അമ്മു മുതല്‍ അമ്മ വരെ...

നനഞ്ഞു കുളിച്ച വേഷത്തില്‍ തങ്ങളെ വരവേറ്റ ജയലളിതയെ കണ്ട് എം ജി ആര്‍ വരെ അദ്ഭുതപ്പെട്ടുവത്രേ. അതായിരുന്നു ജയലളിത. നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും ആള്‍രൂപം!

അമ്മു മുതല്‍ അമ്മ വരെ...

മുകേഷ് കുമാര്‍ 


ഗോവയിലെ കര്‍വാറില്‍ 'ആയിരത്തില്‍ ഒരുവന്‍' എന്ന എം ജി ആര്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വിവിധ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്ന ഷൂട്ടിംഗ് സംഘം അതിരാവിലെ ബോട്ട് ജെട്ടിയിലെത്തി അവിടെ നിന്നും ഒരു ബോട്ടിലേറി ഇരുപത്തഞ്ച് കിലോമീറ്റര്‍ അകലെ കടലിന് മദ്ധ്യേയുള്ള ദ്വീപിലെത്താന്‍ ആയിരുന്നു പ്ലാന്‍. നായിക ജയലളിതയുടെ ഡ്യൂപ്പിന്റെ വേഷവിധാനം കണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയലളിതയാണെന്ന് തെറ്റിദ്ധരിക്കുകയും എല്ലാവരും എത്തിയെന്ന ഗ്രീന്‍ സിഗ്നല്‍ നല്കുകയും ചെയ്തു.ബോട്ട് ഷൂട്ടിംഗ് സംഘത്തെയും വഹിച്ച് ആ ദ്വീപിലേക്ക് യാത്ര തിരിച്ചു.


മിനിറ്റുകള്‍ക്കുള്ളില്‍ ജയലളിത ബോട്ട് ജെട്ടിയിലെത്തി. അപ്പോഴാണ്‌ സംഘം യാത്രയായത് അവര്‍ അറിയുന്നത്. എന്ത് ചെയ്യണമെന്ന ആലോചനയില്‍ നിന്ന ജയലളിതയോട് നാട്ടുകാരിലൊരാള്‍ പറഞ്ഞു...


'ഇവിടെ നിന്നും പതിനഞ്ച് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം പോയാല്‍ ഒരു മത്സ്യ ബന്ധന ഗ്രാമത്തിലെത്താം. അവിടെ നിന്നും മൂന്നു കിലോമീറ്റര്‍ കടല്‍ മാര്‍ഗ്ഗം പോയാല്‍ ആ ദ്വീപിലെത്താന്‍ കഴിയും. പക്ഷേ കട്ടമരത്തിലേ അവിടെ നിന്ന് പോകാന്‍ കഴിയൂ"


പിന്നെയൊന്നുംആലോചിക്കാന്‍ നില്ക്കാതെ ജയലളിത അവിടേയ്ക്ക് പുറപ്പെട്ടു. കടലിലെ കാറും കോളും വകവയ്ക്കാതെ കട്ടമരത്തിലേറി ദ്വീപിലെത്തി. അതും ഷൂട്ടിംഗ് സംഘം അവിടെ എത്തുന്നതിന് മുമ്പേ തന്നെ.
നനഞ്ഞു കുളിച്ച വേഷത്തില്‍ തങ്ങളെ വരവേറ്റ ജയലളിതയെ കണ്ട് എം ജി ആര്‍ വരെ അദ്ഭുതപ്പെട്ടുവത്രേ. അതായിരുന്നു ജയലളിത. നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും ആള്‍രൂപം!തമിഴ്നാട്ടിലെ ശ്രീരംഗം സ്വദേശിയായ രംഗസ്വാമി അയ്യങ്കാറിന് മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമായിരുന്നു സന്താനങ്ങള്‍. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ഗുമസ്തനായി ജോലി കിട്ടിയതോടെ കുടുംബത്തോടൊപ്പം രംഗസ്വാമി ബാംഗ്ലൂരിലേക്ക് താമസം മാറി. ഇദ്ദേഹത്തിന്‍റെ മകള്‍ വേദയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ ഒരു വിവാഹാലോചന വന്നു. മൈസൂരിലെ പ്രശസ്തമായ ഡോക്ടര്‍ രങ്കാച്ചാരി കുടുംബത്തില്‍ നിന്നും!


മൈസൂര്‍ മഹാരാജാവായിരുന്ന കൃഷ്ണ രാജേന്ദ്ര ഉഡയാറിന്റെ കുടുംബ ഡോക്ടർ കൂടിയായിരുന്നു രങ്കാച്ചാരി. തന്റെ മകന്‍ ജയരാമന്‍ മദ്യപാനവും ചൂതാട്ടവുമായി നടക്കുന്നതില്‍ ദുഃഖിതനായിരുന്ന രങ്കാച്ചാരി ഒരു വിവാഹത്തിലൂടെ അയാളെ നേരായ വഴിയിലെത്തിക്കാം എന്നു കരുതി. അങ്ങനെ ജയരാമന്റെ വധുവായി വേദാ ആ വീട്ടിലെത്തി.


ജയരാമന്‍ - വേദാ ദമ്പതികള്‍ക്ക് ആദ്യം ജനിച്ചത് ഒരു ആണ്‍കുട്ടിയാണ്. പേരക്കുട്ടി ജനിച്ച് അധികം താമസിയാതെ ഡോക്ടര്‍ രങ്കാച്ചാരി അന്തരിച്ചു. 1948 ഫെബ്രുവരി 24-ന് അവര്‍ക്കൊരു പെണ്‍കുട്ടി ജനിച്ചു. 'അമ്മു' എന്ന വിളിപ്പേരിലറിയപ്പെട്ട കോമളവല്ലി.


അപ്പോഴേക്കും ജയരാമന്റെ മദ്യപാനാസക്തി അപകടകരമായ രീതിയിലെത്തിയിരുന്നു. സ്വത്തുക്കളെല്ലാം വിറ്റുള്ള ചൂതാട്ടവും കൂടിയായപ്പോള്‍ വേദാ കുടുംബ സംരക്ഷണത്തിനായി ജോലി അന്വേഷണം തുടങ്ങി. അതിന്റെ ഭാഗമായി ടൈപ്റൈറ്റിംഗ്, ഷോര്‍ട്ഹാന്‍ഡ് പഠനവും ആരംഭിച്ചു. അമ്മുവിന്റെ രണ്ടാം വയസ്സില്‍ ജയരാമന്‍ മരണമടഞ്ഞു. മൈസൂരിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു കിടന്ന തരത്തിലായിരുന്നു ജയരാമന്‍റെ അന്ത്യം. അതോടെ വേദാ കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി.


വേദായുടെ സഹോദരി അംബുജയാണ് ആ കുടുംബത്തില്‍ നിന്നും ആദ്യം സിനിമാ ലോകത്തിലേക്ക് വരുന്നത്. തെലുങ്ക് നടന്‍ നാഗയ്യയുടെ സ്വന്തം ചിത്രമായ 'എന്‍ വീട്' എന്ന സിനിമയില്‍ വിദ്യാവതി എന്ന പേരില്‍ തന്റെ അഭിനയജീവിതം തുടങ്ങി അംബുജാ.


സിനിമാ ഷൂട്ടിംഗുകള്‍ക്കായി ചെന്നൈയില്‍ തങ്ങേണ്ടി വന്ന വിദ്യാവതിയുടെ സഹായത്തിനായി ചെന്നൈയിലെത്തിയ വേദാ കുട്ടികള്‍ രണ്ടു പേരെയും അവിടത്തെ ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. അപ്പോഴേക്കും വേദായുടെ മനസ്സിലും സിനിമാ മോഹം നാമ്പിട്ടിരുന്നു.


അങ്ങനെയിരിക്കേ വിദ്യാവതിയെ തന്റെ സിനിമയിലേക്ക് ബുക്ക് ചെയ്യാനെത്തിയ കന്നഡ നിര്‍മ്മാതാവ് കെമ്പരാജ് അര്‍ശ് 'കര്‍ക്കോട്ടൈ' എന്ന ചിത്രത്തില്‍ വേദയ്ക്കും  ഒരു വേഷം നല്കി. അങ്ങനെ സന്ധ്യാ എന്ന പേരില്‍ വേദാ സിനിമാ പ്രവേശനം നടത്തി.
[caption id="attachment_65396" align="alignright" width="343"]vedha അമ്മുവും അമ്മ വേദായും[/caption]

തന്റെ മകള്‍ അമ്മുവിനെ പഠനത്തിലും നൃത്ത-സംഗീത രംഗങ്ങളിലും മിടുക്കിയാക്കി വളര്‍ത്തി സന്ധ്യ. സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ യാദൃശ്ചികമായി ഒരു സിനിമയിൽ അമ്മു അഭിനയിക്കുകയും ചെയ്തു . അമ്മയുടെ സിനിമാ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് വെറുതേ വന്നതായിരുന്നു. അന്ന് പാര്‍വ്വതീ ദേവിയുടെ ബാല്യകാലം അവതരിപ്പിക്കാന്‍ കണ്ടെത്തിയിരുന്ന കുട്ടി വരാതാവുകയും പകരം ആ വേഷം അമ്മു ഏറ്റെടുക്കുകയും ചെയ്തു.


'ശ്രീ ശൈല മാഹാത്മ്യം' എന്ന ആ കന്നഡ സിനിമയിലൂടെയാണ് 'അമ്മു' എന്ന ജയലളിത ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.


1960-ല്‍ ചെന്നൈ മൈലാപ്പൂരിലെ രസിക രഞ്ജിനി സഭയില്‍ വച്ചായിരുന്നു ജയലളിതയുടെ നൃത്ത അരങ്ങേറ്റം. അന്ന് അധ്യക്ഷത വഹിച്ച ശിവാജി ഗണേശന്‍ ഈ കുട്ടി മികച്ച കലാകാരിയായി പേരെടുക്കും എന്ന് പ്രവചിക്കുകയും ചെയ്തു.


1964-ല്‍ ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റില്‍ പഠിക്കുന്ന സമയത്ത് വൈ ജി പാര്‍ത്ഥസാരഥിയുടെ രണ്ട് ഇംഗ്ലീഷ് നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു ജയലളിത. ആ നാടകം കാണാനിടയായ ശങ്കര്‍ ഗിരി (രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയുടെ മകന്‍) താന്‍ സംവിധാനം ചെയ്യുന്ന 'Epistle' എന്ന ഇംഗ്ലീഷ് ഭാഷാ സിനിമയിലേക്ക് ജയലളിതയെ ക്ഷണിച്ചു.

Read More >>