നോട്ടു നിരോധനം; ലക്ഷങ്ങളെ അണി നിരത്തി എൽഡിഎഫ് മനുഷ്യച്ചങ്ങല

തിരുവനന്തപുരം മുതൽ കാസർഗോടുവരെയുള്ള 700 കിലോമീറ്റർ ദൂരമാണ് ജനങ്ങൾ കൈ കോർത്തത്.

നോട്ടു നിരോധനം; ലക്ഷങ്ങളെ അണി നിരത്തി എൽഡിഎഫ് മനുഷ്യച്ചങ്ങല

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലിയിൽ കേന്ദ്രസർക്കാർ വരുത്തിതീർത്ത പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. തിരുവനന്തപുരം മുതൽ കാസർഗോടുവരെയുള്ള 700 കിലോമീറ്റർ ദൂരമാണ് ജനങ്ങൾ കൈ കോർത്തത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ രാജ്ഭവനു മുന്നിൽ മനുഷ്യച്ചങ്ങലയിൽ അണി നിരന്നു.


തൊഴിൽ ചെയ്കിട്ടും കൂലി കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധ്വനിച്ചുണ്ടാക്കിയ പണം അനുഭവിക്കാനാവാത്ത അവസ്ഥയാണിപ്പോൾ ജനം അഭിമുഖീകരിക്കുന്നത്. ജോലി തേടി കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തിരികെ മടങ്ങിയ മട്ടാണ്. നോട്ട് നിരോധനത്തെ വിമർശിച്ച എംടി വാസുദേവൻ നായരെ ആർഎസ്എസുകാർ സാമ്പത്തിക ശാസ്ത്രം അറിയില്ലെന്നു പറഞ്ഞ് അക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭായിയോം ബഹനോം എന്നു തൊള്ളകീറി വിളിച്ചുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും. സമ്പദ്ഘടനയെ അല്ല ജനങ്ങളെയാണ് മോദി ക്യാഷ്ലെസാക്കിയതെന്നും വിഎസ് പറഞ്ഞു. രണ്ടുവർഷംകൂടി കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പുവരും അന്ന് ജനങ്ങൾ മോദിയെ വീട്ടിലിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോട്ടു നിരോധത്തെതുടർന്നുണ്ടായ പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇനിയും മാസങ്ങളോളം നോട്ട് അച്ചടിച്ചാൽ മാത്രമേ നോട്ട് പ്രതിസന്ധിക്ക് ശമനമാകൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കോർപ്പറേറ്റ് അജൻഡ നടപ്പിലാക്കാനാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ അത്താണിയായ സഹകരണബാങ്കുകളെ നോട്ടുക്ഷാമം തകർത്തെന്നും കാനം കൂട്ടിച്ചേർത്തു.

Read More >>