ഫൊക്കാനയുടെ കൂറ് ട്രംപിനോടല്ല, മലയാളിയോടാകണം!

ഫൊക്കാന നാഷണൽ ട്രഷറർ ഷാജി വര്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

ഫൊക്കാനയുടെ കൂറ് ട്രംപിനോടല്ല, മലയാളിയോടാകണം!

വിശാഖ് ചെറിയാന്‍ 

ന്യൂയോർക്ക്: ഗൾഫ് നാടുകൾ കഴിഞ്ഞാൽ മലയാളികൾ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് അമേരിക്ക. എല്ലാ മേഖലയിലും പ്രാവിണ്യം തെളിയിച്ചവരാണ് ഇവിടുത്തെ മലയാളികൾ. ഡോക്ടർ, എഞ്ചിനീയർ, നഴ്സിംഗ് അങ്ങനെ വിവിധ മേഖലകളിൽ അവർ ജോലി ചെയ്യുന്നു. ഒരു വലിയ ശതമാനം മലയാളികൾ ഇവിടെ ഉപരിപഠനത്തിനായും വരുന്നുണ്ട്. ഇങ്ങനെ വരുന്നവർ പിന്നീട് ഗ്രീൻ കാർഡ് നേടി പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിച്ചു ഇവിടെ താമസിക്കുകയാണ് പൊതുവേ കണ്ടുവരുന്ന പ്രവണത. എങ്കിൽ തന്നേയും പുതുതായി ഉദ്യോഗവിസയിൽ വരുന്ന മലയാളികളെ സ്വീകരിക്കാൻ ഇവർക്ക് അൽപ്പം ബുദ്ധിമുട്ടാണ്.


അമേരിക്കൻ മലയാളികളുടെ ഇടയിൽ രണ്ട് വിഭാഗമായി ഒരു തരം തിരിവുണ്ട്. താത്കാലിക വിസയുള്ള മലയാളികൾ, അമേരിക്കയിൽ സ്ഥിരതാമസം ആക്കിയവര്‍ (ഒരുകാലത്തു ഇതുപോലെ നാട്ടിൽനിന്ന് താല്‍കാലികമായി വന്ന് ജോലിചെയ്ത് സ്ഥിരമായവരാണ് ഇവരും)

ഇപ്പോൾ വരുന്നവരെ ഒറ്റപ്പെടുത്തുന്ന ചിലരുടെയെങ്കിലും ചിന്താഗതി ഇവിടുത്തെ റെഡ് നെക്ക് വെള്ളക്കാരുടെ മനോഭാവമാണ്. അങ്ങനെയുള്ള ഒരാളാണ് ഫൊക്കാന എന്ന മലയാളി പ്രസ്ഥാനത്തിൻറെ നേതൃനിര അലങ്കരിക്കുന്ന വ്യക്തി എന്നുള്ളത് ഏറ്റവും ഖേദകരമാണ്. ഇവരെ പോലെയുള്ളവരില്‍ നിന്ന് ഇന്ത്യൻ വിരുദ്ധ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വരുന്നത് തികച്ചും വേദനാജനകമാണ് എന്ന് പറയാതെ വയ്യ!

നിയുക്ത പ്രസിഡന്റ് ട്രംപിന് ക്രിസ്തുമസ് ആശംസകൾ നേരുന്നതോടൊപ്പം തന്നെ എച്ച് വൺ ബി വിസക്കാർക്ക് പ്രതികൂലമായും പരാമര്‍ശങ്ങളോടെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഫൊക്കാനാ നേതാവിന്റെ വ്യക്തിപരമായ നിലപാടിനെതിരെ വ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. പറയുന്നത് മറ്റൊന്നുമല്ല, ഫൊക്കാന നാഷണൽ ട്രഷറർ ഷാജി വര്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

തദ്ദേശിയരായ അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി എച്ച് വണ്‍ ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ നയം നടപ്പാക്കുമെന്നും അദ്ദേഹം പലവട്ടം വ്യക്തമാക്കിയിട്ടുമുണ്ട്. വിസ പ്രശ്‌നത്തില്‍ ആശങ്കാകുലരായ മലയാളി യുവാക്കള്‍ നില്‍ക്കുന്നതിനിടെയിലാണ് മലയാളി സംഘടനാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇടിത്തീപോലെ വന്നുവീണത്.

പ്രതിവര്‍ഷം 65,000ലധികം ഇന്ത്യാക്കാരാണ് വിവിധ ഐ.ടി കമ്പനികളിലും മറ്റുമായി എച്ച് വണ്‍ വിസയിലെത്തുന്നത് എന്നുള്ളത് മനസിലാക്കുമ്പോള്‍ ഈ പ്രതിഷേധത്തിന്‍റെ വ്യാപ്തി മനസിലാക്കാം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നെടും തൂണാണ് ഇവർ.മാത്രമല്ല ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ച് ജീവിക്കുന്നത്.

എച്ച് വണ്‍ വിസയില്‍ അമേരിക്കയില്‍ വന്ന് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്തതിന് ശേഷം ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കി തുടര്‍ ജീവിതം നയിക്കുന്നവര്‍ മാത്രമല്ല, ഒപ്പം ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരും ഈ രാജ്യത്തുണ്ട്. ഇവരെല്ലാം യു.എസിലെ പുതിയ ഭരണമാറ്റത്തെ ആശങ്കയോടെ നോക്കിയിരിക്കുന്നതിനിടെയിലാണ് മലയാളികുടെ ഉന്നമനത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സംഘടനാ നേതാവിന്റെ ഈ ഫേസ്ബുക്ക് ഒറ്റുക്കൊടുക്കല്‍.

എച്ച് വണ്‍ വിസയിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമോ എന്ന ആശങ്ക യു.എസ്.എയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമാണ്. അങ്ങനെ വന്നാല്‍ ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും. ഈ മടങ്ങിവരവ് ഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ തൊഴില്‍ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത്തരമൊരു ആശങ്കയുടെ ഘട്ടത്തിലാണ് ഷാജി വര്‍ഗ്ഗീസിനെപ്പോലുള്ള സംഘടനാ നേതാക്കളുടെ വിവേകരഹിതമായ നിലപാടുകള്‍ മുന്നോട്ടു വരുന്നത്. ഒരു സമൂഹത്തെ ആകമാനം ഒറ്റിക്കൊടുക്കുന്ന പരസ്യ നിലപാട് സ്വീകരിച്ച ഈ ഭാരവാഹിയെ സംരക്ഷിക്കുന്ന ഫൊക്കാന നേതൃത്വത്തിനെതിരെ പ്രതിഷേധം എങ്ങനെ ശക്തമാകാതിരിക്കും?

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെതന്നെ സാന്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് സോഫ്റ്റ്‌വെയർ കയറ്റുമതിയാണ്. അതിന്റെ നെടുംതൂണാണ് H1B വിസ. കേരളത്തിൽനിന്ന് ഒരു വലിയ ശതാമാനം കുടുംബങ്ങളാണ് H1B യെ ആശ്രയിച്ചു ജീവിക്കുന്നത്. ടെക്നോപാർക്ക്, ഇൻഫോ പാർക്ക് അങ്ങനെ ആയിരക്കണക്കിന് ജീവനക്കാരും അവരുടെ ആശ്രിതരും ചേർന്ന് വലിയ ഒരു സമൂഹമാണ് H1B സ്റ്റാറ്റസിന്റെ നിഴലിൽ ജീവിക്കുന്നത്. ഈ H1B കാർക്ക് ജോലി നഷ്ടപ്പെട്ടാൽ അവർ തൽക്ഷണം രാജ്യം വിടുക മാത്രമല്ല,തൊഴിൽ രഹിതരായ ഇവരെ സ്വീകരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്ന് വരില്ല. ആയിരക്കണക്കിന് ഡോളറുകൾ കടമെടുത്തു പണിത വീടുകളും വാഹനങ്ങളും പിന്നീട് ജപ്തിചെയ്തു ഉള്ളതെല്ലാ,നഷ്ട്ടപ്പെടുത്തി വെറും ഒരു അഭ്യർഥിയെപോലെ പോകണ്ട കാഴ്ച്ച നമ്മൾ കാണേണ്ടിവരും.

തീർത്തും ഔദ്യോഗികമോ സംഘടനാപരമായോ അല്ലാത്ത നിലപാടാണെങ്കിലും മലയാളികളുടെ ഉന്നമനത്തിനും, ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ തലപ്പത്തിരുന്ന് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഭൂഷണമല്ല.

അമേരിക്കയിലെ ഭരണ മാറ്റത്തിന് ശേഷം ഏറെ ആശങ്കയോടെ കഴിയുന്നവർക്ക് എതിരായി മലയാളി സമൂഹത്തിൽ തന്നെ നേതൃത്വ തലത്തിലുള്ളവർ മുന്നോട്ടു വരുന്നത് ഏറെ ഖേദകരമാണെന്ന് എച്ച് വൺ ബി ക്കാർ പറയുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു അമേരിക്കയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കുമെന്നു ഉറപ്പുനൽകി വന്നതാണ് ഫൊക്കാന പ്രതിനിധി സംഘം