രാത്രികളിലെ വെളിച്ചങ്ങളായി ലോക സിനിമകള്‍

റോബര്‍ട്ട് ബ്രെസ്സണിന്റെ പോക്കറ്റടിക്കാരന്‍ (പിക്ക് പോക്കറ്റ്/1959), കഥാപാത്രങ്ങള്‍ എപ്രകാരമാണോ ക്യാമറയിലേക്കു നോക്കുന്നത് അതുപോലെ കാണികളെ ദൃശ്യത്തിലേക്കും ആഖ്യാനത്തിലേക്കും നോക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ്.

രാത്രികളിലെ വെളിച്ചങ്ങളായി ലോക സിനിമകള്‍

ജിപി രാമചന്ദ്രന്‍

ലോകസിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്ന സിനിമയാണ് ഫ്രാങ്കോയിസ് ത്രൂഫോയുടെ ജൂള്‍സ് ആന്റ് ജിം (1961). ന്യൂസ് റീല്‍ ഫൂട്ടേജുകള്‍, നിശ്ചല ഫോട്ടോകള്‍, മരവിപ്പിച്ച ഫ്രെയിമുകള്‍, പാനിംഗ് ഷോട്ടുകള്‍, വൈപ്പ്‌സ്, മാസ്‌ക്കിങ്, ഡോളി ഷോട്ട്‌സ്, പശ്ചാത്തലത്തില്‍ നിന്നുള്ള വിവരണം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ധാരാളമായി ഉപയോഗിച്ചുകൊണ്ട് സിനിമയുടെ ഭാഷയെ മാറ്റിമറിച്ച സിനിമ. സുഹൃത്തുക്കളായ ജൂള്‍സിനെയും ജിമ്മിനെയും ഒരേ സമയം പ്രണയിക്കുന്ന കാതറിനെ അവതരിപ്പിച്ചത് പ്രസിദ്ധ ഫ്രഞ്ച് നടിയായിരുന്ന ഴാങ് മോറെയായിരുന്നു. സ്വാഭാവികത പ്രകടിപ്പിക്കുന്നവളായിരിക്കെ തന്നെ അതീവമനോഹരിയാും ലൈംഗികവശീകരണത്വരയോടെയായിരിക്കെ തന്നെ ബുദ്ധിമതിയായും ന്യൂവേവിന്റെ സ്ത്രീസങ്കല്‍പത്തെ മോറെ ശാശ്വതവല്‍ക്കരിച്ചു എന്നു നിരൂപകര്‍ വാഴ്ത്തുകയുണ്ടായി.


റോബര്‍ട്ട് ബ്രെസ്സണിന്റെ പോക്കറ്റടിക്കാരന്‍ (പിക്ക് പോക്കറ്റ്/1959), കഥാപാത്രങ്ങള്‍ എപ്രകാരമാണോ ക്യാമറയിലേക്കു നോക്കുന്നത് അതുപോലെ കാണികളെ ദൃശ്യത്തിലേക്കും ആഖ്യാനത്തിലേക്കും നോക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ്. അത്ഭുതത്തിന്റെയും ഭീതീയുടെയും വേട്ടയാടലിന് വിധേയനാകുന്നതുകൊണ്ട്, എവിടെയും ഉറയ്ക്കാത്ത കണ്ണുകളുമായി നടക്കുന്ന ഒരാളെപ്പോലെയാണ് മുഖ്യ കഥാപാത്രമായ മിഷേലിനെ നാം പരിചയപ്പെടുന്നത്. അയാള്‍ക്ക് ഒരു പേഴ്‌സ് മോഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍, തന്നെ ആരും തിരിച്ചറിയരുതെന്നും അയാള്‍ക്കുദ്ദേശ്യമുണ്ട്. വൈകാരികതയും ശൈലിയുമില്ലാതെ വെറുതെ ശരീരചലനങ്ങള്‍ മാത്രമേ കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുള്ളൂ എന്ന ദര്‍ശനമാണ് ബ്രെസണിനെ വ്യത്യസ്തനാക്കുന്നത്. കഥാപാത്രത്തിന്റെ മുഖഭാവം കൊണ്ടല്ല ഭീതി സൃഷ്ടിക്കേണ്ടതെന്നും ആഖ്യാനത്തിന്റെയും ഇമേജറിയുടെയും ഭാഷകൊണ്ടായിരിക്കണമെന്നുമാണ് അദ്ദേഹം നിശ്ചയിക്കുന്നത്. അതുകൊണ്ട് സുന്ദരനോ വിരൂപനോ ഓര്‍മ്മിക്കത്തക്ക മുഖമുള്ള ആളോ ഇത്തരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. വ്യക്തമായും ധാര്‍മ്മിക പൊതുബോധത്തിനു പുറത്തു ജീവിക്കാന്‍ തീരുമാനിക്കുന്ന കഥാപാത്രം എന്നതാണ് പിക്ക്‌പോക്കറ്റിന്റെ സവിശേഷത. താന്‍ മറ്റുള്ളവരെക്കാളുമൊക്കെ മേന്മയുള്ളവനാണെന്ന തോന്നലാണയാളെ ഇതിലേക്കു നയിക്കുന്നത്. ശിക്ഷിക്കുമെന്ന ഭീതിയും അയാള്‍ക്കില്ല, ഇതു പിന്നീട് തെറ്റുന്നുണ്ടെങ്കിലും. ചിലപ്പോള്‍, പോക്കറ്റടിയെക്കുറിച്ചുള്ള ഒരു ഡോക്കുമെന്ററിയാണോ ഇതെന്നു നാം സംശയിക്കും. അത്ര സൂക്ഷ്മതയോടെയാണ് തീവണ്ടിയിലും മറ്റുമുള്ള പോക്കറ്റടി എന്ന സര്‍ഗാത്മകമായ അദ്ധ്വാനത്തെ ബ്രെസണ്‍ ചിത്രീകരിക്കുന്നത്.

ഗോദാര്‍ദ് സാമ്പ്രദായികമായ വ്യാഖ്യാനപ്രകാരം അര്‍ത്ഥങ്ങളൊന്നും ഉല്‍പാദിപ്പിക്കുന്ന ചലച്ചിത്രകാരനല്ല. പിയറെ ഗോസ് വൈല്‍ഡും (1965) അതേ അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്നതും ഒരര്‍ത്ഥത്തില്‍ കാണിയെ കളിപ്പിക്കുന്നതുമാണ് അതിന്റെ ആഖ്യാനം. എന്നാല്‍, ഗൊദാര്‍ദിന്റെ സിനിമകളോട് പ്രത്യേക പ്രതിപത്തി പുലര്‍ത്തുന്നവര്‍ക്ക്, ഏറെ പ്രധാനമാണ് ഈ സിനിമയും. 'ഇന്‍ സിനിമ, ദെയര്‍ ഈഈസ് നോ ഗോഡ്, ഒണ്‍ലി ഗോദാര്‍ദ്' എന്നൊക്കെ, ആരാധകരാല്‍ വാഴ്ത്തപ്പെടുന്ന ചലച്ചിത്രകാരനാണദ്ദേഹം. ഗൊദാര്‍ദ് സിനിമയെ വീണ്ടും കണ്ടെടുത്തു (Godard reinvented cinema) എന്നും പറയാറുണ്ട്.

വര്‍ണ്ണത്തിലും വൈഡ് സ്‌ക്രീനിലുമെടുത്ത ആദ്യത്തെ ഗോദാര്‍ദ് സിനിമയാണ് പിയറെ ലെ ഫോ. എന്നാല്‍; രാഷ്ട്രീയം, അമേരിക്കന്‍ സംസ്‌കാരം, അക്രമം, വിയറ്റ്‌നാം, സിനിമകള്‍ എന്നീ ഗോദാര്‍ദിയന്‍ താല്‍പര്യങ്ങള്‍ കൂടുതല്‍ ശക്തമായി കടന്നുവരുകയും പോകുകയും ചെയ്യുന്ന കഥാഗാത്രം സിനിമയുടെ അപാരസാധ്യതകള്‍ തുറന്നിടുന്നു. ഗോദാര്‍ദിന്റെ പ്രസിദ്ധമായ വീക്കെന്‍ഡിനു തൊട്ടുപുറകെയാണ് പിയറെ ലെ ഫോ പുറത്തു വന്നത്. ആ കള്‍ട്ട് സിനിമയിലെ ചില സൂചനകളും അതിന്റെ ലാഞ്ജനകളും ഈ സിനിമയിലും കാണാം. ഒരു സിനിമയെ വിമര്‍ശിക്കുകയെന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ തന്നെ ഒരു സിനിമ നിര്‍മിക്കുക എന്നാണെന്നും ഗോദാര്‍ദ് പറയുന്നുണ്ട്.

കുറോസാവയുടെ റാഷോമോണ്‍ എന്നതു പോലെ, കെന്‍ജി മിസോഗൂച്ചിയുടെ ഉഗെത്സു മൊണഗൊതാരിയും ലോകത്തെങ്ങും ജാപ്പനീസ് സിനിമയെക്കുറിച്ചു ബോധ്യപ്പെടുത്തിക്കൊടുത്ത ചരിത്രപരമായ സര്‍ഗാത്മക വിസ്മയമാണ്. ഒരു പ്രേതസിനിമയാണ് നാം കാണാന്‍ പോകുന്നത് എന്നുപോലും തിരിച്ചറിയാതെ നമ്മെ അമ്പരപ്പിക്കുന്ന ആഖ്യാനമാണ് ഉഗെത്സുവിന്റെ സവിശേഷത.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ കെജി ജോര്‍ജ് താന്‍ ആര്‍ജിച്ച പാഠ്യപദ്ധതിക്കും തുറന്നുസമ്മതിക്കുന്ന പടിഞ്ഞാറുനോട്ടത്തിനും അനുസൃതമായ പരീക്ഷണസിനിമയായ സ്വപ്‌നാടന(1975) മാണ് ആദ്യം പൂര്‍ത്തീകരിക്കുന്നത്. അതുവരെയുള്ള മലയാള സാഹിത്യ-സിനിമാ-നാടക പാഠങ്ങളിലൂടെ നമുക്ക് സുപരിചിതരായിരുന്നവരായിരുന്നില്ല കെജി ജോര്‍ജിന്റെ കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളായി പരിവര്‍ത്തനപ്പെടുത്തപ്പെട്ടപ്പോഴും അവരിലെ പരുക്കനോ മൃദുലമോ ആയ ഭാവങ്ങളും സ്വഭാവസവിശേഷതകളും നടപ്പു കാഴ്ചയുടെയും സദാചാരമൂല്യങ്ങളുടെയും പരിധിവൃത്തങ്ങളെ ലംഘിച്ചു. ഫ്രോയ്ഡിന്റെ സ്വപ്‌നവ്യാഖ്യാനത്തെ ഉപജീവിച്ചതെന്നു തോന്നിപ്പിക്കുന്ന സ്വപ്‌നാടനം പുരസ്‌കാരങ്ങളിലൂടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. ഗാനനൃത്തരംഗങ്ങളൊന്നുമില്ലാതെ തന്നെ മികച്ച വാണിജ്യവിജയം നേടാനായ സ്വപ്‌നാടനത്തില്‍ അസംപ്തൃത ദാമ്പത്യബന്ധത്തില്‍ നിരാശനായ ഗോപിയുടെയും അയാളുടെ മുറപ്പെണ്ണു കൂടിയായ ഭാര്യ സ്മിതയുടെയും കഥയാണുള്ളത്. തന്റെ അമ്മാവനും ഭാര്യാപിതാവുമായ വ്യക്തിയാണ് തന്നെ പഠിപ്പിച്ചു ജോലിക്കാരനാക്കിയത് എന്നതുകൊണ്ട് അയാളോടുള്ള വിധേയത്വവും ഗോപിയുടെ മാനസികാസ്വാസ്ഥ്യത്തിന് നിദാനമാവുന്നു. തന്റെ കലാലയജീവിതത്തിലെ പ്രണയബന്ധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഫ്‌ളാഷ്ബാക്കായി കടന്നുവരുന്ന സിനിമയിലവസാനം ഗോപി മാനസികരോഗാശുപത്രിയിലടക്കപ്പെടുന്ന ദുരന്താത്മകമായ അന്ത്യമാണുള്ളത്. ഈ സിനിമകള്‍ സമ്മാനിക്കുന്ന രാവെളിച്ചങ്ങള്‍ കാഴ്ചക്കാര്‍ക്ക് ലോകസിനിമയില്‍ വഴിവിളക്കുകളായിത്തീരുന്നുവെന്നു നിശ്ചയം.