നെരൂദയെ പിന്തുടരുന്ന കല്‍പ്പിത പോലീസ്

നെരൂദ എന്ന സിനിമ യാഥാര്‍ഥ്യത്തില്‍ നിന്ന് എടുത്ത അയഥാര്‍ഥമായ ഒരു കഥയാണ്. കാവ്യത്മകമായ ഈ സിനിമയുടെ രചയിതാവായ ഗിലര്‍മോ കാള്‍ഡറോണ്‍ യാഥാര്‍ഥത്തില്‍ ശ്രദ്ധേയമാകുന്നത് മുഴുനീളം കാവ്യാത്മകമായ സംഭാഷണങ്ങള്‍ നിലനിര്‍ത്തുന്നതിലാണ്.

നെരൂദയെ പിന്തുടരുന്ന കല്‍പ്പിത പോലീസ്

ഡിക്‌സണ്‍ ജോര്‍ജ്

പാബ്ലോ നെരൂദയ്ക്ക് ഒരു കീരിയുണ്ടായിരുന്നു. കിരിയാ എന്നായിരുന്നു അതിന്റെ പേര്. ഒരു ദിവസം രാവിലെ അതിനെ കാണാതായപ്പോള്‍ അദ്ദേഹം പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. കിരിയാ എന്ന പേരുള്ള എന്റെ കീരിയെ കിട്ടുന്നവര്‍ തിരിച്ചു നല്‍കുക. അദ്ദേഹം ശ്രീലങ്കയില്‍ ചിലിയുടെ അംബാസഡര്‍ ആയിരുന്നപ്പോള്‍ സംഭവിച്ചതാണിത്. ഇതിനെക്കുറിച്ച് 'മെമോയ്‌സ്' എന്ന ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ പാബ്ലോ ലറേന്‍ സംവിധാനം ചെയ്ത 'നെരൂദ' എന്ന സിനിമ കാണുമ്പോള്‍ ഈ കീരിയുടെ കാണാതാകല്‍ ഒരു സാങ്കല്‍പ്പിക സംഭവമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം. ഒരു ആഘോഷവേളയില്‍ നെരൂദ കവിത ചൊല്ലുകയാണ്. അയാളെ ഉമ്മ വെയ്ക്കാനും കെട്ടിപിടിക്കാനും കിടപ്പറ പങ്കുവയ്ക്കാനും തയ്യാറായി നിരവധി സ്ത്രീ ആരാധകര്‍. അദ്ദേഹം ഷാംപെയിന്‍ നുകരുകയാണ്. ഒരു വിപ്ലവത്തില്‍ കവിക്ക് എന്തു സ്ഥാനമാണുള്ളത്. കവിയുടെ വാക്കുകളെ എന്തിനാണു ഭയക്കുന്നത്. നെരൂദ എന്ന സിനിമ യാഥാര്‍ഥ്യത്തില്‍ നിന്ന് എടുത്ത അയഥാര്‍ഥമായ ഒരു കഥയാണ്. കാവ്യത്മകമായ ഈ സിനിമയുടെ രചയിതാവായ ഗിലര്‍മോ കാള്‍ഡറോണ്‍ യാഥാര്‍ഥത്തില്‍ ശ്രദ്ധേയമാകുന്നത് മുഴുനീളം കാവ്യാത്മകമായ സംഭാഷണങ്ങള്‍ നിലനിര്‍ത്തുന്നതിലാണ്. ഇതിലെ വില്ലന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഓസ്‌കാര്‍ പെലൂഷിനോ എന്ന കഥാപാത്രം യഥാര്‍ത്ഥത്തിലുണ്ടോ? അദ്ദേഹം ഒരിക്കല്‍ പറയുന്നു- ഞാന്‍ ഒരു പോലീസുകാരനാണ്, എന്നാല്‍ കവിതകള്‍ ആസ്വദിക്കുകയും ചെയ്യും.

നെരൂദയുടെ കവിതകളും ഇദ്ദേഹം അനുധാവനം ചെയ്യുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പോലീസുകാരനുണ്ടോ? ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പെലൂഷിനോ എന്ന പോലീസുകാരന് ഒരു വേശ്യ സ്ത്രീയില്‍ ജനിച്ച മകന്‍. എന്നാല്‍, താന്‍ ഭരണകൂടഭീകരതയുടെ സൃഷ്ടിയാണെന്ന് നെരൂദ കരുതുന്നു. 1948 ല്‍ ഗബ്രിയല്‍ ഗോണ്‍സാലസ് വിദെല ചിലിയുടെ ഏകാതിപതിയായി വാഴുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകളെ അറസ്റ്റ് ചെയ്യാനും ഇല്ലാതാക്കാനും തീരുമാനിക്കുന്നു. നെരൂദ അപ്പോള്‍ സെനറ്ററാണ്. ഒളിവില്‍ പോകാന്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഉപദേശിക്കുന്നു. എന്നാല്‍ ഒളിവില്‍ പോകില്ലെന്ന് നെരൂദ വാശി പിടിക്കുന്നു. ജയിലിലോ ഒളിവിലോ എവിടെയാണ് പാബ്ലോ ശക്തനാവുക? പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. ഒളിവിലിരുന്ന് നെരൂദ കവിത എഴുതുന്നു. അദ്ദേഹത്തിന്റെ കറുത്ത മഷിയെ ഭരണകൂടം ഭയക്കുന്നു. നെരൂദയെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും പെലൂഷിനോയെ നിയോഗിക്കുന്നു.

ഇവിടെയാണ് പെലൂഷിനോയുടെ അസ്ഥിത്വത്തെക്കുറിച്ച് കാണികള്‍ക്കു സംശയം ഉയരുന്നത്. എലിയും പൂച്ചയും കളി. യഥാര്‍ഥ്യമോ നെരൂദയുടെ സൃഷ്ടിയോ? ഒളിവിലും നെരൂദ വേശ്യാലയങ്ങല്‍ ചുറ്റിക്കറങ്ങുന്നു. മദ്യപിച്ച് കവിത ചൊല്ലുന്നു. ഒളിവു വേളയിലാണ് അദ്ദേഹം പ്രശസ്തമായ 'കാന്റോ ജനറല്‍' എഴുതുന്നത്. കവിത ടൈപ്പ് ചെയ്യുന്ന സ്ത്രീയെ അദ്ദേഹം തലോടുകയും അവളത് ആസ്വദിക്കുകയും ചെയ്യുന്നു. 30 കവിതകളടങ്ങിയ ഈ സമാഹാരത്തിലെ ഓരോ കവിതയും ഓരോ എന്‍വലപ്പിലാക്കി മറ്റൊരാളെക്കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. 'കാന്റോ ജനറല്‍' വിപ്ലവത്തിന്റെ ഊര്‍ജ്ജമായി മാറുന്നു.

നെരൂദയുടെ കഥയാണെങ്കിലും ഇതിന്റെ നരേഷന്‍ പെലൂഷിനോയുടെ ശബ്ദത്തിലാണ്. ഒരിക്കല്‍ ക്യാപ്റ്റന്‍ അഗസ്റ്റോ പിനാഷെ നെരൂദയോട് ചോദിക്കുന്നു, നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? ഇല്ലെന്ന് നെരൂദ. എന്നാല്‍ അല്‍പം ആലോചിട്ട് അദ്ദേഹം പറഞ്ഞു: നിരവധിപേരെ എന്റെ കവിതകള്‍കൊണ്ട് ഞാന്‍ കൊന്നിട്ടുണ്ട്. ചിലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടാമത്തെ ശ്രമത്തില്‍ നെരൂദ അതിര്‍ത്തി കടക്കുന്നു. അയാളെ അനുധാവനം ചെയ്ത് നെരൂദയുടെ കഥാപാത്രമായ പെലൂഷിനോ കൂടെയുണ്ട്.

ലറെയ്‌നും കാള്‍ഡറനും നെരൂദയെ പ്രത്യേക തരത്തിലുള്ള ഒരു കഥാപാത്രമായി മാറ്റിയിരിക്കുകയാണ്. സിനിമ യഥാതഥമായി ചിലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരത്തെ വിലയിരുത്തുമ്പോഴും നെരൂദ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ പുതിയ തലത്തിലേയ്ക്കു മാറ്റിയെടുക്കുകയാണിവിടെ. നെരൂദയോട് ഒരിക്കല്‍ ചോദിക്കുന്നു നിങ്ങളെ പിന്തുടരുന്നത് ആരാണ്? ആരുമില്ലായെന്ന് നെരൂദ പറയുന്നു. അപ്പോഴേയ്ക്കും മരിച്ചുകഴിഞ്ഞിരുന്ന പെലൂഷിനോ ശവപ്പെട്ടിക്കുള്ളിലിരുന്ന് നെരൂദയുടെ മനസ്സിലേയ്ക്ക് പ്രവേശിക്കുകയാണ്. പറയൂ, പറയൂ ഓസ്‌കാര്‍ പെലൂഷിനോ. നെരൂദ ആ പേരു പറയുമ്പോഴേക്കും താനൊരു രണ്ടാംതരം കഥാപാത്രമല്ലെന്നും താനില്ലാതെ നെരൂദയ്ക്ക് അസ്ഥിത്വമില്ലെന്നും ഓസ്‌കര്‍ ആശ്വസിക്കുന്നു. നെരൂദയെ അവതരിപ്പിച്ച ലൂയിസ് നെക്കോയും ഓസ്‌കാര്‍ പെലൂഷിനോയെ അവതരിപ്പിച്ച ഗയില്‍ ഗാര്‍ഷ്യ ബര്‍ണലും നെരൂദയുടെ ഭാര്യ ഡെലിയ ഡെല്‍ കരിലായി വന്ന മെര്‍സഡസ് മോര്‍നും മികച്ച അഭിനയം കാഴ്ചവെച്ചു. ഒപ്പം സെര്‍ജിയോ ആംസ്‌ട്രോങ്ങിന്റെ കാമറയും മിഴിവുറ്റതായി.