പ്രതിച്ഛായയ്ക്കപ്പുറം വയ്ദ

പോളിഷ് ചിത്രകാരനായ വ്‌ളാടിസ്ലാവ് സ്‌ട്രെമിന്‍സ്‌കിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം, കലാകാരന്‍ ഭരണകൂടങ്ങളോട്, പ്രത്യേകിച്ചും ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളോട് പൊരുതുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ കഥ കൂടിയാണ്.

പ്രതിച്ഛായയ്ക്കപ്പുറം വയ്ദ

കെ പി രാജേഷ്

ആന്ദ്രെ വയ്ദയുടെ അവസാന ചിത്രമാണ് 'ആഫ്ടര്‍ ഇമേജ്'. പോളിഷ് ചിത്രകാരനായ വ്‌ളാടിസ്ലാവ് സ്‌ട്രെമിന്‍സ്‌കിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം, കലാകാരന്‍ ഭരണകൂടങ്ങളോട്, പ്രത്യേകിച്ചും ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളോട് പൊരുതുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ കഥ കൂടിയാണ്. സെസ്ലാ മിലോസിന്റെ കാപ്ടീവ് മൈന്‍ഡ് (Captive Mind) എന്ന പുസ്തകം സ്റ്റാലിന്റെ കാലഘട്ടത്തില്‍ വിവിധ പോളിഷ് കലാകാരന്മാര്‍ അധികാരത്തോടു പൊരുതുകയും സമരസപ്പെടുകയും ചെയ്തതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇസ്തവാന്‍ സാബോയുടെ 'മേഫിസ്‌ടോ' ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുന്ന മറ്റൊരു ചിത്രമാണ്. പോളിഷ് ചിത്രകലയുടെ അമരക്കാരില്‍ ഒരാളായിരുന്നു സ്‌ട്രെമിന്‍സ്‌കി.


അദ്ദേഹത്തിന്റെ ഭാര്യയും ശില്‍പിയുമായ കാതറീന കൊബ്രോ അദ്ദേഹത്തോളം തന്നെ പോളിഷ് കലാരംഗത്തെ അമരക്കാരില്‍ ഒരാളായിരുന്നു. രോഗഗ്രസ്തയായി മരണക്കിടക്കയില്‍ കഴിയുന്ന അവര്‍, ചിത്രകാരന്റെ മകള്‍, അയാളുടെ ഒരു വിദ്യാര്‍ത്ഥി, ചില സുഹൃത്തുക്കള്‍ ഇവരാണ് പ്രധാനമായും കഥാപാത്രങ്ങള്‍. അധികാരവുമായി കലഹിക്കുന്ന സ്‌ട്രെമിന്‍സ്‌കിയെ ഭരണകൂടം കലയില്‍ നിന്നടര്‍ത്തി മാറ്റി ജീവിതം ദുസ്സഹമാക്കുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത അദ്ദേഹം ഒടുവില്‍ ഉപജീവനം എന്നാ സമസ്യ പൂരിപ്പിക്കാനാവാതെ ജീവിതത്തോട് അടിയറവു പറയുന്നു.

സ്‌ട്രെമിന്‍സ്‌കിയുടെ ചിത്രരചനയുടെ നല്ല കാലഘട്ടത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കപ്പുറം ആഴത്തിലുള്ള ഒരു സമീപനം കല, കാലഘട്ടം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉണ്ടാകുന്നില്ല എന്നതൊരു പോരായ്മയായി തോന്നാം. എന്നാല്‍ വയ്ദയുടെ കൈയൊപ്പുള്ള രംഗങ്ങള്‍ സിനിമക്കു മുതല്‍ക്കൂട്ടാകുന്നുണ്ട്. സ്റ്റാലിന്റെ ചിത്രമുള്ള ചുവന്ന പതാക തന്റെ ജനലിലൂടെ കാന്‍വാസിനെ ചുവന്നതാക്കുമ്പോള്‍ ക്രച്ചസ് ഉപയോഗിച്ച് അതു കീറി കാന്‍വാസിനു വെളിച്ചമെത്തിക്കുന്ന രംഗം മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്. ഫുഡ് സ്റ്റാളുകളില്ലാതെ ഭക്ഷണം വാങ്ങാനാവാതെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചിത്രകാരന്‍ ഉപജീവനം നഷ്ടപ്പെടുത്തി മനുഷ്യനെ ഒന്നുമല്ലാതാക്കാനുള്ള അധികാരത്തിന്റെ കഴിവിന്റെ പ്രതിഫലനമാണ്.

സ്‌ട്രെമിന്‍സ്‌കിയുടെ കലയെപ്പറ്റിയും പ്രതാപകാലത്തെപ്പറ്റിയും കൂടുതല്‍ പരാമര്‍ശങ്ങളും രംഗങ്ങളും ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ആശയ സംവേദനം സാധ്യമാകുമായിരുന്നു എന്നതൊരു ന്യൂനതയാണ്. എന്നിരിക്കിലും മണ്‍മറഞ്ഞ പ്രതിഭാശാലിയായ സംവിധായകന്റെ അവസാനചിത്രം എന്ന നിലയിലും അധികാരം പാപ്പരാക്കിയ കലയില്‍ സമ്പന്നനായ ഒരു ചിത്രകാരന്റെ ജീവിതകഥ എന്ന നിലയിലും ആഫ്ടര്‍ ഇമേജ് കാലിക പ്രസക്തിയുള്ള ചിത്രമാകുന്നു. വിശേഷിച്ച് ലോകമെമ്പാടും ഏകാധിപത്യ പ്രവണതകള്‍ വീണ്ടും വെരോടുന്ന ഈ കാലത്ത്.