മുന്നോട്ട് നയിക്കുന്ന മോഹവലയം: ടി.വി.ചന്ദ്രന്‍

മോഹവലയം ആറു സിനിമകളെ ഉള്‍ക്കൊള്ളുന്ന ഒറ്റസിനിമയാണ്. അതാണതിന്റെ ആഖ്യാനത്തിന്റെ അടരുകളെ നിശ്ചയിക്കുന്ന ക്രാഫ്റ്റ്. ബഹ്‌റൈനിലെത്തുന്ന ഒരു ഫിലിംമേക്കറാണ് പ്രധാനകഥാപാത്രം- ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സ്വന്തം ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ടി.വി ചന്ദ്രന്‍ പറയുന്നു

മുന്നോട്ട് നയിക്കുന്ന മോഹവലയം: ടി.വി.ചന്ദ്രന്‍

ഫിലിം എടുക്കുക എന്നതുതന്നെ ടി.വി.ചന്ദ്രന് ഇഷ്ടപ്പെട്ട വിഷയമാണ്. ചലച്ചിത്രത്തോടും അത് ആവിഷ്‌കരിക്കുന്ന അനുഭവങ്ങളുടെ രൂപനിര്‍മാണത്തോടും അത്രയേറെ താല്പര്യം ഉള്ള ആളാകയാല്‍ മുന്‍പും അദ്ദേഹം സിനിമകളില്‍ സിനിമയെത്തന്നെ ലക്ഷ്യവും ഇരയും മാര്‍ഗവുമാക്കിയിട്ടുണ്ട്. ഡാനിയിലാണ് മമ്മൂട്ടി ഡാനിയാകുന്നതിനുമുന്‍പ് പ്രേക്ഷകരോട് പറയുന്നത്, അറിയാമല്ലോ, ഞാന്‍ മമ്മൂട്ടിയാണ് എന്ന്. അതുപോലെ, ആടുംകൂത്ത് എന്ന തമിഴ് ചിത്രത്തിലും സിനിമ ഒരു പ്രധാനസംഗതിയായി കടന്നുവരുന്നുണ്ട്.


സിനിമയ്ക്കു മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് കാലത്തിന്റെ മൂന്നവസ്ഥകളെയും (ഭൂതം, വര്‍ത്തമാനം, ഭാവി) ഒന്നിച്ച് കംപോസ് ചെയ്യാനാകുക എന്നത്. അത് സൂസന്നയിലും കഥാവശേഷനിലും അദ്ദേഹം എടുത്തുപെരുമാറുന്നുണ്ട്. അവയില്‍ കഥാവശേഷനിലേതാകട്ടെ, ഒരു പ്രകാരത്തില്‍ തിയോ ആന്‍ജലോ പൗലോയുടെ എറ്റേണിറ്റി ആന്റ് എ ഡേയോട് ഒരു വിദൂരഹസ്തദാനം കൂടിയാണ്.

മലയാളസിനിമയില്‍ ഒരുപക്ഷേ, ക്രാഫ്റ്റിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആലോചിക്കുകയും ആലോചനകളുടെ ഫലപ്രാപ്തി കൈവരിക്കുകയും ചെയ്ത ചലച്ചിത്രസംവിധായകന്‍ ടി.വി.ചന്ദ്രനായിരിക്കും. സിനിമ എന്ത് എടുക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ എടുക്കുന്നു എന്നതുകൂടിയാണ് എന്ന തന്റെ ചിന്തയുടെ ഉത്തരങ്ങളാണ് താനിതുവരെ എടുത്ത ഓരോ സിനിമയെന്നും ടി.വി.ചന്ദ്രന്‍ പറയും. അതിന്റെ അന്തിമമായ കൊടിയടയാളമാണ് മോഹവലയം. ശരിക്കും സിനിമയെടുക്കുന്നതിനെക്കുറിച്ച് ഒരു സിനിമ.


അത് കേവലം സിനിമയെടുക്കലിനെക്കുറിച്ചല്ല. സിനിമയെടുക്കലും എടുക്കപ്പെട്ടതോ എടുക്കാന്‍ സാധിക്കുന്നതോ ആയ സിനിമകളും എടുക്കാനിടയില്ലാത്ത സിനിമയും എല്ലാം ആഖ്യാനത്തിന്റെ ശരീരത്തില്‍ കൂടിക്കുഴയുകയും കെട്ടുപിണയുകയും ചെയ്യുന്ന ഒരു രീതിയും ശൈലിയുമാണ് മോഹവലയത്തെ കാഴ്ചയുടെ വലയമാക്കിത്തീര്‍ക്കുന്നത്. ഇത് സിനിമയെടുക്കലിനെക്കുറിച്ചുള്ള സിനിമയാണെന്ന് സംവിധായകന്‍ പറയുമ്പോള്‍ ഒരു വാക്യത്തിലൊതുക്കാനാകാത്ത അര്‍ത്ഥകാന്തി അതിനു വരുന്നത് സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുമ്പോഴാണ്.

ഒരു ഫിലിംമേക്കറും ഒരു കഥാപാത്രവും തമ്മിലുള്ള ഇന്ററാക്ഷനാണ് മോഹവലയത്തിന്റെ പ്രധാനപ്രതലം. ഫിലിംമേക്കര്‍ ഒരു കഥാപാത്രത്തെ കണ്ടെത്തി, രൂപപ്പെടുത്തുന്നതെങ്ങനെ എന്ന അന്വേഷണം. തിരിച്ച് ഈ കാരക്ടര്‍ എങ്ങനെ ഫിലിംമേക്കറെ ഔട്ട്‌ലൈന്‍ ചെയ്യുന്നു എന്ന വിപരീതചിന്തയും പ്രമേയത്തെ നിശ്ചയിക്കുന്നു. ഏതു കലാരൂപത്തിന്റെയും അന്വേഷണമാണിതെന്നും സ്രഷ്ടാവുപോയാലും കഥാപാത്രം നിലനില്ക്കുന്ന സങ്കീര്‍ണത സ്രഷ്ടാവിനെ കലുഷനാക്കുന്നുവെന്നും ടി.വി.ചന്ദ്രന്‍ പറയും.

ഒരര്‍ത്ഥത്തില്‍ താന്‍ ലോകസിനിമയ്ക്കു നല്കുന്ന പ്രണാമം കൂടിയാണ് മോഹവലയമെന്ന് പറയുക മാത്രമല്ല, അതിനെ വിശദീകരിക്കുകയും ചെയ്യും, സംവിധായകന്‍. പഴയ തലമുറയിലെ സിനിമാപ്രേമികളെ ആകര്‍ഷിച്ച പല മാസ്റ്റര്‍ പീസുകളും പീസുകള്‍ ആയി ഈ സിനിമയില്‍ ഉണ്ട്. ഹിച്ച്‌കോക്ക്, ചാപ്ലിന്‍, ഓര്‍സണ്‍ വെല്‍സ്, ഇന്‍ഗ്മെര്‍ ബെര്‍ഗ്മാന്‍ തുടങ്ങിയവരുടെ സിനിമകളുടെ കഷണങ്ങള്‍ അര്‍ത്ഥപൂര്‍ണമായി ഈ ചിത്രത്തില്‍ സംവിധായകന്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

മോഹവലയം ആറു സിനിമകളെ ഉള്‍ക്കൊള്ളുന്ന ഒറ്റസിനിമയാണ്. അതാണതിന്റെ
ആഖ്യാനത്തിന്റെ അടരുകളെ നിശ്ചയിക്കുന്ന ക്രാഫ്റ്റ്. ബഹ്‌റൈനിലെത്തുന്ന ഒരു ഫിലിംമേക്കറാണ് പ്രധാനകഥാപാത്രം. അയാളുടെ സിനിമയുടെ ഒരു ഭാഗമാണ് മോഹവലയത്തില്‍ വിലയംകൊള്ളുന്ന ഒന്നാംസിനിമ. പിന്നെ, ഈ സിനിമയെ ഉള്‍ക്കൊള്ളുന്ന നടപ്പുസിനിമയാണ് രണ്ടാംസിനിമ അഥവാ, ഗ്രാന്റ് സിനിമ. ഈ ഫിലിംമേക്കര്‍ പരിചയപ്പെടുന്ന രണ്ടു ചെറുപ്പക്കാര്‍, തങ്ങളെടുക്കാനാഗ്രഹിക്കുന്ന ഒരു സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അവരുടെ സംസാരത്തിലൂടെ വിരിയുന്ന ആ സിനിമയാണ് ഇതിലെ മൂന്നാംസിനിമ. ഒരു കഥാകൃത്ത് മനസ്സില്‍ക്കൊണ്ടുനടക്കുന്ന മറ്റൊരു സിനിമയും മോഹവലയത്തിന്റെ തരംഗങ്ങളില്‍ വീഴുന്നുണ്ട്. അതാണ് ഇതിലെ നാലാംസിനിമ. നായകനായ ഫിലിംമേക്കര്‍ ഈ കഥകളില്‍നിന്നു പ്രചോദിതനായി എടുക്കാനുദ്ദേശിക്കുന്ന സിനിമയാണ് അഞ്ചാംസിനിമ. താനാണ് ആ ഫിലിം വര്‍ക്കു ചെയ്യുന്നതെങ്കില്‍ ഉണ്ടാവുന്ന സിനിമയാണിത്. നേരത്തേ പറഞ്ഞ ചെറുപ്പക്കാര്‍ അവരുടെ മനസ്സിലെ സിനിമ ചെയ്തുവരുമ്പോള്‍ സ്വാഭാവികമായും മറ്റൊരു സിനിമയായാണതു പരിണമിക്കുന്നത്. അതാണ് മോഹവലയത്തിലെ ആറാം സിനിമ. ആ സിനിമയില്‍ കഥാപാത്രമായി മാറുന്നുണ്ട് ഫിലിംമേക്കര്‍.

ഇതാണ് മോഹവലയം എന്ന സിനിമയുടെ ഘടനാപരമായ നിര്‍മിതി. സിംഗിള്‍ നറേറ്റിവ് ശൈലിയെ അട്ടിമറിക്കുന്ന മള്‍ട്ടിപ്പിള്‍ നറേറ്റീവ് ശൈലി. എന്നാല്‍, എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന വലിയ ആഖ്യാനത്തിന്റെ നിലനില്പും. ഇന്നര്‍ നറേറ്റീവ് ബിയോണ്ട് നറേഷന്‍ എന്നു വിശേഷിപ്പിക്കും ഈ ക്രാഫ്റ്റിനെ സംവിധായകന്‍. അതൊരു തരത്തില്‍ മീഡിയവും മേക്കറും തമ്മിലുള്ള സംഘര്‍ഷാത്മകസംലയത്തിനിടയിലെ സംവാദമാണെന്നും.

ക്രാഫ്റ്റ് എന്നും തന്റെ ചിന്താവിഷയമാണെന്നും തന്റെ ഭാവനയുടെ ഇന്ധനം തന്നെ ഈ ചിന്തയാണെന്നും പറയുമ്പോള്‍ ടി.വി.ചന്ദ്രന്‍ അക്കാര്യം വ്യക്തമാക്കാന്‍ എലിയറ്റിനെയാണ് കൂട്ടുപിടിക്കുന്നത്. How it is എന്നു ബക്കറ്റ് കണ്ടന്റിനെപ്പറ്റിയും How it is done എന്നത് ഫോമിനെയും കുറിക്കുന്നതായി ബെക്കറ്റ് പറയുന്നതാണ് ടി.വി.ചന്ദ്രനെ സ്വാധീനിക്കുന്നത്. എപ്പോഴാണിതൊന്നാകുന്നതെന്നത് ഒരു സാക്ഷാല്‍ക്കാരരഹസ്യമാണ്. ഇത് കാണികള്‍ക്ക് ഈയളവില്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. അതുകൊണ്ടാകാം മോഹവലയമടക്കം തന്റെ ചില സിനിമകള്‍ കേരളത്തിലെ കമ്പോളവിപണിയില്‍ ചലനമുണ്ടാക്കാതെ പോയതെന്നും നിരാശയില്ലാതെ ടി.വി.ചന്ദ്രന്‍ പറയുന്നു. How ever beautiful a film may, if it doesn't further cinema, I will say it is a failure എന്ന് ആന്ദ്രേ ബസീന്‍ പറഞ്ഞതിനെ എടുത്തോതിക്കൊണ്ട്, തന്റെ ഭൂമിമലയാളത്തിനു പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ മണി കൗള്‍ പറഞ്ഞ ഒരുകാര്യം അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നുണ്ട് ടി.വി.ചന്ദ്രന്‍.

കൗള്‍ പറഞ്ഞതിങ്ങനെ:
ഈ ചിത്രം സിനിമയെ ഒരിഞ്ചു മുന്നോട്ടുനയിക്കുന്നുണ്ട്... അതാണ് ഈ സിനിമ എനിക്കിഷ്ടപ്പെടാന്‍ കാരണം...

അങ്ങനെ രൂപപരമായി സിനിമയെ ഒരിഞ്ചു മുന്നോട്ടുനയിക്കുകയും ഭാവപരമായി മനുഷ്യവംശത്തെ ഒരിഞ്ചു മുന്നോട്ടു നയിക്കുകയും ചെയ്യുന്നതാവണം തന്റെ ഓരോ സിനിമയെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിനുള്ള ഗാഢമായ ശ്രമം തന്നെയാണു മോഹവലയം.

ആടുംകൂത്ത് കൃഷ്ണന്‍കുട്ടിയെന്ന തന്റെ തന്നെ ആദ്യചിത്രത്തിനുള്ള ഒരു ചരമഗീതം കൂടിയായിരുന്നെന്നാണ് ടി.വി.ചന്ദ്രന്റെ പക്ഷം. കൃഷ്ണന്‍കുട്ടിയുടെ ഫിലിം തമിഴ്‌നാട്ടില്‍ വളയുണ്ടാക്കാന്‍ ഉപയോഗിക്കപ്പെട്ടതറിഞ്ഞ വിചിത്രാനുഭവപരിസരത്തിലാണ് അദ്ദേഹം ആടുംകൂത്ത് ഒരുക്കുന്നത്. അതിനുശേഷം ലോകസിനിമയുടെ മുന്നില്‍നിന്ന് മോഹവലയത്തിലൂടെ ചലച്ചിത്രപ്രണാമമര്‍പ്പിക്കുന്നു.

നല്ല സിനിമ കാണികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനു കാരണം ചലച്ചിത്രാസ്വാദനത്തിനു വേണ്ടത്ര പരിശീലനം ലഭ്യമാകാത്തതാണെന്നാണ് ടി.വി.ചന്ദ്രന്റെ നിരീക്ഷണം. എല്ലാ കലകളെയും ഉള്‍ക്കൊള്ളുന്ന നിത്യേന വളരുന്ന, അത്യദ്ഭുതസാങ്കേതികകലയായ സിനിമയെ തിരിച്ചറിയണമെങ്കില്‍ നല്ല പരിശീലനം ലഭിക്കണം. എന്നാല്‍, ഈ വാദം കേട്ട് ഇതൊരു എലീറ്റ് കണ്‍സെപ്റ്റ് ആണെന്നു മുന്‍ധാരണയോടെ വിധിച്ചുകളയരുതേ എന്നദ്ദേഹം അപേക്ഷിക്കുന്നു. ഐഎഫ്എഫ്‌കെയില്‍ സിനിമ കാണുന്നവര്‍ക്ക് മിനിമം ഇംഗ്ലീഷ് വായിച്ചുമനസ്സിലാക്കാനുള്ള പരിശീലനമെങ്കിലും ആവശ്യമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അതിനെ എതിര്‍ത്തു. സത്യത്തില്‍ അടൂര്‍ പറഞ്ഞതില്‍ വാസ്തവമുണ്ടെന്നാണ് തന്റെ അഭിപ്രായം എന്നും ടി.വി.ചന്ദ്രന്‍ പറയുന്നു.

സിനിമയ്ക്കു മരണമില്ലെന്നാണ് അവസാനമായി മോഹവലയവും അതിന്റെ സംവിധായകന്‍ ടി.വി.ചന്ദ്രനും പറയുന്നത്. തന്റെ സിനിമ സിനിമയുടെ അവസാനമല്ലെന്നും കഥകള്‍ ആവര്‍ത്തിക്കുമെങ്കിലും സിനിമ പുതുതായിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ മാജിക്കല്‍ നമ്പരാണ് മൂന്ന്. മൂന്നു നിറങ്ങള്‍, മൂന്നു കാലങ്ങള്‍... അങ്ങനെ. അതിന്റെ ഇരട്ടിപ്പാണ് തന്റെ സിനിമയിലെ ആറ്. മോഹവലയം സിനിമയെ ജീവിതവും കാലവുമായി കൂട്ടിയിണക്കി, ഒരേ സമയം ചലച്ചിത്രവും അചലച്ചിത്രവുമാകുന്നു. സിനിമയ്ക്ക് എന്തുരൂപവും കൈക്കൊള്ളാമെന്ന തിരിച്ചറിവില്‍നിന്നാണീ പരീക്ഷണം വരുന്നത്.

സിനിമയുടെ ജനപ്രിയതയെപ്പറ്റിയും ടി.വി.ചന്ദ്രന് ഉല്‍ക്കണ്ഠകളില്ല. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ ഒരു തിയറ്ററിലും കളിച്ചിട്ടില്ല. പക്ഷേ, മലയാളിയുടെ അനുഭവചരിത്രത്തില്‍നിന്ന് ആ സിനിമയെ എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. പൂണെയടക്കമുള്ളിടങ്ങളില്‍ ഫിലിം അപ്രിസിയേഷന്‍ കോഴ്‌സുകള്‍ ഈ ചിത്രം ആവര്‍ത്തിച്ചു കാണിക്കുന്നു. അതുപോലെ, ഋത്വിക് ഘട്ടക്കിന് ആകെ കിട്ടിയത് ഒരേയൊരു ദേശീയപുരസ്‌കാരം. അതും കഥയ്ക്ക് - ജുക്തി ഥപ്പോ ഓര്‍ ഗാപ്പോയ്ക്ക്. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മഹാനായ സാക്ഷാല്‍ക്കാരകന് കിട്ടിയ ഏകപുരസ്‌കാരം മികച്ച കഥയ്ക്ക്. അതുകൊണ്ടൊന്നും ഘട്ടക്കിന്റെ പ്രസക്തി മങ്ങുന്നില്ല. അതുകൊണ്ടുതന്നെ പുരസ്‌കാരങ്ങളോ കമ്പോളവിജയങ്ങളോ തന്നെ ആശ്വസിപ്പിക്കുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം ധീരപ്രഖ്യാപനം നടത്തുന്നു.

Image result for t.v chandran

നോവലില്‍ രൂപപരീക്ഷണം ഒരു ഓഥര്‍ക്കു പ്രധാനമായിരിക്കില്ല; പക്ഷേ, സിനിമയില്‍ രൂപം ആവര്‍ത്തിക്കുന്ന സംവിധായകന്‍ മൊണോട്ടണസായി അനുഭവപ്പെടുമെന്നാണ് ടി.വി.ചന്ദ്രന്റെ വാദം. ദസ്തയെവിസ്‌കിക്ക് രൂപം ആവര്‍ത്തിക്കാം. അദ്ദേഹത്തിന്റെ നോവലുകള്‍ സിനിമകളാക്കുന്ന സംവിധായകന് അതു പാടില്ല. ഇതാണാ ആദര്‍ശം. ആ ആദര്‍ശത്തിന്റെ സാക്ഷ്യപത്രങ്ങളാണ് ടി.വി.ചന്ദ്രന്റെ ഇതപര്യന്തമുള്ള സിനിമകള്‍. കഥാവശേഷനായാലും ഭൂമിയുടെ അവകാശികളായാലും ഭൂമിമലയാളമായാലും പൊന്തന്‍മാടയായാലും ഡാനിയായാലും ഓര്‍മകള്‍ ഉണ്ടായിരിക്കണമായാലും ശങ്കരനും മോഹനനുമായാലും ഇപ്പോള്‍, ഏറ്റവും ഒടുവില്‍ മോഹവലയമായാലും. മോഹവലയം എന്ന ഈ ചന്ദ്രവലയം എക്കാലവും കാണിയെ മോഹിപ്പിച്ചുകുഴക്കുന്ന സിനിമാവലയമായിത്തീരുന്നു.