കേരള പൊലീസും സർക്കാരും ഭരണഘടന ലംഘിച്ചു: ലോക്സഭാ മുൻ ജനറൽ സെക്രട്ടറി ദേശീയഗാനനിയമം വ്യക്തമാക്കുന്നു

കോടതി പറഞ്ഞതുകൊണ്ട് എണീറ്റു നിൽക്കണമെന്ന് അനുശാസിച്ച സർക്കാരിന്റെ നടപടികളും ഭരണഘടനാപരമല്ലെന്ന് തെളിയിക്കുന്നു പതിറ്റാണ്ടുകളോളം ലോക്സഭാനടപടിക്രമങ്ങളുടെ നടത്തിപ്പു ചുമതലക്കാരനായിരുന്ന ആചാരിയുടെ ഇടപെടൽ.

കേരള പൊലീസും സർക്കാരും ഭരണഘടന ലംഘിച്ചു: ലോക്സഭാ മുൻ ജനറൽ സെക്രട്ടറി ദേശീയഗാനനിയമം വ്യക്തമാക്കുന്നു

ദേശീയഗാനത്തിന്റെ പേരിൽ നടന്നിരിക്കുന്ന അറസ്റ്റുകളെല്ലാം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. ദേശീയഗാനം പാടുമ്പോൾ എണീറ്റുനിൽക്കാത്തവരെ കോടതിയലക്ഷ്യക്കേസിൽ പെടുത്തുന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്ത നടപടിയാണെന്നും ഭരണഘടനാ വിദഗ്ധൻ കൂടിയായ ആചാരി പറഞ്ഞു.

പി ഡി ടി ആചാരിയുടെ നിരീക്ഷണങ്ങൾ ഇതെല്ലാമാണ്:

- ഭരണഘടനയുടെ 51A(a) വകുപ്പ് പറയുന്നത് ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് പൗരന്റെ കടമയെന്നാണ്. എന്നാൽ, കടമ നിയമംമൂലം നടപ്പാക്കാവുന്നതല്ല.


- പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് (1971) ദേശീയഗാനത്തോടുള്ള അനാദരം രണ്ടു രീതിയിലാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. ഒന്ന്, പാടുന്നത് മനപ്പൂർവ്വം തടയുക. രണ്ട്, കൂട്ടമായി പാടുമ്പോൾ മനപ്പൂർവ്വം തടസ്സപ്പെടുത്തുക.

- എണീറ്റു നിൽക്കാത്തത് അനാദരമാണെന്ന് ഈ നിയമം പറയുന്നില്ല. അതായത്, എണീറ്റുനിൽക്കാത്തത് കുറ്റകൃത്യമാവുന്നില്ല.

- നിയമനിർമ്മാണം പാർലമെണ്ടിന്റെയും നിയമസഭകളുടെയും ചുമതലയാണ്. നിയമത്തിൽ വ്യവസ്ഥചെയ്ത പ്രകാരമേ ഒരു കൃത്യം കുറ്റകൃത്യമാണോ എന്ന് തീരുമാനിക്കാനാവൂ. നിയമത്തിൽ പറയാത്ത ഒരു ശിക്ഷയും വിധിക്കാൻ ആർക്കും അധികാരമില്ല.

- ഭരണഘടനയുടെ ഇരുപതാം വകുപ്പ് പ്രകാരം, നിയമത്തിൽ വ്യവസ്ഥ ചെയ്യാത്ത ലംഘനത്തിന് ശിക്ഷ പറ്റില്ല. ദേശീയഗാനം പാടുമ്പോൾ എണീറ്റുനിൽക്കാത്തവരെ അറസ്റ്റുചെയ്യാനും ജയിലിലടക്കാനും സാധിക്കില്ല.

- കോടതിയലക്ഷ്യ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം, കോടതിയലക്ഷ്യനടപടിയും നിലനിൽക്കില്ല. കാരണം, മറ്റൊരു നിയമമനുസരിച്ചും ശിക്ഷാർഹമല്ലാത്ത ലംഘനങ്ങൾ, കോടതിയലക്ഷ്യത്തിന്റെ പേരിൽ ശിക്ഷാർഹമായിരിക്കില്ല.

മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് കേരള പൊലീസ് ഇക്കാര്യത്തിലെടുത്ത നടപടികളെല്ലാം ഭരണഘടനാ ബാഹ്യമാണെന്ന് വ്യക്തമാക്കുന്ന നിരീക്ഷണങ്ങൾ. പൊലീസ് എടുത്ത നടപടികൾ മാത്രമല്ല, കോടതി പറഞ്ഞതുകൊണ്ട് എണീറ്റു നിൽക്കണമെന്ന് അനുശാസിച്ച സർക്കാരിന്റെ നടപടികളും ഭരണഘടനാനുസാരിയല്ലെന്ന് തെളിയിക്കുന്നു പതിറ്റാണ്ടുകളോളം ലോക്സഭാനടപടിക്രമങ്ങളുടെ നടത്തിപ്പു ചുമതലക്കാരനായിരുന്ന ആചാരിയുടെ ഇടപെടൽ.

Read More >>