ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ നീക്കണം; പ്രധാനമന്ത്രിക്ക് ഗൗതമിയുടെ കത്ത്

പനി ബാധിച്ച് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ നടത്തിയ ചികിത്സയെ കുറിച്ചു സംശയമുണ്ടെന്നും ഗൗതമി പറയുന്നു. ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആദ്യം മുതല്‍ തന്നെ മൂടിവച്ചിരുന്നു. ഇത് സംശയാസ്പദമാണ്. കത്തില്‍ പറയുന്നു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ നീക്കണം; പ്രധാനമന്ത്രിക്ക് ഗൗതമിയുടെ കത്ത്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും ദുരൂഹതയും നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമിയുടെ കത്ത്. സ്വന്തം ബ്ലോഗിലൂടെയാണ് ഗൗതമി ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

പനി ബാധിച്ച് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ നടത്തിയ ചികിത്സയെ കുറിച്ചു സംശയമുണ്ടെന്നും ഗൗതമി പറയുന്നു. ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആദ്യം മുതല്‍ തന്നെ മൂടിവച്ചിരുന്നു. ഇത് സംശയാസ്പദമാണ്. കത്തില്‍ പറയുന്നു.


ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ വിഐപികള്‍ക്കു പോലും അനുവാദം നല്‍കാതിരുന്നതിനെ കുറിച്ചും ബ്ലോഗില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയും തമഴ്‌നാടിന്റെ പ്രയപ്പെട്ട നേതാവുമായിരുന്ന ജയലളിതയെ എന്തിനിത്ര രഹസ്യ സ്വഭാവത്തോടെ അകറ്റി നിര്‍ത്തി എന്നും ഗൗതമി ചോദിക്കുന്നു. ആരായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇത്തരം ചോദ്യങ്ങള്‍ തമിഴ് ജനതയുടെ മനസിലുണ്ടെന്നും ഗൗതമി പറയുന്നു.ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ദുരന്തമുണ്ടാകുമ്പോള്‍ ചോദ്യം ചെയ്യപ്പെടാതെയും ഉത്തരം ലഭിക്കാതേയും പോകരുത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായി ഇടപെടുമെന്നാണ് വിശ്വാസമെന്നും ഗൗതമി പറയുന്നു.

കത്തിന്റെ പരിഭാഷ
ശ്രീ നരേന്ദ്ര മോദിജി,
സര്‍,

ഒരു സാധാരണ പൗര എന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞാനൊരു വീട്ടമ്മയാണ്, മാതാവാണ്, ഒരു ഉദ്യോഗസ്ഥ കൂടിയാണ്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്ന എന്റെ രാജ്യത്തിലെ പൗരന്മാരുടെ ആശങ്കയാണ് ഞാന്‍ ഇവിടെ പങ്കിടുന്നത്.

അന്തരിച്ച ഞങ്ങളുടെ മുഖ്യമന്ത്രി ജയലളിതയുടെ അപ്രതീക്ഷിത മരണവാര്‍ത്തയില്‍ അതീവമായി ദുഖിക്കുന്ന കോടി ജനങ്ങളില്‍ ഒരാളാണ് ഞാന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വവും സ്ത്രീകള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പ്രചോദനവുമായ ഒരു ജീവിതവുമായിരുന്നു അവര്‍. ജയലളിതയുടെ നേതൃത്വം തമിഴ്നാടിനെ വികസനകാര്യങ്ങളില്‍ മുന്നിലെത്തിച്ചു. അസാമാന്യ ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കി പ്രതിസന്ധികളെ തരണം ചെയ്തു സ്വപ്നങ്ങളെ പ്രാപ്യമാക്കാന്‍ ജയലളിതാജിയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമായി മാറി.
തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയുടെ ചികിത്സയെ സംബന്ധിച്ചും, രോഗാവസ്ഥയെ സംബന്ധിച്ചും ഒടുവില്‍ അപ്രതീക്ഷിതമായി മരണം അറിയിക്കുകയും ചെയ്തതു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള വസ്തുതകള്‍ പൂര്‍ണ്ണമായും മറച്ചു വയ്ക്കപ്പെട്ടു. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ആര്‍ക്കും ജയലളിതയെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? സര്‍, തമിഴ് നാടിന്‍റെ ജനത ചോദിക്കുന്ന ഈ നീറുന്ന ചോദ്യങ്ങള്‍ ഞാന്‍ താങ്കളുടെ ചെവിയില്‍ എത്തിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമായത് എന്താണ് എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നത് ഒരുപക്ഷെ വിവാദപരമായേക്കാം എന്ന ഭയം എന്റേത് മാത്രമാകാം. ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന ബോധ്യത്തിലാണ് ഞാന്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ നേതാക്കന്മാരുടെ ആരോഗ്യം അവരെ അനുവദിക്കുന്നുണ്ടോ എന്നറിയാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്‌. പ്രത്യേകിച്ച് ഇത്തരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുകയും ഒരു സാഹചര്യത്തിലും ഉത്തരം നല്‍കാതെ പോകുകയും ചെയ്യരുത്. ഇത്രയധികം വ്യക്തി പ്രഭാവം ഉണ്ടായിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ സാധരണക്കാരനായ ഒരാള്‍ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനായി എങ്ങനെ പോരാടും? ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിന്‍റെ ജനാധിപത്യത്തില്‍ അഭിമാനംകൊള്ളുന്നവനാണ്. ഏതു സാഹചര്യത്തിലും ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

എന്റെ ഉല്‍കണ്‌ഠയും ഓരോ ഭാരതീയന്‍റെയും നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചറിയാനുള്ള ജനാധിപത്യാവകാശത്തെ സംരക്ഷിക്കുവാനും എന്‍റെ ഈ കത്ത് താങ്കള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളും എന്നു ഞാന്‍ കരുതുന്നു. സര്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന നിലയില്‍ ഈ ജനതയുടെ ശബ്ദം താങ്കള്‍ ഗൗനിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.


എല്ലാവിധ ബഹുമാനത്തോടെയും ആദരവോടെയും,

ജയ് ഹിന്ദ്‌!

ഗൗതമി തടിമല്ലഗൗതമിയുടെ ബ്ലോഗ്

Read More >>