മന്ത്രി ബാലന്‍ കണ്ട ദി നെറ്റ്: ഇത്തവണയും കിം മേളയുടെ താരം

ദേശീയ ഗാനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലൂടെ വിവാദത്തിലായ സാംസ്‌കാരിക മന്ത്രി ഏ. കെ ബാലന്‍ ചലച്ചിത്ര മേളയില്‍ കണ്ട സിനിമയാണ് കിംകി ഡുക്കിന്റെ ദി നെറ്റ്. കണക്കെടുപ്പ് നടത്തുന്നവര്‍ പറയുന്നു കിമ്മിന്റെ ദി നെറ്റ് എന്ന സിനിമയാണ് ഇത്തവണത്തെ ഏറ്റവും മികച്ച കാഴ്ചാനുഭവമെന്ന്. ദേശീയതയെയും അധികാരത്തെയും ആക്ഷേപിക്കുന്ന ദി നെറ്റിനെ കുറിച്ച്.

മന്ത്രി ബാലന്‍ കണ്ട ദി നെറ്റ്: ഇത്തവണയും കിം  മേളയുടെ താരം

മുഹമ്മദ് റാഫി .എന്‍ .വി

കിം കി ഡുക് ഇത്തവണ സാക്ഷാത്കരിച്ച സിനിമയ്ക്ക് ഭാവുകത്വപരമായും പ്രമേയപരമായും സൗന്ദര്യാത്മകമായും സ്വയം പുതുക്കലിന്റെ ഊര്‍ജമുണ്ട്.നോര്‍ത്ത് കൊറിയയിലെ മീന്‍പിടുത്തകാരനായ നാം ചുല്‍ വൂ വിന്റെ ജീവിതമാണ് നെറ്റ് എന്ന തന്റെ പുതിയ സിനിമയുടെ ഇതിവൃത്തത്തില്‍ രൂപകമായി ഡുക് സ്വീകരിച്ചത്.രണ്ടു കൊറിയകളില്‍ നിന്നും പുറന്തള്ളപ്പെട്ടു അസ്തിത്വ അതിജീവന പ്രതിസന്ധിയില്‍ അകപ്പെട്ടു പോയ നാംചുല്‍വൂ പ്രമേയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട അതിര്‍ത്തി, ദേശീയത, ഭരണകൂടം, ബ്യുറോക്രസി, സൈന്യം തുടങ്ങിയ കേന്ദ്രങ്ങള്‍ ഒരു സിവിലിയന്റെ മേല്‍ നടത്തുന്ന അധികാരപ്രയോഗങ്ങളെ പ്രശ്ന വത്കരിക്കുകയാണ് കിം കി ഡുക് ചെയ്യുന്നത്.


ലാല്‍ ദെത് അതിര്‍ത്തികളെ കുറിച്ച് സംസാരിക്കുന്നുവെന്ന സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത കവിതയെയും മണ്ണിനടിയില്‍ വെച്ച് പരസ്പരം കെട്ടിപ്പിടിക്കുന്നു തൊടില്ലെന്ന് കരുതി നാം അകറ്റി നട്ട മരത്തിന്റെ വേരുകള്‍ എന്ന വീരാന്‍ കുട്ടിയുടെ കവിതയിലെ വരികളെയും ഓര്‍മ്മിപ്പിക്കുണ്ട് ഈ സിനിമ. മലയാളിക്കുവേണ്ടി മലയാളി ചെയ്ത മലയാള സിനിമയെ പോലെ സൗന്ദര്യാത്മകമായി ചിത്രീകരിച്ച സിനിമ കൂടിയാണ് നെറ്റ്.

അതിര്‍ത്തികള്‍ ആര്‍ക്കു വേണ്ടി സൃഷ്ടിച്ചതായാലും അത് രാജ്യത്തെ സാധാരണ മനുഷ്യനു വേണ്ടിയല്ലെന്ന സന്ദേഹം കൂടിയാണ് നെറ്റിലെ രാഷ്ട്രീയ പ്രമേയം.ഇന്ത്യന്‍ ദേശീയത നാനാത്വത്തിലെ ബലാല്‍കൃതമായ ഏകതയാണ് എന്ന് ദേശീയതാ പഠനത്തിന്റെ വെളിച്ചത്തില്‍ ആരോപിക്കാമെങ്കില്‍ നോര്‍ത്ത് കൊറിയ സൗത്ത് കൊറിയ എന്ന വിഭജിത ദേശങ്ങള്‍ ഏകതയുടെ പിളര്‍പ്പാണ് എന്ന് സിനിമ രാഷ്ട്രീയം പറയുന്നു.

മീന്‍ പിടുത്തകാരനായ നാം ചൂല്‍ വൂ തന്റെ ബോട്ടിന്റെ എഞ്ചിന്‍ കേടായതിനെ തുടര്‍ന്ന് തന്റെ കൊറിയയില്‍ നിന്നും തന്റെതല്ലാത്ത കൊറിയ എന്ന് അധികാര കേന്ദ്രത്താല്‍ നിര്‍ണീതമായ പ്രദേശത്ത് എത്തുന്നതും ഒറ്റുകാരന്‍ എന്ന് മുദ്രകുത്തി അവിടുത്തെ സൈന്യം അയാളെ കസ്റ്റഡിയില്‍ എടുക്കുന്നതുമാണ് സിനിമയിലെ പ്ലോട്ട്.

തന്റെ കൊറിയയിലേക്ക് അവസാനം തിരിച്ചെത്തിയ നാം ചൂലിനെ സൗത്ത് കൊറിയയുടെ ഒറ്റുകാരനായി ഇവിടുത്തെ അധികാര കേന്ദ്രങ്ങളും പീഡിപ്പിക്കുന്നു.

കടല്‍ ആണ് സിനിമയിലെ രാഷ്ട്രീയ പശ്ചാത്തലമായി വരുന്നതെന്നുളളത് എടുത്തു പറയേണ്ടതാണ്. മനുഷ്യമനസ്സ് പോലെ അനന്തമായതെന്നു ഭൗതിക സ്ഥലങ്ങളായ ആകാശം കടല്‍ തുടങ്ങിയ ഇടങ്ങളില്‍ പോലും അതിര്‍ത്തികള്‍ നിര്‍മിക്കുന്ന മനുഷ്യാധിനിവേശത്തിന്റെ രാഷ്ട്രീയം തന്നെയായാണ് വല പൗരനു മേലുള്ള ഒറ്റുകാരന്റെ രൂപകമാവുന്നതും.

Story by