സ്വര്‍ണ്ണ നിയന്ത്രണം - കാലാതീതനായി എന്‍ പി

സ്വര്‍ണ്ണ നിയന്ത്രണം പരാജയപ്പെടും. കാരണം കറന്‍സിപോലെ സ്വര്‍ണ്ണത്തെ മൂല്യരഹിതമാക്കാന്‍ പറ്റില്ല. കുറെ പാവപ്പെട്ടവരുടെ കാതിലോല അഴിച്ചെടുക്കല്‍ മാത്രം നടന്നേക്കാം. വമ്പന്‍സ്രാവുകളേയും പുഴ്ത്തിവെപ്പുകാരെയും തൊടില്ല. കുറെ ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കും അത്രമാത്രം. അര നൂറ്റാണ്ടിനു മുന്‍പ് എന്‍ പി ചെല്ലപ്പന്‍ നായര്‍ പറഞ്ഞുവെച്ച വാധ്യാർ അവസാനം ചെയ്ത പ്രവര്‍ത്തിയല്ലേ ഇപ്പോള്‍ ന്യായീകരണക്കാര്‍ ആവര്‍ത്തിക്കുന്നത്?

സ്വര്‍ണ്ണ നിയന്ത്രണം - കാലാതീതനായി എന്‍ പി

ഡോ. എം കുര്യന്‍ തോമസ്

രാജ്യം പുതിയൊരു സ്വര്‍ണ്ണ നിയന്ത്രണചട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍, അതിന്‍റെ ആശങ്കകളും ആകുലതകളും പങ്കുവെക്കുമ്പോള്‍ അപാരതകളിലെവിടെയോ ചിരിക്കുന്ന ഒരാളുണ്ട്. ഒരുകാലത്ത് മലയാളികളെ കഥകളും കാര്യങ്ങളും കഥയില്ലായ്മകളുംകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എന്‍. പി. ചെല്ലപ്പന്‍ നായര്‍. അര നൂറ്റാണ്ടു മുമ്പ് സമാനമായ ഒരു ഗുജറാത്ത് മോഡല്‍ പരിഷ്ക്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ 'കനകംമൂലം' എന്ന കഥയാണ് (എന്‍. പി.യുടെ പത്രാസ്, NBS, കോട്ടയം, 1977) വര്‍ത്തമാനകാല സാഹചര്യത്തില്‍ അന്നത്തേക്കാളും പ്രസക്തമാകുന്നത്.


1962-ല്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി കൊണ്ടുവന്നതും പൊളിഞ്ഞു പാളീസായതുമായ ഒരു മഹാ സംഭവമാണ് ഇന്ത്യയിലെ സ്വര്‍ണ്ണ നിയന്ത്രണം. ചൈനീസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ വിദേശ വ്യാപാരക്കമ്മി പരിഹരിക്കുവാന്‍ കണ്ടുപിടിച്ച കുറുക്കുവഴിയായിരുന്നു കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനു പരിധി നിശ്ചയിച്ചു കണ്ടുകെട്ടാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിനു പകരം 'മൊറാര്‍ജിപ്പൊന്ന്' എന്ന പരിഹാസപ്പേരു ലഭിച്ച 18 കാരറ്റ് സ്വര്‍ണ്ണം മാത്രം വിപണനം ചെയ്യാന്‍ അനുവദിച്ചു. സംഭവം എട്ടു നിലയില്‍ പൊട്ടി. ചുരുക്കിപ്പറഞ്ഞാല്‍ 1968-ല്‍ ഈ വിചിത്രനിയമം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ തലയൂരി! ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നെഴുതിയതാണ് 'കനകംമൂലം' എന്ന കഥ.

പൊന്നമ്മ എന്ന ഭാര്യയും തങ്കമ്മ, കനകമ്മ, സ്വര്‍ണ്ണകുമാരി, തങ്കപ്പന്‍, പൊന്നുകുട്ടന്‍ എന്നിങ്ങനെ മക്കളുമുള്ള ഒരു സാദാ നാട്ടിന്‍പുറത്തുകാരനായ വേലുമേനോന്‍റെ ആധിയോടെയാണ് കഥ ആരംഭിക്കുന്നത്.

അദ്ദേഹം ഭാര്യയോട്...

''നിന്‍റേം പിള്ളേരുടേം പേര് ഇന്നുതന്നെ മാറ്റണം. അല്ലെങ്കില്‍ വലിയ കുഴപ്പമാണ്. പറഞ്ഞില്യോ, സംഗതി വളരെ ഗൗരവമുള്ളതാ. പറഞ്ഞുവരുമ്പം രാജ്യദ്രോഹമാ കാര്യം''

വേലുമേനോന്‍റെ ആധിയുടെ കാരണം അദ്ദേഹം പിന്നാലെ പറയുന്നുണ്ട്.
''ആ പേരുകളൊന്നും മേലാല്‍ പറയാന്‍ പാടില്ല. വല്ല ശത്രുക്കളും രഹസ്യമായി എഴുതി അയച്ചാല്‍മതി. എക്സൈസും പോലീസും ഉടന്‍ ഓടിയെത്തും, സാധനം എവിടെ, ഡിക്ലയര്‍ ചെയ്തോ എന്നു ചോദിച്ചുകൊണ്ട്. ആഭരണങ്ങള്‍ ഒഴിച്ചുള്ള സ്വര്‍ണ്ണമെല്ലാം സത്യവാങ്മൂലത്തോടെ ഡിക്ലയര്‍ ചെയ്യണം. അങ്ങനെയൊരു ഉത്തരവു വന്നിരിക്കുന്നു... എടി പെമ്പ്രന്നോരെ, പൊന്ന്, തങ്കം, കനകം, സ്വര്‍ണ്ണം എന്നെല്ലാം നാം വിളിക്കുന്നതിനെല്ലാം, സര്‍ക്കാരിലേക്കു കണക്കു കൊടുക്കണമെന്ന്''

ഇതു ശരി വെച്ചു കൊണ്ടു സ്ഥലത്തെത്തിയ നാടന്‍ കവി പൊട്ടിക്കരയുകയാണ്.
''എന്നതു പറയാനാണ് മേനോന്‍ചേട്ടാ! ഞാനും മഹാകവി ജി.യും, വടക്കുംകൂറും, വയലാറും, വൈലോപ്പള്ളിയും, വെണ്ണിക്കുളവും, പാലായും ബാലാമണിയമ്മയും ഒക്കെ എന്തിനു ജീവിച്ചിരിക്കണം? കനകരത്നകമനീയത കളഞ്ഞുള്ള കവിത, തലമൊട്ടയടിച്ച യുവതിയേപ്പോലെ അശ്രീകരമായിരിക്കയല്ലേയുള്ളു. കഷ്ടം! ...ഞാന്‍ ഈയിടെ എഴുതിയ ഒരു ഗീതകത്തിലെ, കനകാഗിയും അര്‍ദ്ധനഗ്നയുമായ നായികയുടെ മാറില്‍, ഒരു തടിച്ച സ്വര്‍ണ്ണമാല കിടന്ന വിവരം, ശ്മശ്രുജാലത്തില്‍ അതു കുരുങ്ങിയപ്പോള്‍ മാത്രമേ കാമുകനു മനസിലാക്കാന്‍ കഴിഞ്ഞുള്ളു എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഈ സ്വര്‍ണ്ണനിയമം വന്നുകഴിഞ്ഞനിലയ്ക്ക് എങ്ങനെ ഇനിയും ഞാന്‍ ആ ഗീതകം അച്ചടിപ്പിക്കും? കാമിനിമാര്‍ക്കെല്ലാം കനകാഭ നല്‍കിയിരുന്ന കവികളെല്ലാം തുലഞ്ഞില്ലേ''

ഇതൊക്കെ പരിഹാസോക്തിയാമെങ്കില്‍ യാഥാര്‍ത്ഥ ഭയം പ്രകടിപ്പിക്കുന്നത് പൊന്നമ്മയാണ്.

''നിന്‍റെ പോന്നിന്‍റെ മാറ്റുനോക്കട്ടെ, ഇങ്ങോട്ടുവാടി, പരിശോധിച്ചു നോക്കട്ടെടി, എന്നൊക്ക പറഞ്ഞോണ്ട് പോലീസുകാരുവന്നാല്‍, ഞങ്ങള്‍ പെണ്ണുങ്ങള്‍ എന്തോന്നു ചെയ്യും? പൊന്നമ്മയുടെ ഭയം അതാണ്.

ഇതല്ലേ സംഭവിക്കാന്‍ പോകുന്നത്? അനുവദനീയ പരിധിയിലാണെങ്കിലും സ്വര്‍ണ്ണത്തിനും അതിന്‍റെ വിലയ്ക്കും ഉറവിടം കാണിക്കണം! വീട്ടില്‍കയറി മാത്രമല്ല, വഴിയാത്ര പോകുമ്പോഴും പിടിച്ചുനിര്‍ത്തി കെട്ടുതാലിയുടേയും താലിമാലയുടേയും ഉറവിടം ചോദിച്ചാല്‍? പോലീസിനെ ഇറക്കി കല്യാണം മുടക്കാന്‍ ശ്രമിക്കുന്ന രാജ്യത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും! താലി, കെട്ടിയോന്‍ കെട്ടിയതാണന്നും, താലിമാല അമ്മായിയമ്മ തന്നതാണന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല. രേഖ വേണം! ചത്തുപോയ അമ്മായിയമ്മയുടെ കൈയ്യില്‍ നിന്നും എന്തുരേഖ വാങ്ങാന്‍? പിന്നെ നാട്ടുകാരുടെ 'തടസ്സമൊഴിയും' വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും വാങ്ങിവരുമ്പോള്‍ താലീം മാലേം അവിടെ കാണുമെന്ന് എന്താ ഉറപ്പ്?

പിന്നുള്ള എക മാര്‍ഗ്ഗം കൈക്കുലികൊടുത്ത് ഊരിപ്പോരുക എന്നതുമാത്രമാണ്. ഉദ്യോഗസ്ഥരാജിനു കൂടുതല്‍ അഴിമതിക്കുള്ള അവസരം ഉണ്ടാക്കുക മാത്രമല്ലേ ഈ നിയമത്തിന്‍റെ പരിണിതഫലം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തു മറുപടി പറയും? മടിയില്‍ കനമില്ലാത്തവനു എന്തിനു പേടിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പൊന്നമ്മയുടെ അന്നത്തെ ചോദ്യം.

കഥ തുടരുന്നു...

പൗലോസ് പുണ്യവാളന്‍ അവിടുന്നു സഭാദ്ധ്യക്ഷനായി വാഴിച്ച തീമോത്തിക്കെഴുതിയ ഒന്നാമത്തെ ഇടയലേഖനത്തില്‍ എന്തവാടോ തോമാമാപ്ലേ പറഞ്ഞിരിക്കുന്നത്? വാദ്ധ്യാര്‍ ചോദിച്ചു.

പൗലോസ് പുണ്യവാളന്‍ പറഞ്ഞു, പിന്നിയ മുടിയോ, സ്വര്‍ണ്ണമോ രത്നമോ, വിലകൂടിയ ചമയങ്ങളോ കൊണ്ടല്ല, വിനയവും മിതത്വവുംകൊണ്ടാണ് സത്രീകള്‍ അലംകൃതകളാകേണ്ടതെന്ന് .വാദ്ധ്യാര്‍ വിശദീകരിച്ചു

''പുള്ളിക്കാരന്‍ പുണ്യവാളനല്ല്യോ! അങ്ങേര്‍ക്ക് എന്നതാ പറയാന്‍ വയ്യാത്തത്'' തോമായ്ക്ക് ആ അഭിപ്രായത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല.

വീഞ്ഞുകുടിക്കാതെയും മാംസം തിന്നാതെയുംڈജീവിച്ച അവിവാഹിതനായിരുന്നു സെന്‍റ് പോള്‍ എന്നുകൂടി വര്‍ത്തമാനകാലത്ത് ഓര്‍ക്കുക.

അന്നും അതിനെയൊക്കെ ന്യായീകരിക്കാന്‍ ആളുണ്ടായിരുന്നു എന്നു കഥയില്‍ തുടര്‍ന്നു കാണുന്നു.
''ഊശിയടിക്കാതെ മൂപ്പീന്നേ. നിങ്ങള്‍ കുറെ ബൂര്‍ഷ്വാകള്‍! നമ്മുടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ട കുറെ ആയുധങ്ങള്‍ വാങ്ങുന്നതിനു കുറെ സ്വര്‍ണ്ണം വേണം.  സ്വര്‍ണ്ണം എവിടുന്നു കിട്ടിയെന്നു ചോദിക്കയില്ല, ബോണ്ടുതരാം, ബോണ്ടിനു ആറര ശതമാനം പലിശതരാം... എന്നൊക്കെ നല്ലവാക്കു പറഞ്ഞിട്ട്, കോടീശ്വരനായ നൈസാം പോലും പറഞ്ഞു, കൊച്ചിനു പൊന്നും തേനും കൊടുക്കാന്‍ ഇത്തിരി പൊന്നില്ലതെ വിഷമിക്കുകയാണന്ന്. മുപ്പതിനായിരം കോടി രൂപയുടെ സ്വര്‍ണ്ണമുണ്ട് ഇന്ത്യയില്‍. പൂഴ്ത്തിവെച്ചിരിക്കുകയാണെല്ലാം''

രണ്ടു വസ്തുതകള്‍ സൗകര്യപൂര്‍വം വിസ്മരിക്കുക. ഏതാനും വര്‍ഷങ്ങളായി സ്വര്‍ണ്ണനാണയങ്ങള്‍ അടിച്ചു വിൽപന നടത്തിയിരുന്നതും, നിക്ഷേപം എന്ന നിലയില്‍ അതിനെ പ്രോല്‍സാഹിപ്പിച്ചതും ഇന്ത്യയിലെ ബാങ്കുകളാണ്. രണ്ടു വര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രങ്ങളോട് സ്വര്‍ണ്ണം സര്‍ക്കാരില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതും, അമ്പേ പരാജയപ്പെട്ടതും.

ڇ...വധുവിനെ സര്‍വാഭരണ വിഭൂഷിതയായിവേണം കന്യാദനം ചെയ്യാന്‍ എന്നു മനുസ്മൃതിയിലുണ്ട്. കവി ആലോചനയിലാണ്.

''എടോ! ഇതു രാജ്യരക്ഷയെ ലാക്കാക്കിയുള്ള നിയമമാണ്. തനിക്കു സ്വൈര്യമായിരുന്നിത്ര കവിതയെഴുതണമെങ്കില്‍ രാജ്യം സ്വതന്ത്രമായിരുന്നാലെ പറ്റു. മനു പറയുന്നതു പഴയ കാര്യം'' വാദ്ധ്യാര്‍ വിട്ടില്ല....ڈ

രാജ്യസുരക്ഷയെപ്പറ്റി ഇത്ര വാചലനാകുന്ന വാദ്ധ്യാർ അവിടെയും തന്‍റെ ന്യായീകരണം നിര്‍ത്തുന്നില്ല. പക്ഷേ അവസാനം അ മഹാന്‍ ചെയ്യുന്നതുകൂടി ശ്രദ്ധിക്കുക.

''എല്ലാവരോടുംകൂടി പറയുകയാണ്. അതുമിതും പറയരുത്. നമ്മുടെ രാജ്യത്തിന്‍റെ നിലനിൽപിനുവേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്വര്‍ണ്ണത്തിന്മേലുള്ള നമ്മുടെ ദുരാഗ്രഹം ശമിപ്പിക്കാന്‍, കള്ളപ്പൊന്നിന്‍റെ കടത്ത് തടയാന്‍, കള്ളപ്പണംകൊണ്ടു നേടിയ സ്വര്‍ണ്ണത്തിന്‍റെ പൂഴ്ത്തിവെപ്പു തടയാന്‍. സാധാരണക്കാരനു വലിയ രക്ഷയാണ് ഈ നിയമം. പൊന്നിലും പൂഴിമണ്ണിലും ഭിന്നത്വം ദര്‍ശിക്കാത്ത ഋഷിമാരുടെ നാടാണിത്. നാമെല്ലാം ഈ നിയമത്തെ സഹര്‍ഷം ചെയ്യുകതന്നെ വേണം. സ്വര്‍ണ്ണം കലഹകാരണമാണ്. കുഞ്ചന്‍ നമ്പ്യാര്‍ തന്നെ''

മുഴുവന്‍ പറയുന്നതിനു മുമ്പു, തന്‍റെ ഭാര്യ കയ്യാലയ്ക്കല്‍ വന്നു നിന്നു തന്നെ കൈകാട്ടി വിളിക്കുന്നതു കണ്ട്, ഞാനൊന്നു പോകട്ടെ. രാജമ്മയ്ക്ക്, എന്ത്രം കോര്‍ത്തിടാന്‍ ഒരു സ്വര്‍ണ്ണച്ചെയിന്‍ വേണമെന്ന് ഇന്നലേ പറഞ്ഞതാ. സംഗതി ഏഴുമാറ്റാവുന്നതിനുമുന്‍പ് ഒന്നു വാങ്ങിക്കൊടുത്തേക്കാം, എന്ന സമാധാനത്തോടെ വാദ്ധ്യാര്‍ ഓടിപ്പോയി.

സ്വര്‍ണ്ണ നിയന്ത്രണം പരാജയപ്പെടും. കാരണം കറന്‍സിപോലെ സ്വര്‍ണ്ണത്തെ മൂല്യരഹിതമാക്കാന്‍ പറ്റില്ല. കുറെ പാവപ്പെട്ടവരുടെ കാതിലോല അഴിച്ചെടുക്കല്‍ മാത്രം നടന്നേക്കാം. വമ്പന്‍സ്രാവുകളേയും പുഴ്ത്തിവെപ്പുകാരെയും തൊടില്ല. കുറെ ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കും അത്രമാത്രം. അര നൂറ്റാണ്ടിനു മുന്‍പ് എന്‍ പി ചെല്ലപ്പന്‍ നായര്‍ പറഞ്ഞുവെച്ച വാധ്യാർ അവസാനം ചെയ്ത പ്രവര്‍ത്തിയല്ലേ ഇപ്പോള്‍ ന്യായീകരണക്കാര്‍ ആവര്‍ത്തിക്കുന്നത്?

പരാജയത്തിന്‍റെ വ്യക്തമായ ചരിത്രം മുമ്പിലുള്ളപ്പോള്‍ വമ്പന്‍ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നത് വിഡ്ഢിത്തരമോ അതോ 'പരാജയം വിജയത്തിന്‍റെ മാതാവ്چ എന്ന പഴമൊഴിയുടെ പരീക്ഷണമോ?