട്ടായ്മയുടെ സിനിമയെന്നതുമൂലം സാങ്കേതികപ്രവര്‍ത്തകര്‍ പണത്തിന് വലിയ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നതാണ് രക്ഷയായത്. പടം തീര്‍ന്നശേഷമാണു പക്ഷേ, തുടക്കക്കാരനും ഇന്‍സ്ട്രിക്ക് വെളിയിലുള്ളവനുമായ സംവിധായകന്റെ പടം നേരിടാവുന്ന പ്രതിസന്ധികളൊക്കെ ബാവക്കുട്ടി അറിയുന്നത്. റിലീസ് ചെയ്യാന്‍ ആളില്ല. വിതരണക്കാര്‍ പടം കാണാന്‍ പോലും തയ്യാറായില്ല.

പ്രധാനതാരങ്ങളില്ലാത്ത, അറിയപ്പെടുന്ന തിരക്കഥാകൃത്തോ സംവിധായകനോ ഇല്ലാത്ത പടം കാണാന്‍ അവര്‍ താല്പര്യപ്പെട്ടില്ല. തരക്കേടില്ലെങ്കില്‍പ്പോലും വിതരണം റിസ്‌കാണെന്നതായിരുന്നൂ ന്യായം.

അവിടെയും രക്ഷയായത് രാജീവ് രവിയുടെ പരിചയവലയമാണ്. ലാല്‍ജോസിനോടുള്ള വ്യക്തിബന്ധം കാരണം അദ്ദേഹം രാജീവ് നിര്‍ദേശിച്ച പടമായ കിസ്മത്ത് കാണാന്‍ സമ്മതിച്ചു. കണ്ടശേഷം ലാല്‍ജോസ് പറഞ്ഞു, ഈ വര്‍ഷത്തെ പടങ്ങളെല്ലാം ഞങ്ങള്‍ ഫിക്‌സ് ചെയ്തു കഴിഞ്ഞതാണ്. എന്നാലും കിസ്മത്ത് നമുക്കു ചെയ്യാം. ആ വാക്കാണ് ഇന്നു ബാവക്കുട്ടിയെ കമ്പോളത്തിലും കലയിലും വിജയിച്ച കിസ്മത്തിന്റെ സംവിധായകനാക്കി ഐഎഫ്എഫ്‌കെയുടെ അങ്കണത്തിലും അകത്തളത്തിലും നിര്‍ത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ സമീപനത്തിലെ ചില കല്ലുകടികളാണ് ബാവക്കുട്ടിയുടെ മറ്റൊരു വേദനാനുഭവം. അത് ഓഫീസര്‍മാരുടെ സമീപനമായേ അദ്ദേഹം കണക്കാക്കുന്നുള്ളൂ. ചിത്രത്തിന് സംസ്ഥാനത്തൊരിടത്തും ചലച്ചിത്രവകുപ്പിന്റെ തിയറ്ററുകള്‍ കിട്ടിയതേയില്ല. ആദ്യത്തെ ആഴ്ച നാല്പതു കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത പടം രണ്ടാമാഴ്ച 125 തിയറ്ററുകളിലേക്കു പടര്‍ന്നപ്പോഴും കൈരളികളും ശ്രീകളും കിട്ടിയില്ല. ചിത്രാഞ്ജലി പാക്കേജില്‍ എടുത്ത പടമായിട്ടും അവര്‍ അവഗണിച്ചു. അതു വേദനയുളവാക്കി.

അതുപോലെ, ചിത്രാഞ്ജലിയിലെ നിര്‍മാണക്കാലവും നല്ല ഓര്‍മയല്ല ബാവക്കുട്ടിക്ക്. ഉദ്ദേശിക്കുന്ന രീതിയിലും സമയത്തും സ്റ്റുഡിയോ ലഭ്യമായില്ല. സര്‍ക്കാരില്‍നിന്ന്, അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഉള്ള അനുഭവമാണിത്. ഇത് ഇങ്ങനെയാണെങ്കില്‍പ്പിന്നെ ലാഭംമാത്രം നോക്കി സിനിമയെടുക്കുന്ന മുതലാളിമാരെ നാമെങ്ങനെ കുറ്റംപറയുമെന്നാണ് ബാവക്കുട്ടിക്ക് ആലോചിച്ചു തീരുമാനത്തിലെത്താന്‍ പറ്റാത്ത കാര്യം.

തന്നെ സിനിമക്കാരനാക്കിയത് അന്നയും റസൂലും രാജീവ് രവിയും പിന്നെ ഐഎഫ്എഫ്‌കെയുമാണെന്നാണ് ബാവക്കുട്ടിയുടെ സാക്ഷ്യം. ഐഎഫ്എഫ്‌കെയില്‍ ഇത് അഞ്ചാം വര്‍ഷമാണീ സംവിധായകന്. മുന്‍പ് നാലുവര്‍ഷവും ഇടിച്ചുകയറി സിനിമ കാണുന്ന സാധാരണ പ്രേക്ഷകരിലൊരാളായിരുന്നെങ്കില്‍, ഈ വര്‍ഷമത് സംവിധായകനായിട്ടാണെന്നു മാത്രം.

രാജമാണിക്യവും കൊടിയേറ്റവും ഒരുപോലെ ആസ്വദിച്ചുകാണുന്ന മനസ്സുള്ള ഈ സംവിധായകന് സിനിമകളെ വര്‍ഗീകരിക്കുന്നതില്‍ താല്പര്യമില്ല. എല്ലാ സിനിമകളും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വിനോദസിനിമകള്‍ തന്നെയാണെന്നു ബാവക്കുട്ടി കരുതുന്നു. ചിന്തിപ്പിക്കുന്ന സിനിമകളും ചിന്തിപ്പിക്കുന്നതിലൂടെ വിനോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണദ്ദേഹം പറയുക. തന്റെ ചിത്രം ചിന്തിപ്പിക്കുകയും ആ ചിന്തയുടെ സഞ്ചാരത്തിലുടനീളം ആളുകള്‍ രസിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടും.

തന്റെ സിനിമാസങ്കല്പത്തെപ്പറ്റി അന്വേഷിച്ചാല്‍ ബാവക്കുട്ടി വാചാലനാകുക, ഭരതന്റെയും പത്മരാജന്റെയും സിനിമകളുടെ കാലത്തെക്കുറിച്ചാണ്. കച്ചവടത്തില്‍ ഒരിക്കലും പിന്തള്ളപ്പെട്ടുപോകാതെ, എന്നാല്‍, മനുഷ്യജീവിതാവസ്ഥകളെ ഇത്രയും ഗാഢമായി പകര്‍ത്തിയ അധികം സംവിധായകരില്ലെന്നുതന്നെയാണ് ബാവക്കുട്ടിയുടെ പക്ഷം.സത്യത്തില്‍ തന്റെ ചിത്രം മലയാളസിനിമയില്‍ നീലക്കുയില്‍ മുതല്‍ എന്നു നിന്റെ മൊയ്തീന്‍ വരെയുള്ള സിനിമകള്‍ കൈകാര്യം ചെയ്ത വിഷയം തന്നെയാണു സ്വീകരിക്കുന്നതെന്നു ബാവക്കുട്ടി പറയുന്നു. ഭാവനാത്മകതയിലുള്ള വ്യതിയാനമാണു പക്ഷേ, തന്റെ സിനിമയെ വേറിട്ടതാക്കുന്നതെന്നും അദ്ദേഹം പറയും.

പോലീസ് സ്റ്റേഷനില്‍ ഒരുദിവസം രാവിലെ മുതല്‍ വൈകീട്ടുവരെ നടക്കുന്ന ഒന്നായിട്ടാണ് ഈ ചിത്രത്തിന്റെ രൂപശില്പം ഉള്ളത്. പാവപ്പെട്ടവരോടും വിമതമായ ചിന്ത ദീക്ഷിക്കുന്നവരോടും അധികാരം എങ്ങനെയാണു പെരുമാറുന്നതെന്നതാണ് അന്വേഷിക്കുന്നത്. ഒപ്പം, അറുപതു വയസ്സായിട്ടും കേരളം സ്ത്രീപുരുഷ ബന്ധത്തെ എത്രമാത്രം അടഞ്ഞുവികൃതമായ കണ്ണോടുകൂടിയാണു നോക്കിക്കാണുന്നതെന്നും.

പോലീസ് സ്റ്റേഷനിലെ കഥാഖ്യാനത്തിനൊപ്പം മെല്ലെ അനിതയുടെയും ഇര്‍ഫാന്റെയും അസാധാരണമായ പ്രേമപര്യടനം സിനിമയെ ഒരു നോണ്‍ലീനിയര്‍ ആഖ്യാനമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

ബാവക്കുട്ടി സിനിമകള്‍ ചെയ്തുകൂട്ടാനും കമ്പോളസിനിമയില്‍ ഒരു ജെയ്ന്റായി വളരാനും ആഗ്രഹിക്കുന്നില്ല. അനുഭവത്തിന്റെ പരിസരത്ത് ഇനിയും നല്ല ആശയങ്ങള്‍ വന്നുവീഴുമെന്നും അത് വല്ലാതെ അലട്ടുമ്പോള്‍ മാത്രം അടുത്ത സിനിമയെക്കുറിച്ചാലോചിക്കാമെന്നും അദ്ദേഹം കരുതുന്നു. വിജയിച്ച സിനിമയുടെ സംവിധായകനായതുകൊണ്ട് ഇപ്പോള്‍ ശ്രമിച്ചാല്‍ രണ്ടാമതൊരു പ്രൊജക്ട് എളുപ്പമായിരിക്കുമെന്ന് ആരും പറയാതെ തന്നെ ബാവക്കുട്ടിക്ക് അറിയാമായിരിക്കണം. പക്ഷേ, എല്ലാവരും പോകുന്ന ആ എളുപ്പവഴിയേ പോകാതിരിക്കാനാണ് ബാവക്കുട്ടി ആഗ്രഹിക്കുന്നത്. രാജീവ് രവിയെപ്പോലെ ആഴത്തില്‍ സ്പന്ദിക്കുന്ന സിനിമകളുടെ സംവിധായകനായി ഭാവിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് വര്‍ഗീകരണങ്ങള്‍ക്കു വഴങ്ങാത്ത നവസിനിമയുടെ ശക്തിയും ഓജസ്സും പ്രകടിപ്പിച്ചുകൊണ്ട് കാണിസമൂഹത്തിന് പുതിയ അനുഭവമാകുന്നു.

Read More >>