വഴിയോരത്തെ മീന്‍കാരികളെ തുരത്തുന്ന തിരുവനന്തപുരത്തെ 'വലിയമീന്‍' നാരദയുടെ ക്യാമറയില്‍ കുടുങ്ങി

എട്ടു സ്ത്രീകളാണ് വഴുതക്കാട് ഇടപ്പഴഞ്ഞി റോഡിൽ കഴിഞ്ഞ നാൽപ്പത് വർഷമായി മീൻ കച്ചവടം നടത്തുന്നത്. ഈ കാലയളവിൽ ഇവരിൽ പലരും മാറി വന്നു. എന്നാലിന്ന് ഇവർ ഒഴിപ്പിക്കൽ ഭീഷണിയിലാണെന്ന് ഞങ്ങൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

വഴിയോരത്തെ മീന്‍കാരികളെ തുരത്തുന്ന തിരുവനന്തപുരത്തെ

തിരുവനന്തപുരം:  വഴുതക്കാട് കോട്ടൺഹിൽ സ്കൂളിനു സമീപത്ത്  സന്ധ്യാ സമയത്തു വഴിവക്കിൽ വർഷങ്ങളായി മീൻ കച്ചവടം നടത്തുന്ന സ്ത്രീകൾക്കു നേരെ ഒഴിപ്പിക്കൽ ഭീഷണിയുമായി റോഡു പണിയുടെ മേൽനോട്ടക്കാരൻ.  വഴുതക്കാട് ഇടപ്പഴഞ്ഞി റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കോൺട്രാക്ടറെന്ന വ്യാജേന റോഡു പണിയുടെ മേൽനോട്ടക്കാരൻ എംകെ വിനോദ്  മീൻ വിൽപ്പന നടത്തുന്ന സ്ത്രീകളോടു ഭീഷണി മുഴക്കിയത്. കച്ചവടം വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിച്ചില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്നായിരുന്നു ഭീഷണി.


ഇതേ സ്ഥലത്തുള്ള മറ്റു കച്ചവടക്കാരെ ഒഴിപ്പിച്ചെന്നു വീരവാദം മുഴക്കുന്ന കോൺട്രാക്ടറുടെ വീഡിയോ ഞങ്ങളുടെ കൈവശമുണ്ട്.  പിഡബ്ലുഡി അസിസ്റ്റന്റ് എഞ്ചിനീയർ ബിജു കുമാറിന്റെ നിർദ്ദേശപ്രകാരമാണ് താൻ കച്ചവടക്കാരോടു സ്ഥലം ഒഴിയണമെന്നുപറഞ്ഞതെന്നു റോഡ് പണിയുടെ മേൽനോട്ടക്കാരൻ എംകെ വിനോദ് പറയുന്നു.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണു വിനോദിന്റെ നേതൃത്വത്തിൽ മീൻ കച്ചവടക്കാരായ സ്ത്രീകളെ ഒഴിപ്പിക്കാൻ ശ്രമം നടന്നത്. എന്നാൽ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് ഇവർ പിൻവാങ്ങുകയായിരുന്നു.എട്ടു സ്ത്രീകളാണ് വഴുതക്കാട് ഇടപ്പഴഞ്ഞി റോഡിൽ കഴിഞ്ഞ നാൽപ്പത് വർഷമായി മീൻ കച്ചവടം നടത്തുന്നത്. ഈ കാലയളവിൽ ഇവരിൽ പലരും മാറി വന്നു. എന്നാലിന്ന് ഇവർ ഒഴിപ്പിക്കൽ ഭീഷണിയിലാണെന്ന് ഞങ്ങൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

വീഡിയോ കാണാം

https://youtu.be/jOV2aCNCk0c
കഴിഞ്ഞ 40 വർഷമായി  ഞങ്ങളിവിടെ മീൻ വിൽക്കുന്നു. ഞങ്ങളോട് ഇതുവരെ ആരും മോശമായി പെരുമാറിയിട്ടില്ല. എന്നാൽ ഇന്ന് ഞങ്ങളോട് പറയുന്നു കച്ചവടം അവസാനിപ്പിക്കണമെന്ന്. എന്റെ ഭർത്താവ് മരിച്ചതിൽപ്പിന്നെയാണ് ഞാൻ മീൻവിൽപ്പന തുടങ്ങിയത്. ഇപ്പോൾ ഒഴിഞ്ഞുതരണമെന്നു പറഞ്ഞാൽ എങ്ങോട്ടുപോകാനാണ്.

ആഗ്നസ് പറയുന്നു.കടകളൊഴിയാൻ നേരത്തെ കച്ചവടക്കാർക്കു നോട്ടീസ് നൽകിയിരുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ ബിജുകുമാർ നാരദാ ന്യൂസിനോട് വ്യക്തമാക്കി. വഴുതക്കാട്ടെ വഴിവക്കിലുള്ള മത്സ്യവ്യാപാരം അവസാനിപ്പിക്കാൻ നേരത്തെ കളക്ടർ ഉത്തരവിട്ടിരുന്നതായി ബിജുകുമാർ പറഞ്ഞു.

തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് മത്സ്യ വിൽപ്പനക്കാരിയായ ആഗ്നസ് വ്യക്തമാക്കി.

എന്നാൽ നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇവർ കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോയതെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

മീൻവെള്ളം വീഴുന്നതുമൂലം റോഡ് പൊളിയുന്നുവെന്നകാരണമാണ് ഇവർ കച്ചവടക്കാരോടു പറഞ്ഞത്. എന്നാൽ മീൻകച്ചവടക്കാരെ ഒഴിപ്പിക്കാൻ വിനോദിന്റെ നേതൃത്വത്തിൽ ശ്രമം നടന്നപ്പോൾത്തന്നെ സ്ഥലത്തുണ്ടായിരുന്നവർ ഇവരെ ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള ഉത്തരവുമില്ലാതെയാണ് ഇയാൾ മീൻ കച്ചവടക്കാരോട് സ്ഥലമൊഴിയണമെന്ന് ആവശ്യപ്പെട്ടത്.

റോഡിന്റെ അറ്റകുറ്റപ്പണി നടന്നുകഴിഞ്ഞാൽ അഞ്ച് വർഷത്തോളം തങ്ങൾക്കു റോഡിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ റോഡിലെ കച്ചവടം അവസാനിപ്പാക്കാണ് താൻ ആവശ്യപ്പെട്ടതെന്ന് വിനോദ് നാരദാ ന്യൂസിനോടു പറഞ്ഞു.

വീഡിയോ: കെകെ സിസിലു

ചിത്രങ്ങൾ: ലിയോനാൾഡ് ഡെയ്സി മാത്യു

Read More >>