ലാലേട്ടാ, പരദേശിയായില്ല... പാക്കിസ്ഥാനില്‍ പോയുമില്ല; ഇബ്രാഹിം ഈ മണ്ണില്‍ അലിഞ്ഞു

പാക്കിസ്ഥാനിലേയ്ക്ക് പോകൂ, എന്ന് ഓരോ മുസ്ലിം പേരുകാരോടും ആക്രോശിക്കുന്നവര്‍ അറിയുക ലാലേട്ടന്റെ ഹൃദയത്തില്‍ പതിഞ്ഞ ഇബ്രാഹിം, ഇന്ത്യന്‍ പൗരനായി ജീവിക്കാന്‍ നടത്തിയ പോരാട്ടത്തിന്റെ കഥ.

ലാലേട്ടാ, പരദേശിയായില്ല... പാക്കിസ്ഥാനില്‍ പോയുമില്ല; ഇബ്രാഹിം ഈ മണ്ണില്‍ അലിഞ്ഞുഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ പോ ചങ്ങാതി
പെരുവഴി കണ്‍മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍

(എന്‍എന്‍ കക്കാട്, വഴി വെട്ടുന്നവര്‍ എന്ന കവിതയില്‍ നിന്ന്)

അബുസലിമാണ് പാക്കിസ്ഥാനിലേയ്ക്ക് താന്‍ നാടുകടത്താന്‍ കൊണ്ടുപോയ ഇബ്രാഹിമിന്റെ കഥ മോഹന്‍ലാലിനോട് പറഞ്ഞത്. ലാലിന്റെ ഹൃദയം ഇബ്രാഹിമിനെ നോവോടെ കേട്ടു. ആ ജീവിതം മോഹന്‍ലാലിന്റെ നിര്‍മ്മാണത്തില്‍ 'പരദേശി'യെന്ന സിനിമയായി- ആയിരം ഇബ്രാഹിമുകള്‍ക്കായി.

വടകര വെളളിക്കുളങ്ങര ചല്ലിക്കുളത്തില്‍ ഇബ്രാഹിം(62) വ്യാഴ്ച മരിച്ചു. കബറടക്കുന്നതിനു മുന്‍പ് പോലീസുകാര്‍ പലതവണ വീട്ടില്‍ വന്നു മരണം ഉറപ്പിച്ചു. പാകിസ്ഥാന്‍ പാസ്പോര്‍ട്ട് കൈയ്യിലുളളതിനാല്‍ പാക് പൗരന്‍ എന്ന പേരില്‍ ഏറെക്കാലം അധികാരികളാല്‍ വേട്ടയാടപ്പെട്ടതിനു ശേഷമായിരുന്നു മരണം.

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുവെന്ന കുറ്റം ചുമത്തി 2013 ജൂലൈ 31 ന് നാടുകടത്താന്‍ വാഗാ അതിര്‍ത്തിയിലേയ്ക്ക് അധികൃതര്‍ ഇബ്രാഹിമിനെ കൂട്ടിക്കൊണ്ടു പോയി. പൗരത്വവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇബ്രാഹിമിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്. മതിയായ രേഖകള്‍ ഇല്ലെന്നും കാട്ടി പാക് അധികൃതര്‍ ഇബ്രാഹീമിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. തിരിച്ചെത്തിയ ഇബ്രാഹീമിന് ജീവിതം സുഗമമായിരുന്നില്ല. കോടതിയുടെ പരിധി വിട്ടു പോകരുതെന്ന കര്‍ശന ഉപാധികളോടെ വടകര കോടതി ഇബ്രാഹീമിന് ജാമ്യം അനുവദിച്ചു. റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയിലെ പേരുകള്‍ കാണിച്ചായിരുന്നു താന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ പൗരത്വത്തിനായി ഇബ്രാഹിം പോരാട്ടം ശക്തമാക്കിയത്.

അന്ന്‌ ഇബ്രാഹിമിനെ അതിര്‍ത്തി കടത്താന്‍ കൊണ്ടു പോയത് സിനിമാതാരം അബു സലിമായിരുന്നു. അന്ന് താമരശേരിയില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു അബു സലിം. കരള്‍ നോവുന്ന മരണമെന്നായിരുന്നു ഇബ്രാഹിമിന്റെ മരണത്തെ അബുസലിം വിശേഷിപ്പിച്ചത്. 2007 ഒക്ടോബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പരദേശിയ്ക്ക് നിമിത്തമായതും ഇബ്രാഹിമിന്റെ ജീവിതമായിരുന്നു. ആ ചിത്രത്തില്‍ അബു സലിമിനും വേഷമുണ്ടായിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തെ അതിര്‍ത്തി കടത്താന്‍ കൊണ്ടു പോകുന്ന ഡിവൈഎസ്പിയായിട്ടായിരുന്നു അബു സലിം ചിത്രത്തില്‍ വേഷമിട്ടത്. സിനിമയില്‍ കാണുന്നതിനെക്കാള്‍ നോവുന്ന അനുഭവങ്ങളെ കുറിച്ച് അബു സലിം പറഞ്ഞു തുടങ്ങുന്നു.

abusalim

നിരപരാധിയായിരുന്നിട്ടും കുറ്റവാളിയായി നരകയാതന അനുഭവിച്ച് മരണം


നാടോടിക്കാറ്റിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ജീവിതമായിരുന്നു ഇബ്രാഹിമിന്റേത്. പാസ്പോര്‍ട്ടും വിസയും ഒന്നുമില്ലാതെ ഗള്‍ഫില്‍ പോകാന്‍ ഉരുവില്‍ കയറിയ ഇബ്രാഹിം കറാച്ചിയില്‍ ആണ് എത്തിയത്. മുംബൈയില്‍ നിന്നാണ് ഇബ്രാഹിം ഗള്‍ഫിലേയ്ക്കുളള ഉരുവില്‍ കയറിയത്. 21 വയസു മാത്രമായിരുന്നു പ്രായം. കറാച്ചിയില്‍ എത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായത്. അവിടെ കുറെ നാള്‍ ജോലി ചെയ്തു. ചായക്കട നടത്തി കറാച്ചിയിലെ ജീവിതം മടുത്തപ്പോള്‍ പ്രിയപ്പെട്ടവരെ കാണമെന്നു തോന്നി. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമായത് വലിയ തിരിച്ചടിയായി. ആരുടെയോ സഹായത്തോടെ പാകിസ്ഥാന്‍ പാസ്പോര്‍ട്ടും വിസയും കൊണ്ട് നാട്ടിലെത്തിയതാണ് വിനയായത്.

[caption id="attachment_64943" align="alignleft" width="197"]d1 ചല്ലിക്കുളത്തില്‍ ഇബ്രാഹിം[/caption]

മതിയായ രേഖകളിലാതെ ഇന്ത്യയില്‍ തങ്ങിയതിന് ഭരണകൂടം ഇബ്രാഹിമിനെ പിടികൂടി. പാകിസ്ഥാന്‍ പൗരത്വം കയ്യിലുളളതിനാല്‍ നിയമപരമായി ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടത് ഇബ്രാഹിമിന്റെ ആവശ്യമായിരുന്നുവെന്ന് അബു സലിം പറയുന്നു. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ഇബ്രാഹിമിനു കഴിയാതെ പോയി. വാഗ അതിര്‍ത്തിയില്‍ കൊണ്ടു പോയി നാടു കടത്താനായിരുന്നു തീരുമാനം. രാജസ്ഥാനില്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്ന ഇബ്രാഹിം തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. താമരശേരിയില്‍ സബ് ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കുമ്പോള്‍ റൂറല്‍ എസ്പി വിക്രം സാര്‍ നിയോഗിച്ചത് അനുസരിച്ചായിരുന്നു ഇബ്രാഹീമിനെ നാടുകടത്താന്‍ താനും ഹെഡ് കോണ്‍സ്റ്റബിളും രണ്ടും പോലീസുകാരും ചേര്‍ന്ന് പാക് അതിര്‍ത്തിയിലേയ്ക്ക് തിരിച്ചതെന്ന് അബു സലിം പറയുന്നു.
അയാളുടെ നിരപരാധിത്വം എനിക്കു വ്യക്തമായിരുന്നു. അയാളുടെ കണ്ണുകളില്‍ നിരാശയും കടുത്ത വേദനയും എനിക്ക് വായിച്ചറിയാന്‍ സാധിക്കുമായിരുന്നു. ഞാനും ഡിപ്പാര്‍ട്ടുമെന്റും നിസഹായകരായിരുന്നു.

നിയമത്തിന്റെ കണ്ണില്‍ പാകിസ്ഥാന്‍ പൗരന്‍ ആയതു കൊണ്ടാണ് അയാളെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ടു പോയി വിട്ടത്. മതിയായ രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പാക് അധികൃതര്‍ തിരിച്ചയച്ചു. കോടതിയുടെ കാരുണ്യം അയാള്‍ക്കൊപ്പമുണ്ടായി. കാലങ്ങളോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഇബ്രാഹിമിന് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയായിരുന്നു. ഇബ്രാഹിമിന്റെ പൗരത്വ പ്രശ്നം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയായിരുന്നു.

നാട്ടിലെത്തിയപ്പോള്‍ തന്നെ ഇബ്രാഹിമിനെ പൗരത്വ പ്രശ്നം വേട്ടയാടാന്‍ തുടങ്ങിയിരുന്നു. പോലീസ് പിടികൂടുമോയെന്ന് പേടിച്ചായിരുന്നു ജീവിതം. പോലീസ് അന്വേഷിച്ച് എത്തിയതോടെയാണ് രാജസ്ഥാനിലേയേക്ക് നാടുകടന്നത്. ഒമ്പതു വര്‍ഷത്തെ ഒളി ജീവിതത്തിനു ശേഷം ഗുരുതര അസുഖം പിടിപെട്ടപ്പോഴാണ് നാട്ടില്‍ എത്തിയത്. ആരോ ഒറ്റിക്കൊടുത്തു അറസ്റ്റുണ്ടായി. തുടര്‍ന്നാണ് 2003 ല്‍ വാഗാ അതിര്‍ത്തിയില്‍ കൊണ്ടു പോയി വിട്ടത്.

ഈ അനുഭവങ്ങള്‍ സിനിമ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാലിനോട് ഞാന്‍ പങ്കു വയ്ക്കുകയും പരദേശി എന്ന ചിത്രം രൂപം കൊളളുകയും ചെയ്യുകയായിരുന്നു.
പിടി കുഞ്ഞിമുഹദ്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നൊമ്പരക്കാഴ്ചയായിരുന്നു. ഇബ്രാഹിമിന്റെ ജീവിതം സ്‌ക്രീനില്‍ വരച്ചിടാന്‍ മോഹന്‍ലാല്‍ തന്നെ നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞു.
11sd1മലബാര്‍ മേഖലയില്‍ ഇത്തരത്തിലുളള നിരവധിയാളുകളാണ് ഇത്തരത്തില്‍ നരകയാതന അനുഭവിച്ച് ജീവിക്കുന്നത്. ഇബ്രാഹിമിനെ പോലുളള നിരവധിയാളുകളായിരുന്നു ഈ ചിത്രമെടുക്കാന്‍ പ്രചോദനമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ് നാരദാ ന്യൂസിനോട് പറഞ്ഞു. ജനിച്ച മണ്ണിന്റെ പൗരത്വത്തിനും ജനിച്ച മണ്ണില്‍ ജീവിക്കാനുളള അവരുടെ ത്വരയും ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. അവര്‍ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാകുന്നതും ചിത്രത്തില്‍ കൃത്യമായി അവതരിപ്പിക്കാന്‍ ഇബ്രാഹിമിനെ പോലെയുളളവരുടെ അനുഭവങ്ങളാണ് തുണയായെന്ന് പിടി കുഞ്ഞിമുഹമ്മദ് പറഞ്ഞു. പോലീസിന് കൈക്കൂലി നല്‍കിയും നിയമയുദ്ധം നടത്തിയമാണ് അതിജീവനത്തിനു വേണ്ടി ഇവര്‍ പോരാട്ടം നടത്തിയത്. എപ്പോഴെങ്കിലും നാടുകടത്തുമോ എന്ന ഭയം മൂലം മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്ന ഇവരുടെ ജീവിതം മോഹന്‍ലാലും ജഗതിശ്രീകുമാറും അടങ്ങുന്ന താരനിര കൃത്യമായി തിരശ്ശീലയില്‍ പകര്‍ന്നാടി. ഒരു നിയമവും ഭരണകൂടവും സഹായത്തിനില്ലാതെ ഒടുവില്‍ പാക് പൗരന്‍മാരായി മുദ്രകുത്തപ്പെട്ടവര്‍ നാടുകടത്തുന്ന ചിത്രത്തിലെ സന്ദര്‍ഭങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് കൈക്കൊണ്ടതാണെന്നും കുഞ്ഞിമുഹമ്മദ് പറയുന്നു.

[caption id="attachment_64945" align="aligncenter" width="600"]ചല്ലിക്കുളത്തില്‍ ഇബ്രാഹിം ചല്ലിക്കുളത്തില്‍ ഇബ്രാഹിം[/caption]

മീന്‍ വിറ്റും മാനസിക സമ്മര്‍ദ്ദത്തിലും അവസാന നാളുകള്‍

റേഷന്‍ കാര്‍ഡില്‍ നിന്ന് ഇബ്രാഹിമിന്റെ പേരു വെട്ടിമാറ്റിയ സിവില്‍ സപ്ലൈസ് അധികൃതരുടെ നടപടിയും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇതിനു വേണ്ടി നിരവധി നിയമപോരാട്ടങ്ങളും ഇബ്രാഹിം നടത്തി. കുറച്ചു കാലമായി മത്സ്യവില്‍പന നടത്തി ജീവിച്ചു വരുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഓര്‍ക്കാട്ടേരി ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.

യാതോരു കളളത്തരവും മനസില്‍ ഇല്ലാത്തതു കൊണ്ടാകും ഉപ്പ സ്വന്തം പേരില്‍ തന്നെ പാകിസ്ഥാന്‍ പാസ്പോര്‍ട്ടിനു അപേക്ഷിച്ചത്. ഉപ്പയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതു പോലീസുകാരായിരുന്നു. വളരെയേറെ ഉപ്പ അനുഭവിച്ചിട്ടുണ്ടെന്ന് മകള്‍ ഹന്ന നാരദാ ന്യൂസിനോട് പറഞ്ഞു. എന്തിനാണ് ഇങ്ങനെയെന്നെ നരികിപ്പിക്കുന്നത് പടച്ചോനെയെന്ന് ഉപ്പ നിലവിളിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. അബു സലിം മാത്രമായിരുന്നു കരുണയോടെ പെരുമാറിയിരുന്നതെന്ന് ഉപ്പ പലപ്പോഴും പറഞ്ഞിരുന്നു. മീന്‍ വിറ്റായിരുന്നു അവസാന കാലം ജീവിച്ചത്. കഴിഞ്ഞ ആഴ്ചയും മീന്‍ വില്‍ക്കാന്‍ പോയിരുന്നു. . ഉമ്മ ചെറുപ്പം മുതല്‍ പശുവിനെ പോറ്റിയും വീട്ടുപണി ചെയ്തുമാണ് ഞങ്ങളെ പോറ്റിയത്. ഏറ്റവും ഇളയ മകള്‍ അന്‍ഷീറയുടെ വിവാഹ സ്വപ്നം ബാക്കിയാക്കിയാണ് ഉപ്പ യാത്രയായയത്.

Read More >>