രാഹുൽ പരാജയമായി തുടരുമ്പോഴും പ്രിയങ്ക രാഷ്ട്രീയത്തിൽ വേണ്ടെന്ന് സോണിയ കരുതാനുള്ള കാരണങ്ങൾ

പ്രിയങ്കയ്ക്ക് രാഷ്ട്രീയത്തിലിറങ്ങാൻ നല്ല താല്പര്യമുണ്ട്. രാഹുൽ തുടർന്നാൽ കോൺഗ്രസിന് പതിനഞ്ചു കൊല്ലത്തിനപ്പുറം ദേശീയായുസ്സുണ്ടാവില്ലെന്ന് നേതാക്കൾ സോണിയയെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സോണിയ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം തടയുന്നതിനു പിന്നിലെ കാരണങ്ങൾ.

രാഹുൽ പരാജയമായി തുടരുമ്പോഴും പ്രിയങ്ക രാഷ്ട്രീയത്തിൽ വേണ്ടെന്ന് സോണിയ കരുതാനുള്ള കാരണങ്ങൾ

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങാൻ മടിക്കുന്നതിന് അധികാരവൃത്തങ്ങളിൽ പല കാരണങ്ങൾ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, ജൻപഥിലെ പത്താംനമ്പർ വീട്ടിൽ നിന്നു ലഭിക്കുന്ന വിശ്വസനീയമായ വിവരം മറ്റൊന്നാണ് - പ്രിയങ്കയ്ക്ക് രാഷ്ട്രീയത്തിലിറങ്ങാൻ നല്ല താല്പര്യമുണ്ട്. മാത്രമല്ല, സമീപകാല ദുർഗതിയിൽ നിന്ന് കോൺഗ്രസിനെ കരകേറ്റാൻ തനിക്ക് അവസരം നൽകണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷയായ സോണിയ ഗാന്ധിയോട് പലകുറി പ്രിയങ്ക അഭ്യർത്ഥിച്ചിട്ടുമുണ്ട്.


ഈ വാർത്താ ഉറവിടം മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ അതൃപ്തരാണ്. പാർട്ടിയെ നയിക്കണമെന്ന് അവർ പലകുറി പ്രിയങ്കയോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും, സോണിയ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തിന് ഇതേവരെ സമ്മതം മൂളിയിട്ടില്ല.


കോൺഗ്രസ്  വൈസ്  പ്രസിഡണ്ട് രാഹുൽ ഗാന്ധി ഇതുവരെ മിന്നുകെട്ടാൻ തയ്യാറാവാത്തതിനു പിന്നിലെ കാരണവും ഈ സ്രോതസ്സ് വെളിപ്പെടുത്തുന്നു: പലപ്പോഴും രാഹുലിനെ വിവാഹത്തിന് നിർബന്ധിച്ചതാണ് സോണിയ. എന്നാൽ രാഹുൽ അമ്മയുടെ ആവശ്യം നിരാകരിക്കുകയാണ്. രാഹുൽ ഒരിന്ത്യക്കാരിയെ കല്യാണം കഴിക്കണമെന്നാണ് സോണിയയ്ക്ക് ആഗ്രഹം. എന്നാൽ, ഒരു വിദേശത്തുകാരിയുമായി ബന്ധത്തിലാണ് രാഹുൽ. രാഷ്ട്രീയ പശ്ചാത്തലംകൊണ്ടുതന്നെ, സോണിയയ്ക്ക് ഇത് സ്വീകാര്യമല്ല. അതുകൊണ്ട് രാഹുൽ അമ്മയോട് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത് ഇതാണ് - പെട്ടെന്നൊന്നും പെണ്ണുകെട്ടാൻ താൻ ഒരുക്കമല്ല; കുറച്ചുകൂടിക്കാലം അവിവാഹിതനായി തുടരാനാണ് തനിക്ക് കൂടുതൽ താൽപര്യം.


രാഹുലിനെക്കൊണ്ട് കല്യാണം കഴിപ്പിച്ച് ഗാന്ധി കുടുംബത്തിലേക്ക് കൊണ്ടുവരണമെന്ന് താൻ ആഗ്രഹിക്കുന്ന രണ്ട് സാധ്യതാ വധുക്കളെ സോണിയ കണ്ടുവച്ചിരുന്നു. ജമ്മു കശ്മീരിലെ ഒരു പ്രമാണി മുസ്ലിം രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് ഇതിലൊരാൾ. ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിച്ചിറങ്ങിയതാണിവർ. മധ്യപ്രദേശ് കാഡറിലെ മുതിർന്ന ഐ.പി.എസ്. ഓഫീസറുടെ മകളാണ് മറ്റൊരാൾ. രണ്ട് ആലോചനകളും രാഹുൽ തള്ളുകയായിരുന്നു. ഒരു കൊളംബിയക്കാരിയുമായി ബന്ധത്തിലായിരുന്നു രാഹുൽ അപ്പോൾ. അവർക്കൊപ്പമാണ് ഒരവധിക്കാലത്ത് രാഹുൽ കേരള മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടിരുന്നത്. ആലപ്പുഴയിൽ കായലിൽ ഒരു ഹൗസ് ബോട്ടിലാണ് രാഹുലും കൂട്ടുകാരിയും ഫോട്ടോയിൽ പെട്ടത്. കർണ്ണാടകത്തിലെ മുൻമന്ത്രി ടി. ജോണിന്റെ മകൻ പോളിന്റെ ഉടമസ്ഥതയിലുള്ള പോൾ ഇൻ റിസോർട്ടിൽ വച്ചായിരുന്നു അത്.


ഇന്ത്യൻ സംസ്കാരത്തിന് നിരക്കാത്തതെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ സംഭവം അന്ന് വിവാദമായി. പ്രിയങ്ക കേരളത്തിൽ കുതിച്ചെത്തി. യുവതി തന്റെ സുഹൃത്താണെന്ന് പൊതുജനമുമ്പാകെ പ്രത്യക്ഷപ്പെട്ട് സ്ഥാപിച്ച് പ്രിയങ്ക ആ വിവാദത്തീയണച്ചു. ബൈക്ക് ഹരമായ രാഹുൽ രാത്രിയേറെ വൈകി ജൻപഥിൽനിന്ന് ഇന്ത്യാ ഗേറ്റിലേക്ക് വണ്ടിയോടിച്ചെത്തിയ മറ്റൊരു സംഭവവുമുണ്ടായിരുന്നു. അഫ്ഘാനിസ്ഥാനിലെ ഒരു പ്രധാന കുടുംബത്തിലെ ഒരു പെൺസുഹൃത്തിനൊപ്പമായിരുന്നു ഇത്. ഈ ബന്ധങ്ങളെയൊന്നും രാഹുലിന്റെ അമ്മ സമ്മതിച്ചുകൊടുത്തിരുന്നില്ലെന്നും വാർത്താ ഉറവിടം വെളിപ്പെടുത്തുന്നു.


തനിക്കുതന്നെ സമയമില്ലാതിരിക്കെ ഒരാളെ കല്യാണം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുവരുന്നതെങ്ങനെയെന്നാണ് സോണിയയോടുള്ള രാഹുലിന്റെ ചോദ്യം. ഈ അഭിപ്രായ വ്യത്യാസമാണ് നാൽപ്പതു കഴിഞ്ഞിട്ടും രാഹുൽ രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതനായി തുടരുന്നതിനുപിന്നിൽ. രാഹുലിന്റെ ഭാവിയെക്കുറിച്ച് സോണിയക്ക് ആധിയുണ്ട്. അതുകൊണ്ടവർ രാഹുൽ വിവാഹിതനായിക്കാണണമെന്നും കോൺഗ്രസിന്റെ സാരഥ്യമേറ്റെടുത്ത് ഭാവി സുരക്ഷിതമാക്കണമെന്നും ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ പോക്കുവച്ചു നോക്കിയാൽ രാഹുലിന്റെ ഭാവി അനിശ്ചിതത്വം നിറഞ്ഞതാണ്. രാഹുലാണ് തലപ്പത്തെങ്കിൽ പതിനഞ്ചു കൊല്ലത്തിനപ്പുറം കോൺഗ്രസ് ദേശീയ പ്രസക്തിയുള്ള രാഷ്ട്രീയ പാർട്ടിയായി തുടരാനിടയില്ലെന്ന് സോണിയയെയും മുതിർന്ന നേതാക്കളെയും പ്രശാന്ത് കിഷോർ വരെ ജാഗ്രതപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താ സ്രോതസ്സ് വെളിപ്പെടുത്തുന്നു.


കഴിഞ്ഞ തെരഞ്ഞെടുപ്പ് അപായകരമായ സൂചനയാണ് നൽകിയിരിക്കുന്നത്. മുതിർന്ന നേതാക്കൾ സോണിയയോട് ഇതിലുള്ള വേവലാതി പങ്കിട്ടിട്ടുണ്ട്. സഹോദരനിൽനിന്ന് അധികാരം പ്രിയങ്ക കയ്യാളണമെന്ന ആവശ്യം സർവകാല ഉയരത്തിലാണിന്ന്. താൻ ശയ്യാവലംബിയാവുന്ന കാലംവരെ രാഹുലിനെ കോൺഗ്രസിന്റെ അടുത്ത മുഖമായി തുടരാൻ അനുവദിക്കണമെന്നാണ് നേതാക്കളോട് സോണിയ അഭ്യർത്ഥിക്കുന്നതെന്നാണ് 10-ജൻപഥിൽനിന്ന് ലഭിക്കുന്ന വിവരം. സമീപഭാവിയിൽ സോണിയ രോഗശയ്യയിലാവാനുള്ള വല്ല സാധ്യതയുമുണ്ടോ എന്നത് ഈ സ്രോതസ്സ് തുറന്നുപറയുന്നില്ല. തനിക്ക് സ്വയം കോൺഗ്രസിന് ഒരു പുനർജീവൻ നൽകാൻ സാധിക്കില്ലെന്ന സ്ഥിതിവന്നാൽ രാഷ്ട്രീയത്തിലിറങ്ങിക്കൊള്ളാനാണ് പ്രിയങ്കയ്ക്ക് സോണിയ നൽകിയിരിക്കുന്ന അനുമതി. അതുവരെ രാഹുൽ തൽസ്ഥാനത്തു തുടരണമെന്ന് സോണിയ ആഗ്രഹിക്കുന്നു.

Read More >>