മോഡി ഭക്തര്‍ക്കും ഹിന്ദുത്വവാദികള്‍ക്കും എന്നെ ജയിലിടയ്ക്കണം: ഗൗരി ലങ്കേഷ്

സ്വര്‍ണവ്യാപാരിയെ കബളിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിയെടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് സംസാരിക്കുന്നു.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചിരുന്നു. താന്‍ പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കെതിരെ ബി.ജെ.പിക്കാര്‍ കേസു കൊടുത്തതെന്ന് ഗൗരി ലങ്കേഷ് പറയുന്നു.

നവംബര്‍ 28ന് 2008ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട രണ്ട് മാനനഷ്ടക്കേസുകളില്‍ കര്‍ണാടകയിലെ ഹുബ്ബാളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. കേസില്‍ ആറ് മാസം തടവും 10,000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെത്തുടര്‍ന്ന് ഗൗരി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ജാമ്യം അനുവദിച്ചു. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ഗൗരി.


2008ല്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജ്വല്ലറിയുടമയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഗൗരിയുടെ മാഗസിനടക്കം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ട് തനിക്കെതിരെ മാത്രം ബി.ജെ.പി കേസുകൊടുക്കുകയായിരുന്നെന്ന് ഗൗരി പറഞ്ഞു. ബി.ജെ.പിയില്‍ നിന്നുതന്നെയുള്ള വാര്‍ത്താ ഉറവിടം നല്‍കിയ വിവരങ്ങള്‍ വെച്ചാണ് വാര്‍ത്ത നല്‍കിയതെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയുടെ വ്യക്തിവിരോധത്തെത്തുടര്‍ന്ന് ജയില്‍വാസ ഭീഷണി നേരിടുന്ന ഗൗരിയുമായി 'ന്യൂസ്‌ലോണ്ട്രി' നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍. 2005ല്‍ ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരി ലങ്കേഷ് ആരംഭിച്ച ടാബ്ലോയിഡ് മാഗസിന്‍ ഇന്ന് 50 ജീവനക്കാരുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുന്നു.

തെളിവുകളില്ലാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ വാര്‍ത്തകള്‍ കൊടുത്തതായാണ് കോടതിയുടെ നിരീക്ഷണം. എന്താണ് പ്രതികരണം?

സ്വാഭാവികമായി ഈ വിധിയില്‍ എനിക്ക് നിരാശയുണ്ട്. കേസില്‍ പ്രതികളായ ബി.ജെ.പിക്കാര്‍ പരാതിക്കാരനായ ജ്വല്ലറിയുടമയുമായി ധാരണയിലെത്തുകയാണുണ്ടായത്. അതിനര്‍ത്ഥം അത്തരത്തിലൊരു തട്ടിപ്പ് നടന്നിട്ടില്ല എന്നല്ലല്ലോ. ഈ സംഭവത്തില്‍ എന്റെ വാര്‍ത്താ ഉറവിടം ബി.ജെ.പിയില്‍ നിന്നുതന്നെയാണ്. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക് ആ വ്യക്തിയുടെ സ്വകാര്യത പരസ്യപ്പെടുത്താനാകില്ല.

gauri lankesh' എന്നതിനുള്ള ചിത്രം

ശിക്ഷാവിധിക്കെതിരെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

നിയമപ്രകാരം ലഭിച്ച ജാമ്യത്തിലാണ് ഞാനിപ്പോള്‍. വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനായി കോടതി എനിക്ക് 60 ദിവസം സാവകാശം അനുവദിച്ചിട്ടുണ്ട്. ഇനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് പ്ലാന്‍.

ഗൗരി 'മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നു', 'ഹിന്ദു വിരുദ്ധ' എന്നീ കാരണങ്ങളാല്‍ വിമര്‍ശനത്തിന് വിധേയയായിട്ടുണ്ടല്ലോ. ഇത്തരം ആരോപണങ്ങളോട് എന്താണ് പ്രതികരണം?

ഇന്നത്തെ കാലത്ത് മനുഷ്യാവകാശത്തിന് വേണ്ടിയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും നിലകൊള്ളുന്നവരെ മാവോയിസ്റ്റുകളായാണ് മുദ്ര കുത്തുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഹിന്ദുത്വത്തിനുമെതിരേയുള്ള എന്റെ നിലപാടുകള്‍ ശരിയായ അര്‍ത്ഥത്തില്‍ 'ഹിന്ദു ധര്‍മം' കൊണ്ടുവരുന്നതിനായാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എന്നെ ഹിന്ദുവിരോധികളായാണ് ചിലര്‍ കാണുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യത്തിലുള്ള എന്റെ എളിയ പ്രവര്‍ത്തനങ്ങള്‍. തുല്യതയിലധിഷ്ഠിതമായ സമൂഹത്തിനായി അംബേദ്കറും ബസവണ്ണയും വിഭാവനം ചെയ്ത ആശയങ്ങളാണ് ഞാന്‍ പിന്തുടരുന്നത്.

'ചിലയാളുകള്‍ക്ക് എന്നെ ജയിലിടയ്ക്കാന്‍ ആഗ്രഹമുണ്ട്'-മുമ്പ് ഗൗരി നടത്തിയ ഈ പ്രസ്താവനയേക്കുറിച്ച് വിശദീകരിക്കാമോ?


ഡോ. എം.എം കല്‍ബൂര്‍ഗിയുടെ കൊലപാതകത്തേയും ഡോ. യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തേയും ആഘോഷിക്കുന്ന മോഡി ഭക്തരും ഹിന്ദുത്വവാദികളുമാണ് ഇന്ന് കര്‍ണാടകയിലുള്ളത്. നരേന്ദ്ര മോഡിയുടെ ആശയങ്ങളെ എതിര്‍ക്കുന്നതുകൊണ്ടാണ് ചിലരുടെ വേര്‍പാട് പോലും ഇവരെ സന്തോഷിപ്പിക്കുന്നത്. തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന എല്ലാവരുടേയും വായടപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇവര്‍ എനിക്കുനേരേയും തിരിഞ്ഞത്. അവരുടെ വിരോധത്തിന്റെ തീവ്രതയാണ് എനിക്കുള്ള ജയില്‍ശിക്ഷയ്ക്കുപോലും കാരണമായത്. കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ ട്രെയിനിറങ്ങിയപ്പോള്‍ ചിലര്‍ എന്നോട് 'നിങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ്' എന്നു പറഞ്ഞു. (ഇന്റര്‍നെറ്റില്‍ അത്ര സജീവമല്ലാത്ത ഞാന്‍ എങ്ങനെ 'ട്രെന്‍ഡിംഗ്' ആകുമെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്). കേസില്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ടാണ് ഞാന്‍ 'ട്രെന്‍ഡിംഗ്' ആയതെന്ന് തിരിച്ചറിഞ്ഞ എനിക്ക് പരിഹാസമാണ് തോന്നിയത്.

തുടര്‍ന്ന് ഞാന്‍ ട്വിറ്റര്‍ പരിശോധിച്ചപ്പോഴാണ് മോഡി ഭക്തരുടേയും ഹിന്ദുത്വവാദികളുടേയും എനിക്കെതിരേയുള്ള വിദ്വേഷ കമന്റുകള്‍ കണ്ടത്. അതിനൊപ്പം ലിബറല്‍ നിലാപാട് കൈക്കൊളളുന്നവര്‍/ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍/ജേണലിസം എന്നീ വിഭാഗങ്ങള്‍ക്കെതിരേയും നിരവധി ട്വീറ്റുകളുണ്ടായിരുന്നു. ഇതോടെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കെതിരേയുള്ള കടന്നുകയറ്റം എത്രമാത്രം രൂക്ഷമായെന്ന് എനിക്ക് ബോധ്യമായി. ഇതെന്റെ വ്യക്തിപരമായ അനുഭവം മാത്രം വെച്ചുള്ള വിലയിരുത്തലല്ല.

മാനനഷ്ടക്കേസില്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് എന്ന അഭിപ്രായമുണ്ടോ?

തീര്‍ച്ചയായും. ക്രിമിനല്‍ മാനനഷ്ടക്കേസ് നിയമം റദ്ദാക്കണമെന്നു തന്നെയാണ് അഭിപ്രായം.

അഭിമുഖം : മനീഷ് പാണ്ഡെ, കടപ്പാട്: ന്യൂസ് ലോണ്ട്രി

Read More >>