കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈയൊഴിയില്ലെന്നു മന്ത്രി; കര്‍മപദ്ധതിക്കു നിർദേശം

സംസ്ഥാനത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി. അതിനെ നിലനിര്‍ത്തിപ്പോവേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈയൊഴിയില്ലെന്നു മന്ത്രി; കര്‍മപദ്ധതിക്കു നിർദേശം

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഒരുകാരണവശാലും കൈയൊഴിയില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാനത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി. അതിനെ നിലനിര്‍ത്തിപ്പോവേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ കാലത്തും ബാങ്കുകളില്‍ നിന്നു വായ്പ വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കാനാവില്ല. അതിനാല്‍ ഒരു കര്‍മപദ്ധതി ആവിഷ്‌കരിച്ചു മുന്നോട്ടുപോവേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍, കളക്ഷന്‍ വര്‍ധനവും ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ വിതരണവും അടക്കമുള്ള വിഷയങ്ങളില്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കാന്‍ പ്രൊഫസര്‍ സുശീല്‍ഖന്നയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.


കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത്തരമൊരു കര്‍മപദ്ധതിയെകുറിച്ചാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സദുദ്ദേശപരമാണെന്നും മന്ത്രി വ്യക്തമാക്കി. കാനറാ ബാങ്കില്‍നിന്ന് 100 കോടി വായ്പ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു കിട്ടിയാല്‍ സര്‍ക്കാര്‍ ഫണ്ടായ 27 കോടിയും ചേര്‍ത്ത് പെന്‍ഷന്‍ കുടിശ്ശികയും ഇന്ധന കുടിശ്ശികയും നല്‍കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഗതാഗതമന്ത്രി. വരുമാന നഷ്ടം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കണമെന്നും ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ടുപോകാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Read More >>