കത്തനാര് തോറ്റുവെന്ന് ആളുകള്‍ പറഞ്ഞാലും സാരമില്ല: തന്നോടോത്തു ക്രിസ്മസ് ആഘോഷിക്കാന്‍ ബെന്യാമിനെ ക്ഷണിച്ച് ഫാ: ഇലഞ്ഞിമറ്റം

ബെന്യാമിന്‍ പറഞ്ഞ വാക്കുകളേക്കാള്‍ ആശംസിച്ച നന്മകള്‍ തന്റെ പ്രാര്‍ത്ഥനാ നിമിഷങ്ങളെ മുറിപ്പെടുത്തിയെന്നും താങ്കളെ പറഞ്ഞു തോല്‍പ്പിക്കണമെന്നു തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ജോസഫ് ഇലഞ്ഞിമറ്റം പറയുന്നു.

കത്തനാര് തോറ്റുവെന്ന് ആളുകള്‍ പറഞ്ഞാലും സാരമില്ല: തന്നോടോത്തു ക്രിസ്മസ് ആഘോഷിക്കാന്‍ ബെന്യാമിനെ ക്ഷണിച്ച് ഫാ: ഇലഞ്ഞിമറ്റം

ഭാഷാപോഷിണി വിവാദത്തിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ എഴുത്തുകാരന്‍ ബെന്യാമിനും കത്തോലിക്കാ പുരോഹിതന്‍ ഫാ: ജോസഫ് ഇലഞ്ഞിമറ്റവും തമ്മിലുള്ള വാഗ്വാദങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ പൊതുസമക്ഷത്തില്‍ ബെന്യാമിനെ പോലെയുളള കലാകാരനെ അപഹാസ്യനാക്കിയതില്‍ വേദന അറിയിച്ചു ഫാ: ജോസഫ് രംഗത്തെത്തി. മുറിപ്പെടുത്തുവാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ഫാ: ഇലഞ്ഞിമറ്റം കുറിച്ചു. ബെന്യാമിന്‍ പറഞ്ഞ വാക്കുകളേക്കാള്‍ ആശംസിച്ച നന്മകള്‍ തന്റെ പ്രാര്‍ത്ഥനാ നിമിഷങ്ങളെ മുറിപ്പെടുത്തിയെന്നും താങ്കളെ പറഞ്ഞു തോല്‍പ്പിക്കണമെന്നു തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ജോസഫ് ഇലഞ്ഞിമറ്റം പറയുന്നു. നമ്മളെ എതിര്‍ചേരിയില്‍ നിര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തല വച്ചു കൊടുത്ത് മണ്ടന്‍മാരേകേണ്ടതില്ലെന്ന ചിന്തയും തനിക്കുണ്ടെന്ന് അദ്ദേഹം കുറിച്ചു. കത്തനാര് തോറ്റുവെന്ന് ആളുകള്‍ പറഞ്ഞാലും കുഴപ്പമില്ല. ക്രിസ്മസ് പുലരട്ടെ. നമ്മുടെ ആശയങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാകാമെങ്കിലും വാശിയും പ്രതിവാദങ്ങളും മറന്നു തന്റെ പ്രിയ എഴുത്തുകാരനൊപ്പം മനസ്സു കൊണ്ടെങ്കിലും ഈ ക്രിസ്മസ് ആഘോഷിക്കാന്‍ താത്പര്യമുണ്ടെന്നും ഫാ: ഇലഞ്ഞിമറ്റം കുറിക്കുന്നു.


പുരോഹിതരും ദൈവവിശ്വാസികളും ഭൂരിഭാഗവും നല്ലവരാണെന്നു ബെന്യാമിന്‍ തന്നെ പറഞ്ഞു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഫാ: ഇലഞ്ഞിമറ്റം പറയുന്നു. അമ്മയ്ക്കു വിളിച്ചാല്‍ ചിലര്‍ക്കു നോവും. ചിലര്‍ സംയമനം പാലിക്കും. വേറെ ചിലര്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തിലുള്ള വ്യത്യസ്ത നിലപാടുകളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.


ഭാര്യയെ വ്യഭിചരിക്കാന്‍ കൊടുത്ത സമരനേതാവിന്റേയും ജിഷയെ പീഢിപ്പിച്ചു കൊന്നവന്റേയും മകളെ പീഢിപ്പിച്ചു കൊന്ന പിതാവിന്റെയുമെല്ലാം പാപഭാരം
എല്‍ക്കാന്‍ പുരോഹിതേതരനും പിതാവുമായ അങ്ങു തയ്യാറാകുമ്പോള്‍ വരൂ നമുക്ക് സി. അഭയയുടെ മരണത്തിന്റെ ഉത്തരവാദിത്വം പുരോഹിതഗണത്തിനോയെന്നു ഒന്നിച്ചു കോടതിയോട് ചോദിക്കാമെന്നും ഇലഞ്ഞിമറ്റം കുറിക്കുന്നു. സത്യം പുറത്തു വരാന്‍ തനിക്കു ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. പറഞ്ഞു തോല്പിക്കാനുള്ള വ്യഗ്രതയില്‍ തനിക്കു ഇതുപോലൊരു നോവല്‍ എഴുതാന്‍ പറ്റില്ലെന്നും കാമം തീര്‍ക്കാനുള്ള മാര്‍ഗങ്ങളെ വിശദമാക്കിയും പ്രിയ എഴുത്തുകാരനായ താങ്കള്‍ ചെറുതാകേണ്ടിയിരുന്നില്ലെന്നും ഫാ: ജോസഫ് പറയുന്നു.

ഭാഷാപോഷിണി വിവാദത്തില്‍ തനിക്കെതിരെ തുറന്ന കത്തെഴുതിയ ഫാ: ജോസഫ് ഇലഞ്ഞിമറ്റത്തിന് രൂക്ഷമായ ഭാഷയിലാണ് ബെന്യാമിന്‍ മറുപടി നല്‍കിയത.്
പത്തുപേര്‍ നടത്തിയ കോക്കാംപീച്ചിയെ മുഴുവന്‍ സഭയുടെയും വിശ്വാസികളുടെയും തലയില്‍ ചാര്‍ത്തി വച്ച് സത്യക്രിസ്ത്യാനികള്‍ക്ക് അപമാനം ഉണ്ടാക്കി വയ്ക്കാനുള്ള ശ്രമം നിഷ്‌കളങ്കമാണെന്നു മറ്റുളളവര്‍ വിചാരിക്കുമെന്ന് അങ്ങ് വെറുതെ വിശ്വസിച്ചു കളയരുതെന്നു പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ അത്ര വിഡ്ഢികളല്ല. ക്രിസ്തുവിനെ ആര്‍ക്കും തീറെഴുതി തന്നിട്ടുമില്ല. ബെന്യാമിന്‍ കുറിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ എഡിറ്റര്‍ ഫാ: ജോസഫ് ഇലഞ്ഞിമറ്റം സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിനാണ് ബെന്യാമിന്റെ മറുപടി.

താന്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ സഭയ്ക്കോ പുരോഹിതന്‍മാര്‍ക്കോ വിശ്വാസികള്‍ക്കോ ക്രിസ്തുവിനോ എതിരായി ഒന്നും ഇല്ലെന്നു ശാന്തതയോടെ വായിച്ചാല്‍ മനസ്സിലാകും. ബസില്‍ കയറിയവരെക്കുറിച്ച് പറയുമ്പോള്‍ വഴിയില്‍ നില്ക്കുന്നവരും ഉള്‍പ്പെടുമെന്നു പറയരുത്. എന്നാല്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അതിനു കാരണം താങ്കള്‍ മഞ്ഞക്കണ്ണട വച്ച അവരിലൊരാള്‍ ആയിപ്പോയതിന്റെ ആത്മനിന്ദയാണെന്നു കരുതുന്നതായും ബെന്യാമിന്‍ പറയുന്നു.

മനോരമയും അച്ചനും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞു തീര്‍ക്കുക. തന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ല. അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവില്‍ ഇറങ്ങിയതിനെതിരെ ആയിരുന്നു. മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോടു ചേര്‍ത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടര്‍ച്ചയായി മാത്രമേ താന്‍ ഇതിനെ കാണുന്നുള്ളൂ. അച്ചന്റെ കൂടെ തെരുവില്‍ ഇറങ്ങിയവരെ അത് സമാധാനിപ്പിക്കുമായിരിക്കും എന്നാല്‍ തന്നെ അറിയാവുന്ന വായനക്കാര്‍ അത് പുച്ഛിച്ചു തള്ളുമെന്നും ബെന്യാമിന്‍ പറയുന്നു.