ക്ലാര, അവള്‍ക്കു പിന്നിലുണ്ടായിരുന്നു പത്മരാജന്റെ അമ്മ!

നനുത്ത മഴയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ക്ലാരയെ ഓര്‍ക്കാത്ത മലയാളി ഉണ്ടാകുമോ? സംശയമാണ്..ക്ലാരയെ യും പത്മരാജനെയും അദ്ദേഹത്തിന്‍റെ കരുത്തായി ഒപ്പം നിന്ന ആ അമ്മയെയും ഓര്‍മ്മിക്കുകയാണ് ഗാന്ധിമതി ബാലന്‍

ക്ലാര, അവള്‍ക്കു പിന്നിലുണ്ടായിരുന്നു പത്മരാജന്റെ അമ്മ!

മലയാളസിനിമയുടെ ഇനിയും മറക്കാന്‍ കഴിയാത്ത അഭിനിവേശമായ ക്ലാരയെ ഓര്‍മ്മിക്കുകയാണ് തുവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗാന്ധിമതി ബാലന്‍-

ഒരു അവകാശവാദവും ഇല്ലാതെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ ക്ലാരയെ എങ്ങനെ വിസ്മരിക്കാനാണ്? ഒപ്പം ക്ലാരയെ സൃഷ്ടിച്ച പത്മരാജനേയും ,പിന്നണിയില്‍ അദൃശ്യമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ അമ്മയേയും!

ഗാന്ധിമതി ബാലനോടൊപ്പം ഒരിത്തിരി നേരം:

Gandhimathi


  • ക്ലാര ഇത്ര മനോഹരമാവുകയില്ലായിരുന്നു..ഒരു സ്ത്രീ ഇതിന്റെ അണിയറയില്‍ ഇല്ലെങ്കില്‍..ശരിയല്ലേ?


വളരെ ശരിയാണ്. പപ്പേട്ടന്‍ ഉദകപ്പോള എന്ന നോവലിലെ ജയകൃഷ്ണനും, ക്ലാരയും തങ്ങളും എന്ന കഥ സിനിമയാക്കാന്‍ തീരുമാനിച്ചതിനു ശേഷം, അതിന്റെ തിരക്കഥയെഴുതി പൂര്‍ത്തിയാക്കി അദ്ദേഹം എന്നെയും കൂട്ടി മുതുകുളത്തേക്ക് തിരിച്ചു. തിരക്കഥ അമ്മയെ വായിച്ചു കേള്‍പ്പിക്കുകയാണ് ലക്ഷ്യം.

  • ക്ലാര പോലെയൊരു കഥാപാത്രത്തെ മകന്‍ അമ്മയ്ക്കു പരിചയപ്പെടുത്തുന്നുവെന്നോ? വിശ്വസിക്കാന്‍ കഴിയുന്നില്ല...


അതേ..ഇന്ന് പോലും നമുക്ക് അത്തരമൊരു സ്വാതന്ത്ര്യം ചിന്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ പപ്പേട്ടന്‍ അങ്ങനെ ആയിരുന്നില്ല. പപ്പേട്ടന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഒപ്പം ഭാര്യയും മക്കളും. അത് കഴിഞ്ഞുള്ള ലോകമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു.

  • എന്തായിരുന്നു അമ്മയുടെ പ്രതികരണം?


അന്ന് അമ്മ ഒരുക്കി വച്ച് സദ്യയൊക്കെ കഴിച്ചിട്ട് ഞങ്ങള്‍ തിരക്കഥ അമ്മയെ ഏല്‍പ്പിച്ചു തിരുവനന്തപുരത്തേക്ക് മടങ്ങി.unnamed-5


രണ്ടു ദിവസം കഴിഞ്ഞു തിരക്കഥ വാങ്ങാന്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു- "എടാ, സംഭവമൊക്കെ നന്നായിട്ടുണ്ട്..പക്ഷെ ഇതിന്റെ വിജയമെന്ന് പറയുന്നത്. ഇതിലെ ക്ലാര എന്ന് പറയുന്ന കുട്ടി... അവള്‍ ഒരു 'പെണ്ണായിരിക്കണം!' ആര് ഈ ചിത്രം കണ്ടാലും. അവര്‍ക്ക് ഒടുവില്‍ ക്ലാരയെ മറക്കാന്‍ കഴിയരുത്. ഇത് പോലെയൊരു പെണ്ണ് തനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് അവരും ആഗ്രഹിക്കണം!"

(ഒരു അമ്മ മകന് നല്‍കുന്ന ആത്മാര്‍ഥമായ ആ ഉപദേശത്തിന്റെ ഓര്‍മ്മയില്‍ ഗാന്ധിമതി ബാലന്‍ ഹൃദൃമായി ചിരിക്കുന്നു..)


  • അമ്മയുടെ ആ വീക്ഷണം എത്രമാത്രം ശരിയായിരുന്നു... അല്ലേ?


അതേ.എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രത്തെ വിലയിരുത്താന്‍ തന്റെ അമ്മയ്ക്കാണ് സാധിക്കുകയെന്ന് നിശ്ചയിച്ച പപ്പേട്ടന്റെ വിവേകവും അംഗീകരിക്കാതെ തരമില്ല. ഒരു പെണ്ണിനെ അറിയാന്‍ കഴിയുന്നത് മറ്റൊരു പെണ്ണിനാണ് എന്ന പൊതുതത്വമല്ല അതിനു പിന്നില്‍. ലൈംഗികതയും, പ്രണയവും തമ്മില്‍ കൂട്ടിയിണക്കുമ്പോള്‍ അവിടെ സ്ത്രീക്ക് നീതിയുണ്ടാകണം എന്ന ഉത്തമബോധം പപ്പേട്ടന് ഉണ്ടായിരുന്നു.

  • അമ്മ മനസ്സില്‍ കണ്ട ക്ലാരയായിരുന്നോ പിന്നെ സ്‌ക്രീനില്‍ കണ്ടത്?


ആയിരുന്നിരിക്കാം..അല്ലെങ്കില്‍ അതിനും മേലേ ക്ലാര മലയാളിയുടെ അഭിനിവേശമായി മാറിയില്ലേ. ലൈംഗികതയിലൂടെ അല്ലാതെ ക്ലാരയെ പ്രണയിക്കുവാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിടത്ത്, അമ്മയുടെ വാക്കുകള്‍ പൂര്‍ണ്ണമായി.

unnamed-4

  • സുമലത എങ്ങനെ ക്ലാരയായി?


പപ്പേട്ടന്‍ ഈ സിനിമയെടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ തന്നെ മോഹന്‍ലാലിനെ ജയകൃഷ്ണനായി നിശ്ചയിച്ചിരുന്നു. തിരക്കഥ വായിച്ചു അമ്മ നല്‍കിയ ഉപദേശത്തിനു ശേഷമാണ് ഞങ്ങള്‍ ക്ലാരയെ തിരയാന്‍ തുടങ്ങിയത്.

ന്യൂഡല്‍ഹി, നിറക്കൂട്ട് എന്ന ചിത്രങ്ങളിലെ പ്രകടനം ഒരു പക്ഷേ സുമലതയിലെത്താനുളള ഒരു കാരണം ആയിരുന്നിരിക്കാം.അറിയില്ല. അത് പപ്പേട്ടന്റെ മാത്രം തീരുമാനം ആയിരുന്നു.
unnamed-2

  • സുമലത ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്നെങ്കിലും സംശയിച്ചിരുന്നോ?


ഒരിക്കലും ഇല്ല. സുമലതയുടെ ആദ്യ പത്മരാജന്‍ ചിത്രമായിരുന്നു ഇത്. അടുത്തിടപഴകുന്ന രംഗങ്ങള്‍ വള്‍ഗര്‍ ആകില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഇത് ഒരു പത്മരാജന്‍ ചിത്രമാണ്!
മഴയും,പ്രണയവും,സെക്സും,കുടുംബവുമെല്ലാം ചേര്‍ന്ന പത്മരാജന്‍ ചിത്രമായ തൂവാനത്തുമ്പികള്‍ ഒരു സ്ത്രീയെയും അവളുടെ ആത്മാഭിമാനത്തെയും ഇടിച്ചു താഴ്ത്തിയില്ല. ഒരു പുരുഷത്വത്തെയും ഇകഴ്ത്തിയുമില്ല.


  • മഴയും ക്ലാരയും?


ഇവര്‍ തമ്മില്‍ എന്തെല്ലാമോ അനിര്‍വചനീയമായ ബന്ധമുണ്ടെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അതിശയോക്തി തോന്നും. പക്ഷെ സത്യമാണ്. ക്ലാര എന്ന കഥാപാത്രം മഴ തന്നെയായിരുന്നു!

unnamed-5

പപ്പേട്ടന്‍ ഈ കഥയിലേക്ക് 'മഴ'യെ ഒരു തീമായി തന്നെ കൊണ്ടുവന്നു. ജയകൃഷ്ണന്റെ പുതപ്പിനടിയിലെ ഇളംചൂടായി ക്ലാര മാറണമെങ്കില്‍ മഴ അത്യാവശ്യമായിരുന്നുവെന്ന് പപ്പേട്ടന് തോന്നിയിരിക്കാം. അല്ലെങ്കില്‍ മഴയ്ക്ക് പറയാന്‍ കഴിയുന്നതിലും തീവ്രമായി ആ ബന്ധം പറയാന്‍ മറ്റൊരു പ്രതീകമില്ലയെന്ന തോന്നലുമാകാം.


തിരക്കഥയില്‍ വ്യക്തമായിരുന്നതിനാല്‍ തന്നെ കൃത്രിമമായി മഴ പെയ്യിക്കാന്‍ ലൊക്കേഷനില്‍ ഫയര്‍ എഞ്ചിനും മറ്റു ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പക്ഷെ അതിശയമിതാണ്, വൈകാരികമായി മഴയെ ആവശ്യമുള്ള എല്ലാ സീനുകള്‍ക്കും പ്രകൃതി തന്നെ സമ്മാനമായി നല്‍കി.
ഫയര്‍ എഞ്ചിനില്‍ നിന്നും ചീറ്റുന്ന നിര്‍ജ്ജീവമായ മഴയല്ല, നനുത്ത ഒരു തണുപ്പുമായി, ക്ലാരയെ ആവാഹിക്കുന്ന മഴ തന്നെ ഞങ്ങള്‍ക്ക് ലഭിച്ചു. പപ്പേട്ടന്‍ അങ്ങനെയും ഒരു ഉടമ്പടി പ്രകൃതിയുമായി ഉണ്ടാക്കിയിരുന്നത് പോലെ...

unnamed-2

  • ജയകൃഷ്ണന്‍ അവളെ ആഗ്രഹിക്കുന്നില്ലേ. ക്ലാര ഇനിയും മടങ്ങി വരുമോ?


'ആ മഴ ഇനിയും പെയ്യുമോ?..' എന്ന മറുചോദ്യമായിരിക്കാം ഇതിന്റെ ശരിയായ ഉത്തരമെന്ന് ഞാന്‍ കരുതുന്നു.

അല്ലെങ്കില്‍ തന്നെ ഗന്ധര്‍വന്റെ ഉടമ്പടിയില്ലാത്ത മഴയ്ക്ക് ക്ലാരയെ ജീവിപ്പിക്കാനാകുമോ? അങ്ങനെ ഒരു മഴയും.... ആ മഴ നനഞ്ഞ ജയകൃഷ്ണനും ഒന്നു മാത്രം!

ജയകൃഷ്ണന്‍ ഒരു നിസ്സഹായത കൂടിയാണ്. ഇന്നും പലരിലും ജീവിക്കുന്ന നിസ്സഹായത!unnamed-3


'ആദ്യമായിട്ടാണോ..?'

'...ഉം...'
'...ശ്ശെ...'

ഒരു പെണ്‍കുട്ടിയുടെ നാശത്തിന്റെ തുടക്കം എന്നിലൂടെ ആകരുതെന്ന പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെയും വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു...

....അങ്ങനെ സംഭവിച്ചാല്‍, ആ പെണ്‍കുട്ടി മാത്രമേ പിന്നെ അങ്ങോട്ട് അന്ത്യം വരെ എന്റെ ഒപ്പം ഉണ്ടാകുയെന്നൊരു ശപഥം എടുത്തിട്ടുണ്ടായിരുന്നു..: ജയകൃഷ്ണന്‍

പെണ്ണിനെ അറിയാന്‍ പെണ്ണാകണമെന്നില്ല !

Read More >>