ദ കമ്യൂണ്‍: അരാജകമല്ല, ഈ വിചാരശില്‍പം

അരാജക ജീവിതമല്ല, മറിച്ച് ഒരു സാധാരണ കുടുബജീവിതത്തിന്റെ ശൈലിയില്‍ മുന്നോട്ടുപോകുന്ന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞിരിക്കുന്നു സിനിമ.

ദ കമ്യൂണ്‍: അരാജകമല്ല, ഈ വിചാരശില്‍പം

കെ പി രാജേഷ്

തോമസ് വിന്റര്‍ ബര്‍ഗിന്റെ 'ദ ഹണ്ട്' കണ്ട പ്രേക്ഷകര്‍ കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന ഒന്നായിരിക്കും 'ദ കമ്യൂണ്‍'. സ്വന്തം കുടുംബവീട്ടില്‍ തിരിച്ചെത്തുന്ന ആര്‍ക്കിടെക്റ്റ് പ്രൊഫസര്‍, ഭാര്യയുടെ നിര്‍ദ്ദേശത്തില്‍ സമാന മനസ്‌കരുടെ ഒരു കമ്യൂണ്‍ സൃഷ്ടിച്ച് ജീവിതം നയിക്കുന്നതിലാണ് കഥാരംഭം. വിവിധ രാഷ്ട്രീയ അഭിപ്രായങ്ങളുള്ള, ജീവിതത്തെക്കുറിച്ചു വ്യത്യസ്ത കാഴ്ചപ്പാടുള്ള കുറച്ചു സുഹൃത്തുക്കളെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നു. അരാജക ജീവിതമല്ല, മറിച്ച് ഒരു സാധാരണ കുടുബജീവിതത്തിന്റെ ശൈലിയില്‍ മുന്നോട്ടുപോകുന്ന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞിരിക്കുന്നു സിനിമ.


കമ്യൂണിലെ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചുവരുന്നതായും ഒരു സാധാരണകുടുംബം എന്ന രീതിയിലേക്ക് അവരുടെ ദൈനംദിനചര്യകള്‍ മാറുന്നതായും നമുക്കു കാണാം. പ്രൊഫസര്‍ക്ക് ഒരു വിദ്യാത്ഥിയോടുണ്ടാകുന്ന അടുപ്പവും അതിനെത്തുടര്‍ന്ന് കമ്യൂണ്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ പ്രധാനതന്തു. ടെലിവിഷന്‍ വാര്‍ത്താ അവതാരകയായ ഭാര്യ കമ്യൂണ്‍ ലിവിങ് എന്ന ആശയം പരീക്ഷിക്കുന്നതില്‍ തല്‍പരയാണ്. അവരുടെ കൗമാരക്കാരിയായ മകള്‍ പല വിഷയങ്ങളിലും ഒരു കൗമാരക്കാരിയേക്കാള്‍ തന്മയത്വത്തോടെ തീരുമാനങ്ങളെടുക്കുന്നു. സിനിമയുടെ ആദിമധ്യാന്തം ഭാവാത്മാകമായ നിലയില്‍ ഈ പതിനാലുകാരിയുടെ നിറസാന്നിധ്യമുണ്ട്.

1970 കളിലും 1980 കളിലും ഡെന്മാര്‍ക്കില്‍ സ്വാഭാവികമായിരുന്ന സോഷ്യലിസ്റ്റ് കമ്യൂണില്‍ നടക്കുന്ന ചില മുഹൂര്‍ത്തങ്ങളെ ഭംഗിയായി ആവിഷ്‌കരിക്കുന്നു ഈ സിനിമ. പ്രധാന കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ കുടുബത്തിലെ പ്രശ്‌നങ്ങള്‍ക്കപ്പുറം കഥാമര്‍മം ഒരു കമ്യൂണ്‍ എന്ന ആശയത്തെ സ്പര്‍ശിക്കുന്നോ എന്ന് പലപ്പോഴും നമ്മള്‍ സംശയിച്ചേക്കാം. വാര്‍ത്താ അവതാരകയുടെ വേഷം മനോഹരമായിത്തന്നെ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഉപകഥകളില്‍ പലതിനും പ്രധാന കഥാസന്ദര്‍ഭവുമായി ഇഴുകിച്ചേരാന്‍ കഴിയാത്തത് ചെറിയ അരുചി ഉണ്ടാക്കുമെങ്കിലും ആ വലിയ വീട്ടിലെ ബഹളങ്ങളും സംഭാഷണങ്ങളും ആഘോഷങ്ങളും ആക്രോശങ്ങളും മിഴിവോടെ ഒപ്പിയെടുക്കാന്‍ കാമറയ്ക്ക് സാധിച്ചിട്ടുണ്ട്. വീട്ടില്‍ നീണ്ടുനില്‍ക്കുന്ന ക്രിസ്മസ് ആഘോഷവും പാട്ടുമെല്ലാം പ്രേക്ഷകരെ സിനിമയില്‍ പിടിച്ചിരുത്തുന്ന കഥപറച്ചിലിന് സഹായിക്കുന്നുണ്ട്.

കമ്യൂണിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് കൃത്യമായ ഭാഗധേയം നല്‍കാത്തത് ചെറിയ രീതിയില്‍ കഥയെ ബാധിക്കുന്നു. എങ്കിലും വികാരഭരിതമായ ചില മുഹൂര്‍ത്തങ്ങള്‍ കുടുബചിത്രത്തിന്റെ തനതുശൈലിയില്‍ ചിത്രീകരിക്കാന്‍ വിന്റര്‍ ബര്‍ഗിനു സാധിച്ചിട്ടുണ്ട്. കമ്യൂണിലെ മറ്റു അംഗങ്ങള്‍ക്ക് പിന്നാമ്പുറത്തെ ചര്‍ച്ചകള്‍ക്കും ഊണുമേശയില്‍ നടത്തുന്ന ചില ചര്‍ച്ചകള്‍ക്കും അപ്പുറമുള്ള ഒരു സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ കമ്യൂണ്‍ എന്ന സങ്കല്‍പം കൂടുതല്‍ അനുഭവവേദ്യമാകുമായിരുന്നു. എന്നിരിക്കിലും ഉടനീളം കാണികളെ സിനിമയോടു ചേര്‍ത്തുനിര്‍ത്തിയുള്ള കഥ പറച്ചില്‍ ശ്രദ്ധിക്കപ്പെടാതെ പോകില്ല എന്നുറപ്പ്.