ഇല്ലായ്മകളോടു പടവെട്ടാനിറങ്ങിയ യുവാവ് ഒടുവിൽ മാവോയിസ്റ്റായി; ഇതു സോമന്റെ കഥ

പരാധീനതകളില്‍ കുടുങ്ങി വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാനാവാതെ പട്ടിണിയിലായതോടെ സോമന്‍ വിപ്ലവത്തിന്റെ പാത വെട്ടിത്തുറന്ന് പോരാട്ടവഴിയിലേക്ക് പ്രയാണം തുടങ്ങി. സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ സോമന്റെ പേരു കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തില്‍ അധികമായിക്കാണില്ല. അട്ടപ്പാടി ആക്ഷനിലും നിലമ്പൂര്‍ 'ഏറ്റുമുട്ടലി'ലുമെല്ലാം അങ്ങനെ വയനാട്ടുകാരന്‍ സോമന്റെ പേരു പ്രാധാന്യത്തോടെ ഉയര്‍ന്നുവന്നു.

ഇല്ലായ്മകളോടു പടവെട്ടാനിറങ്ങിയ യുവാവ് ഒടുവിൽ മാവോയിസ്റ്റായി; ഇതു സോമന്റെ കഥ

അട്ടപ്പാടിയില്‍ പൊലീസിന് നേരെ വെടിവെച്ചത് സോമന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്ന പൊലീസ് വിശദീകരണത്തില്‍ നിന്നാണ് അങ്ങനെയൊരു പേര് മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്നത്. പിന്നീട് നിലമ്പൂരിലെ മുണ്ടേരിയില്‍ പൊലീസുമായുള്ള വെടിവെപ്പ് നടത്തിയ സംഘത്തിലും സോമന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തില്‍ നിന്ന് നാടുകാണി ദളത്തിന്റെ ചുമതലയിലേക്ക് മാറിയ സോമനാണ് പല ആക്ഷനുകള്‍ക്കും നേതൃത്വം നല്‍കുന്നതെന്ന പൊലീസ് ഭാഷ്യം തൊണ്ടതൊടാതെ മാധ്യമങ്ങള്‍ വിഴുങ്ങി.


സോമന്‍ മാവോയിസ്റ്റാകുന്നതിന് മുമ്പും ഇത്തരം അപസര്‍പ്പക കഥകള്‍ക്ക് പഞ്ഞമില്ലായിരുന്നു. മാവോയിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം രൂപേഷിലേക്ക് ചുരുക്കിയ അതേ ഭരണകൂട-മാധ്യമ വേര്‍ഷന്‍ തന്നെയാണ് സോമന്റെ കാര്യത്തിലും ഉണ്ടാകുന്നത്. 'പോരാട്ടം' സുല്‍ത്താന്‍ ബത്തേരിയിലും കണ്ണൂരിലും കാസര്‍കോടുമായി നടത്തിയ പ്രധാന ആക്ഷനുകളിലും സോമനാണ് നേതൃത്വം നല്‍കിയതെന്ന് അക്കാലത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.

വിശന്നപ്പോള്‍ വൈദികന്റെ വീട്ടില്‍ നിന്ന് ഭക്ഷണം എടുത്തു കഴിച്ചതിന് സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ ആദിവാസി ബാലനെ മോഷണക്കേസില്‍പെടുത്തിയ സംഭവത്തില്‍ പോരാട്ടത്തിന്റെ നേതൃത്വത്തില്‍ വൈദികന്റെ വീട് ആദിവാസികള്‍ ആക്രമിച്ചിരുന്നു. സോമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അങ്ങനെ പൊലീസ് കേസായി. ഇതിന് നേതൃത്വം നല്‍കിയതും സോമന്‍ തന്നെയെന്നൊക്കെ പൊലീസും മാധ്യമങ്ങളും പറഞ്ഞപ്പോള്‍ പോരാട്ടം സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നവര്‍പോലും നെറ്റിചുളിച്ചു.

സിപി റഷീദും ശാരദയും ബിന്‍സിയും മാധവനും ചാത്തുവും ഷാന്റോലാലും ഉള്‍പ്പെടെയുള്ളവരാണ് യഥാര്‍ഥത്തില്‍ അക്കാലത്ത് 'പോരാട്ട' ത്തിന്റെ കിംഗ് മേക്കേഴ്‌സ് എന്നുള്ളത് മറ്റൊരു കാര്യം. പോരാട്ടം സംഘടന ഏറ്റെടുത്ത നടത്തിയ പല പോരാട്ടങ്ങളിലും സോമനെപോലുള്ള ചുരുക്കം പേര്‍ സ്‌കെച്ച് ചെയ്യപ്പെട്ടുവെന്നു സാരം.

ഇപ്പോഴത്തെ 'വീരകഥകള്‍'മാധ്യമങ്ങള്‍ പാടിപുകഴ്ത്തുമ്പോള്‍ സോമനെ അറിയുന്ന കല്‍പറ്റക്കാര്‍ക്ക് പലപ്പോഴും ഇതൊക്കെ അവിശ്വസനീയമായാണ് തോന്നുന്നത്. പക്ഷേ സോമന്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു തീവ്ര വിപ്ലവ പ്രസ്ഥാനത്തിലേക്ക് എത്തിപ്പെട്ടതെന്ന് പരിശോധിക്കുമ്പോഴാണ് സാമൂഹ്യയാഥാർത്ഥ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരിക.

പരാധീനതകള്‍ കൂട്ടായപ്പോള്‍

പരാധീനതകളില്‍ കുടുങ്ങി വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാനാവാതെ പട്ടിണിയിലായതോടെ സോമന്‍ വിപ്ലവത്തിന്റെ പാത വെട്ടിത്തുറന്ന് പോരാട്ടവഴിയിലേക്ക് പ്രയാണം തുടങ്ങി. സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ സോമന്റെ പേരു കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തില്‍ അധികമായിക്കാണില്ല. അട്ടപ്പാടി ആക്ഷനിലും നിലമ്പൂര്‍ 'ഏറ്റുമുട്ടലി'ലുമെല്ലാം അങ്ങനെ വയനാട്ടുകാരന്‍ സോമന്റെ പേരു പ്രാധാന്യത്തോടെ ഉയര്‍ന്നുവന്നു.

[caption id="attachment_65114" align="alignleft" width="523"]soman സോമൻ[/caption]

വയനാട്ടിലെ കല്‍പറ്റ ചുഴലി പുലയക്കൊല്ലിയില്‍ രാമന്‍കുട്ടി-ദേവി ദമ്പതികളുടെ മകന്‍ സോമന് ജീവിതത്തില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പട്ടിണിയില്ലാതെ ജീവിക്കുക. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങായി കഴിയുക. എന്നാല്‍ ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി സോമനെ മാവോയിസ്റ്റാക്കിയപ്പോള്‍ ഭരണകൂടത്തിന് അയാള്‍ കൊടുംഭീകരുനുമായി. പിന്നീട് പൊലീസും മാധ്യമങ്ങളും പടച്ചുവിടുന്ന അപസര്‍പ്പക കഥകളിലെ നായകനും വില്ലനുമായി ഒരേസമയം ഈ നാല്‍പ്പത്തൊന്നുകാരന്‍ മാറി.

കല്‍പ്പറ്റ ഗവ. കോളജില്‍ 1990കളില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായിരുന്നു സോമന്‍. പ്രീഡിഗ്രി പാസായ സോമന്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ ജനറല്‍ സൈക്കോളജി ഐച്ഛികവിഷയമാക്കി ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും സാമ്പത്തിക കഷ്ടപ്പാടുകള്‍ കൂട്ടായപ്പോള്‍ തുടര്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിലച്ചു. ഇതിനിടെ പലതൊഴിലും സോമന്‍ ചെയ്തു. ഫുട്പാത്തില്‍ പേനയും നോട്ടും വില്‍ക്കുന്നതിലേക്ക് തിരിഞ്ഞത് അക്കാലത്തായിരുന്നു. പരന്ന വായനയുള്ള സോമന്‍ പിന്നീടെപ്പഴോ എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞു.

എഴുത്തിന്റെ വഴിയെ സഞ്ചരിച്ച കാലം

ആദിവാസി-ദളിത്-പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ സോമന്റെ തൂലികയില്‍ നിന്ന് പിറന്നു. എഴുത്തുകാരുമായി സോമന് വിപുലമായ ബന്ധവുമുണ്ടായിരുന്നു. കല്‍പറ്റയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'യുവദര്‍ശനം' മാസികയുടെയും പിന്നീട് ആഴ്ച്ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഞായറാഴ്ചപ്പത്ര'ത്തിന്റെയും ചീഫ് എഡിറ്ററായി. 1996ല്‍ ആരംഭിച്ച 'യുവദര്‍ശനം' മാസികയുടെ പ്രസിദ്ധീകരണം മൂന്നാം വാര്‍ഷികാഘോഷത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തി.

നല്ല വായനാശീലമുള്ള സോമന്‍ പത്രസ്ഥാപനങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഞായറാഴ്ച്ച പത്രം നടത്തുന്നതിനിടെ കടത്തില്‍ മുങ്ങിയതോടെ വിവിധ ചിട്ടിക്കമ്പനികള്‍ താമരശ്ശേരിയിലും സുല്‍ത്താന്‍ ബത്തേരിയിലുമടക്കം നല്‍കിയ ചെക്ക് കേസുകളില്‍ സോമന്‍ പ്രതിയുമായി. നിരവധി ഇടപാടുകാരെ വഞ്ചിച്ച ഈ ചിട്ടിക്കമ്പനി മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴിവാക്കുന്നതിനു സോമന്‍ വയനാട് ബ്ലേഡ് വിരുദ്ധ സമിതിയുടെ സഹായം തേടി. 'പോരാട്ടം' സംഘടനയാണ് ബ്ലേഡ് വിരുദ്ധ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അങ്ങനെ ബ്ലേഡ് വിരുദ്ധപ്രവര്‍ത്തനത്തിലൂടെ സോമന്‍ 'പോരാട്ടം' പ്രവര്‍ത്തകനായി.

കുപ്പാടിയില്‍ വൈദികന്റെ വീടാക്രമിച്ച കേസില്‍ വിചാരണയ്ക്ക് ഹാജരാവാതിരുന്നതിനാല്‍ സോമനെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മറ്റു പ്രതികളെ കല്‍പറ്റ സിജെഎം കോടതി വെറുതെവിട്ടിരുന്നു. കല്‍പറ്റയിലെ മാധ്യമം ദിനപത്രത്തിന്റെ ജില്ലാ ബ്യൂറോയില്‍ സോമന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈയുള്ള ലേഖകന്‍ സോമനെ അടുത്തറിയുന്നതും മാധ്യമം വയനാട് ഓഫീസില്‍ ജോലി ചെയ്യുന്ന കാലത്ത്. സമകാലിക വിഷയങ്ങളെക്കുറിച്ച് അസാധാരണ അറിവ് തന്നെ സോമന്‍ സമ്പാദിച്ചിരുന്നു.

വിപ്ലവ പ്രവര്‍ത്തനങ്ങളിലേക്ക്

കശ്മീരിന് സ്വയംഭരണാവകാശം വേണമെന്ന് കാണിച്ച് പോസ്റ്ററൊട്ടിച്ചതിന് 2011ല്‍ സോമന്‍ കണ്ണൂരില്‍ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലാതായി.ഇതിനിടെ വയനാട്ടിലും അട്ടപ്പാടിയിലും നിലമ്പൂരും കുറ്റ്യാടിയിലുമൊക്കെയായി മാവോയിസ്റ്റ് ആക്രമണങ്ങളും പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതും പതിവായി.

അങ്ങനെയിരിക്കെയാണ് പൊലീസ് തിരയുന്ന സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ രൂപേഷ്, ഷൈന, വിക്രം ഗൗഡ, സുന്ദരി, കന്യാകുമാരി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം ലുക്ക് ഔട്ട് നോട്ടീസില്‍ സോമനും ഇടം നേടിയത്. അട്ടപ്പാടിയിലും നിലമ്പൂര്‍ മുണ്ടേരിയിലും പൊലീസിന് നേരെയുള്ള വെടിവെപ്പില്‍ സോമനും ഉണ്ടായിരുന്നെന്ന വാര്‍ത്ത പിന്നീട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഭവാനി ദളത്തില്‍ നിന്നു നാടുകാണി ദളത്തിന്റെ ചുമതലയിലേക്ക് മാറിയ സോമന്‍ നവംബര്‍ 24ന് കരുളായി വനത്തില്‍ വച്ചു രണ്ടു പേരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊന്നപ്പോള്‍ സംഘത്തിലുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നു. പൊലീസ് ഏകപക്ഷീയമായി വെടിവെയ്ക്കുകയായിരുന്നെന്നും ഏറ്റുമുട്ടല്‍ ഉണ്ടായില്ലെന്നും പിന്നീട് അക്ബര്‍ എന്ന പേരില്‍ സോമന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.