മോഡിയുടെ അടുപ്പക്കാരന്‍ രാകേഷ് അസ്താന പുതിയ സിബിഐ മേധാവി

നിലവില്‍ സിബിഐ മേധാവിയായ അനില്‍കുമാര്‍ സിന്‍ഹ ഇന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇവിടേക്ക് അഡീഷണല്‍ ഡയറക്ടറായ രാകേഷ് അസ്താന നിയമിതനായത്. ഒരു സ്ഥിരം മേധാവിയെ നിയമിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതോടെയാണ് രാകേഷ് അസ്താനക്ക് നറുക്കുവീണത്.

മോഡിയുടെ അടുപ്പക്കാരന്‍ രാകേഷ് അസ്താന പുതിയ സിബിഐ മേധാവി

പ്രധാനമന്ത്രിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും അടുപ്പക്കാരനും ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ രാകേശ് അസ്താന പുതിയ സിബിഐ മേധാവി. താല്‍ക്കാലിമായാണ് നിയമനം. നിലവില്‍ സിബിഐ മേധാവിയായ അനില്‍കുമാര്‍ സിന്‍ഹ ഇന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇവിടേക്ക് അഡീഷണല്‍ ഡയറക്ടറായ രാകേഷ് അസ്താന നിയമിതനായത്. ഒരു സ്ഥിരം മേധാവിയെ നിയമിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതോടെയാണ് രാകേഷ് അസ്താനക്ക് നറുക്കുവീണത്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സെക്കന്‍ഡ്-ഇന്‍-കമാന്‍ഡായി രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഗോദ്ര കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താന നരേന്ദ്രമോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും അടുപ്പക്കാരനാണെന്ന് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സൂറത്തിലേയും വഡോദരയിലേയും പോലീസ് കമ്മീഷണറായും രാകേഷ് അസ്താന സേവനമനുഷ്ടിച്ചിട്ടുണ്ട്.


അഡീഷനല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അടുത്ത ഒരു ഉത്തരവ് വരുന്നതുവരെ സിബിഐ മേധാവി സ്ഥാനത്തേക്ക് അടിയന്തരമായി നിയമിച്ച് ഉത്തരവായതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സിബിഐ മേധാവി പദത്തിലേക്ക് ഒരു സ്ഥിരം മേധാവിയെ നിയമിക്കുന്നതില്‍ ഒരു സര്‍ക്കാര്‍ പരാജയപ്പെടുന്നത്. അതേസമയം, സിബിഐ മേധാവി സ്ഥാനത്തേക്ക് അദ്ദേഹത്തോടൊപ്പം മല്‍സരിച്ചുനിന്ന സെപ്ഷ്യല്‍ ഡയറക്ടര്‍ ആര്‍ കെ ഗുപ്തയെ ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ പുതുതായി കൂട്ടിച്ചേര്‍ത്ത തസ്തികയാണിത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ്, അല്ലെങ്കില്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്് എന്നിവര്‍ അംഗങ്ങളായ കൊളീജിയത്തിനാണ് സിബിഐ മേധാവിയെ നിയമിക്കാനുള്ള അധികാരം.

Read More >>