സംഘപരിവാറിനെ ആഞ്ഞടിച്ച് മനുഷ്യച്ചങ്ങലയിലെ പ്രതിജ്ഞ

ജനാധിപത്യാധികാരം നിരുത്തരവാദപരമായി പ്രയോഗിച്ചതാണ് നോട്ട് നിരോധനമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയേയും ഒറ്റ രാത്രി കൊണ്ട് സ്തംഭിപ്പിച്ചുവെന്നും ഏറ്റുചൊല്ലുന്നതാണ് ഇടതു മുന്നണി ഇന്ന് കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യ ചങ്ങല. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏറ്റു ചൊല്ലുന്ന പ്രതിജ്ഞ പൂര്‍ണ്ണമായി വായിക്കാം

സംഘപരിവാറിനെ ആഞ്ഞടിച്ച് മനുഷ്യച്ചങ്ങലയിലെ പ്രതിജ്ഞ


നോട്ട് നിരോധനത്തിനെതിരെ കേരളത്തില്‍ ഇടതു മുന്നണി നടത്തുന്ന മനുഷ്യ ചങ്ങലയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പൂര്‍ണ്ണരൂപം:


ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച

ജനാധിപത്യാധികാരം

നിരുത്തരവാദപരമായി പ്രയോഗിച്ച്

രാജ്യത്ത് അരക്ഷിതാവസ്ഥ

സൃഷ്ടിക്കുന്ന നടപടികളേയും,

രാജ്യത്തിന്റെ സമ്പദ്ഘടനയെ

ഒരൊറ്റ രാത്രികൊണ്ട് സ്തംഭിപ്പിച്ച്

ജനജീവിതം താറുമാറാക്കിയ

പ്രഖ്യാപനങ്ങളേയും,

ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ

അവരുടെ സമ്പത്ത് അവര്‍ക്ക്

ഉപയോഗിക്കുവാന്‍ സര്‍ക്കാരിന്റെ

അനുവാദം വേണമെന്ന് പറയുന്ന

അമിതാധികാര ധാര്‍ഷ്ട്യത്തേയും

ഞങ്ങള്‍ തിരിച്ചറിയുന്നു.


നോട്ട് നിരോധനം കൊണ്ട്

കഷ്ടപ്പെടുന്ന തൊഴിലാളികളും,

ചെറുകിട കച്ചവടക്കാരും, കര്‍ഷകരും,

കര്‍ഷകത്തൊഴിലാളികളും, ദിവസ

വേതനക്കാരും ഉള്‍പ്പെടെയുള്ള

മുഴുവന്‍ ജനതയോടും

ഞങ്ങള്‍ ഐക്യദാര്‍ഢ്യപ്പെടുന്നു.


അധ്വാനിച്ച് നേടിയ വേതനം

പിന്‍വലിക്കാന്‍ കഴിയാതെ ട്രഷറിക്കു

മുന്നില്‍ ബുദ്ധിമുട്ടിയ സര്‍ക്കാര്‍

ജീവനക്കാരോടും പെന്‍ഷന്‍കാരോടും

ഞങ്ങള്‍ ഐക്യദാര്‍ഢ്യപ്പെടുന്നു.


കറന്‍സി പിന്‍വലിക്കല്‍ മൂലം

ജനങ്ങളനുഭവിക്കുന്ന ദുരിതം ഒരു

പരിധിവരെ ദൂരീകരിക്കാന്‍

കേരളത്തിലെ സഹകരണ

ബാങ്കുകള്‍ക്ക് കഴിയുമായിരുന്നുവെന്ന്

ഞങ്ങള്‍ മനസ്സിലാക്കുന്നു

എന്നാല്‍ അതിന് അനുവദിക്കാത്ത കേന്ദ്ര

സര്‍ക്കാര്‍ നടപടി അങ്ങേയറ്റം

പ്രതിഷേധാര്‍ഹമാണെന്ന്

ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.


നോട്ടസാധുവാക്കലിന്റെ മറവില്‍

കേരളത്തിലെ ശക്തമായ സഹകരണ

പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള

സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ

ഞങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു.


കോര്‍പ്പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും

സംരക്ഷണം തീര്‍ക്കുന്ന

നയത്തിന്റെ മറുപുറത്ത്

ദുര്‍ബലനും പണിയെടുക്കുന്നവനും

പ്രാന്തവത്കരിക്കപ്പെട്ടവരും

അവരുടെ ചെറുസമ്പാദ്യം

വിനിയോഗിക്കുന്നതിന്

വിലക്കുകള്‍ തീര്‍ക്കുന്ന മോദി

സര്‍ക്കാര്‍ നിലപാടുകളോടുള്ള

എതിര്‍പ്പിന്റെ സമരമുഖത്ത്

ഒരേ ചേതനയോടെ നിശ്ചയദാര്‍ഢ്യത്തോടെ

ഒരുമിച്ച് നാം അണിനിരക്കുന്നു.


സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ

സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍

എന്നും താങ്ങായി നില്‍ക്കുന്ന

ജനകീയ പ്രസ്ഥാനമായ

സഹകരണ മേഖലയെ സംരക്ഷിക്കുമെന്നും,

മഹത്തായ ഈ രാജ്യത്തിന്റെ മതനിരപേക്ഷ

ഭൂമികയുടെ കാവലാളായ ഞങ്ങള്‍,

കേന്ദ്രസര്‍ക്കാര്‍ നാടിന്റെ

പൈത്യകങ്ങള്‍ക്കെതിരേയും

ജനങ്ങളുടെ ജീവിക്കാനുള്ള

അവകാശങ്ങള്‍ക്ക് നേരെയും നടത്തുന്ന

കടന്നാക്രമണങ്ങളില്‍ പതറില്ലെന്നും

ഇത്തരം എല്ലാ അതിക്രമങ്ങളേയും

ഒരേ മനസ്സോടെ

എതിര്‍ത്തു തോല്‍പ്പിക്കുമെന്നും

ഈ ജനകീയ ശൃംഖലയില്‍

കണ്ണിചേര്‍ന്ന് പ്രതിജ്ഞ ചെയ്യുന്നു.


''പ്രതിജ്ഞ......പ്രതിജ്ഞ...........പ്രതിജ്ഞ''