മുസ്ലിം സ്ത്രീയെ 'ബ്രാഹ്മണയാക്കി' ജ്യോത്സ്യന്‍ മനോനില തെറ്റിച്ചതായി വെളിപ്പെടുത്തല്‍: മതം മാറേണ്ടാത്ത പരിഹാരവുമായി യുവജ്യോത്സ്യന്‍

കൂട്ടുകാരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ജ്യോത്സ്യനെ കണ്ട കോഴിക്കോട് സ്വദേശിനിയായ മുസ്ലിം യുവതിയോട് ജ്യോത്സ്യന്‍ പറഞ്ഞത് 'മുജ്ജന്മത്തില്‍ യുവതി ഒരു ബ്രാഹ്മണ സ്ത്രീ ആയിരുന്നെന്നും കുലത്തിന് യോജിക്കാത്ത ചില പ്രവര്‍ത്തികള്‍ ചെയ്തതിനാല്‍ ഈ ജന്മത്തില്‍ പ്രതിവിധികള്‍ ചെയ്യണമെന്നു'മാണ്. ഇതോടെ മാനസികമായി തകര്‍ന്ന യുവതിയ്ക്ക് ആശ്വാസമാകുന്ന മറുപടിയാണ് ഹരി പത്തനാപുരം ടിവി ചാനലിലെ ജ്യോതിഷ പരിപാടിയിലൂടെ നല്‍കുന്നത്.

മുസ്ലിം സ്ത്രീയെ

ജ്യോത്സ്യന്‍മാരും ജ്യോതിഷികളുമൊക്കെ വിശ്വാസികളെ പറ്റിക്കുന്നതായും അനാവശ്യ ഭീതി സൃഷ്ടിക്കുന്നതായും പൊതുവായി ആരോപണമുണ്ട്. ഇത്തരക്കാരുടെ യാതൊരു അടിസ്ഥാനവുമില്ലാത്ത 'പ്രവചനങ്ങള്‍' പലരെയും മാനസികമായിത്തന്നെ തകര്‍ത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ഹരി പത്തനാപുരമെന്ന യുവ ജ്യോത്സ്യന്‍. നേരത്തെയും പരമ്പരാഗത ജ്യോതിഷ സങ്കല്‍പ്പത്തിനെതിരേ പ്രസ്താവന നടത്തിയിട്ടുള്ള ഹരി സൂര്യ ടിവിയില്‍ അവതരിപ്പിക്കുന്ന ജ്യോതിഷ പരിപാടിയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി.
ഒരു ജ്യോത്സ്യന്‍ നടത്തിയ 'പ്രവചനങ്ങള്‍' കൊണ്ട് മാനസികമായി തകര്‍ന്ന മുസ്ലീം യുവതിയ്ക്ക് ഹരി നല്‍കുന്ന ആശ്വസവാക്കുകളാണ് ശ്രദ്ധേയം. കൂട്ടുകാരിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് യുവതി ജ്യോത്സ്യനെ കാണുന്നത്. വെറുമൊരു കൗതുകത്തിന്് ജ്യോത്സ്യനോട് തന്റെ ഭൂതം-ഭാവി-വര്‍ത്തമാനം എന്താണെന്ന് തിരക്കിയ യുവതിയെ ഞെട്ടിക്കുന്ന മറുപടിയാണ് ജ്യോത്സ്യന്‍ നല്‍കിയത്. യുവതി കഴിഞ്ഞ ജന്മത്തില്‍ ഒരു ബ്രാഹ്മണ സ്ത്രീ ആയിരുന്നത്രേ. കുലത്തിന് ചേരാത്ത പ്രവര്‍ത്തികളാണ് അപ്പോള്‍ ചെയ്തത്. അതിനൊക്കെ പരിഹാരം ഈ ജന്മത്തില്‍ ചെയ്യണമെന്നും ജ്യോത്സ്യന്‍ തട്ടിവിട്ടു. ഇതോടെ ആകെ ടെന്‍ഷനിലായ യുവതിയ്ക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടു. നിസ്‌കാരമടക്കമുള്ള മതാചാരങ്ങള്‍ യുവതി പാലിക്കാതെയായി. ഹിന്ദുക്കളെപ്പോലെയാകാന്‍ മാംസഭക്ഷണം ഒഴിവാക്കിയതായും യുവതി ഹരി അവതരിപ്പിക്കുന്ന സൂര്യ ടിവിയിലെ പരിപാടിയിലേക്ക് അയച്ച കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കാനാകില്ലെന്നും ഉടന്‍ വിദേശത്തുനിന്ന് വരുന്ന ഭര്‍ത്താവ് ഇക്കാര്യങ്ങളറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കുമെന്നും യുവതി ആശങ്കപ്പെടുന്നു. കത്തുവായിച്ച ഹരി യുവതിയോട് ഹിന്ദുമതം എന്നൊരു മതമില്ലെന്നും അതൊരു സംസ്‌കാരം മാത്രമാണെന്നും പറഞ്ഞാണ് മറുപടി ആരംഭിക്കുന്നത്. മുജ്ജന്മത്തെക്കുറിച്ച് ആള്‍ക്കാര്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണകളാണുള്ളത്. കഴിഞ്ഞുപോയ ജീവിതകാലമാണ് മുജ്ജന്മം. എല്ലാ മതങ്ങളിലുമുള്ളവര്‍ പല കാര്യങ്ങളും അവര്‍ക്ക് തോന്നുംപോലെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ ഒരു മതം വിട്ട് മറ്റൊന്ന് സ്വീകരിക്കേണ്ട ആവശ്യമില്ല. മതം മാറുന്നത് വ്യക്തിത്വമില്ലാത്തവരാണെന്നും ഹരി പറയുന്നു. ഇപ്പോള്‍ മുസ്ലീം എന്ന കുലത്തിലെ അംഗമായ യുവതി ഇനി മതം മാറിയാല്‍ അടുത്ത ജന്മത്തില്‍ വീണ്ടും അതിന് ഉത്തരം പറയേണ്ടിവരില്ലേയെന്നും ഹരി ചോദിക്കുന്നു. ഹരിയുടെ മറുപടി യുവതിയുടെ ആശങ്കകള്‍ക്ക് പരിഹാരം നല്‍കിയിട്ടുണ്ടാകുമെന്ന് തന്നെ കരുതാം.

Read More >>