നോട്ട് നിരോധനത്തിന്റെ അമ്പതു ദിനങ്ങള്‍, ഇനിയുള്ളതും കാത്തിരുന്നു കാണാം...

മുപ്പതു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇതായിരുന്നില്ല സ്ഥിതി. നരേന്ദ്ര മോദിയുടെ കല്പനകളെ വാനോളം ഉയർത്തിയ എല്ലാവരും കാര്യങ്ങളെ മാറ്റിപറഞ്ഞു. ദേശീയ മാധ്യമങ്ങളും സത്യം അനുഭവിച്ചു തുടങ്ങി. അവർക്കും കിട്ടി ഈ എട്ടിന്റെ ആഘാതം! പരസ്യ വിപണി നാല്പത് മുതല്‍ അമ്പത് ശതമാനം ഇടിഞ്ഞു, പരസ്യം നല്‍കിയവര്‍ റിലീസ് ഓര്‍ഡറുകള്‍ ക്യാൻസൽ ചെയ്തു.

നോട്ട് നിരോധനത്തിന്റെ അമ്പതു ദിനങ്ങള്‍, ഇനിയുള്ളതും കാത്തിരുന്നു കാണാം...നവംബര്‍ എട്ടിന്‍റെ ഇടിവെട്ട് പ്രസ്താവനയിലൂടെ പൗരന്മാര്‍ക്ക് 'എട്ടിന്റെ പണി' തന്നിട്ട് അമ്പത് ദിവസങ്ങള്‍ തികയാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ബാക്കി. നിരോധനവിപ്ലവത്തിന് ശേഷം ഇതുവരെ ഏകദേശം അറുപതു ഉത്തരവുകൾ പുറത്തിറക്കി റിസർവ് ബാങ്കും ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു.

ഒരു സാധാരണപൗരന്‍ സോഷ്യൽ മീഡിയ ട്വീറ്റ് ചെയ്തതില്‍ ഇന്നത്തെ കുറിച്ചുള്ള ഒരു നര്‍മ്മമുണ്ട്. രാവിലെ ടോയ്‌ലെറ്റിൽ പോകുന്നതിനു മുൻപ് ടിയാന്‍ ഭാര്യയോട് പറഞ്ഞു, ടെലിവിഷൻ ന്യൂസ് ശ്രദ്ധിക്കണം, പറയാൻ പറ്റില്ല അടുത്ത സെൻട്രൽ ബാങ്ക് ഉത്തരവ് എപ്പോഴാണ് വരുന്നതെന്ന്? അടിയന്തര സാഹചര്യമാണ് ഉള്ളതെങ്കില്‍ ഞാന്‍ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങാന്‍ നില്‍ക്കേണ്ട, നീ ബാങ്കിലോട്ടു പൊയ്ക്കോ...ഞാനും അങ്ങ് എത്താം!'

സംഭവം സര്‍കാസം ആണ്. പക്ഷെ, രാജ്യത്തിന്‍റെ സാമ്പത്തികവും ജനങ്ങളുടെ അവസ്ഥയും എല്ലാം കൂടി നല്ല ഒരു അവിയൽ പരുവത്തിലാണ് ഇപ്പോള്‍ ഉള്ളത്. സർക്കാർ ഇക്കാര്യങ്ങളുടെ നിജസ്ഥിതി പഠിക്കുമെന്നു വിചാരിക്കാം

നോട്ട് നിരോധനം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പാടി പുകഴ്ത്തി, നരേന്ദ്രമോഡിയിയുടെ കടുത്ത തീരുമാനത്തെ ധനകാര്യ വിദഗ്ധർ ആവോളം ശ്ലാഘിച്ചു. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര ദാമോദർ മോദിക്ക് മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ആര്‍ജ്ജവത്തോടെ നടപ്പാക്കാന്‍ കഴിയുള്ളു എന്നും അഭിനന്ദങ്ങള്‍ ഒഴുകി, വിവിധ രാഷ്ട്രീയ പാർട്ടികളും അവയുടെ ചോട്ടാ-ബഡാ നേതാക്കളും എതിര്‍പ്പുകള്‍ വകവയ്ക്കാതെ മോദിയെ പുകഴ്ത്താന്‍ മത്സരിച്ചു.

പക്ഷെ അന്തർദേശീയ മാധ്യമങ്ങളില്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. അവര്‍ ഇതിന്‍റെ 'വരും-വരായ്കള്‍' നിമിഷങ്ങള്‍ക്കകം എടുത്തുകാട്ടി. നമ്മുടെ നേതാക്കന്മാരും ബുദ്ധിജീവികളും അവരെ പരിഹസിച്ചു- ഇന്ത്യ രക്ഷപ്പെടുന്നത് അവർക്കു സഹിക്കില്ല' എന്നായിരുന്നു ഇവരുടെ നിലപാട്. ഈ നയത്തെ എതിർക്കുന്ന ഭാരതീയർ രാജ്യദ്രോഹികളായി ഇക്കൂട്ടര്‍ വിദ്വേഷവും പരത്തി. പക്ഷെ, അന്തര്‍ദേശീയ മാധ്യമങ്ങൾ അവരുടെ നിലപാടിൽ ഉറച്ചുനിന്നു.

മുപ്പതു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇതായിരുന്നില്ല സ്ഥിതി. നരേന്ദ്ര മോദിയുടെ കല്പനകളെ വാനോളം ഉയർത്തിയ എല്ലാവരും കാര്യങ്ങളെ മാറ്റിപറഞ്ഞു. ദേശീയ മാധ്യമങ്ങളും സത്യം അനുഭവിച്ചു തുടങ്ങി. അവർക്കും കിട്ടി ഈ എട്ടിന്റെ ആഘാതം! പരസ്യ വിപണി നാല്പത് മുതല്‍ അമ്പത് ശതമാനം ഇടിഞ്ഞു, പരസ്യം നല്‍കിയവര്‍ റിലീസ് ഓര്‍ഡറുകള്‍ ക്യാൻസൽ ചെയ്തു.
പല ദേശീയമാധ്യമങ്ങളും മുപ്പതു മുതൽ നാൽപതു ശതമാനം ജോലിക്കാരെ പിരിച്ചു വിട്ടു, 'എല്ലാം ശരിയാകുമ്പോൾ' തിരിച്ചു എടുക്കാം എന്നൊരു കൊട്ടും സൗജന്യമായി അവര്‍ക്ക് നല്‍കി സമാശ്വസിപ്പിച്ചു. നാലും, എട്ടും പേജുകൾ വെട്ടി ചുരുക്കി. അധികവും 'പുള്‍-ഔട്ട്' പേജ്‌സ് അപ്രത്യക്ഷമായി....മുപ്പതു ദിവസങ്ങളിൽ ഇതെല്ലാം സംഭവിച്ചു.അമ്പതും പിന്നിട്ടു നൂറിലേക്ക് എത്തുമ്പോള്‍ ഇനിയുള്ളത് എന്തായിരിക്കും എന്ന് കാത്തിരുന്നു കാണാം.

ഗുജറാത്ത് സ്വദേശിയും ബ്രിട്ടനിൽ സ്ഥിരതാമസക്കാരനുമായ മേഘനാഥ് ദേശായി അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. ബ്രിട്ടീഷ് സർക്കാർ 'ലോർഡ്' പദവി നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. ഇദ്ദേഹം അറിയപ്പെടുന്ന ഒരു മോഡി ഭക്തനുമാണ്‌. മോഡി സർക്കാർ അധികാരത്തിൽ എത്താന്‍ ശരിക്കും വിയര്‍പ്പൊഴുക്കിയ ചിലരിൽ ഒരാളാണ് ഇദ്ദേഹം.

[caption id="attachment_68876" align="alignleft" width="366"] മേഘനാഥ് ദേശായി[/caption]

നോട്ടുനിരോധനത്തെ അനുകൂലിച്ചു അദ്ദേഹവും തട്ടി വിട്ടു 'ഇന്ത്യ മാറുന്നു' ഇനിയും നമ്മുടെ നല്ല നാളുകൾ!ഈ ലേഖനങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ പ്രിന്‍റ് ചെയ്തു വന്നിട്ടുണ്ട്, ആർക്കും എടുത്തു വായിക്കാം. രസകരം ഇതാണ്-കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹവും മാറ്റി പറഞ്ഞു
'മണി മേടയില്‍ ഇരിക്കുന്നവർക്കു ഇന്ത്യയെ പറ്റി അറിയില്ല, ഒരു എലൈറ്റ് ക്ലാസാണ് ഇത് നടപ്പാക്കിയത്.'
തുടങ്ങി നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു എല്ലാറ്റിനെയും അദ്ദേഹം വിമർശിച്ചു. പ്ലാനിങ്, നടപ്പിലാക്കിയ രീതി തുടങ്ങി എല്ലാം പാളിയെന്നു ഇദ്ദേഹം അഭിപ്രായം മാറ്റി.'രാമചന്ദ്ര ഗുഹാ'- ലോകം അറിയപ്പെടുന്ന ചരിത്രകാരൻ, സംഘപരിവാർ അജണ്ടയയെ വിമർശിക്കുന്ന 'കോളമനിസ്റ്റ്' എന്നെല്ലാം ഖ്യാതി ഉണ്ടെങ്കിലും, പക്ഷെ ഇദ്ദേഹവും നോട്ടുനിരോധനത്തെ ആദ്യം അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. നരേന്ദ്രമോദിയുടെ രണ്ടും കല്പിച്ചുള്ള തീരുമാനത്തെ അദ്ദേഹവും വാഴ്ത്തി. ഇവിടെയും കുറച്ചുദിവസങ്ങള്‍ക്കു ശേഷം അഭിപ്രായം മാറിമറിഞ്ഞു.കഴിഞ്ഞ ആഴ്ച ടെലിഗ്രാഫ് പത്രത്തിൽ അതിനിശിതമായി മോദിയെയുടെ തീരുമാനത്തെ തള്ളിപറഞ്ഞുള്ള ഗുഹായുടെ ലേഖനം ഉണ്ടായിരുന്നു. ഒപ്പം കുറെ ചോദ്യങ്ങളും-

  • വീക്ഷണം ഇല്ലാതെ എടുത്ത തീരുമാനം നമ്മളെ എവിടേയ്ക്ക് നയിക്കും?'

  • പ്രധാനമന്ത്രിക്കു സ്വന്തം ക്യാബിനറ്റിലുള്ള ആരെയും വിശ്വാസം ഇല്ലേ? എന്തിനാണ് അവരോടു മൊബൈൽ വീട്ടിൽ വച്ചു വരാന്‍ മോദി പറഞ്ഞത്?

  • എന്തിനാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടക്കുമ്പോള്‍ അവരെ മുറിക്കുള്ളിൽ പൂട്ടി ഇട്ടിരുന്നത്? സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റ മന്ത്രിമാർ, മന്ത്രിസഭാ രഹസ്യങ്ങൾ ചോർത്തുമോ?


[caption id="attachment_68875" align="alignright" width="377"] രാമചന്ദ്ര ഗുഹാ[/caption]

ശേഖർ ഗുപ്തയും മോദിയുടെ തീരുമാനത്തെ ആവോളം പുകഴ്ത്തിയ കൂട്ടത്തില്‍ ഉള്ളയാളാണ്. പിന്നീട് അദ്ദേഹവും തിരുത്തി എഴുതി- വരാന്‍ പോകുന്നത് എന്താണ് എന്ന് ഒരു പിടിയുമില്ല, രഹസ്യ ഏജൻസികളെ ഉപയോഗിച്ചു റിസർച്ച് ചെയ്തശേഷമാണോ ഇതൊക്കെ തീരുമാനിച്ചത്?


സദാനന്ദ് ധുമേ വാൾസ്ട്രീറ്റ് ജേർണൽ പത്രത്തിൽ അതിനിശിതമായി മോദിയുടെ സാമ്പത്തിക പരിഷ്കാരത്തെ എതിർത്തു ലേഖനം എഴുതി ഭാരതത്തിന്റെ അസംഘടിത മേഖല താറുമാറായിരിക്കുന്നു. ജനങ്ങൾ നട്ടം തിരിയുകയാണ്. മുൻവിധി ഇല്ലാത്ത തീരുമാനമായിരുന്നു ഇതെന്നും ധുമേ എഴുതുന്നു. ഒരുകാലത്ത്, നരേന്ദ്ര മോഡി സർക്കാരിനെ പൊതുജനങ്ങളുടെ മുൻപിൽ ഏറ്റവും അധികം കീര്‍ത്തിച്ച ഒപീനിയന്‍ റൈറ്റർ ആയിരുന്നു ധൂമേ.

നരേന്ദ്ര ജാദവ് ഒരു മികച്ച സാമ്പത്തിക കാര്യവിദഗ്ദ്ധനും, ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ അംഗവും അതിനുപരി മൻമോഹൻസിംഗ് സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷനിൽ അംഗവും ആയിരുന്നു. ഡോ: ബി.ആർ.അംബേദ്കറെ കുറിച്ചു പതിനാറോളും പുസ്തകങ്ങൾ ഇദ്ദേഹം എഴുതിയിട്ടുമുണ്ട്. അമേരിക്കൻ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ഉള്ള ബുദ്ധിജീവി കൂടിയാണ് ഇദ്ദേഹം.

[caption id="attachment_68872" align="alignleft" width="314"] നരേന്ദ്ര ജാദവ്[/caption]

ഈയുള്ളവന്റെ സുഹൃത്ത് കൂടിയാണ് നരേന്ദ്ര ജാദവ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹവുമായി ഒരു ചായക്കൊപ്പിനു അപ്പുറം ഇപ്പുറം ഇരുന്നു കത്തി വയ്ക്കാന്‍ ഒരു അവസരം ലഭിച്ചു. വിഷയം നോട്ടുനിരോധനത്തില്‍ എത്തിയപ്പോള്‍ ചര്‍ച്ചകള്‍ കത്തിക്കയറി. സെന്റ് സ്റ്റീഫൻസ് കോളേജില്‍ നിന്നും മാന്യമായി എക്കണോമിക്സ് ഡിഗ്രി ഡ്രോപ്പ് ഔട്ട്‌ ആയ ഈയുള്ളവനാണ് ചോദ്യകര്‍ത്താവ്.

* ചോദ്യം- ഇതുകൊണ്ട് എന്താണ് സര്‍ പ്രയോജനം...?

ഉത്തരം- കോടികൾ ബാങ്കുകളിൽ വന്നു നിറയുന്നത് നീ കണ്ടില്ലേ? ഇതെല്ലം ചെറിയ പലിശക്ക് ലോൺ കൊടുക്കും, നമ്മൾ അതിഭീകരമായി പുരോഗമിക്കും. നമ്മുടെ ജിഡിപിയില്‍ വന്‍വര്‍ധനവ് ഉണ്ടാകും.

* ചോദ്യം--സർ ഈ പണം ഇട്ടവരെല്ലാം ഇത് തിരികെ എടുക്കിലെ...? കറൻസി മാറിക്കിട്ടാന്‍ വേണ്ടി മാത്രമല്ലേ അവർ അത് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്? ഇത് നാളെ വന്നത് പോലെ അങ്ങ് തിരിച്ചു പോകില്ലേ? ഇത് സര്‍ക്കുലേറ്റ് ചെയ്യുന്ന പണമാണ്, തിരികെ മാര്‍ക്കറ്റില്‍ പോകണ്ടെ.? എന്നാൽ ശരി പോകുന്നില്ല എന്ന് വയ്ക്കുക, നമ്മുടെ ബാങ്കുകൾ ആർക്കാണ് ഈ പണം വായ്പയായി നല്‍കുന്നത്? ഈ പറയുന്ന വലിയ കോര്‍പ്പറേറ്റുകൾക്ക് പണം വീണ്ടും വായ്പയായി നല്‍കുന്നു. അവർ പലസംഭരങ്ങൾ വീണ്ടും തുടങ്ങുന്നു അങ്ങനെ നമ്മുടെ ജിഡിപി വീണ്ടും വര്‍ദ്ധിക്കുന്നു. തൊഴില് അവസങ്ങൾ വീണ്ടും ആകാശം മുട്ടെ ഉയരുന്നു. ഇതല്ലേ സാർ പറയുന്നത്?

ഉത്തരം: ( മൗനം...)

* പിന്നെയും ചോദ്യം: സർ ഏകദേശം ഒന്നര ലക്ഷത്തോളും കേസുകൾ ഈ പറഞ്ഞ കോടീശ്വരന്‍മാരുടെ പേരിൽ നമ്മുടെ നാട്ടിൽ ഉണ്ട്, അതും 'വൈറ്റ് കോളർ ക്രൈം'. എന്ന് വച്ചാല്‍ സുഖമായി ബാങ്കിനെ പറ്റിച്ചു സ്വന്തമാക്കിയ പണം! (ബാങ്കിങ് ഫ്രോയ്ഡ്). അവര്‍ വിദേശത്തു പോയി സിറ്റിസൺഷിപ്പ് എടുക്കുന്നു, അവസാനം ഒരു വക്കിലിനെ വച്ച് ഫോണിൽ കൂടി കേസ് നടത്തുന്നു. (കണക്കുകള്‍ നിരത്തി ഈയുള്ളവൻ സ്വന്തം വാദങ്ങള്‍ സമർത്ഥിച്ചു.)

ഇനിയും ഇവരുടെ രണ്ടാം തലമുറയ്ക്കാണോ ഈ ലോൺ കൊടുക്കേണ്ടത്? അതോ വീണ്ടും നമ്മുടെ ധനം അവർ അവര്‍ കൊണ്ടുപോയി അനുഭവിക്കട്ടെ എന്നാണോ?

സാധാരണക്കാരന്‍ ഒരു വ്യവസായം തുടങ്ങാൻ ലോൺ ചോദിച്ചാല്‍ അവന്‌ ലോൺ കിട്ടുമോ? അവന്റെ കിടപ്പാടം പണയം വെച്ച് ലോൺ എടുത്താലും ബാങ്ക് ശതമാന കൺക്ക് പറഞ്ഞു കൈക്കൂലി വാങ്ങുന്നതിന്റെ ഗുണം അവന് കിട്ടുമോ?

ഉത്തരം: ( ഇതിനെന്തു മറുപടി നല്‍കാനാണ് എന്ന ഭാവം..)

* എങ്കിലും, ചോദ്യം: ഇന്ത്യയിലെ പല ഇൻഡസ്ട്രിയൽ പാർക്കുകളിലും ചെറുകിട വ്യവസായ യൂണിറ്റുകൾ അടഞ്ഞു കിടക്കുന്നത് എന്താണ് സര്‍? ബാങ്കുകൾ ലോൺ നല്കാത്തതിലാണോ?

മറുപടി കാത്തിരുന്നിട്ടും അത് ലഭിക്കാതെ വന്നപ്പോള്‍ ഈയുള്ളവൻ തന്നെ ഉത്തരം പറഞ്ഞു: ലിബറലൈസേഷൻസിനെ തുടർന്ന് കയറ്റുമതി ഇറക്കുമതി എന്നിവയില്‍ വന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ നമ്മുടെ വ്യവസായശാലകള്‍ക്ക് കഴിഞ്ഞില്ല, ഇതൊന്നും അപ്ഡേറ്റ് ചെയ്യാൻ നമ്മുടെ സർക്കാർ മുൻകൈ എടുത്തില്ല, ചൈനീസ് സാധനസാമഗ്രികൾ മാര്‍ക്കറ്റില്‍ വന്നടിഞ്ഞു. നമ്മൾ ഔട്ട് അവർ ഇൻ. പണം ഇല്ലാത്തതു അല്ല കാരണം, നമ്മൾ പലതും പഠിച്ചു വരാന്‍ സമയം എടുക്കും..

*ചോദ്യം: നോട്ടുനിരോധനം ഏറ്റവും ബാധിച്ചത് കെട്ടിട നിർമാണ മേഖലയാണ് എന്ന വിലയിരുത്തലിനെ പറ്റി?

ഉത്തരം- കെട്ടിടനിർമ്മാണം നമ്മുടെ ജിഡിപിയിൽ യാതൊരു കുറവോ കൂടുതലോ വരുത്തുന്നില്ല, അതുകൊണ്ടു ഈ വിലയിരുത്തല്‍ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ അപ്രസക്തമാണ്.

* എന്‍റെ ചോദ്യം വാദത്തിലേക്ക് ചുവടുമാറി: കെട്ടിടനിർമ്മാണം ജിഡിപിയില്‍ മാറ്റം വരുത്തില്ല എന്നുള്ളത് കണക്കിന്റെ ശാസ്ത്രം, പക്ഷെ, കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ ജീവിതം അങ്ങനെയല്ല. കർഷക മേഖല കഴിഞ്ഞാൽ ഗ്രാമീണ ജനതയ്ക്ക് ഏറ്റവും കൂടുതൽ തൊഴിൽ ലഭിക്കുന്നത് കെട്ടിടനിര്‍മ്മാണമേഖലയില്‍ നിന്നാണ്. നോട്ടുനിരോധനത്തിന് ശേഷം ഈ ജനത വീണ്ടും ഗ്രാമത്തിലേക്ക് തിരികെ പലായനം ചെയ്യുന്നു. നിര്‍ധനരായ തൊഴിലാളികൾക്ക് അന്നമാണ് പ്രശ്നം, ജിഡിപി അല്ല.

മറുവാദമോ ഉത്തരമോ ഇല്ലാത്ത സാഹചര്യത്തില്‍ ആ ചര്‍ച്ച അവസാനിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പോയി ഇന്ത്യന്‍ സാമ്പത്തികശാസ്ത്രത്തെ കുറിച്ചു പ്രഭാഷണം നയിക്കുന്ന ബുദ്ധിജീവികളുടെ ഉത്തരവും മൗനവും സാധാരണ ബുദ്ധി ഉള്ളവന് മനസിലാകില്ലായിരിക്കാം.

തിരിച്ചും മറിച്ചും ആരെഴുതിയാലും പറഞ്ഞാലും എല്ലാ ഭാരതീയരും 'ജനഗണമന' മുറതെറ്റാതെ ചൊല്ലണം, അല്ലെങ്കിൽ പോലീസ് പൊക്കും, ആഹാരം ഇല്ലാതെ ചത്താലും വിഷമിക്കേണ്ട. ഏതെങ്കിലും ആശുപത്രിയിൽ കുട്ടികൾ അവരെ കീറി മുറിച്ചു പഠിക്കും.അങ്ങനെ രാജ്യത്തിന്‌ അവരുടെ മരണത്തില്‍ പോലും നല്ല ഡോക്ടറുമാരെ ലഭിക്കും! ജിഡിപിയില്‍ അതിഭീകരമായ പുരോഗമനം ഉണ്ടാകട്ടെ, എല്ലാം രാജ്യനന്മയ്ക്കാണ് എന്ന് വിശ്വസിപ്പിച്ചിട്ടുണ്ടെല്ലോ...